💀അജ്ഞാത ലോകം 💀
December 2, 2024

ലോകത്തിലെ ഏറ്റവും ചിലവേറിയ 5 വിഭവങ്ങൾ

നമ്മളിൽ പലർക്കും വ്യത്യസ്തമായ ഭക്ഷണ വിഭവങ്ങൾ രുചിച്ചു നോക്കാൻ താത്പര്യം ഉണ്ടാകും. പലരും സ്വന്തം മടിശീലയുടെ കനം അനുസരിച്ച് പലതും രുചിച്ചു നോക്കിയിട്ടുമുണ്ടാകും. എന്നാൽ ചില വിഭവങ്ങൾ ട്രൈ ചെയ്തു നോക്കാൻ വില ഒരു വിലങ്ങുതടിയാവും. ഇത് പണക്കാർക്ക് മാത്രമുള്ളതാണ് എന്ന് പറഞ്ഞു സാധാരക്കാർ അവ വേണ്ട എന്ന് വയ്ക്കും. എന്നും കരുതി പണക്കാർക്കെല്ലാം എല്ലാ ഭക്ഷണ വിഭവങ്ങളും കഴിക്കാം എന്നില്ല. ചില വിഭവങ്ങളുടെ വില കേട്ടാൽ കോടീശ്വരന്മാർ പോലും ഇത് ഓർഡർ ചെയ്യാനോ എന്ന് ചിന്തിക്കും. എന്നാൽ ചില വിഭവങ്ങളുടെ ചേരുവകളോ, പാചക രീതിയോ മൂലം എത്ര വിലയാണെങ്കിലും വേണ്ട എന്ന് വയ്ക്കും. ഇത്തരത്തിലുള്ള 5 വിഭവങ്ങളെ പരിചയപ്പെടാം.

അൽമാസ് കാവിയാർ

ലോകത്തിലെ ഏറ്റവും ചെലവേറിയ കാവിയാർ (മത്സ്യമുട്ടകൾ കൊണ്ടുണ്ടാക്കുന്ന ഒരു വിശിഷ്‌ട വിഭവം) ആണ് അൽമാസ്. 60 നും 100 നും ഇടയിൽ പ്രായമുള്ള വളരെ അപൂർവമായ ഒരു പെൺ ആൽബിനോ സ്റ്റർജന്റെ മുട്ടയിൽ നിന്നാണ് അൽമാസ് തയ്യാറാക്കുന്നത്. ഇറാന് സമീപമുള്ള തെക്കൻ കാസ്പിയൻ കടലിൽ കടലിൽ നിന്നാണ് ഇത്തരം മത്സങ്ങളെ പിടിക്കാൻ സാധിക്കുക. പക്ഷേ ഇത്തരം മീനുകൾക്ക് ഏതാണ്ട് വംശനാശം സംഭവിച്ചു. അതുകൊണ്ട് തന്നെ ഒരു കിലോ അൽമാസ് കാവിയാർ വാങ്ങാൻ 34,500 ഡോളർ ചെലവഴിക്കണം. അതായത് 25 ലക്ഷത്തിൽ കൂടുതൽ രൂപ.

ആയം സെമാനി ബ്ലാക്ക് ചിക്കൻ

കറുത്ത ചിക്കൻ എന്നും എന്നും അറിയപ്പെടുന്ന ഈ കോഴി വിഭവത്തിന്റെ ഉത്ഭവം ഇന്തോനേഷ്യയിൽ നിന്നാണ്. രക്തം ഒഴികെ ഇത്തരം കോഴിയുടെ ശരീരത്തിലെ എല്ലാ ഭാഗങ്ങളും കറുപ്പാണ്. തൂവലുകൾ, മാംസം, നാവ് എന്ന് വേണ്ട എല്ലാം കറുപ്പ് മയം. ടാറിൽ കുളിച്ച കോഴിയെപോലെ തോന്നും ആയം സെമാനി ബ്ലാക്ക് ചിക്കനെ കണ്ടാൽ. വളരെ അപൂർവമായ ഈ കോഴിയിറച്ചിക്ക് എത്രയാണ് വിലയെന്നോ? 5000 ഡോളർ, 3.7 ലക്ഷം രൂപ.

​മാറ്റ്സുതേക്ക് കൂൺ

ജപ്പാനിലെ താമ്പ മേഖലയിൽ വളരുന്ന ലോകത്തിലെ ഏറ്റവും വിലയേറിയ കൂണുകളിൽ ഒന്നാണ് മാറ്റ്സുതേക്ക് കൂൺ. ജാപ്പനീസ് ഭക്ഷണവിഭവങ്ങളിൽ രാജാവിന്റെ സ്ഥാനം അലങ്കരിക്കുന്ന മാറ്റ്സുതേക്ക് കൂൺ ഏറ്റവും രുചികരമായ കൂൺ വിഭവവുമാണ്. പ്രാണികളുടെ ആക്രമണവും, വന്മരങ്ങളുടെ സാന്നിദ്ധ്യവും ഈ കൂൺ വിഭവത്തിന്റെ ലഭ്യത കാര്യമായി കുറച്ചിട്ടുണ്ട്. കഷ്ടി ഒരു ദിവസമാണ് മാറ്റ്സുതേക്ക് കൂണിന്റെ ആയുസ്സ് എന്നതിനാൽ ഇവ നട്ടുവളർത്താൻ സാധിക്കില്ല. അതുകൊണ്ട് തന്നെ 1,000 ഡോളർ മുതൽ 2,000 ഡോളർ വരെയാണ് മാറ്റ്സുതേക്ക് കൂണിന്റെ വില ( ഏകദേശം 75,000 മുതൽ 1.5 ലക്ഷം രൂപ വരെ).

​കോപി ലുവാക് കോഫി

ലോകത്തിലെ ഏറ്റവും അപൂർവവും ചെലവേറിയതുമായ കാപ്പി വകഭേദം ആണ് കോപി ലുവാക് കോഫി. ഉൽ‌പാദന പ്രക്രിയയാണ് ഈ കാപ്പിയെ വ്യത്യസ്തമാക്കുന്നത്. മരപ്പട്ടി, വെരുക് എന്നിവ ഈ കാപ്പി കുരു കഴിക്കുന്നു. ദഹിക്കാൻ പറ്റാത്തതിനാൽ ഈ ജീവികളുടെ മലത്തോടൊപ്പം കാപ്പികുരുവും പുറത്തേക്ക് വരുന്നു. ഈ മലം ശേഖരിച്ച് കാപ്പിക്കുരു മാറ്റി സംസ്കരിച്ചാണ് കോപി ലുവാക് കോഫി തയ്യാറാക്കുന്നത്. കുറഞ്ഞ വിതരണവും ഉയർന്ന ഡിമാൻഡും ഉള്ളതിനാൽ കോപി ലുവാക് കോഫിക്ക് കിലോഗ്രാമിന് 250 മുതൽ 1200 ഡോളർ വരെയാണ് വില.

​ഫുഗു ഫിഷ്

ലോകത്തിലെ ഏറ്റവും അപകടകാരിയായ മീൻ ആണ് പഫർ ഫിഷ് എന്നും പേരുള്ള ഈ മീൻ. ഇവയുടെ ശരീത്തിൽ ഒരു വിഷാംശമുണ്ട്. അതുകൊണ്ട് തന്നെ പഫർ മത്സ്യം ശരിയായ രീതിയിൽ തയ്യാറാക്കിയില്ലെങ്കിൽ കഴിക്കുന്ന വ്യക്തിയുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം. ഈ മീനിന്റെ വിഷത്തിന് ചികിത്സയില്ല. ഉയർന്ന പരിശീലനം ലഭിച്ചതും ലൈസൻസുള്ളതുമായ പാചകക്കാർക്ക് മാത്രമേ ഇത് വിളമ്പാൻ അനുവാദമുള്ളൂ. ഒരു മത്സ്യത്തിന് 300 ഡോളർ (22,000 രൂപയിൽ കൂടുതൽ) വിലവരും.

Credit: Samayam

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram