August 20, 2020

ഏറ്റവുമധികം മനുഷ്യരെ കൊന്നൊടുക്കിയ ജീവി

‘ഒരു കൊതുകിന്റെ അത്രയേ ഉള്ളൂ’ എന്ന് നിസാരമായങ്ങു പറയാൻ വരട്ടെ. കഴിഞ്ഞ 100 വർഷത്തിനിടയിൽ ആവിർഭവിച്ച മനുഷ്യനെ വിറപ്പിച്ച ആഗോള മഹാമാരികളിലൊന്നായ സിക വൈറസ് രോഗം പരത്തിയത് ഈഡിസ് കൊതുകുകളാണ്. വൈറസ് ബാധിച്ച അമ്മയിൽ നിന്നും കുഞ്ഞിലേക്ക് പകർന്ന്, വലുപ്പം കുറഞ്ഞ തലച്ചോറും ചുരുങ്ങിയ തലയോട്ടിയുമായി പിഞ്ചു കുഞ്ഞുങ്ങൾ ജനിക്കുന്ന ദയനീയദൃശ്യങ്ങൾ നമ്മൾ കണ്ടതാണ്. കൊതുകു പരത്തുന്ന രോഗങ്ങളിൽ ഏറ്റവും പ്രസിദ്ധവും പഴക്കമുള്ളതുമായ മലേറിയ രോഗത്തിന്റെ ദുരിത ഫലങ്ങൾ നേരിടാൻ ഒരു വാക്സിൻ കണ്ടു പിടിക്കാൻ 30 വർഷത്തെ ശ്രമമാണ് മനുഷ്യൻ നടത്തിയത്. പ്രതിവർഷം 4.35 ലക്ഷം ആളുകൾ ലോകത്തിൽ മലേറിയ മൂലം മരിക്കുമ്പോൾ, അതിൽ രണ്ടര ലക്ഷവും ആഫ്രിക്കയിലാണ്. ഇതിനിടയിൽ മലേറിയ രോഗാണു പല മരുന്നുകൾക്കെതിരെയും പ്രതിരോധം കെട്ടിപ്പെടുക്കുന്ന വിഷയവുമുണ്ട്. ഏതാനും വർഷങ്ങൾക്കു മുൻപ് കേരളത്തിൽ പൊട്ടിപ്പുറപ്പെട്ട ചിക്കുൻഗുനിയയും പകർത്തിയത് ഈഡിസ് കൊതുകുകളായിരുന്നു. അസഹ്യമായ സന്ധിവേദന മൂലം രോഗികളെ വളയുന്ന അവസ്ഥയിലെത്തിച്ച രോഗം പടർത്തുന്ന കൊതുകുകളത്ര നിസാരക്കാരല്ല എന്നു നിശ്ചയം.

ഏകദേശം ഇരുപത്തിയഞ്ചു ലക്ഷം വർഷം പ്രായമാണ് മനുഷ്യകുലത്തിന് ഭൂമിയിലുള്ളതെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, കാനഡയിൽ നിന്നും കണ്ടെടുത്ത കൊതുകിനു സമാനമായ ജീവിയുടെ അവശിഷ്ടത്തിനു കണക്കാക്കിയത് ഏഴു കോടിയിലേറെ വർഷമാണ്. ചെറിയ പ്രാണിയെന്നാണ് പേരിന്റെ മൂല അർഥമെങ്കിലും മോസ്ക്വിറ്റോ എന്ന കൊതുക് മനുഷ്യരേക്കാൾ മുതിർന്നവരും പ്രപഞ്ചത്തിൽ അതിജീവിക്കാൻ നമ്മേക്കാൾ മിടുക്കരുമാണ്. അതിനാലാണ് കൊതുകിനോടുള്ള യുദ്ധത്തിൽ ആത്യന്തികമായ വിജയം മനുഷ്യന് അപ്രാപ്യമാകുന്നത്. പല വിധ രോഗങ്ങൾ പടർത്തിക്കൊണ്ട് ക്ഷീരമുള്ളോരകിടിലും ചോര തന്നെ ഭുജിച്ചുകൊണ്ട് ലോക ചരിത്രത്തിൽ ഏറ്റവുമധികം മനുഷ്യരെ കൊന്നൊടുക്കാൻ കാരണമായ ജീവികളിലൊന്നെന്ന കുപ്രസിദ്ധി പേറിക്കൊണ്ട് കൊതുകുകൾ നമ്മുടെ വീട്ടുമുറ്റത്തെ വെള്ളക്കെട്ടിൽ പോലും മുട്ടയിട്ടു പെരുകിക്കൊണ്ട് മനുഷ്യനെ വെല്ലുവിളിക്കുന്നു. മനുഷ്യനാകട്ടെ എല്ലാ വർഷവും ഓഗസ്റ്റ് 20 കൊതുകു നിയന്ത്രണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം ഉണർത്താൻ ലോകകൊതുകു ദിനമായി ആചരിച്ചു വരികയും ചെയ്യുന്നു.

മലേറിയയെ മനസ്സിലാക്കിയ വർഷം

ബ്രിട്ടനിലെ ലിവർപൂൾ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിസിലെ ഡോ.റൊണാൾഡ് റോസിൽ നിന്ന് 1897-ൽ ലോക കൊതുകുദിനമെന്ന ആശയം ഉദയം കൊണ്ടു. മലേറിയ ബാധിച്ച രോഗിയുടെ രക്തം കുടിച്ച കൊതുകിനെ പിടികൂടി കീറി മുറിച്ചു പരിശോധിച്ച റോസിന് കൊതുകിന്റെ ആമാശയ ഭിത്തിയിൽ മലേറിയ രോഗബാധയുണ്ടാക്കുന്ന പരാദങ്ങളെ കണ്ടെത്താൻ കഴിഞ്ഞ വർഷമായിരുന്നു അത്. മലേറിയയുണ്ടാക്കുന്ന പ്ലാസ്മോഡിയം എന്ന പരാദത്തിന്റെ സമ്പൂർണ്ണ ജീവിത ചക്രം വരച്ചെടുക്കാൻ അദ്ദേഹത്തിന്റെ ഗവേഷണം സഹായിച്ചു. ഇതിൽ കൊതുകിന്റെ ഉമിനീർ ഗ്രന്ഥിയിൽ രോഗാണു പ്രത്യക്ഷപ്പെടുന്ന ഘട്ടവുമുണ്ടായിരുന്നു. മലേറിയ പടരുന്നത് രോഗമുള്ളവയുടെ ചോര കുടിക്കുന്ന കൊതുകുകളിലൂടെയാണെന്ന സുപ്രധാനമായ കണ്ടുപിടുത്തത്തിന് 1902-ൽ വൈദ്യശാസ്ത്രത്തിൽ നൊബേൽ പുരസ്ക്കാരത്തിനും ഡോ.റോസ് അർഹനായി. പക്ഷേ അതുകൊണ്ടൊന്നും കഥയവസാനിക്കുന്നില്ല. സെൻറർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ( CDC ) കണക്കുകളനുസരിച്ച് ലോകത്തിൽ 350-500 ദശലക്ഷം മനുഷ്യർക്ക് പ്രതിവർഷം മലേറിയ രോഗമുണ്ടാവുന്നു. ഇതിൽ 10 ലക്ഷം പേരെങ്കിലും മരണമടയുന്നു. സബ്സഹാറൻ ആഫ്രിക്ക, ഏഷ്യ എന്നിവടങ്ങളിലെ കുഞ്ഞുങ്ങളാണ് മലേറിയയുടെ മുഖ്യ ഇരകൾ എന്നതും ഞെട്ടലുണ്ടാക്കുന്ന വേദനിപ്പിക്കുന്ന വസ്തുതയാണ്.

മാനവരാശിയെ അത്രമേൽ വേദനിപ്പിക്കുന്നവർ

മനുഷ്യരെ ദ്രോഹിക്കന്നതിന്റെ കണക്കെടുത്താൽ കൊതുകിനോളം വരില്ല മറ്റൊരു ജീവിയും. മനുഷ്യരെ മാത്രമല്ല മറ്റു മൃഗങ്ങളെയും കൊതുക് വെറുതെ വിടാറില്ല. ഭൂഗോളത്തിലെ മനുഷ്യരുടെ ഒന്നാം നമ്പർ കൊലപാതകിയാണ് കൊതുകുകളെന്നു നിസംശയം പറയാം. ദേശാതിർത്തികളെയും ലംഘിച്ചുകൊണ്ട് ലോകമെമ്പാടുമുള്ള മനുഷ്യർ കൂടുതൽ പരസ്പരം അടുത്തിടപഴകുന്ന ആധുനികകാലത്ത്, (കൊറോണക്കാലമല്ല) യാത്രകളും കച്ചവടവും വിനോദ സഞ്ചാരവും തഴച്ചുവളരുമ്പോൾ, രോഗങ്ങളും രാജ്യാതിർത്തികൾ കടന്ന് ആഗോളവാസികളാകുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളിലായി പടിഞ്ഞാറൻ ഭൗമാർദ്ധഗോളത്തിൽ ദശലക്ഷക്കണക്കിനാളുകളിൽ പടർന്നിരുന്ന കൊതുകു പടർത്തുന്ന സിക വൈറസ് രോഗം അമേരിക്കയിലെത്തിയത് ഉദാഹരണമായി പറയാം. കൊതുകുനിവാരണ നിയന്ത്രണ പ്രവർത്തനങ്ങൾ ആഗോളതലത്തിൽ പ്രാധാന്യമർഹിക്കുന്നതിന്റെ കാരണമിതാണ്. നമ്മുടെ കുട്ടികളും കുടുംബവും സമൂഹവും കൊതുകുകൾ പടർത്തുന്ന രോഗങ്ങളിൽ നിന്ന് പ്രതിരോധമർഹിക്കുന്നുണ്ട്. മനുഷ്യന്റെ ആരോഗ്യം, ഭക്ഷണവിതരണം, സമഗ്ര ക്ഷേമം ഇവയെല്ലാം കൊതുകുകളെ നിയന്ത്രിക്കാൻ കഴിയാത്ത ലോകത്തിൽ പരിതാപകരമായിരിക്കുമെന്ന് വിദഗ്ദർ പറയുന്നു. പഴയ മലേറിയയും പുത്തൻ സികയും മാത്രമല്ല, മഞ്ഞപ്പനി, ഡെങ്കിപ്പനി, മന്ത്, ചിക്കുൻഗുനിയ, എൻസെഫലൈറ്റിസ്, ജപ്പാൻജ്വരം, റിഫ്റ്റ് വാലി ഫീവർ, വെസ്റ്റ് നൈൽ ഫീവർ തുടങ്ങിയ ഒരു നിര രോഗങ്ങൾ കൊതുകുകളുടെ കരസ്പർശം പതിഞ്ഞവയാണ്.

കൊതുകുകളെ അറിയുക

ലോകത്തെല്ലായിടത്തും, മഞ്ഞുമൂടിയ അന്റാർട്ടിക്ക, ഐസ് ലൻഡ് പോലെയുള്ള സ്ഥലങ്ങളൊഴികെ കൊതുകുകളുണ്ട്. കൊതുകുകളുടെ കുടുംബത്തിൽ 3500-ൽ അധികം അംഗങ്ങളുണ്ട്. ക്യൂലിസിഡേ എന്നു പേരുള്ള ഈ കടുംബത്തിൽ രണ്ടു ഉപകുടുംബങ്ങൾ ഉണ്ട്. അനോഫിലിനെ, ക്യൂലിനെ എന്നിവയാണവ. മൊത്തം കൊതുകിനങ്ങളിൽ പത്തു ശതമാനത്തോളമാണ് മനുഷ്യനും മറ്റു ജീവജാലങ്ങൾക്കും ഭീഷണി. അനോഫിലിസ്, ക്യൂലക്സ്, ഈഡിസ് എന്നീ ജനുസ്സുകളാണ് കൂടുതൽ അപകടകാരികൾ. പെൺകൊതുകുകൾ പരജീവികളുടെ രക്തം കുടിക്കുമ്പോൾ ആൺ കൊതുകൾക്ക് വെജിറ്റേറിയൻ ഭക്ഷണമാണ് പ്രിയം. ഷഡ്പദങ്ങളിൽ പെടുന്ന കൊതുകിന്റെ ജീവിതത്തിൽ നാലു ഘട്ടങ്ങളുണ്ട്. മുട്ട, ലാർവ, പ്യൂപ്പ, കൊതുക് എന്നിവയാണവ. നനഞ്ഞ ഇലകൾ, മലിനജലം ,ചെളി പ്രദേശങ്ങൾ തുടങ്ങി നനവുള്ള ഇടങ്ങളിലാണ് കൊതുക് മുട്ടയിടുക. ലാർവയും പ്യൂപ്പയും വെള്ളത്തിൽ തന്നെ കഴിയുന്നു. ആൺ കൊതുകുകളുടെ ആയുസ്സ് കേവലം 10 ദിവസമാണ്. പെൺകൊതുകുകൾ രണ്ടു മാസം വരെ ജീവിക്കും. പെൺകൊതുകുകൾ അവയുടെ മുട്ടകൾക്ക് പോഷണം നൽകുന്നത് രക്ത പാനം നടത്തിയാണ്. രക്തം ആവശ്യത്തിനു ലഭിച്ചാൽ അവ മുട്ടയിടാൻ തയ്യാറെടുക്കും. ഒരു പെൺകൊതുക് 300 മുട്ടകളോളം ഇടുന്നു. രണ്ടു ദിവസം കൊണ്ട് മുട്ടകൾ വിരിയുന്നു. ചോര കുടിക്കുന്നതിനൊപ്പം ചിലപ്പോൾ രോഗമുണ്ടാക്കുന്ന വൈറസുകളെക്കൂടി കുത്തിവയ്ക്കുന്നതാണ് കൊതുകുകൾ ചെയ്യുന്ന വലിയ ദ്രോഹം.

തുരത്തണം കൊതുകുകളെ

കൊതുകിനെ എന്നന്നേക്കുമായി നിർമാർജ്ജനം ചെയ്യാൻ മാർഗങ്ങൾ നിലവിലില്ല. എന്നാൽ അവയെ നിയന്ത്രിക്കാൻ ഒരു പരിധി വരെ കഴിയും. നാടൻ രീതികൾ, രാസപദാർഥങ്ങൾ, ജൈവ മാർഗങ്ങൾ എന്നിവ ഉപയോഗിക്കാം. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകൾ മുട്ടയിടുന്നത്. അതിനാൽ വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കാതിരിക്കുകയാണ് കൊതുകുനിയന്ത്രണത്തിലെ പ്രഥമ പാഠം. കുപ്പികൾ, പ്ലാസ്റ്റിക് ഷീറ്റുകൾ, ചിരട്ടകൾ, ചെടിച്ചട്ടികൾ ഇവയിലൊക്കെ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥ ഒഴിവാക്കണം. മരപ്പൊത്തുകൾ, ചെറിയ അടപ്പുകൾ, റബർ പാൽ സംഭരിക്കുന്ന ചിരട്ട അല്ലെങ്കിൽ പാത്രങ്ങൾ, റബർ മരങ്ങളുടെ റെയിൻ ഗാർഡുകളുടെ മടക്കുകൾ, പശയുടെ ടിന്നുകൾ ഇവയിലൊക്കെ വെള്ളം കെട്ടി നിൽക്കാം. വീടും പരിസരവും വെള്ളം കെട്ടി നിൽക്കാതെ വൃത്തിയായി സൂക്ഷിക്കണം. പറമ്പിൽ ചിരട്ടകൾ, പ്ലാസ്റ്റിക്കുകൾ, പാത്രങ്ങൾ, ടിന്നുകൾ, ടയറുകൾ, ബാരലുകൾ എന്നിവ ഉപേക്ഷിക്കരുത്. ജലസംഭരണികൾ കൊതുകു കടക്കാത്ത വിധം മൂടണം. റബർ ചിരട്ടകൾ കമിഴ്ത്തിവയ്ക്കുകയും, റെയിൻ ഗാർഡുകൾ ശരിയായി താഴ്ത്തിയിടുകയും ചെയ്യുക. വീട്ടിലെ പൂപ്പാത്രങ്ങളിൽ വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക. കുന്തിരിക്കം, ചാണകം എന്നിവ പുകയ്ക്കുന്നത് കൊതുകുകളെ അകറ്റും. ഇലക്ട്രിക് ബാറ്റുകൾ, കൊതുകു വലകൾ, ജനാല വലകൾ, ലൈറ്റ് ട്രാപ്പുകൾ മുതലായവ ഇന്ന് ഉപയോഗത്തിലുണ്ട്. കൊതുകുതിരി, ലിക്വിഡ് വേപ്പറൈസറുകൾ, ക്രീമുകൾ എന്നിവയിലെ രാസപദാർഥങ്ങൾ കൊതുകിനെ തുരത്തുന്നവയാണ്. ജലസംഭരണികളിൽ അണുനാശിനികൾ ഉപയോഗിച്ചും മലിന ജലത്തിൽ ഓയിലോ മണ്ണെണ്ണയൊ തളിച്ചും ലാർവകളെ നശിപ്പിക്കാം. മീനുകൾ, ബാക്ടീരിയ പോലെയുള്ള സ്വാഭാവിക ശത്രുക്കളെ ഉപയോഗിച്ചും കൊതുകുകളെ നേരിടാം. ഗപ്പികൾ മികച്ച കൊതുകു പിടിയൻ മീനുകളാണ്. കാർപ്പുകൾ, ഗോൾഡു ഫിഷുകൾ, ക്യാറ്റ് ഫിഷുകൾ എന്നിവയും കൊതുകിനെ തുരത്തും. തവളകൾ, വാൽ മാക്രികൾ, പർപ്പിൾ മാർട്ടിൻ പക്ഷികൾ, താറാവുകൾ, അരയന്നങ്ങൾ ഇവയൊക്കെ കൊതുകിന്റെ ശത്രുക്കളാണ്. ബാസിലസ് തുറിൻജിയെൻസിസ് ഇസ്രയേലൻസിസ് എന്ന ബാക്ടീരിയയും കൊതുകു സംഹാരികളായി ഉപയോഗിക്കപ്പെടുന്നവയാണ്. പരീക്ഷണ ഘട്ടത്തിലിരിക്കുന്ന മലേറിയ വാക്സിനാണ് പരീക്ഷണ ഘട്ടത്തിലേക്ക് കടക്കാൻ അനുമതി ലഭിച്ച മനുഷ്യനിലെ ആദ്യത്തെ പരാദബാധയ്ക്കെതിരെയുള്ള വാക്സിൻ. RTS, S എന്ന മലേറിയ വാക്സിൻ 30 വർഷത്തെ ഗവേഷണ ഫലമാണ്. ആഫ്രിക്കയിലെ മലാവിയിലാണ് ഇത് ആദ്യമായി ഉപയോഗിച്ചത്. മലേറിയ രോഗത്തിനെതിരെ ഉപയോഗിക്കപ്പെടുന്ന പല മരുന്നുകൾക്കെതിരെയും രോഗാണു പ്രതിരോധം ആർജ്ജിക്കുന്നത് വലിയ പൊതുജനാരോഗ്യ ഭീഷണിയായി ലോകത്തിന്റെ പല ഭാഗങ്ങളിലും തുടരുന്നു.

Source:ManoramaOnline

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻☣️ ടെലിബ്ലോഗർ☣️ In Telegram