💀അജ്ഞാത ലോകം 💀
July 28

കാടിനുള്ളിലെ ബോയിങ് ബോയിങ്

പ്രിയദർശന്റെ എക്കാലത്തെയും മികച്ച കോമഡി ചിത്രങ്ങളിലൊന്നായ 'ബോയിംഗ് ബോയിംഗിൽ' ശ്യാം (മോഹൻലാൽ), ഒരേ അപ്പാർട്ട്മെന്റിൽ എലീനയെയും പത്മയെയും ഇന്ദുവിനെയും പോലുള്ള എയർഹോസ്റ്റസുകളായ കാമുകിമാരെ ഒരേസമയം താമസിപ്പിച്ചത് ഓർമ്മയില്ലേ.

ഓരോരുത്തരുടെയും ഫ്ലൈറ്റ് ടൈംടേബിൾ വെച്ച്, അവർ പരസ്പരം കാണാതെയും അറിയാതെയും അതിവിദഗ്ദ്ധമായി കാര്യങ്ങൾ മാനേജ് ചെയ്യുന്ന ആ കോമഡി രംഗങ്ങൾ ആരും മറക്കാനിടയില്ല. ഒരു ചെറിയ പിഴവ് മതി ആ വീട്ടിൽ ഒരു 'മൂന്നാം ലോക മഹായുദ്ധം' തന്നെ നടക്കാൻ.

എന്നാൽ, സിനിമയിലെ ഈ കോമഡി ട്രാക്കിനെ വെല്ലുന്ന ഒരു യഥാർത്ഥ മാനേജ്മെന്റ് കഥ ഫിജിയിലെ വനത്തിനുള്ളിലെ ഒരു ചെടിക്ക് പറയാനുണ്ട്.

ഇവിടെ കാമുകിമാർക്ക് പകരം, പരസ്പരം കണ്ടാൽ കൊല്ലുന്ന ഉറുമ്പ് കോളനികളാണ് താമസക്കാർ. വീടിൻ്റെ ഉടമസ്ഥൻ ഒരു ചെടിയും! തന്റെ 'വാടകക്കാരായ' ഉറുമ്പുകൾ തമ്മിലടിച്ച് നശിക്കാതിരിക്കാൻ, ബോയിങ് ബോയിങ്ങിലെ ശ്യാമിനേക്കാൾ തന്ത്രത്തോടെ വീട് പണിയുന്ന ഒരു ചെടിയുടെ അവിശ്വസനീയമായ കഥയാണിത്.

ശാസ്ത്രലോകത്തിന് എന്നും കൗതുകം നൽകുന്നവയാണ് സഹജീവനത്തിന്റെ (symbiosis) കഥകൾ. രണ്ടു ജീവികൾ പരസ്പരം സഹായിച്ച് ഒരുമിച്ച് ജീവിക്കുന്ന മനോഹരമായ ഒരു ഏർപ്പാട്. എന്നാൽ ഒരേ വീട്ടിൽ ഒന്നിലധികം അതിഥികൾ എത്തിയാലോ, പ്രത്യേകിച്ചും ആ അതിഥികൾ പരസ്പരം കീരിയും പാമ്പുമാണെങ്കിൽ?

സ്ക്വാമെല്ലേറിയ (Squamellaria) എന്ന ചെടി സസ്യ കുടുംബമായ റൂബിയെസിയിലെ അംഗമാണ്. ഫിജിയിലെ മരങ്ങളിൽ പറ്റിപ്പിടിച്ച് വളരുന്ന (Epiphyte) ഈ കുഞ്ഞൻ ചെടി ഉറുമ്പുകൾക്ക് താമസിക്കാൻ ഇടം (Domatia) നൽകും. പകരമായി ഉറുമ്പുകൾ അവയുടെ വിസർജ്യങ്ങളിലൂടെ ചെടിക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നു.

പക്ഷെ ഒരു പ്രശ്നമുണ്ട്. സ്ക്വാമെല്ലേറിയ ചെടിയിലെ ഈ അപ്പാർട്ട്മെന്റിൽ ഒരേ സമയം പലതരം ഉറുമ്പ് കോളനികളാണ് താമസിച്ചിരുന്നത്. ഉറുമ്പുകളുടെ സ്വഭാവം അറിയാവുന്ന ആർക്കും ഇതിലെ അപകടം മണക്കും.

തങ്ങളുടെ കോളനി സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുന്ന, അതിക്രൂരമായി യുദ്ധം ചെയ്യുന്ന സാമൂഹിക ജീവികളാണ് ഉറുമ്പുകൾ. അങ്ങനെയുള്ള പല കോളനികൾ ഒരേ ചെടിയിൽ എങ്ങനെ സമാധാനത്തോടെ കഴിയുന്നു? ഈ ചോദ്യമാണ് യുകെയിലെ ഡർഹാം യൂണിവേഴ്സിറ്റിയിൽ നിന്നുള്ള ഗ്വില്ലോം ചൊമിക്സിയുടെയും (Guillaume Chomicki) സംഘത്തിന്റെയും ഉറക്കം കെടുത്തിയത്.

അവർ ആദ്യം ഉറപ്പുവരുത്തിയത് ഈ ഉറുമ്പുകളെല്ലാം ചെടിക്ക് ഉപകാരികളാണോ എന്ന് തന്നെയാണ്.

നൈട്രജന്റെ ഒരു പ്രത്യേക ഐസോടോപ്പായ ¹⁵N, ഉറുമ്പുകൾക്ക് നൽകിയ ഭക്ഷണത്തിൽ കലർത്തി ഒരു ശാസ്ത്രീയ പരീക്ഷണം നടത്തി. ഈ ഭക്ഷണം കഴിച്ച ഉറുമ്പുകൾ ചെടിക്കുള്ളിലെ അറകളിൽ വിസർജ്ജിക്കുമ്പോൾ ആ ¹⁵N ചെടിയുടെ ഇലകളിലും തണ്ടുകളിലുമൊക്കെ എത്തുന്നുണ്ടോ എന്ന് പരിശോധിച്ചു.

ചെടിയിൽ താമസിക്കുന്ന പത്തോളം വ്യത്യസ്ത ഇനം ഉറുമ്പുകളും നല്ല അസ്സൽ 'വാടക' (വളം) നൽകുന്നവരാണെന്ന് തെളിഞ്ഞു.

അടുത്ത ചോദ്യം കൂടുതൽ ഗൗരവമേറിയതായിരുന്നു: ഇവർ എങ്ങനെ തമ്മിലടിക്കാതെ ജീവിക്കുന്നു?

ഇതിന്റെ ഉത്തരം കണ്ടെത്താൻ ശാസ്ത്രജ്ഞർ ചെടിയുടെ ഉള്ളിലേക്ക് കടന്നുചെല്ലാൻ തീരുമാനിച്ചു. അതിനായി അവർ എക്സ്-റേ കമ്പ്യൂട്ടഡ് ടോമോഗ്രഫി, അഥവാ CT സ്കാനിംഗ് സാങ്കേതികവിദ്യയെ ആശ്രയിച്ചു.

സ്ക്വാമെല്ലേറിയ ചെടിയുടെ ഉള്ള് ഒരൊറ്റ വലിയ ഹാളല്ലായിരുന്നു! 'ബോയിംഗ് ബോയിംഗ്' സിനിമയിൽ ശ്യാം ഓരോ കാമുകിക്കും ഓരോ മുറി ഒരുക്കിയതുപോലെ, ഈ ചെടി ഓരോ ഉറുമ്പ് കോളനിക്കും ഓരോ പ്രത്യേക 'അപ്പാർട്ട്മെന്റ്' അഥവാ അറ (compartment) ഒരുക്കിയിരിക്കുന്നു!.

ഓരോ അറയ്ക്കും പുറത്തേക്ക് അതിന്റേതായ കവാടങ്ങളുമുണ്ട്, അതിനാൽ ഒരു ഫ്ലാറ്റിലുള്ളവർക്ക് മറ്റേ ഫ്ലാറ്റിലേക്ക് കടക്കാൻ ഒരു വഴിയുമില്ല.

ഈ സിദ്ധാന്തം നൂറു ശതമാനം ശരിയാണോ എന്നറിയാൻ അവർ ആ 'മതിലുകൾ' ഒന്ന് പൊളിച്ചുനോക്കാൻ തീരുമാനിച്ചു. വർഷങ്ങളായി ഒരേ ചെടിക്കുള്ളിലെ അടുത്തടുത്ത 'മുറികളിൽ' സമാധാനത്തോടെ കഴിഞ്ഞിരുന്ന രണ്ട് വ്യത്യസ്ത കോളനികളെ അവർ തിരഞ്ഞെടുത്തു. എന്നിട്ട് ഒരു സർജനെപ്പോലെ സൂക്ഷ്മമായി, ആ അറകളെ വേർതിരിക്കുന്ന ഭിത്തി അവർ നീക്കം ചെയ്തു. സിനിമയിൽ ശ്യാമിന്റെ ടൈംടേബിൾ പാളിയാൽ എന്ത് സംഭവിക്കുമായിരുന്നോ, അതാണ് ശാസ്ത്രജ്ഞർ കൃത്രിമമായി ഇവിടെ ഉണ്ടാക്കിയത്.

പിന്നീട് നടന്നത് സിനിമയിലെ കോമഡിയായിരുന്നില്ല, മറിച്ച് രക്തരൂക്ഷിതമായ യുദ്ധമായിരുന്നു. അതുവരെ സമാധാനത്തോടെ കഴിഞ്ഞിരുന്ന ഉറുമ്പുകൾ, ശത്രുവിനെ കണ്ടതോടെ പരസ്പരം ആക്രമിച്ചുതുടങ്ങി. നിമിഷങ്ങൾക്കകം രംഗം മാറി. ഉറുമ്പുകൾ കൂട്ടത്തോടെ ചത്തുവീണു. ശാസ്ത്രജ്ഞർക്ക് അവരുടെ സിദ്ധാന്തത്തിന് ശക്തമായ തെളിവ് ലഭിച്ചു: ആ ചെടി ഒരുക്കിയ ഭിത്തികളായിരുന്നു ആ ഉറുമ്പ് സാമ്രാജ്യങ്ങൾക്കിടയിലെ സമാധാന ഉടമ്പടി. ആ അതിർത്തി മാഞ്ഞതോടെ യുദ്ധം ആരംഭിച്ചു.

ഒരു പടികൂടി കടന്ന്, ഈ ചെടിയിൽ കാണുന്ന ഒട്ടുമിക്ക ഉറുമ്പ് വർഗ്ഗങ്ങളെയും തമ്മിൽ ഒരു ലാബിൽ വെച്ച് ഏറ്റുമുട്ടിച്ച് നോക്കി. ഭൂരിഭാഗം ഇനങ്ങളും പരസ്പരം കടുത്ത ശത്രുത പുലർത്തുന്നവരായിരുന്നു. തങ്ങളുടെ 'മുറികൾ' അഥവാ കൂടുകൾ സുരക്ഷിതമാണെങ്കിൽ ഈ ഉറുമ്പുകൾക്കും പുറത്ത് ഒരുമിച്ച് ഭക്ഷണം തേടുന്നതിൽ വിരോധമില്ലായിരുന്നു.

സ്ക്വാമെല്ലേറിയ ചെടിയുടെ ഈ തന്ത്രം പരിണാമത്തിന്റെ ഒരു മാസ്റ്റർസ്ട്രോക്കാണ്. ഒന്നിലധികം പങ്കാളികളെ ഒരേസമയം ഉപയോഗപ്പെടുത്തുക, എന്നാൽ അവർ തമ്മിലുള്ള മത്സരം ഒഴിവാക്കാൻ ഭൗതികമായ ഒരു തടസ്സം സൃഷ്ടിക്കുക. ഇത് ചെടിക്ക് ദീർഘകാലത്തേക്ക് സ്ഥിരമായ പോഷക ലഭ്യത ഉറപ്പാക്കുന്നു.

പ്രകൃതിയിലെ പല പ്രശ്നങ്ങൾക്കും എത്ര ലളിതവും എന്നാൽ അതീവ ഫലപ്രദവുമായ പരിഹാരങ്ങളാണ് ഒളിപ്പിച്ചുവെച്ചിരിക്കുന്നതെന്ന വലിയൊരു തിരിച്ചറിവ് കൂടിയാണ് ഈ ഫിജിയൻ ചെടി നമുക്ക് നൽകുന്നത്.

Credit: Suresh Kutty

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram