💀അജ്ഞാത ലോകം 💀
August 1

രണ്ട് ജീവികള്‍ യോജിച്ച് ഒരു ജീവിയാകുന്ന പ്രതിഭാസം

നീമിയോപ്‌സിസ് ലേഡിയൈ (Mnemiopsis leidyi) എന്ന കുഞ്ഞന്‍ കടല്‍ജീവിയാണ് ഈ അത്ഭുതകഥയിലെ കേന്ദ്രകഥാപാത്രം.

കടല്‍ വാള്‍നട്ട് (Sea Walnut) എന്ന വിളിപ്പേരുമുണ്ട് മേപ്പടിയാന്. കോംബ് ജെല്ലി (Comb jelly) അല്ലെങ്കില്‍ റ്റീനോഫോറ (Ctenophora) എന്ന വിഭാഗത്തില്‍ പെടുന്ന, നട്ടെല്ലില്ലാത്ത ജീവികളാണ് കടല്‍ വാള്‍നട്ടുകള്‍. പരിണാമപരമായി നോക്കുകയാണെങ്കില്‍ ബഹുകോശജീവികളുടെ കൂട്ടത്തില്‍ ഏറ്റവും താഴത്തെ പടികളിലൊന്നിലാണ് ഇവയുടെ സ്ഥാനം. പടിഞ്ഞാറന്‍ അറ്റ്‌ലാന്റിക്ക് തീരക്കടലാണ് ഇവയുടെ ജന്മദേശം. എന്നാല്‍ ഇപ്പോള്‍ അവ യൂറോപ്പിലേയും പശ്ചിമേഷ്യയിലേയും കടലുകളിലെ കുപ്രസിദ്ധരായ അധിനിവേശ ജീവികളാണ് (invasive specise).

7-12 സെന്റീമീറ്റര്‍ നീളവും 2.5 സെന്റീമീറ്റര്‍ വ്യാസവുമുള്ള കടല്‍ വാള്‍നട്ടുകള്‍ക്ക് സുതാര്യമായ ശരീരമാണുള്ളത്. ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടിച്ചാല്‍ അവ നീല കലര്‍ന്ന പച്ച നിറത്തില്‍ തിളങ്ങുകയും ചെയ്യും. ശരീരത്തിന്റെ 97 ശതമാനവും ജലമാണ്. ഇരപിടിക്കാന്‍ സഹായിക്കുന്ന അനേകം സ്പര്‍ശനികളും (tentacles) നീന്താന്‍ സഹായിക്കുന്ന, ചെറുരോമങ്ങളുള്ള ചീപ്പ് പോലുള്ള അവയവങ്ങളും (ciliated combs) ഇവയുടെ പ്രത്യേകതയാണ്. കോംബ് ജെല്ലി എന്ന പേര് കിട്ടിയത് ഈ അവയവങ്ങളില്‍ നിന്നാണ്.

ജലോപരിതലത്തില്‍ ജീവിക്കുന്ന കുഞ്ഞുജീവികളാണ് അവയുടെ ഭക്ഷണം. രസകരമായൊരു കാര്യം അവയ്ക്ക് സ്ഥിരമായ മലദ്വാരമില്ല എന്നതാണ്. മലവിസര്‍ജനം നടത്തുമ്പോള്‍ മാത്രമാണ് മലദ്വാരം പ്രത്യക്ഷപ്പെടുന്നത്! അതിനുശേഷം മലദ്വാരം അപ്രത്യക്ഷമാകും. കടല്‍ വാള്‍നട്ടുകള്‍ ഉഭയലിംഗജീവികളാണ് (Hermaphrodites). അതുകൊണ്ടുതന്നെ സ്ത്രീ-പുരുഷ ലൈംഗികാവയവങ്ങള്‍ ഒരേ ജീവിയില്‍ തന്നെ കാണും. ആയിരക്കണക്കിന് വരുന്ന അണ്ഡങ്ങളും പുംബീജങ്ങളും കടല്‍ വെള്ളത്തിലാണ് നിക്ഷേപിക്കുന്നത്. അവിടെവെച്ചാണ് ബീജസങ്കലനം നടക്കുന്നത്.

മുട്ടവിരിഞ്ഞുവരുന്ന കുഞ്ഞുങ്ങളെ സിഡിപ്പിഡുകള്‍ (Cydippids) എന്നും മുതിര്‍ന്നവയെ ലോബേറ്റുകള്‍ (Lobates) എന്നുമാണ് പറയുന്നത്. ചില പ്രത്യേക സാഹചര്യങ്ങളില്‍ ലോബേറ്റുകള്‍ ചെറുതായി സിഡിപ്പിഡുകളാകുമത്രേ. പ്രായപൂര്‍ത്തിയായവര്‍ വീണ്ടും കുഞ്ഞുങ്ങളാകും എന്നര്‍ത്ഥം. കടല്‍ വാള്‍നട്ടുകള്‍ക്ക് പുറമേ മറ്റുചില കുഞ്ഞന്‍ കടല്‍ ജീവികളും ഈ പ്രത്യേകത കാണിക്കുന്നവയായുണ്ട്. എന്നാല്‍ മറ്റൊരു ജീവിയിലും ഇതുവരെ കണ്ടെത്താത്ത പ്രതിഭാസമാണ് തുടക്കത്തില്‍ പറഞ്ഞത്. രണ്ട് ജീവികള്‍ യോജിച്ച് ഒരു ജീവിയാകുന്ന പ്രതിഭാസം.

മസാച്ചുസെറ്റ്‌സിലെ സുപ്രസിദ്ധമായ ഒരു ഗവേഷണ സ്ഥാപനമാണ് മറൈന്‍ ബയോളജിക്കല്‍ ലബോറട്ടറി. അവിടെയുള്ള പരീക്ഷണശാലകളില്‍ ഒന്നാണ് ഗ്രാസ് ലബോറട്ടറി (Grass Laboratory). ന്യൂറോബയോളജിയുമായി ബന്ധപ്പെട്ട് ഗ്രാസ് ലബോറട്ടറിയില്‍ പതിനാല് ആഴ്ചക്കാലം ഗവേഷണം നടത്തുന്നതിനായി യുവഗവേഷകര്‍ക്കായി ഏര്‍പ്പെടുത്തിയ ധനസഹായ പദ്ധതിയാണ് ഗ്രാസ് ഫൗണ്ടേഷന്‍ ഫെലോഷിപ്പ്. അങ്ങനെയാണ് 2023-ല്‍ ജപ്പാന്‍കാരനായ കേയ് ജോക്കുറ (Kei Jokura) ഗ്രാസ് ലബോറട്ടറിയില്‍ എത്തുന്നത്. ഗവേഷണത്തിനായി അദ്ദേഹം ഉപയോഗിച്ചത് കടല്‍ വാള്‍നട്ടുകളെയായിരുന്നു.

ഒരുദിവസം രാവിലെ, പരീക്ഷണത്തിനായി തലേ ദിവസം പിടിച്ച്, ടാങ്കിലെ കടല്‍വെള്ളത്തില്‍ സൂക്ഷിച്ചിരുന്ന കടല്‍ വാള്‍നട്ടുകളില്‍ ഒരെണ്ണത്തെ പിടിക്കാന്‍ നോക്കുകയായിരുന്നു. അപ്പോഴായിരുന്നു അസാധാരണമായ ആ കാഴ്ച. അതേക്കുറിച്ച് അദ്ദേഹം ഈ ലേഖകനയച്ച ഇ-മെയിലില്‍ ഇങ്ങനെയെഴുതി:

''ആ നിമിഷം ജീവിതത്തിലൊരിക്കലും ഞാന്‍ മറക്കില്ല. പരീക്ഷണത്തിനായി ഞാനൊരു കടല്‍ വാള്‍നട്ടിനെ പിടിക്കാനൊരുങ്ങുകയായിരുന്നു. അപ്പോഴാണ് അസാധാരമായ വലുപ്പമുള്ള ഒരെണ്ണത്തിനെ കാണുന്നത്. അത് രൂപത്തില്‍ വ്യത്യാസമുള്ള ഒരു കടല്‍ വാള്‍നട്ടാണ് എന്നാണ് ആദ്യം വിചാരിച്ചത്. എന്നാല്‍ അതിനെ കോരിയെടുത്തപ്പോളാണ് മനസ്സിലായത്, അത് രണ്ട് വായകളുള്ള വാള്‍നട്ടാണെന്ന്! അപ്പോള്‍തന്നെ എനിക്കൊരു ഉള്‍വിളിയുണ്ടായി; ഇത് രണ്ട് ജീവികള്‍ സംയോജിച്ചുണ്ടായതാണ്.'' തുടര്‍ന്ന് നടത്തിയ സൂക്ഷ്മ പരിശോധനയില്‍ വായയ്ക്ക് പുറമേ ശരീരത്തിന്റെ മുന്‍ഭാഗത്തും പിന്‍ഭാഗത്തുമുള്ള മറ്റ് അവയവങ്ങളും ഇരട്ടിച്ചിരിക്കുന്നതായി കണ്ടു.

1937-ല്‍ അമേരിക്കന്‍ ഗവേഷകനായ ബി. ആര്‍. കൂണ്‍ഫീല്‍ഡ് (B.R. Coonfield) ഒന്നിലധികം കടല്‍ വാള്‍നട്ടുകളെ മുറിച്ച് അവയുടെ വിവിധഭാഗങ്ങള്‍ തമ്മില്‍ ഒട്ടിച്ചേര്‍ക്കുന്ന അനേകം പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ആ പരീക്ഷണങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ജോക്കുറയും ഗ്രാസ് ലബോറട്ടറിയിലെ സഹഗവേഷകരും 'ഇരട്ടജീവിയുടെ' രഹസ്യങ്ങള്‍ അനാവരണം ചെയ്യാനായി ഒരു പരീക്ഷണം നടത്താന്‍ തീരുമാനിച്ചു.

പരീക്ഷണത്തിനായി അവര്‍ പല ദിവസങ്ങളിലായി വ്യത്യസ്ത ദിക്കുകളില്‍ നിന്നും ശേഖരിച്ച കടല്‍ വാള്‍നട്ടുകളെയാണ് ഉപയോഗിച്ചത്. അവയില്‍ നിന്നും പത്ത് ജോഡികളെ തെരഞ്ഞെടുത്തു. അവയുടെ ശരീരത്തിന്റെ വശങ്ങളില്‍ തള്ളിനില്‍ക്കുന്ന ഭാഗങ്ങള്‍ (ലോബുകള്‍) ഭാഗികമായി മുറിച്ചു നീക്കി. മുറിഞ്ഞ ഭാഗങ്ങള്‍ തൊട്ടുതൊട്ടു കിടക്കുന്ന രീതിയില്‍ അവയെ സൂചികളുപയോഗിച്ച് കുത്തിവെച്ചു. പിന്നീട് നടന്ന സംഭവങ്ങള്‍ അവരുടെ അനുമാനം ശരിയാണെന്ന് തെളിയിക്കുന്നതായിരുന്നു.

രാത്രി പുലരുമ്പോഴേക്കും പത്തു ജോഡികളില്‍ ഒന്‍പതും പരസ്പരം യോജിച്ച് ഒറ്റജീവികളായി മാറിയിരുന്നു! അങ്ങനെ ഒന്നായ ജീവിയുടെ ഒരു വശത്ത് പതുക്കെ കുത്തിയപ്പോള്‍ മുഴുവന്‍ ജീവിയും ഒരുമിച്ച് പ്രതികരിക്കുകയും ചെയ്തു. അതിന്റെയര്‍ത്ഥം രണ്ട് ജീവികളുടെയും നാഡീവ്യവസ്ഥകള്‍ സംയോജിച്ച് ഒറ്റ നാഡീവ്യവസ്ഥയായി മാറി എന്നാണ്. ശരീരം ഒറ്റയായതിന് ശേഷമുള്ള ആദ്യമണിക്കൂറില്‍ ലോബുകളുടെ ചലനങ്ങള്‍ സ്വതന്ത്രവും വ്യത്യസ്ത സമയങ്ങളിലുമായിരുന്നെങ്കില്‍ അതിനുശേഷം രണ്ടുലോബുകളും ഒരേസമയം ചലിക്കാന്‍ തുടങ്ങി. രണ്ടുമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 95 ശതമാനം പേശീചലനങ്ങളും സമന്വയപ്പെട്ടു.

രണ്ട് ദഹനവ്യവസ്ഥകളും പൂര്‍ണമായും സംയോജിച്ചോ എന്നറിയാനുള്ള പരീക്ഷണമായിരുന്നു അടുത്തത്. അതിനായി രണ്ട് ദിവസം ടാങ്കില്‍ സൂക്ഷിച്ച കടല്‍ വാള്‍നട്ടിന്റെ രണ്ട് വായകളിലൊന്നിലൂടെ, പ്രകാശം പരത്തുന്ന നിറം ചേര്‍ത്ത (fluorescently labelled), കൊച്ചു ചെമ്മീനുകള്‍ (brine shrimp) തീറ്റിച്ചു. അവ ആദ്യത്തെ ദഹനവ്യവസ്ഥയില്‍ ദഹിപ്പിക്കപ്പെടുകയും അതുമായി ബന്ധപ്പെട്ട കുഴലുകളിലൂടെ രണ്ടാമത്തെ ദഹനവ്യവസ്ഥയ്ക്ക് കൈമാറുകയും ചെയ്തു. അവശിഷ്ടങ്ങള്‍ വ്യത്യസ്ത സമയങ്ങളില്‍ രണ്ട് മലദ്വാരങ്ങളിലൂടെയും പുറത്തേക്ക് വിസര്‍ജിക്കുകയും ചെയ്തു. ഇങ്ങനെ ഇരുമെയ്യുകള്‍ യോജിച്ച് ഒരുമെയ്യായ കടല്‍ വാള്‍നട്ടുകളെ മൂന്നാഴ്ചയോളം ടാങ്കുകളില്‍ വളര്‍ത്തുകയും ചെയ്തു.

ഒരുവിധം എല്ലാ ജീവികള്‍ക്കും സ്വന്തം ശരീരത്തില്‍ നിന്നും മറ്റൊരു ശരീരത്തെ വേര്‍തിരിച്ചറിയാനുള്ള കഴിവുണ്ട്. അതുകൊണ്ടാണ് ഇരട്ടയല്ലാത്ത ഏതൊരാളില്‍ നിന്നും അവയവം സ്വീകരിക്കുകയാണെങ്കില്‍ നമ്മുടെ ശരീരം അത് തിരസ്‌കരിക്കുന്നത്. ബന്ധം അകലുന്തോറും തിരസ്‌കാരത്തിന്റെ രൂക്ഷത കൂടിക്കൂടിവരും. നമ്മുടെ ശരീരത്തിലെ ഒരു പ്രത്യേക പ്രതിരോധ സംവിധാനമാണ് (immunity) ഈ തിരസ്‌കാരത്തിന് കാരണം. അങ്ങനെയാണെങ്കില്‍ എന്തുകൊണ്ടാണ് കടല്‍ വാള്‍നട്ടുകള്‍ ഒരു അന്യശരീരം തിരസ്‌കരിക്കാത്തത്?

അതിനുള്ള ഉത്തരം ഇതുവരെ പൂര്‍ണ്ണമായും ലഭ്യമായിട്ടില്ല. ഒരു പക്ഷേ അത്തരത്തിലുള്ള ഒരു പ്രതിരോധസംവിധാനം കടല്‍ വാള്‍നട്ടുകളില്‍ ഇല്ലായിരിക്കാം എന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ഈ അത്ഭുതപ്രതിഭാസത്തിന്റെ രഹസ്യങ്ങളിലേക്കുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ ഒരുപക്ഷേ രോഗപ്രതിരോധ സംവിധാനം (immunology), നശിച്ചുപോയ നാഡികളുടെ പുനരുജ്ജീവനം (regeneration) തുടങ്ങിയ സുപ്രധാന മേഖലകളിലെ പഠനങ്ങളെ സഹായിച്ചേക്കാം എന്ന പ്രത്യാശയും ഗവേഷകര്‍ പുലര്‍ത്തുന്നുണ്ട്.

Credit: by ഡോ. പി.കെ. സുമോദന്‍

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram