💀അജ്ഞാത ലോകം 💀
September 3

ദി ഗ്രേറ്റ് സ്മോഗ് ഓഫ് 1952

ഇന്ന് ലോകം നേരിടുന്ന പ്രധാനപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങളിലൊന്ന് വായുമലിനീകരണമാണ്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ പലതിന്റെയും വായു നിലവാര സൂചിക രൂക്ഷമായ സ്ഥിതിയിലാണ്. ലോകമെമ്പാടും പ്രശ്നമുണ്ടാക്കുന്നുണ്ട് വായുമലിനീകരണം. ഈ പരിസ്ഥിതി പ്രശ്നത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ ആഘാതങ്ങളാൽ പ്രതിവർഷം ഒരു കോടിയോളം പേരാണു മരിക്കുന്നതെന്നുള്ളത് ഞെട്ടിക്കുന്ന കണക്കാണ്.

പൊടുന്നനെ വായു വിഷലിപ്തമായുള്ള ദുരന്തങ്ങൾ ചരിത്രത്തിൽ അനേകം തവണ സംഭവിച്ചിട്ടുണ്ട്. ഇന്ത്യയിലെ ഭോപാൽ ദുരന്തം, യുക്രെയ്നിലെ ചേണോബിൽ ദുരന്തം എന്നിവയൊക്കെ ഇതിനുള്ള മികച്ച ഉദാഹരണങ്ങളാണ്. പുകയും മൂടൽമഞ്ഞും ചേർന്നുള്ള സ്മോഗ് ദുരന്തങ്ങളും ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും പ്രശസ്തവും ഇന്നും പഠനവിഷയമായതുമായ കാര്യമാണ് ദി ഗ്രേറ്റ് സ്മോഗ് ഓഫ് 1952. ലണ്ടൻ നഗരത്തിലാണ് ഇതുണ്ടായത്.

1952 ഡിസംബർ 5ന് ആയിരുന്നു ഈ സംഭവം. തെളിഞ്ഞ ആകാശവുമായാണ് ലണ്ടൻ നഗരം അന്ന് ഉറക്കമുണർന്നത്. ഡിസംബറിന്റെ നല്ല തണുപ്പ് അന്തരീക്ഷത്തിൽ നിലനിന്നിരുന്നു. തണുപ്പിനെ അകറ്റാൻ വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലുമൊക്കെ കൽക്കരി നെരിപ്പോടുകൾ പുകഞ്ഞു. ദിവസം കുറച്ചു പിന്നിട്ടതോടെ നഗരത്തിലെ ചിലയിടങ്ങളിൽ മൂടൽമഞ്ഞു പരക്കാൻ തുടങ്ങി. ബിഗ് ബെൻ, ലണ്ടൻ ബ്രിജ് തുടങ്ങിയിടത്തെല്ലാം ഇതു പരന്നു. ആളുകൾക്ക് അത്ര അസ്വാഭാവികതയൊന്നും തോന്നിയില്ല. ലണ്ടനിൽ മൂടൽമഞ്ഞൊക്കെ സാധാരണമാണ്, പ്രത്യേകിച്ചും ഡിസംബർ മാസത്തിൽ.

താമസിയാതെ മഞ്ഞിന്റെ നിറംമാറിത്തുടങ്ങി. മഞ്ഞകലർന്ന ബ്രൗൺ നിറം അതിനു കൈവന്നു. ഫാക്ടറികളിൽ നിന്നുള്ള പുകയും കരിയും ഇതിൽ കലർന്നതോടെയാണ് ഇത്. വായുവിന് രൂക്ഷമായ ഗന്ധവും ഉടലെടുത്തു തുടങ്ങി. ചീമുട്ടയുടെ ഗന്ധം. വായുവിൽ കലർന്ന സൾഫർ കണികകളായിരുന്നു ഇതിനു കാരണം. കാലാവസ്ഥാപരമായ ചില സവിശേഷതകൾ കാരണം ഈ പുകമഞ്ഞ് മുകളിലേക്ക് ഉയർന്നു പൊങ്ങിയില്ല. കാറ്റ് അടിക്കാത്തതിനാൽ അതു പോകാനും കൂട്ടാക്കിയില്ല.

താമസിയാതെ കടുത്ത പുകമഞ്ഞ് ഉടലെടുത്തു. പുകമഞ്ഞ് ലണ്ടനിൽ പുതിയ കാര്യമല്ലെങ്കിലും ഇത് രൂക്ഷമായിരുന്നു. ലണ്ടനിലെ ഭൂഗർഭ മെട്രോ ഒഴിച്ചുള്ള ഗതാഗത സംവിധാനങ്ങളെയെല്ലാം ഇതു സ്തംഭിപ്പിച്ചു. പുകമഞ്ഞു മൂലം റോഡ് കാണാൻ സാധിക്കാതെയായതോടെ ഡ്രൈവർമാർ വാഹനങ്ങൾ ഓടിക്കാൻ വിഷമിച്ചു. വിമാനങ്ങൾ പറത്തിയില്ല. ട്രെയിനുകൾ റദ്ദാക്കപ്പെട്ടു. വെളിയിലിറങ്ങി നടന്നവരിൽ പലർക്കും ശ്വാസംമുട്ടലും വലിവും സംഭവിച്ചു. തിരിച്ചുവീട്ടിലെത്തിയവർ കൽക്കരിഖനികളിലെ ജോലിക്കാരെ പോലെ കരിയും പുകയുമേറ്റിരുന്നു. സ്കൂൾ വിദ്യാർഥികൾക്ക് അവധി നൽകി. മോഷണവും പിടിച്ചുപറിയുമൊക്കെ വർധിച്ചു. കലാകായിക മത്സരങ്ങളും റദ്ദ് ചെയ്യുകയും മറ്റും ചെയ്തു.

നാലായിരത്തിലധികം പേർ ഈ പുകമഞ്ഞുമായി ബന്ധപ്പെട്ടുള്ള ശ്വാസകോശപ്രശ്നങ്ങൾ കാരണം മരിച്ചെന്നാണ് കണക്ക്. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും പക്ഷികൾക്കുമുണ്ടായിരുന്നു പ്രശ്നം. പല പക്ഷികളും കെട്ടിടങ്ങളുടെ ഭിത്തിയിൽ ഇടിച്ചുതാഴെവീണു.

ഇതിനും 4 വർഷം മുൻപ് യുഎസിലെ ഡൊനോറയിലും പുകമഞ്ഞു കാരണം ദുരന്തമുണ്ടായിരുന്നു. സ്റ്റീൽ വ്യവസായ കേന്ദ്രങ്ങളിൽ നിന്നുള്ള ഹൈഡ്രജൻ ഫ്ലൂറൈഡും സൾഫർ ഡയോക്സൈഡും ചേർന്ന വാതകം മഞ്ഞുമായി ചേർന്നാണ് ഈ ദുരന്തത്തിനു വഴിവച്ചത്. 20 പേർ ദുരന്തത്തിൽ മരിച്ചു. ഈ ദുരന്തത്തിന്റെ സ്മരണാർഥം ഡൊനോറയിൽ ഒരു മ്യൂസിയം സ്ഥാപിച്ചിട്ടുണ്ട്.

credit: manorama

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram