പൂർണം വിശ്വനാഥൻ
ഇന്ത്യ സ്വാതന്ത്ര്യം നേടിയ വാർത്ത ഒരു മീഡിയയിലൂടെ ലോകത്തെ ആദ്യമായി അറിയിച്ചത് പൂർണം വിശ്വനാഥനാണ്. അതേസമയം മലയാളം സിനിമ പ്രേക്ഷകർക്ക് വളരെ എളുപ്പം മറക്കാൻ കഴിയാത്ത 'ചിത്രം' എന്ന പ്രിയദർശൻ്റെ ഹിറ്റ് സിനിമയിലെ അമ്മാവനാണ് പൂർണം വിശ്വനാഥൻ. ഈ ചിത്രത്തിൽ രഞ്ജിനി അവതരിപ്പിച്ച കല്യാണി എന്ന കഥാപാത്രത്തിൻ്റെ അച്ഛൻ രാമചന്ദ്രമേനോനായി അഭിനയിച്ച നടൻ. നരേന്ദ്രപ്രസാദാണ് അദ്ദേഹത്തിന് സിനിമയിൽ ശബ്ദം നൽകിയത്.
പൂർണം വിശ്വനാഥൻ ചരിത്രത്തിൽ ഇടംപിടിച്ചത് അന്നത്തെ വാർത്താ വായനയിലൂടെയാണ്. അതിനെക്കുറിച്ചുള്ള കൗതുകകരമായ കാര്യം ഇന്ത്യയിൽ മറ്റൊരാൾക്കും ലഭിക്കാത്ത ഒരു അസുലഭഭാഗ്യം പൂർണം വിശ്വനാഥന് ലഭിച്ചു എന്നുള്ളതാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ വാർത്ത പുറം ലോകത്തെ ആദ്യമായി അറിയിക്കുക എന്നത് ഒരു വാർത്താ അവതാരകനെ സംബന്ധിച്ച് ചെറിയ കാര്യമല്ലല്ലോ. ഡൽഹി ഓൾ ഇന്ത്യ റേഡിയോയിൽ ന്യൂസ് റീഡറായി ജോലി ചെയ്ത നാളുകളിലായിരുന്നു അത് സംഭവിച്ചത്.
അന്നത്തെ ന്യൂസ് ബുള്ളറ്റിൻ അനുഭവത്തെക്കുറിച്ച് പിൽക്കാലത്ത് പൂർണം വിശ്വനാഥൻ പറഞ്ഞതിങ്ങനെ..
“𝟭𝟵𝟰𝟱 മുതൽ ഞാൻ ആകാശവാണിയിൽ വാർത്താ വായനക്കാരനായിരുന്നു. നിങ്ങൾക്ക് ഇതിനെ വിചിത്രമായ യാദൃശ്ചികതയെന്നോ ദൈവികമായ യാദൃശ്ചികതയെന്നോ വിളിക്കാം. ഓഗസ്റ്റ് 𝟭𝟰 ന് രാത്രി ഡ്യൂട്ടി ലിസ്റ്റ് പ്രഖ്യാപിച്ചപ്പോൾ എന്റെ പേര് ഷെഡ്യൂൾ ചെയ്തു.കിഴക്കൻ ഏഷ്യൻ ശ്രോതാക്കൾക്കായി രാവിലെ 𝟱.𝟯𝟬 ന് ന്യൂസ് ബുള്ളറ്റിൻ സംപ്രേക്ഷണം ആരംഭിച്ചത് എൻ്റെ വാക്കുകളിലൂടെ ആയിരുന്നു. ഞാനായിരുന്നു ചരിത്രമായ അന്നത്തെ ആദ്യ ബുള്ളറ്റിൻ വായിച്ചത്.അതെന്റെ വലിയൊ ഭാഗ്യമായിരുന്നു... 𝗜𝗡𝗗𝗜𝗔 𝗜𝗦 𝗔 𝗙𝗥𝗘𝗘 𝗖𝗢𝗨𝗡𝗧𝗥𝗬.. (ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ്) എന്നതായിരുന്നു എന്റെ ആദ്യ വാചകം. വാർത്താ ബുള്ളറ്റിൻ പൂർത്തിയാക്കുന്നത് വരെ ഞാൻ എന്റെ വികാരങ്ങൾ നിയന്ത്രിച്ചു. പിന്നീട് ഞാൻ സന്തോഷം കൊണ്ട് കരഞ്ഞു. സ്വാതന്ത്ര്യ പ്രസംഗത്തിനിടെ നെഹ്റു തന്നെ കരഞ്ഞു. പിന്നെ എൻ്റെ കാര്യം പറയാനുണ്ടോ? ഞാൻ കരഞ്ഞത് രണ്ട് കാരണങ്ങളാലാണ്. ഒന്ന്,എന്റെ ഇന്ത്യ സ്വതന്ത്രമായിരുന്നു. രണ്ടാമത്, ഇന്ത്യയുടെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന വാർത്താ ബുള്ളറ്റിൻ വായിക്കാൻ എന്നെ തിരഞ്ഞെടുത്തിരിക്കുന്നു ..
ഗാന്ധിജിയുടെ നേതൃത്വത്തിൽ ബിർള ഹൗസിൽ നടന്ന ഒരു ഡസനോളം പ്രാർത്ഥനായോഗങ്ങളിൽ പങ്കെടുത്ത് ഗാന്ധിജിയെ നേരിൽ കാണാനുള്ള ഭാഗ്യം സിദ്ധിച്ചയാളാണ് പൂർണം വിശ്വനാഥൻ.
𝟭𝟵𝟮𝟭 നവംബർ 𝟭𝟱ന് ചെന്നൈയിലാണ് പൂർണം വിശ്വനാഥൻ്റെ ജനനം. പതിനെട്ടാം വയസ്സു മുതൽ നാടകവേദികളിൽ സജീവമായി പ്രവർത്തിച്ചു തുടങ്ങി.അതിന് മുമ്പേ മിമിക്രിയിൽ സജീവമായിരുന്നു. തമിഴിലെ അറിയപ്പെടുന്ന മിമിക്രി ആർട്ടിസ്റ്റ് കൂടിയാണ് അദ്ദേഹം. അതിനിടയിലാണ് ഓൾ ഇന്ത്യ റേഡിയോയിൽ ന്യൂസ് റീഡറായും പ്രവർത്തിച്ചത്.
ചിത്രം, വരുഷം 𝟭𝟲, തില്ലു മുള്ളു, കേളടി കൺമണി, മൂൺട്രാം പിറൈ, ആശൈ, മഹാനദി തുടങ്ങി നിരവധി ചിത്രങ്ങളിൽ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങളിൽ അഭിനയിച്ചു.
നാടകത്തോടുള്ള അടങ്ങാത്ത പ്രണയമാണ് പൂർണം ന്യൂ തിയേറ്റേഴ്സ് എന്ന ട്രൂപ്പ് തുടങ്ങാൻ പ്രചോദനമായത്. ഇതുകൊണ്ടൊന്നും അദ്ദേഹത്തിൻ്റെ മഹത്തായ സംഭാവനകൾ അവസാനിക്കുന്നില്ല. അറിയപ്പെടുന്ന ഒരു എഴുത്തുകാരനുമാണ് പൂർണം വിശ്വനാഥൻ. നിരവധി ചെറുകഥകളും നാടകങ്ങളും എഴുതിയിട്ടുണ്ട്. സംഗീത നാടക അക്കാദമി പുരസ്ക്കാരം ഉൾപ്പടെ ഒട്ടേറെ അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോയിൽ അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസറായി സേവനമനുഷ്ഠിച്ചാണ് ഔദ്യോഗിക ജീവതത്തിൽ നിന്നും വിരമിച്ചത്.
ഏക് തുജെ കെ ലിയേ എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിദ്ധ്യം അറിയിച്ച അദ്ദേഹം ആ സിനിമയിൽ കമൽഹാസന്റെ അച്ഛൻ വേഷമാണ് ചെയ്തത്. സാത്വിക കഥാപാത്രങ്ങളിലാണ് പൂർണം വിശ്വനാഥൻ കൂടുതലായും തിളങ്ങിയത്.
റിട്ടയർമെൻ്റിന് ശേഷം മുഴുവൻ സമയ നടനായി നൂറോളം സിനിമകളിൽ വേഷമിട്ടു. വളരെ സവിശേഷതകളുള്ള പ്രത്യേക തരം വോയ്സ് മോഡുലേഷനും മാനറിസവുമാണ് പൂർണം വിശ്വനാഥനെ പ്രേക്ഷകർക്കിടയിൽ സ്വീകാര്യനാക്കിയത്. ഏറ്റവും സ്ഫുടമായി തമിഴ് ഭാഷ കൈകാര്യം ചെയ്യുന്ന അപൂർവം നടന്മാരിൽ ഒരാളായാണ് പൂർണം വിശ്വനാഥൻ. അത് ചെറുപ്പത്തിലേ കൈമുതലായ ശബ്ദാനുകരണത്തിൻ്റെ സംഭാവനയാണ്. ഈ അതുല്യപ്രതിഭ 𝟮𝟬𝟬𝟴 ഒക്ടോബർ ഒന്നിന് 𝟴𝟳 ആം വയസ്സിൽ വിട പറഞ്ഞു