ഉടമസ്ഥരില്ലാതെ ആയിരക്കണക്കിന് കാറുകൾ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഫുക്കുഷിമ ആണവ ദുരന്തം. ഈ ദുരന്തത്തിനു ശേഷം ജാപ്പനീസ് സർക്കാർ താമസയോഗ്യമല്ലാത്ത മേഖലയായി പ്രഖ്യാപിച്ച ഇടത്തേക്ക് ചെന്നാൽ ഒരു കാഴ്ച കാണാം. ഉടമസ്ഥരില്ലാതെ ഉപേക്ഷിക്കപ്പെട്ട ആയിരക്കണക്കിന് കാറുകൾ. ഇക്കൂട്ടത്തിൽ വളരെ വിലകൂടിയ പോർഷ്, ഔഡി തുടങ്ങിയവ മുതൽ സാധാരണക്കാർ ഉപയോഗിക്കുന്ന കാറുകൾ വരെയുണ്ട്. ഇന്നും ആണവവികിരണം നിലനിൽക്കുന്ന മേഖലയാണ് ഇവിടെ.
കാറുകളിലും വികിരണമുണ്ട്.തന്നെയുമല്ല, ദീർഘകാലം ആണവവികിരണമേൽക്കുന്ന ലോഹങ്ങൾക്ക് റേഡിയേഷൻ ഹാർഡനിങ് എന്ന പ്രശ്നമുണ്ടാകാം. ലോഹങ്ങളിൽ ഇതുമൂലം പൊട്ടലുകൾക്ക് സാധ്യതയേറും യുക്രൈനിലെ ചേണോബിൽ ആണവ ദുരന്തത്തിനു ശേഷം ലോകത്തു നടന്ന ഏറ്റവും വലിയ ആണവദുരന്തമായിരുന്നു ഫുക്കുഷിമ.
ശക്തമായ ഭൂചലനം, തുടർന്ന് വമ്പൻ സുനാമിത്തിരകൾ... ഇവയെല്ലാം ചേർന്നതായിരുന്നു ദുരന്തം. 2011 മാർച്ച് , തദ്ദേശ സമയം ഉച്ച കഴിഞ്ഞ് 2.46നു ജപ്പാനിലെ ഏറ്റവും വലിയ ദ്വീപായ ഹോൻഷുവിന്‌റെ വടക്കു കിഴക്കൻ മേഖലയായ ടൊഹോക്കുവിൽ ഭൂകമ്പമാപിനിയിൽ 9 രേഖപ്പെടുത്തിയ ഒരു ഭൂചലനം നടന്നതാണ് എല്ലാത്തിനും തുടക്കമിട്ടത്. അവിടത്തെ ഓഷികയായിരുന്നു പ്രഭവകേന്ദ്രം, തീവ്രതയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ നാലാമത്തെ ഭൂചലനമായിരുന്നു ഇത്. താമസിയാതെ തന്നെ കൂറ്റൻ സൂനാമിത്തിരകൾ കടലിൽ ഉയർന്നു. 33 അടി വരെ പൊക്കമുള്ളവയായിരുന്നു ഇവയിൽ ചിലത്.തുടർന്ന് ഇവ മണിക്കൂറിൽ 800 കിലോമീറ്റർ എന്ന വൻ വേഗത്തിൽ തീരത്തെ ആക്രമിക്കാൻ പുറപ്പെട്ടു.
സെൻഡായി നഗരത്തിൽ വെള്ളപ്പൊക്കം ഇതുമൂലം ഉടലെടുത്തു.അവിടത്തെ വിമാനത്താവളം കടൽവെള്ളത്തിൽ മുങ്ങി. കരയുടെ 10 കിലോമീറ്ററോളം ഉള്ളിലേക്ക് തിരകൾ എത്തി. ഇവ തിരികെ കടലിലേക്കു വലിഞ്ഞപ്പോൾ ആയിരക്കണക്കിന് ആളുകൾ വെള്ളത്തിനൊപ്പം കടലിലേക്ക് ഒഴുകിപ്പോയെന്നാണു കണക്കുകൾ.ജപ്പാനിൽ മാത്രമല്ല, കലിഫോർണിയയുടെ തീരങ്ങളിലും ഹവായ് ദ്വീപുകളിലും അന്‌റാർട്ടിക്കയിൽ പോലും ഇതുമൂലമുള്ള സൂനാമിത്തിരകൾ എത്തി.
ഇരുപതിനായിരത്തോളം ആളുകൾ ഈ സൂനാമിയിൽ പെട്ടു ജീവൻവെടിഞ്ഞെന്നാണ് വിവിധ കണക്കുകൾ സൂചിപ്പിക്കുന്നത്. ജപ്പാനെ മാസങ്ങളോളം സ്തംഭനത്തിൽ നിർത്താൻ ദുരന്തത്തിനു കഴിഞ്ഞു.ടൊഹോക്കു മേഖലയിൽ നിരവധി ആണവനിലയങ്ങൾ സ്ഥിതി ചെയ്തിരുന്നു. ജപ്പാന്‌റെ പസിഫിക് തീരത്തെ ഫുക്കുഷിമ മേഖലയിലായിരുന്നു ഫുക്കുഷിമ ഡായ്ചി ആണവ നിലയം സ്ഥിതി ചെയ്തിരുന്നത്. 1971-79 കാലഘട്ടത്തിൽ പണിത ആറു റിയാക്ടറുകളായിരുന്നു ഇവിടെയുള്ളത്.എന്നാൽ സംഭവം നടക്കുമ്പോൾ ഇതിൽ മൂന്നെണ്ണം മാത്രമായിരുന്നു പ്രവർത്തനം.
സുനാമി മുന്നറിയിപ്പിനെതുടർന്ന് ഇവ ഓട്ടമാറ്റിക്കായി തന്നെ പ്രവർത്തനം അവസാനിപ്പിച്ചു. എന്നാൽ സൂനാമിത്തിരകൾ ജനറേറ്ററുകൾ നശിപ്പിച്ചതു മൂലം ഈ നിലയത്തിൽ പൂർണമായും വൈദ്യുതി ഇല്ലാതെയായി. ഇതോടെ ആണവ ഇന്ധനത്തെ ശിതീകരിക്കുന്ന സംവിധാനങ്ങൾ തകരാറിലായി. ചുട്ടുപഴുത്ത ആണവ ഇന്ധനം റിയാക്ടറുകളിൽ ദ്വാരങ്ങൾ സൃഷ്ടിച്ചുകൊണ്ട് പുറത്തെത്തി. ഇത് റിയാക്ടറിന്‌റെ കണ്ടെയ്ൻമെന്‌റ് വെസലുകളിൽ ഹൈഡ്രജൻ ഇന്ധനം അതിമർദ്ദത്തിൽ ഉടലെടുക്കുന്നതിനു കാരണമാകുകയും വലിയ സ്‌ഫോടനം നടക്കുകയും ചെയ്തു.
ഇതെത്തുടർന്ന് മേഖലയിൽ വലിയ വികിരണപ്രവാഹം ഉടലെടുത്തു.പ്ലാന്‌റിനു അനേകം കിലോമീറ്ററുകൾ ചുറ്റളവിൽ ജപ്പാൻ സർക്കാർ എല്ലാരീതിയിലുമുള്ള പ്രവേശനം നിരോധിച്ചു. ലക്ഷക്കണക്കിന് ആളുകൾ മേഖലയിൽ നിന്നു കുടിയൊഴിപ്പിക്കപ്പെട്ടു. ആൾനാശം ഉണ്ടായില്ലെങ്കിലും ചേണോബിൽ സ്‌ഫോടനത്തിനു ശേഷം നടന്ന ഏറ്റവും വലിയ വ്യാവസായിക ആണവ ദുരന്തമാണ് ഫുക്കുഷിമയിലേത്.