നെപ്പോളിയനെ ആക്രമിച്ച മുയൽക്കൂട്ടം
ലോകചരിത്രത്തിലെ ഏറ്റവും പ്രബല സൈന്യാധിപനായിരുന്നു ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ. നവീന യുദ്ധരംഗത്തിനു രൂപം കൊടുത്തതിൽ വരെ മിലിറ്ററി ജീനിയസ് എന്നറിയപ്പെടുന്ന നെപ്പോളിയനു വലിയ പങ്കുണ്ട്. അനേകം ദുഷ്കരയുദ്ധങ്ങൾ തന്റെ പാടവം കൊണ്ട് ജയിച്ച നെപ്പോളിയൻ പക്ഷേ ഒരിക്കൽ ഒരു യുദ്ധത്തിനിടെ അമ്പേ പരാജയപ്പെട്ടു. ആരുമായിട്ടായിരുന്നു ആ യുദ്ധമെന്നോ? ഒരു സംഘം മുയലുകളുമായായിരുന്നു ആ പോരാട്ടം.
1807 ആണ് വർഷം. അക്കാലത്ത് കുറേയേറെ യുദ്ധങ്ങൾ ജയിച്ചു വലിയ പ്രഭാവത്തോടെ നിൽക്കുകയാണു നെപ്പോളിയൻ. അദ്ദേഹത്തിന്റെ അടുത്ത അനുയായിയും സൈനികമേധാവിയുമായ അലക്സാൻദ്രേ ബെർത്തിയർ അക്കാലത്തു നെപ്പോളിയനെ ഒരു വിരുന്നിനും വേട്ടയ്ക്കും ക്ഷണിച്ചു. പാരിസിനു സമീപമുള്ള തന്റെ വലിയ വേട്ടനിലത്തേക്കായിരുന്നു ആ ക്ഷണം. നെപ്പോളിയൻ അതു സ്വീകരിച്ചു. തന്റെ അനുചര സംഘത്തോടൊപ്പം അവിടെ എത്തിച്ചേരുകയും ചെയ്തു.
വിഭവസമൃദ്ധമായ ഒരു പ്രാതലിനുശേഷം നെപ്പോളിയനും സംഘവും വേട്ടയ്ക്കൊരുങ്ങി. ആയിരത്തോളം മുയലുകളെ അവിടെ എത്തിച്ചിരുന്നു. അവയെ അഴിച്ചുവിട്ടശേഷം വെടിവയ്ക്കുക എന്നതായിരുന്നു വേട്ട. അന്നു ഫ്രാൻസിൽ ഇത്തരം നായാട്ടുവിനോദം വളരെ പ്രസിദ്ധമാണ്. ഏതായാലും വേട്ട തുടങ്ങി. സാധാരണഗതിയിൽ മുയലുകൾ ഓടി രക്ഷപ്പെട്ടശേഷം വേട്ടസംഘം പിന്നാലെ കുതിരപ്പുറത്തുപോയി വെടിവയ്ക്കുകയാണു പതിവ്. എന്നാൽ ഇവിടെ അതല്ല സംഭവിച്ചത്. മുയലുകൾ കൂട്ടംചേർന്നു നെപ്പോളിയനും സംഘത്തിനും നേർക്കെത്തി. കൂട്ടമായി അവർ ഈ സംഘത്തെ വന്നിടിക്കാൻ തുടങ്ങി. ഒന്നു തുരത്തിവിട്ടെങ്കിലും പിന്നെയുമവ കൂട്ടം ചേർന്നു വന്നു. ഒടുവിൽ ഗത്യന്തരമില്ലാതായ നെപ്പോളിയൻ പിന്തിരിയുകയും വേട്ടനിലത്തിനു പുറത്തുകടക്കുകയും ചെയ്തു.
എന്താണു സംഭവിച്ചത്? സാധാരണഗതിയിൽ കാട്ടുമുയലുകളെയാണ് ഇങ്ങനെ വേട്ടയ്ക്ക് എത്തിക്കുക. ഇവ മനുഷ്യരെ കണ്ടാൽ തന്നെ ഓടും. എന്നാൽ അന്നു പാരിസിലെത്തിച്ചത് ഇണങ്ങിയ മുയലുകളെയാണ്. ഇവ ഭക്ഷണം കഴിച്ചിരുന്നുമില്ല. ഇവയ്ക്കു മനുഷ്യരെ പേടിയുമില്ലായിരുന്നു. നെപ്പോളിയനെയും സംഘത്തെയും കണ്ടപ്പോൾ തങ്ങൾക്കു ഭക്ഷണവുമായി എത്തിയവരാണെന്നാകണം മുയലുകൾ ധരിച്ചത്. ഏതായാലും ഫ്രഞ്ച് ചക്രവർത്തിക്ക് നാണക്കേടായെന്നു പറഞ്ഞാൽ മതിയല്ലോ. 1769 ൽ ജനിച്ച നെപ്പോളിയൻ ഫ്രഞ്ച് വിപ്ലവ കാലത്താണ് സൈനിക റാങ്കുകളിൽ ഉയർന്നത്. 1799 ൽ അട്ടിമറിയിലൂടെ ഫ്രാൻസിന്റെ അധികാരം പിടിച്ച അദ്ദേഹം വിവിധ യൂറോപ്യൻ രാജ്യങ്ങളുമായി യുദ്ധം ചെയ്ത്, തന്റെ സാമ്രാജ്യത്തിന്റെ വിസ്തൃതി കൂട്ടി. വളരെ ബുദ്ധിമാനും നയതന്ത്രചാതുരി ഉള്ളയാളുമായിരുന്നു നെപ്പോളിയൻ. 1802ൽ ഫ്രാൻസിന്റെ ചക്രവർത്തിയായി അദ്ദേഹം അഭിഷിക്തനായി.
ബ്രിട്ടനുമായി നേർക്കുനേർ യുദ്ധം ചെയ്തു നിന്ന നെപ്പോളിയനെ 1805 ൽ ബ്രിട്ടൻ ട്രാഫൽഗർ യുദ്ധത്തിൽ പരാജയപ്പെടുത്തിയെങ്കിലും അതേവർഷം തന്നെ റഷ്യയ്ക്കും ഓസ്ട്രിയയ്ക്കും എതിരായി നടന്ന ഓസ്റ്റർലിസ് യുദ്ധത്തിൽ നെപ്പോളിയൻ വിജയകിരീടം ചൂടി. തൊട്ടടുത്ത വർഷം തന്നെ ബ്രിട്ടനെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി. എന്നാൽ 1815 ജൂൺ 22നു നടന്ന വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയൻ ബ്രിട്ടനോട് പരാജയപ്പെട്ടു. തുടർന്ന് ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിൽ ബ്രിട്ടന്റെ ഉടമസ്ഥതയിലുള്ള സെന്റ് ഹെലീന എന്ന ദ്വീപിലേക്ക് അദ്ദേഹത്തെ നാടുകടത്തി. അവിടെയായിരുന്നു അദ്ദേഹത്തിന്റെ മരണവും ശവസംസ്കാരവും.
നെപ്പോളിയന്റെ മരണത്തെക്കുറിച്ച് ഒട്ടേറെ കഥകളുണ്ട്. 1821 മേയ് അഞ്ചിനു സെന്റ് ഹെലേന ദ്വീപിൽ ഏകാന്തതടവുകാരനായിരിക്കെയാണു നെപ്പോളിയൻ മരിച്ചത്. ആമാശയത്തിലെ അർബുദമാണ് മരണകാരണമായി പറയപ്പെട്ടത്. അർബുദം ബാധിച്ചല്ല, മറിച്ച് ആഴ്സെനിക് വിഷം ഉള്ളിൽ ചെന്നാണ് അദ്ദേഹം മരിച്ചതെന്ന കഥയുമുണ്ട്. നെപ്പോളിയന്റെ മുടിയിഴയിൽ നിന്നും ശരീരത്തിൽ ലഭിച്ച ആഴ്സനിക് അംശമാണ് ഈ കഥയ്ക്കു കാരണമായത്. നെപ്പോളിയൻ ഹെലേന ദ്വീപിൽ നിന്നു രക്ഷപ്പെട്ടെന്നും അദ്ദേഹത്തിന്റേതായി അടക്കം ചെയ്ത മൃതദേഹം മറ്റൊരാളുടേതാണെന്നുമുള്ളത് മറ്റൊരു കഥ.