ബലൂണിങ്
ചിലന്തിവലകൾ നാം ധാരാളം കാണാറുണ്ട്. പലപ്പോഴും നമുക്കൊരു ശല്യവുമാണ് ചിലന്തിവല. എന്നാൽ ഓസ്ട്രേലിയയിൽ ചിലപ്പോഴൊക്കെ കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന എട്ടുകാലിവലകൾ കാണാം. വെറും വലകളല്ല, മറിച്ച് എട്ടുകാലി വലകൾ കൊണ്ട് ഒരു പുതപ്പു തുന്നിയതുപോലെയാണ് ഇത് അനുഭവപ്പെടുന്നത്. ഈ പ്രതിഭാസം സംഭവിക്കുമ്പോൾ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകും. ബലൂണിങ് എന്നാണ് ഇത് അറിയപ്പെടുന്നത്. കാറ്റടിക്കുമ്പോൾ തിരകൾ പോലെ ചിലന്തിവല പുതപ്പ് അനങ്ങും.
ഇത്തരമൊരു ബലൂണിങ് പ്രതിഭാസം 2021ൽ സംഭവിച്ചത് വൈറലായിരുന്നു.മേഖലയിൽ ദീർഘനാളുകൾ നീണ്ടുനിന്ന ഒരു പെരുമഴ പെയ്തിരുന്നു. ഇതെത്തുടർന്ന് കടുത്ത വെള്ളപ്പൊക്കം മേഖലയിൽ ഉടലെടുത്തു. വിക്ടോറിയയിലെ ഈസ്റ്റ് ഗ്രിപ്പ്സ്ലാൻഡ് മേഖലയിലാണു വലിയ നാശനഷ്ടങ്ങൾ സംഭവിച്ചത്. റോഡുകളിലും പാതകളിലമൊക്കെ വെള്ളം പൊങ്ങിയത് ഏറ്റവും കൂടുതൽ ബാധിച്ചത് പ്രദേശത്തെ ചിലന്തികളെയാണ്.
ഒഴുകി വരുന്ന വെള്ളത്തിൽ നിന്നു രക്ഷനേടാനായി ഇവ ഉയരമുള്ള പ്രതലങ്ങളിലേക്കും മരക്കൊമ്പുകളിലേക്കും റോഡ് ദിശാസൂചികളിലേക്കുമൊക്കെ കയറി. തുടർന്ന് അവ ആ ഉയരത്തിൽ തന്നെ ഒരു കുടപോലെ വല നെയ്തു. പ്രദേശത്തെ ഒരു പുതപ്പിനടിയിലാക്കിയതു പോലെ ചിലന്തിവല സൃഷ്ടിക്കപ്പെട്ടു. ചെറിയ മരങ്ങളും ഉയരമുള്ള പുല്ലുകളുമൊക്കെ ഈ വലപ്പുതപ്പിനടിയിലായി.
മുപ്പതു ലക്ഷത്തോളം ചിലന്തികളാണു അന്നു മേഖലയിൽ വ്യാപിച്ചത്. ഇത്ര ബൃഹത്തായ വല സൃഷ്ടിക്കപ്പെട്ടതിനു കാരണം എണ്ണത്തിലെ ഈ ബാഹുല്യമാണ്. ബ്ലാക്ക് വിഡോ പോലുള്ള ചിലന്തികളെപ്പോലെ വിഷമുള്ള ചിലന്തികളൊക്കെയുള്ള നാടാണ് ഓസ്ട്രേലിയ. എന്നാൽ ബലൂണിങ് പ്രക്രിയയ്ക്ക് കാരണം ആംബികോഡാമസ് എന്ന സ്പീഷിസിൽ പെട്ട ചിലന്തികളാണ് . ഈ ചിലന്തികൾ സാധാരണ ഗതിയിൽ വലകെട്ടി ജീവിക്കാതെ നിലത്തു കഴിയാനിഷ്ടപ്പെടുന്നവയാണ്.
എന്നാൽ മഴയും കാലാവസ്ഥാമാറ്റവുമൊക്കെ വരുമ്പോൾ ദൂരേക്ക് പോകാനായി വളരെ നേർത്ത, മീറ്ററുകൾ നീളമുള്ള വല ഇവകെട്ടും. എന്നാൽ ഈ ചിലന്തികളെക്കൊണ്ട് ഹാനികരമായ സംഭവങ്ങൾ ഉടലെടുക്കില്ലെന്ന് വിദഗ്ധർ ഉറപ്പു പറയുന്നു. ഇവ കടിച്ചാലും പ്രശ്നമില്ല.