ഇന്ത്യയുടെ ആദ്യത്തെ സ്വകാര്യ റോക്കറ്റ്
നിർമാണത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന ത്രിഡിപ്രിന്റഡ് എൻജിനുകളുമായി ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റ് 'വിക്രം-1' വിക്ഷേപണത്തിനൊരുങ്ങുന്നു. ഹൈദരാബാദിലെ സ്കൈറൂട്ട് എയ്‌റോസ്‌പേസിന്റെ ഇൻഫിനിറ്റി ക്യാംപസ് ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ബഹിരാകാശ വിസ്മയം നാടിന് സമർപ്പിച്ചത്. പരമ്പരാഗത രീതികളിൽ നിന്ന് മാറി, റോക്കറ്റിന്റെ ഭാരം പകുതിയായും നിർമാണ സമയം 80 ശതമാനത്തോളവും കുറയ്ക്കുന്ന ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയാണ് വിക്രം1നെ വേറിട്ടുനിർത്തുന്നത്.
നിർമാണത്തിൽ വിപ്ലവം സൃഷ്ടിക്കുന്ന ത്രിഡിപ്രിന്റഡ് എൻജിനുകളുമായി ഇന്ത്യയുടെ ആദ്യ സ്വകാര്യ റോക്കറ്റ് 'വിക്രം-1' വിക്ഷേപണത്തിനൊരുങ്ങുന്നു. ഹൈദരാബാദിലെ സ്കൈറൂട്ട് എയ്‌റോസ്‌പേസിന്റെ ഇൻഫിനിറ്റി ക്യാംപസ് ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ ബഹിരാകാശ വിസ്മയം നാടിന് സമർപ്പിച്ചത്. പരമ്പരാഗത രീതികളിൽ നിന്ന് മാറി, റോക്കറ്റിന്റെ ഭാരം പകുതിയായും നിർമാണ സമയം 80 ശതമാനത്തോളവും കുറയ്ക്കുന്ന ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയാണ് വിക്രം1നെ വേറിട്ടുനിർത്തുന്നത്.
ഒറ്റ വിക്ഷേപണത്തിൽ ഒന്നിലധികം ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ള ഈ ഓർബിറ്റൽ വിക്ഷേപണ വാഹനം, ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തത്തിന് പുതിയ ദിശാബോധം നൽകും. "ലോകത്ത് ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമുള്ള ബഹിരാകാശ ശേഷി ഇന്ത്യയ്ക്കുണ്ട്. കഴിഞ്ഞ ആറേഴ് വർഷത്തിനുള്ളിൽ, ഇന്ത്യ ബഹിരാകാശ മേഖലയെ തുറന്നതും സഹകരണപരവും നൂതനവുമായ ഒരു ആവാസവ്യവസ്ഥയാക്കി മാറ്റി," ചടങ്ങിൽ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ പിതാവായ വിക്രം സാരാഭായിയുടെ പേരിലാണ് സ്കൈറൂട്ട് എയ്‌റോസ്‌പേസ് വികസിപ്പിച്ച ഈ റോക്കറ്റ് അറിയപ്പെടുന്നത്. അതിവേഗം വളരുന്ന ചെറുകിട ഉപഗ്രഹ വിപണിയെ (Small Satellite Market) ലക്ഷ്യമിട്ടുള്ളതാണ് നാല് ഘട്ടങ്ങളുള്ള ഈ റോക്കറ്റ്. 20 മീറ്റർ ഉയരവും 1.7 മീറ്റർ വ്യാസവുമുള്ള വിക്രം-1, ഭാരം കുറഞ്ഞതും എന്നാൽ അതീവ കരുത്തുറ്റതുമായ കാർബൺ കോമ്പോസിറ്റ് ഘടനയിലാണ് നിർമ്മിച്ചിരിക്കുന്നത്. 1,200 kN ത്രസ്റ്റ് ഉത്പാദിപ്പിക്കാൻ ഇതിന് കഴിയും. ലളിതമായ രൂപകൽപ്പനയായതിനാൽ ഏത് സ്ഥലത്തുനിന്നും 24 മണിക്കൂറിനുള്ളിൽ അസംബിൾ ചെയ്ത് വിക്ഷേപിക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.
വിക്രം-1 ന്റെ ഏറ്റവും വലിയ സവിശേഷത അതിലെ ത്രീഡി പ്രിന്റഡ് എൻജിനുകളാണ്. സാധാരണയായി മാസങ്ങളെടുത്തു നിർമ്മിക്കുന്ന റോക്കറ്റ് എൻജിനുകൾ, ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യ വഴി ഏതാനും ദിവസങ്ങൾക്കുള്ളിൽ നിർമ്മിച്ചെടുക്കാം. ഇത് നിർമ്മാണ സമയം 80 ശതമാനത്തോളം ലാഭിക്കാൻ സഹായിക്കുന്നു. കൂടാതെ, എൻജിന്റെ ഭാരം 50 ശതമാനത്തോളം കുറയ്ക്കാനും ഈ സാങ്കേതികവിദ്യ വഴി സാധിച്ചു. ഭാരം കുറയുന്നതോടെ കൂടുതൽ പേലോഡ് (ഉപഗ്രഹങ്ങൾ) വഹിക്കാൻ റോക്കറ്റിന് സാധിക്കുന്നു.
റോക്കറ്റിന്റെ ഘടനയും പ്രവർത്തനവും
നാല് ഘട്ടങ്ങളുള്ള പ്രൊപ്പൽഷൻ സംവിധാനമാണ് വിക്രം-1 ൽ ഉപയോഗിച്ചിരിക്കുന്നത്:
ഘട്ടം 1 (കലാം-1200): കാർബൺ ഫൈബർ കൊണ്ട് നിർമ്മിച്ച ഭാരം കുറഞ്ഞ ഈ ഘട്ടം 120 ടൺ പീക്ക് ത്രസ്റ്റ് ഉത്പാദിപ്പിക്കുന്നു.
ഘട്ടം 2 (കലാം-250): ബൂസ്റ്റർ വേർപെട്ടതിന് ശേഷം റോക്കറ്റിനെ അന്തരീക്ഷത്തിന് മുകളിലേക്ക് നയിക്കുന്നത് ഈ ഖര ഇന്ധന മോട്ടോറാണ്.
ഘട്ടം 3 (കലാം-100): ശൂന്യതയിൽ പ്രവർത്തിക്കുന്ന ഈ ഘട്ടം, ഉയർന്ന താപനിലയെ പ്രതിരോധിക്കുന്ന കാർബൺ അബ്ളേറ്റീവ് നോസൽ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്.
ഘട്ടം 4: റോക്കറ്റിന്റെ അവസാന ഘട്ടത്തിൽ നാല് 'രാമൻ' എൻജിനുകളുടെ ക്ലസ്റ്ററാണ് ഉപയോഗിച്ചിരിക്കുന്നത്. ദ്രാവക ഇന്ധനം ഉപയോഗിക്കുന്ന ഈ ഹൈപ്പർഗോളിക് എൻജിനുകൾക്ക് ഉപഗ്രഹങ്ങളെ കൃത്യമായ ഭ്രമണപഥത്തിൽ എത്തിക്കാൻ സൂക്ഷ്മമായ ക്രമീകരണങ്ങൾ നടത്താനാകും.
350 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ ലോ എർത്ത് ഓർബിറ്റിലേക്കും (LEO), 260 കിലോഗ്രാം വരെ സൺ സിൻക്രണസ് ഓർബിറ്റിലേക്കും (SSO) എത്തിക്കാൻ വിക്രം-1 ന് കഴിയും. 'റീസ്റ്റാർട്ടബിൾ ഓർബിറ്റൽ അഡ്ജസ്റ്റ്‌മെന്റ് മൊഡ്യൂൾ' ഉള്ളതിനാൽ ഒരേ വിക്ഷേപണത്തിൽ തന്നെ വ്യത്യസ്ത ഭ്രമണപഥങ്ങളിൽ ഉപഗ്രഹങ്ങളെ നിക്ഷേപിക്കാനും ഇതിന് സാധിക്കും.
2026ന്റെ തുടക്കത്തിൽ വിക്രം-1ന്റെ ആദ്യ വിക്ഷേപം നടത്താനാണ് സ്കൈറൂട്ട് എയ്‌റോസ്‌പേസ് ലക്ഷ്യമിടുന്നത്. 2030 ഓടെ 77 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യൻ ബഹിരാകാശ സമ്പദ്‌വ്യവസ്ഥയിൽ നിർണ്ണായക പങ്കുവഹിക്കാൻ ഈ സ്വകാര്യ സംരംഭത്തിന് സാധിക്കും.