അർമില്ലാരിയ ഓസ്റ്റോയേ:ലോകത്തിലെ ഏറ്റവും വലിയ ജീവി
ഭൂമിയിലെ ഏറ്റവും വലിയ ജീവി ഏതാണെന്ന് ചോദിച്ചാൽ നമ്മളിൽ പലരും പെട്ടെന്ന് പറയുന്ന ഉത്തരം നീലത്തിമിംഗലം എന്നായിരിക്കും. എന്നാൽ ശാസ്ത്രീയമായി പറഞ്ഞാൽ, ലോകത്തിലെ ഏറ്റവും വലിയ ജീവി ഒരു മൃഗമോ സസ്യമോ അല്ല, മറിച്ച് അർമില്ലാരിയ ഓസ്റ്റോയേ (Armillaria ostoyae) എന്ന് ശാസ്ത്രനാമമുള്ള ഒരു ഫംഗസ് ആണ്.
അമേരിക്കയിലെ ഒറിഗൺ സംസ്ഥാനത്തുള്ള ബ്ലൂ മൗണ്ടൻസിലെ മാൽഹ്യൂർ നാഷണൽ ഫോറസ്റ്റിലാണ് ഈ ഭീമൻ ഫംഗസ് വസിക്കുന്നത്. 'ഹ്യൂമംഗസ് ഫംഗസ്' എന്ന വിളിപ്പേരിലാണ് ഇത് ലോകപ്രശസ്തമായത്.ഏകദേശം 2,385 ഏക്കർ (ഏകദേശം 9.6 ചതുരശ്ര കിലോമീറ്റർ) പ്രദേശത്താണ് ഇത് വ്യാപിച്ചു കിടക്കുന്നത്. അതായത് ഏകദേശം 1,600 ഫുട്ബോൾ മൈതാനങ്ങളേക്കാൾ വലിയ വിസ്തൃതി!ഇതിന്റെ ഭാരം ഏകദേശം 35,000 ടൺ ആയിരിക്കുമെന്ന് കണക്കാക്കപ്പെടുന്നു.
ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ അനുസരിച്ച് ഇതിന് 2,400 മുതൽ 8,000 വരെ വർഷം പഴക്കമുണ്ട്. ഇത് ലോകത്തിലെ ഏറ്റവും പഴക്കമേറിയ ജീവികളിൽ ഒന്നുകൂടിയാണ്.
ഇത് എങ്ങനെയാണ് ഒരു വലിയ ജീവിയാകുന്നത്?
സാധാരണ കൂണുകൾ പോലെ പുറത്ത് കാണുന്ന ഭാഗമല്ല ഈ ഫംഗസിന്റെ പ്രധാന ശരീരം. മണ്ണനടിയിൽ നൂലുപോലെ പടർന്നു കിടക്കുന്ന മൈസീലിയം എന്ന ശൃംഖലയാണ് ഇതിന്റെ യഥാർത്ഥ ശരീരം. ഒറിഗണിലെ ഈ വനമേഖലയിൽ നടത്തിയ ഡി.എൻ.എ പരിശോധനയിൽ നിന്നാണ് ഇത്രയും വലിയ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന ഫംഗസ് പടലങ്ങൾ ഒരേ ഒരു ജനിതകഘടനയുള്ള ഒറ്റ ജീവിയാണെന്ന് തിരിച്ചറിഞ്ഞത്.ഈ ഫംഗസ് വെറുമൊരു കൗതുകം മാത്രമല്ല, വനത്തിലെ മരങ്ങൾക്ക് ഇതൊരു ഭീഷണിയാണ്.മരങ്ങളുടെ വേരുകളിൽ പറ്റിപ്പിടിച്ച് അവയിലെ പോഷകങ്ങൾ വലിച്ചെടുത്താണ് ഇത് വളരുന്നത്. ഇത് മരങ്ങളുടെ നശീകരണത്തിന് കാരണമാകുന്നു.ഷൂ ലേസ് പോലെ കട്ടിയുള്ള കറുത്ത വേരുകൾ പോലുള്ള സംവിധാനമുപയോഗിച്ചാണ് ഇത് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പടരുന്നത്. അതിനാൽ ഇതിനെ 'ഷൂസ്ട്രിംഗ് ഫംഗസ്' എന്നും വിളിക്കാറുണ്ട്.ഇതിന്റെ പുറത്ത് കാണുന്ന കൂണുകൾ ഭക്ഷ്യയോഗ്യമാണെങ്കിലും പച്ചയ്ക്ക് കഴിക്കുന്നത് ഗുണകരമല്ല.1998-ൽ ഒറിഗണിലെ വനത്തിൽ മരങ്ങൾ കൂട്ടത്തോടെ ഉണങ്ങി നശിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വനം വകുപ്പ് ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും നടത്തിയ പര്യവേഷണത്തിലാണ് ഈ ഭീമൻ ഫംഗസിനെ കണ്ടെത്തുന്നത്. വായുവിലൂടെ വിത്തുകൾ വ്യാപിക്കുന്നതിനു പകരം മണ്ണിലൂടെ പടരുന്ന സ്വഭാവമാണ് ഇതിനെ ഇത്രയും വലിയ രൂപത്തിലെത്താൻ സഹായിച്ചത്.
Credit: ശ്രീജിത്ത് ശ്രീ