സൈക്കിൾ ടയറുകൾ കണ്ടുപിടിച്ച ജോൺ ഡൺലപ്
സൈക്കിൾ ടയറുകൾ കണ്ടുപിടിച്ച ജോൺ ഡൺലപ് (John Dunlop:1840 - 1921) തൻ്റെ സൈക്കിളിൽ; 1915ലെ ചിത്രം. വാഹന വ്യവസായത്തെ മാറ്റി മറിച്ച കണ്ടുപിടിത്തം ഡൺലപ് നടത്തിയത് 1867ൽ ആയിരുന്നു.
അമ്മയുടെ ഗർഭത്തിൽ നിന്നും ഏഴാം മാസം പുറത്തു വന്ന ഡൺലപ് എൺപത്തൊന്നു വയസ്സുവരെയും ആരോഗ്യ പ്രശ്നങ്ങളില്ലാതെ ജീവിച്ചു. അയർലൻഡിൽ ഒരു വെറ്ററിനറി ഡോക്ടറായി ജോലി ചെയ്തിരുന്ന ഡൺലപ്പിൻ്റെ പേര് ടയർ വ്യവസായ രംഗത്തെ ഒരു പ്രമുഖ ബ്രാൻഡ് നെയിമായി വളർന്നു എങ്കിലും തൻ്റെ കണ്ടുപിടിത്തത്തിൻ്റെ അവകാശം അദ്ദേഹം നേരത്തെ തന്നെ വിറ്റു കഴിഞ്ഞിരുന്നു.
സ്കോട്‌ലാൻഡലെ ഒരു ഇരുമ്പ് പണിക്കാരനായ (blacksmith) കിർക്പാട്രിക് മാക്മില്ലൻ (Kirkpatrick Macmillan: 1812 - 1878) നേരത്തെ തന്നെ സൈക്കിൾ കണ്ടുപിടിച്ചിരുന്നു (1840കളുടെ തുടക്കം). സൈക്കിൾ ഓടിച്ചു വന്ന ഒരു മാന്യൻ 1842ൽ ഒരു വഴിപോക്കനെ മുട്ടിയതിന് അഞ്ചു ഷില്ലിംഗ് പിഴ അടക്കേണ്ടി വന്ന സംഭവം ഒരു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തതാണ് സൈക്കിളിനെപ്പറ്റിയുള്ള ആദ്യ തെളിവ്. ആ 'മാന്യൻ' മാക്മില്ലൻ ആയിരുന്നു.
തടി കൊണ്ടുള്ള ചക്രത്തിൽ ഇരുമ്പ് റിം ഘടിപ്പിച്ചവയായിരുന്നു ആദ്യകാല സൈക്കിളുകൾ. കാലക്രമേണ ഉരുക്കുകൊണ്ടുള്ള ചക്രങ്ങൾ നിലവിൽ വന്നു. ഇത്തരം സൈക്കിളുകൾ ഓടിക്കുന്നത് വളരെയധികം ആയാസകരമായിരുന്നു. ഇതിന് പരിഹാരമായാണ് കാറ്റ് നിറക്കാവുന്ന ടയറുകൾ (pneumatic tyres) ജോൺ ഡൺലപ് ആവിഷ്കരിച്ചത്.
യഥാർത്ഥത്തിൽ റബർ ടയറുകൾ കണ്ടുപിടിച്ചത് ജോൺ ഡൺലപ് അല്ലെന്നതാണ് വാസ്തവം. തെക്കേ അമേരിക്കയിൽ കണ്ടു വരുന്ന റബർ മരത്തിൻ്റെ കറയിൽ ചില രാസവസ്തുക്കൾ ചേർത്ത് അതിനെ ദൃഢവും ഈടു നിൽക്കുന്നതുമാക്കി തീർക്കുന്ന vulcanisation എന്ന പ്രക്രിയ 1893ൽ അമേരിക്കക്കാരനായ ചാൾസ് ഗുഡ്ഇയർ കണ്ടുപിടിച്ചു. സ്കോട്ലാൻഡുകാരനായ റോബർട്ട് വില്ല്യം തോംസൺ ഈ സാങ്കേതിക വിദ്യ കുറച്ചു കൂടി വികസിപ്പിച്ച് കാറ്റ് നിറയ്ക്കാവുന്ന ടയറുകൾ കണ്ടുപിടിച്ചു. സൈക്കിളുകൾ അക്കാലത്ത് പ്രചാരം നേടിയിരുന്നില്ല. അതുകൊണ്ട് തന്നെ തോംസൻ്റെ കണ്ടുപിടിത്തത്തിൻ്റെ ഉപയോഗം ലോകത്തിന് മനസ്സിലായില്ല. കാലക്രമേണ ആ കണ്ടുപിടിത്തം ലോകം മറന്നു. പിന്നീട് ഡൺലപ് നടത്തിയത് ഒരു പുനരാവിഷ്കാരം (re-invention) ആയിരുന്നു.
ഡൺലപിൻ്റെ കണ്ടു പിടിത്തം വളരെ വേഗം മോട്ടോർ വാഹനങ്ങളിൽ പ്രയോഗിച്ചു. 1885ൽ ഡെയ്മ്‌ലർ - റെയ്ട്‌വാഗൺ എന്ന ജർമൻ കമ്പനി പെട്രോളിൽ പ്രവർത്തിക്കുന്ന മോട്ടോർ സൈക്കിൾ കണ്ടു പിടിച്ചു. 1894ൽ ജർമ്മനിയിൽ തന്നെ ആദ്യമായി റബർ ടയറുകൾ മോട്ടോർ സൈക്കിളിൽ ഉപയോഗിച്ചു.
കാൾ ഫ്രെഡറിക് ബെൻസ് എന്ന ജർമൻ എഞ്ചിനീയർ 1885ൽ തന്നെ ആദ്യ മോട്ടോർ കാറും നിരത്തിലിറക്കി. എതനോൾ കലർത്തിയ ഗാസോലിൻ ആയിരുന്നു, ബെൻസ് ഉപയോഗിച്ച ഇന്ധനം. ആദ്യ പ്രദർശനയോട്ടത്തിൽ തന്നെ നിയന്ത്രണം തെറ്റി ഒരു മതിൽ ഇടിച്ചു തകർത്ത ചരിത്രം ബെൻസ് കാറിനുണ്ട്. മണിക്കൂറിൽ പതിനാറ് കിലോമീറ്റർ ആയിരുന്നു കാറിൻ്റെ 'ടോപ് സ്പീഡ്'.
പത്തു വർഷത്തിനു ശേഷം പാരീസിൽ നടന്ന ഒരു കാറോട്ട മത്സരത്തിലൂടെയാണ് കാറുകളിൽ ഉപയോഗിക്കുന്ന റബർ ടയറുകൾ ലോക ശ്രദ്ധയിൽ വരുന്നത്.
റബ്ബർ ട്യൂബുകളിൽ കാറ്റ് നിറച്ച് ഇരുമ്പ് ചക്രത്തെ ചുറ്റിയ ശേഷം റബർ വളയം കൊണ്ട് അതിനെ പൊതിഞ്ഞ് ഉറപ്പിക്കുന്ന രീതി 1911ൽ ഫിലിപ്പ് സ്ട്രോസ് ആണ് അവതരിപ്പിച്ചത്.