ഏറ്റവും വലിയ മുഴങ്ങാത്ത മണി🔔
ലോകത്തിൽ വെച്ചേറ്റവും വലിയ മണിയാണ്, റഷ്യയിലെ മോസ്കോ ക്രെംലിൻ കൊട്ടാരത്തിന്റെ പുറത്ത് സ്ഥാപ്പിച്ചിട്ടുള്ള സാർ ബെല്ല്. എ. ഡി. 1735 ൽ ഇവാൻ മോറ്റോറിൻ എന്ന ശിൽപിയാണ് ഇത് നിർമ്മിച്ചത്..!!
മദ്ധ്യകാലത്തെ റഷ്യൻ ഓർത്തഡോക്സ് ചർച്ചുകളിൽ വിശ്വാസപരമായ ചടങ്ങുകൾക്ക് ചർച്ചിലെ മണിയടിക്കാറില്ലായിരുന്നു. എങ്കിലും വർഷത്തിലെ ആഘോഷങ്ങൾക്കും മറ്റു പ്രധാന ചടങ്ങുകൾക്കും ശത്രുക്കളുടെ ആക്രമണങ്ങൾ ഉണ്ടാവുമ്പോഴും മറ്റും ഇത്തരം മണികൾ അടിക്കാറുണ്ടായിരുന്നു.
ചിത്രത്തിൽ കാണുന്ന ഭീമൻ മണി മൂന്നാം തലമുറയിൽ പെട്ട മണിയാണ്. ഇതേ സ്ഥലത്തേയ്‌ക്ക് വേണ്ടി ഇതിന്ന് മുമ്പ് പണി കഴിപ്പിച്ച രണ്ട് ഭീമൻ മണികളും നശിക്കപ്പെട്ടിരുന്നു...
പതിനാറാം നൂറ്റാണ്ടിലാണ് ആദ്യ മണിയുടെ നിർമ്മാണം ,എ. ഡി. 1600-ൽ പൂർത്തിയായി. ഇതേ സ്ഥലത്ത് സ്ഥാപിച്ചു. 16-മെട്രിക് ടൺ ഭാരമുണ്ടായിരുന്ന ആദ്യ മണി അടിക്കാൻ 24-പേരുടെ പരിശ്രമം ആവശ്യമായിരുന്നു. പക്ഷേ, പതിനേഴാം നൂറ്റാണ്ടിലെ തുടക്കത്തിൽ ഒരു അഗ്നിബാധയിൽ ഈ മണി മൊത്തമായി തകർന്ന് പോയി.
ഭരണകൂടത്തിന്റെ ആവശ്യാർത്ഥം വീണ്ടും മണിയുടെ നിർമ്മാണം ആരംഭിച്ചു. എ. ഡി. 1655-ൽ പൂർത്തിയായ രണ്ടാം തലമുറയിലെ മണി ആദ്യ മണിയുടെ പതിന്മടങ്ങ് വലിപ്പത്തിലായിരുന്നു. 100-മെട്രിക് ടൺ ഭാരമുണ്ടായിരുന്ന ഈ മണിയ്‌ക്കും അധികം ആയുസ്സുണ്ടായിരുന്നില്ല. 1701-ൽ സംഭവിച്ച മറ്റൊരു അഗ്നിബാധയിൽ ഈ മണിയും തകർന്നു.
അക്കാലത്തെ റഷ്യൻ ചക്രവർത്തിനി ആയിരുന്ന അന്ന ഇവാനോവ്‌ന (ഭരണകാലം 1730-1740) വീണ്ടുമൊരു മണി കൂടി നിർമ്മിക്കാൻ ഉത്തരവിട്ടു. രണ്ടാം മണിയുടെ ഇരട്ടി വലിപ്പത്തിലുള്ള മണി നിർമ്മിക്കാനായിരുന്നു ഉത്തരവ്. മോസ്കോയിൽ ആരും ഇതിന് പ്രാപ്തരായി ഉണ്ടായിരുന്നില്ല. ഫ്രാൻസിലും ജർമ്മനിയിലും പോയി അന്വേഷിച്ച് പറ്റിയ ശിൽപിയെ കണ്ടെത്താനുള്ള ശ്രമവും പാഴായ സമയത്ത് റഷ്യക്കാരനായ ഇവാൻ മോറ്റോറിൻ എന്ന പീരങ്കി നിർമ്മാതാവ് ആ ദൗത്യം ഏറ്റെടുക്കുകയുണ്ടായി..!!
പഴയ മണിയിൽ നിന്നെടുത്തതും പുതിയതുമായ വെള്ളോട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ ഈ മണി ഉണ്ടാക്കാൻ മാസങ്ങളെടുത്തു. വെള്ളോടിന്ന് പുറമെ 525-കിലോ വെള്ളിയും 72-കിലോ സ്വർണ്ണവും ഇതിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചു. നിർമ്മാണം പൂർത്തിയായി, കാസ്റ്റിംഗ് ജോലി തുടരുന്നതിനിടെ 1735-ൽ ശില്പി ഇവാൻ മരണപ്പെട്ടു. പിന്നെ, അദ്ദേഹത്തിന്റെ മകൻ മിഖായേൽ ഈ പടുകൂറ്റൻ മണിയുടെ നിർമ്മാണം പൂർത്തികരിച്ചു.
എന്നാൽ, നിർഭാഗ്യം വിടാതെ പിന്തുടർന്നു കൊണ്ടിരുന്നു. മണി സ്ഥാപ്പിക്കാൻ തീരുമാനിച്ച ജൂൺ മാസത്തിന്ന് കുറച്ച് ദിവസം മുമ്പ് 1737-മെയ് മാസത്തിൽ ക്രെംലിനിൽ ഉണ്ടായ തീപ്പിടുത്തത്തിൽ നിർമ്മാണം പൂർത്തിയായ മൂന്നാം മണിയിലും ഭാഗികമായി വിള്ളലുകളുണ്ടായി. 10,400 കിലോ ഭാരം വരുന്ന (പത്ത് ടണ്ണിൽ അധികം) ഒരു ഭാഗം ഇളകി പോരുകയുണ്ടായി. നിർമ്മാണം അവിടെ വെച്ച് നിർത്തി.
ഈ കൂറ്റൻ മണി, ആ സ്ഥലത്ത് നിന്ന് അൽപം പൊക്കി സ്ഥാപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 1792-ലും 1819-ലുമാണ് ഇത്തരം ശ്രമങ്ങളുണ്ടായതെങ്കിലും മണി ഉയർത്താൻ പറ്റാതെ വന്നപ്പോൾ ശ്രമം ഉപേക്ഷിക്കപ്പെട്ടു.
1812-ൽ നെപ്പോളിയൻ ബോണപ്പാർട്ട് തന്റെ റഷ്യൻ അധിനിവേശ കാലത്ത് മണി ഫ്രാൻസിലേക്ക് കടത്താൻ ശ്രമിച്ചിരുന്നെങ്കിലും ഭീമൻ ആകാരവും അമിത ഭാരവും കാരണം ശ്രമവും ഉപേക്ഷിക്കുകയുണ്ടായി. അവസാനം എ. ഡി. 1836-ൽ അഗസ്റ്റിൻ ഡി മോണ്ട്‌ഫെറാന്റ് എന്ന ഫ്രഞ്ച് വാസ്തുശിൽപിയുടെ പരിശ്രമത്താൽ മണി പൊക്കിയെടുക്കുകയും സമീപത്ത് തന്നെ കൽപീഠമുണ്ടാക്കി അതിൽ സ്ഥാപ്പിക്കുകയും ചെയിതു. ഇടയ്‌ക്ക് കുറച്ച് കാലം കൃസ്ത്യൻ ചാപ്പലായും ഈ മണി കൂടാരം ഉപയോഗിച്ചു. ഇളകി പോന്ന ഭാഗം ചപ്പലിന്റെ വാതിലായും മാറി.
ഈ കൂറ്റൻ മണിയിൽ നിന്ന് ഒരിക്കൽ പോലും മണിയടി ശബ്ദം പുറത്ത് വന്നിട്ടില്ലെങ്കിലും ലോകത്തിൽ വെച്ചേറ്റവും വലിയ മണിയായി ഈ സാർ മണി ഇന്നും തുടരുന്നു. ലോകത്തിലെ ഏറ്റവും വലിയ പ്രവർത്തിക്കുന്ന മണിയായ ലിവർപൂൾ കത്തീഡ്രലിലെ മണിയുടെ ഭാരത്തെക്കാൾ മൂന്നിരട്ടി ഭാരം, ഈ സാർ മണിയുടെ ഇളകി പോന്ന കഷണത്തിന്ന് മാത്രം ഉണ്ട്..!!