വൈറ്റ് ഡെത്ത്
മറഞ്ഞിരുന്ന് ലക്ഷ്യത്തിലേക്കുള്ള വെടിവയ്പ്..അതാണു സ്നൈപ്പറുടെ ദൗത്യം. പ്രത്യേക ടെലിസ്കോപിക് റൈഫിളുപയോഗിച്ചാണ് സ്നൈപ്പർമാർ ദൗത്യത്തിനിറങ്ങുന്നത്. യുദ്ധത്തിലും ഭീകരവിരുദ്ധ വേട്ടകളിലും അർബൻ വാർഫെയറിലുമെല്ലാം സ്നൈപ്പറുകൾ ഉണ്ട്. ലോകത്തിലെ ഏറ്റവും മാരകമായ ശേഷിയുള്ള സ്നൈപ്പർ എന്നറിയപ്പെടുന്നത് സിമോ ഹായ്ഹ എന്ന ഫിൻലൻഡുകാരനായ പടയാളിയാണ്.
1939–40 കാലയളവിൽ സോവിയറ്റ് യൂണിയനും ഫിൻലൻഡുമായി നടത്തിയ വിന്റർവാറിലായിരുന്നു ഹായ്ഹയുടെ വൻ വേട്ട. 100 ദിവസം കൊണ്ട് 500 സോവിയറ്റ് സൈനികരെയാണ് ഹായ്ഹ വധിച്ചത്. ഐസിന്റെ പശ്ചാത്തലത്തിൽ വെളുത്ത വസ്ത്രം ധരിച്ചു മറഞ്ഞിരിക്കുന്ന ഹായ്ഹയെ കണ്ടുപിടിക്കാൻ വലിയ പാടുമായിരുന്നു. കടുത്ത പ്രകൃതിസാഹചര്യങ്ങൾ പോലും തൃണവൽഗണിച്ചാണ് ഹായ്ഹ വേട്ട നടത്തിയത്. യുദ്ധത്തിൽ ഗുരുതരമായി പരുക്കേറ്റെങ്കിലും ഹായ്ഹ 96 വർഷം ജീവിച്ചിരുന്നു. 2002ലാണ് അദ്ദേഹം അന്തരിച്ചത്.
വർത്തമാനകാലത്തെ ഏറ്റവും ശ്രദ്ധേയനായ സ്നൈപ്പർ വാലി എന്നയാളാണ്.ഇറാഖിലെ മൊസൂളിൽ മക്മിലൻ ടാക്–50 സ്നൈപ്പർ റൈഫിൾ ഉപയോഗിച്ച് മൂന്നരക്കിലോമീറ്റർ അകലെ നിന്ന ഒരു ഐഎസ് ഭീകരനെ വാലി വധിച്ചിട്ടുണ്ട്. ലോകത്തിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ദൂരമേറിയ സ്നെപ്പർ കൊലയായിരുന്നു ഇത്. പിന്നീട് ഇതു മറികടക്കപ്പെട്ടു.
ലോകത്തിലെ ഏറ്റവും മുൻനിര സ്നൈപ്പർമാരിലൊരാളായ വാലി കാനഡ സൈന്യത്തിലെ മുൻ അംഗമായിരുന്നു. ഇദ്ദേഹം യുക്രെയ്നിൽ പോരാടാനായി ഇടക്കാലത്തെത്തിയിരുന്നു.
ഫോട്ടോഗ്രാഫുകളും വിഡിയോകളുമൊക്കെ ധാരാളം പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ഈ നാൽപതുകാരന്റെ യഥാർഥ പേര് അജ്ഞാതം. റോയൽ കനേഡിയൻ 22ാം റെജിമെന്റിന്റെ ഭാഗമായി ഇറാഖിലും അഫ്ഗാനിസ്ഥാനിലും വാലി യുദ്ധം ചെയ്തിട്ടുണ്ട്. 2009–2011 കാലയളവിൽ കാണ്ഡഹാറിൽ ദൗത്യത്തിനുണ്ടായിരുന്നു.
അഫ്ഗാനിസ്ഥാനിൽ വച്ച് അവിടത്തെ തദ്ദേശീയരാണു വാലി എന്ന പേര് ഇദ്ദേഹത്തിനു നൽകിയത്. പിന്നീടതായി വിളിപ്പേര്. സംരക്ഷകൻ എന്നാണത്രേ ഈ വാക്കിന് അർഥം.ഒറ്റ ദിവസം തന്നെ നാൽപതോളം ശത്രുക്കളെ തന്റെ റൈഫിളിനിരയാക്കാൻ വാലിക്കു കഴിയുമത്രേ. ഈ മാനദണ്ഡങ്ങൾ വച്ചുനോക്കുമ്പോഴാണു വാലി ലോകത്തിലെ തന്നെ ഏറ്റവും മാരകശേഷിയുള്ള സ്നൈപ്പറായി പരിഗണിക്കപ്പെട്ടത്