പേര് പാന്തോ, വയസ് 80,000
അമേരിക്കയിലെ യൂട്ടായില്‍, ഫിഷ്‌ലേക്ക് ദേശീയ പാര്‍ക്കില്‍ ഒരു രാക്ഷസന്‍ ജീവിച്ചിരിപ്പുണ്ട്! 106 ഏക്കര്‍ മണ്ണിലേക്ക് എണ്ണമറ്റ വേരുകളോടിച്ച്, ആകാശത്തേക്ക് നാല്‍പ്പത്തിയേഴായിരം മരക്കൈകള്‍ ഉയര്‍ത്തി നില്‍ക്കുന്ന ഒരൊറ്റ മരം! പേര് പന്തോ. ഭൂമിയിലെ ഏറ്റവും വലിയ മരമാണ് പന്തോ. എന്നാല്‍, വലിപ്പത്തേക്കാള്‍ അതിശയിപ്പിക്കുക ഈ മരരാക്ഷസന്റെ ആയുസ്സായിരിക്കും! 16,000-വര്‍ഷങ്ങള്‍ക്കും 80,000-വര്‍ഷങ്ങള്‍ക്കും ഇടയിലാണ് പന്തോമരത്തിന്റെ പ്രായം! ജീവനുള്ളവയുടെ പരിണാമവഴി കണക്കാക്കാന്‍ ഉപയോഗിക്കുന്ന ഒരു 'തിയററ്റിക്കല്‍ മോഡലിലേക്ക്' പന്തോയുടെ ജനിതക വിവരങ്ങള്‍ നല്‍കിയായിരുന്നു പ്രായം കണക്കാക്കിയത്. ഭൂമിശാസ്ത്ര രേഖകളും കല്‍ക്കരികളില്‍ നടത്തിയ പഠനങ്ങളും ഇതിന്നായി ഉപയോഗപ്പെടുത്തി.
ഭൂമിയില്‍ ഇന്ന് ജീവനുള്ളവയില്‍ ഏറ്റവും പഴക്കമുള്ളതായി അറിയപ്പെടുന്നതും പന്തോമരം ആണ്. ഭൂമിയുടെ ഏറ്റവും പൗരാണികമായ ജീവത് സാക്ഷി! ജൈവപിണ്ഡത്തിന്റെ കാര്യത്തില്‍, ഭൂമിയിലെ ജീവരൂപങ്ങളില്‍ ഏറ്റവും വലുതുമാണ് (ആറായിരം മെട്രിക് ടണ്‍ ബയോമാസ്) പന്തോ. ഏകദേശ ഉയരം എണ്‍പത് അടി. ആസ്‌പെന്‍സ് എന്ന വിഭാഗത്തിലാണ് ഈ മരം പെടുന്നത്. വടക്കു-പടിഞ്ഞാറന്‍ അമേരിക്കയിൽ ആസ്‌പെന്‍ മരങ്ങള്‍ (Populus temuloides) ധാരാളം ഉണ്ട്; പലതും ചെറുമരങ്ങള്‍. പരമാവധി മൂന്നേക്കര്‍ ഭൂമിയിലൊക്കെ വളര്‍ന്നുനില്‍ക്കുന്നവയും കാണാം. എന്നാല്‍, വലിപ്പത്തിന്റെ കാര്യത്തില്‍ പന്തോയെപ്പോലെ പന്തോ മാത്രം!
വെള്ള വലിച്ച പന്തല്‍ക്കാലുകള്‍ നാട്ടിയപോലെയാണ് കാഴ്ചയ്ക്ക് പന്തോക്കാട്. വെള്ള നിറമുള്ള മരത്തടികളും ഒരു ചെറുകാറ്റില്‍പ്പോലും ഇളകിയാടുന്ന പച്ചത്തലപ്പുകളും. ഋതുഭേദങ്ങള്‍ക്കനുസരിച്ച് ഇലകളുടെ നിറം മാറും. ശരത്കാലത്ത് പന്തോയുടെ പച്ച ഇലകള്‍ സ്വര്‍ണനിറമണിയും. അപ്പോള്‍ പന്തോക്കാട് കണ്ടാല്‍ തീ പിടിച്ചപോലിരിക്കുമത്രെ! കാറ്റ് കടന്നുപോവുമ്പോഴൊക്കെയും മരച്ചില്ലകള്‍ ഇളകിമറിഞ്ഞുണ്ടാവുന്ന ഒരു പ്രത്യേക ശബ്ദത്താല്‍ കാട് നിറയും. കടലിരമ്പം പോലെ ഒരു കാടിരമ്പം! ഇക്കാരണത്താല്‍ പന്തോയ്ക്ക് ' ദി ട്രംബ്‌ളിങ്ങ് ജയന്റ് ' എന്നും ' ദി ക്വാക്കിങ് ആസ്‌പെന്‍സ്'എന്നുമൊക്കെ വിളിപ്പേരുണ്ട്.
മരത്തെക്കുറിച്ചുള്ള നമ്മുടെ സാമാന്യസങ്കല്‍പ്പത്തെ പന്തോ തകിടംമറിക്കും. പന്തോക്കാട്ടിലെ ഓരോ മരവും കാഴ്ചയ്ക്ക് മാത്രമാണ് ഓരോ മരം. യഥാര്‍ത്ഥത്തില്‍, കൈപ്പത്തിയിലെ അഞ്ചുവിരലുകളെപ്പോലെയാണിവയെന്നുപറയാം! പന്തോക്കാട്ടിലെ മരങ്ങളെ ചില്ലകള്‍(branches) എന്നാണ് ശാസ്ത്രജ്ഞര്‍ വിളിക്കുന്നത്. എളുപ്പത്തില്‍ ഗ്രഹിക്കാന്‍, മണ്ണിന്നടിയില്‍ വേരുകളും പുറത്ത് വന്‍ ചില്ലകളുമുള്ള ഒരൊററ്റമരം. ഊര്‍ജ്ജം ശേഖരിക്കുന്നതും സസ്യശരീരത്തിലൂടനീളം അത് വിതരണം ചെയ്യുന്നതും പുനരുത്പ്പാദിപ്പിക്കുന്നതും പ്രതിരോധിക്കുന്നതും ഒരൊറ്റ വൃക്ഷത്തിന്റെ പ്രവര്‍ത്തനങ്ങളായാണ് പന്തോക്കാട്ടില്‍ നടക്കുന്നത്. ഇലകളുടെ നിറംമാറ്റം ഒരേ സമയത്ത്. തളിരണിയുമ്പോള്‍ എല്ലാ 'മരങ്ങളും' ഒരുമിച്ച്! ഒരു മരത്തിന്റെ ക്‌ളോണുകളാണ് (പന്തോ ക്‌ളോണുകള്‍) പന്തോക്കാട്ടിലെ നാല്‍പ്പത്തിയേഴായിരം മരങ്ങളും! മരങ്ങളുടെ ജീനുകളെല്ലാംതന്നെ (Genetically identical) പൂര്‍ണമായും സമാനം. 2008-ല്‍ അമേരിക്കന്‍ വനംവകുപ്പിലെ ഗവേഷകരും സ്വതന്ത്ര ഗവേഷകരും ചേര്‍ന്ന് ജനിതക പരിശോധനയിലൂടെ പന്തോ ഒരു ഒറ്റ വൃക്ഷമാണെന്ന് തെളിയിച്ചു. ലാറ്റിന്‍ ഭാഷയില്‍ 'പന്തോ' എന്ന വാക്കിനര്‍ത്ഥം, ' ഞാന്‍ പടരുന്നു' എന്നാണ്! പന്തോമരത്തെ നിരീക്ഷിക്കുമ്പോള്‍, ആ പടരലിന്റെ രീതികള്‍ നമുക്ക് മനസ്സിലാവും! സൂര്യവെളിച്ചവും വളക്കൂറും തേടി വേരുകള്‍ നീളുമ്പോള്‍ ആ സ്ഥലത്ത് മുളകള്‍ പൊട്ടുന്നു. പുതിയൊരു ദിശയിലേക്ക് പന്തോക്കാട് പടരുന്നു!
ഭൂമിക്കടിയിലേക്ക് മുപ്പതുമീറ്ററോളം ആഴത്തില്‍, വേരുപടലങ്ങളുടെ ഒരു സാമ്രാജ്യം തന്നെ പടര്‍ത്തിയിട്ടുണ്ട് പന്തോ. വേരുകളില്‍ നിന്ന് മുളച്ചുപൊന്തി മരങ്ങളാവുന്നത് ആസ്‌പെന്‍സ് മരങ്ങളുടെ വംശവര്‍ദ്ധനവിന്റെ പൊതുവായ പ്രത്യേകതയാണ്. വേരുകള്‍ വഴി പരസ്പര ബന്ധിതമാണ് പന്തോക്കാട്ടിലെ ഓരോ മരവും. ഏതെങ്കിലും ഒരു മരത്തിന് മരണം സംഭവിച്ചാലും പന്തോയ്ക്ക് മരണം സംഭവിക്കുന്നില്ല! ആ അര്‍ത്ഥത്തില്‍ മരണമില്ലാത്ത ജീവിതമാണ് പന്തോ നയിക്കുന്നത്.
പൂമ്പൊടി മാത്രം ഉത്പാദിപ്പിക്കുന്ന പന്തോ പുരുഷനാണ്. വേരുകളില്‍ നിന്ന് പുതുസസ്യത്തെ ഉണ്ടാക്കിയാണ് പന്തോ ഉള്‍പ്പെടുന്ന ആസ്‌പെന്‍ മരങ്ങള്‍ പുനരുത്പ്പാദനം,'സക്കറിങ്ങ്' നടത്തുന്നത്. പന്തോയെ വര്‍ഷങ്ങളായി എല്ലാവര്‍ക്കുമറിയാമായിരുന്നെങ്കിലും ആസ്‌പെന്‍സ് ഇക്കോളജിസ്റ്റുമാരായ ഡോ. ബര്‍ടണ്‍ ബാണസും ജെറി കംപര്‍മാനും ആണ് 1976-ല്‍ ആദ്യമായി പന്തോയെ അതിന്റെ പ്രത്യേകതകള്‍ പഠിച്ച് തിരിച്ചറിയുന്നത്. പന്തോക്കാട്ടിലെ ഓരോ മരത്തടിയുടേയും ആയുസ്സ് 125-135 വര്‍ഷമാണ്. യൂട്ടായിലെ ആസ്‌പെന്‍ മരത്തിന് 'പന്തോ' എന്ന വിളിപ്പേര് നല്‍കിയത് ശാസ്ത്രജ്ഞനായ മൈക്കല്‍ ഗ്രാന്റ് ആണ്. പന്തോയുടെ ജനിതകചരിത്രത്തെക്കുറിച്ച് നിരവധി പഠനങ്ങള്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു
പതിനാറായിരം വര്‍ഷങ്ങള്‍ക്കുമുന്‍പ്, അഗ്നിപര്‍വതങ്ങള്‍ തുപ്പിയ യൂട്ടായിലെ വളക്കൂറുള്ള ലാവ മണ്ണില്‍, കുരുമുളകുമണിയോളം ചെറിയോരു പന്തോവിത്ത് വീണ് മുളച്ച് ഇന്നീക്കാണുന്ന ഭീമാകാരമായ മരമായി വളര്‍ന്നത് സങ്കല്‍പ്പിച്ചുനോക്കു! രോഗങ്ങള്‍, കാട്ടുതീ, വരള്‍ച്ച...നൂറ്റാണ്ടുകളിലൂടെയുള്ള യാത്രയില്‍ എത്രയോ പാരിസ്ഥിതിക ആഘാതങ്ങളെ പന്തോ മറികടന്നിട്ടുണ്ട്. മരത്തണ്ടുകളില്‍ ഉയര്‍ന്ന അളവില്‍ ജലാംശം അടങ്ങിയതിനാല്‍ കാട്ടുതീയ്ക്ക് പന്തോയെ കരിച്ച് ഇല്ലാതാക്കാന്‍ പറ്റാറില്ല. പന്തോക്കാട്ടിലെ ഒരു മരം വീണ് നശിച്ചാല്‍ ആ വിടവിലൂടെ വെയിലിറങ്ങും; മുളകള്‍ ഉണരും. മാനുകള്‍ക്കും മാന്‍ വര്‍ഗ്ഗത്തില്‍ പെട്ട എല്‍ക്കുകള്‍ക്കും പണ്ടോ മരത്തിന്റെ ഈ പുതുമുളകള്‍ പ്രിയങ്കരം. കാട്ടില്‍ ചെന്നായകളുടേയും കൊയോട്ടകളുടേയും ബോബ്ക്യാറ്റുകളുടേയും എണ്ണം കുറഞ്ഞപ്പോള്‍ അവയുടെ ആഹാരമായിരുന്ന മാനും എല്‍ക്കും പെറ്റുപെരുകി. അവ കൂട്ടമായി പന്തോമുളകള്‍ തിന്നാനാരംഭിച്ചു. പന്തോയുടെ വംശവര്‍ദ്ധനവ് തടസ്സപ്പെട്ടു. അമേരിക്കന്‍ വനംവകുപ്പ് 53 ഏക്കറോളം വേലികെട്ടിത്തിരിച്ച് മരത്തിന്റെ വളര്‍ച്ചയെ സുരക്ഷിതമാക്കി. പുതിയ വെല്ലുവിളികളാണ് ഇന്ന് പന്തോയ്ക്ക് മുന്നില്‍. കാലാവസ്ഥാമാറ്റങ്ങളുടെ ഭാഗമായി ഉയരുന്ന അന്തരീക്ഷോഷ്മാവും ഉഷ്ണതരംഗങ്ങളും പെട്ടെന്നുണ്ടാകുന്ന കനത്ത മഴയും പന്തോ വളരുന്ന ആല്‍പന്‍ മേഖലയെ ബാധിച്ചിട്ടുണ്ട്.
പന്തോക്കാടിന് ചുറ്റുമുള്ള പ്രദേശവാസികള്‍ 'ക്വാക്കീസ്' എന്നാണ് മരത്തെ വിളിക്കുന്നത്. ചെറുചില്ലകള്‍ അടരുമ്പോള്‍ പന്തോത്തടികളില്‍ പ്രത്യക്ഷപ്പെടുന്ന കണ്ണുകളുടെ രൂപത്തിലുള്ള അടയാളങ്ങള്‍, തങ്ങളുടെ കുഞ്ഞുങ്ങളെ കാത്തുരക്ഷിക്കുമെന്നാരു വിശാസവും ഗ്രാമീണരുടെ ഇടയിലുണ്ട്. പന്തോക്കാടിനെ സംരക്ഷിക്കാനും അതുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ക്കും മരത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ ധാരണ വളര്‍ത്താനും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് 'ഫ്രണ്ട്‌സ് ഓഫ് പന്തോ.' ( https://www.friendsofpando.org/ )
Credit: ശര്‍മിള