ലോകത്തെ ഏറ്റവും സുരക്ഷിതമായ കെട്ടിടം
ലോകത്തെ ഏറ്റവും സുരക്ഷിതമായ കെട്ടിടം ഏതെന്നു ചോദിച്ചാൽ പലർക്കും പല അഭിപ്രായമായിരിക്കും. എന്നാൽ പ്രതിരോധവിദഗ്ധരുടെ അഭിപ്രായത്തിൽ ലോകത്ത് ഏറ്റവും വലിയ സുരക്ഷയുള്ള കെട്ടിടം ഫോർട്ട് നോക്സാണ്. യുഎസിന്റെ സ്വർണശേഖരം സൂക്ഷിക്കുന്നതാണ് കെന്റക്കിയിൽ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടം. 1937 മുതൽ യുഎസിന്റെ സ്വർണശേഖരം ഇവിടെ സൂക്ഷിക്കുന്നു.
യുഎസ് ആർമിയുടെ ഒരു ഹ്യൂമൻ റിസോഴ്സ് കമാൻഡ് സെന്ററും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. യുഎസ് ആർമിയുടെ ഏറ്റവും വലിയ പരിശീലന പരിപാടി സംഘടിപ്പിക്കുന്നതും ഇവിടെയാണ്. ഒരു സൈനിക ക്യാംപായിട്ടാണു ഫോർട്ട് നോക്സിന്റെ തുടക്കം. ഒന്നാം ലോകയുദ്ധകാലത്ത് ക്യാംപ് നോക്സ് എന്ന പേരിലാണ് ഇതു തുടങ്ങിയത്. ആർമിയുടെ ആർട്ടിലറി വിഭാഗത്തിന്റെ താൽക്കാലിക പരിശീലനകേന്ദ്രമായിരുന്നു ഇത്.
1932ൽ ഇതു സ്ഥിരമാക്കി. ഫോർട്ട് നോക്സ് എന്നു പേരും ഇതിനു ലഭിച്ചു. 1937ൽ ഫോർട്ട് നോക്സിലേക്ക് ആദ്യമായി സ്വർണം എത്തി. യൂറോപ്പിൽ രണ്ടാം ലോകയുദ്ധം തുടങ്ങിയപ്പോൾ ഫോർട്ട് നോക്സ് ഒരു ടാങ്ക് പരിശീലന കേന്ദ്രമായി പ്രവർത്തിച്ചു. 2005ൽ യുഎസ് ആർമി ഹ്യൂമൻ റിസോഴ്സ് കമാൻഡ് സെന്റർ ഒഴിച്ചുള്ള തങ്ങളുടെ സംവിധാനങ്ങൾ ഇവിടെ നിന്നു മാറ്റി. യുഎസ് ട്രഷറി സംഭരിച്ചിട്ടുള്ള സ്വർണത്തിൽ പകുതിയോളം സൂക്ഷിച്ചിരിക്കുന്നത് ഫോർട്ട് നോക്സിലാണ്. ഈ കെട്ടിടത്തിന്റെ ഘടനയും ഉള്ളടക്കവുമൊക്കെ വളരെക്കുറച്ചു പേർക്കേ അറിയൂ.
ഒരാൾക്ക് ഒറ്റയ്ക്ക് സ്വർണ സംഭരണ കേന്ദ്രം തുറക്കാനാകാത്ത രീതിയിലാണ് ഇതിന്റെ സുരക്ഷ. ഗ്രാനൈറ്റ്, കട്ടി കോൺക്രീറ്റ്, സ്റ്റീൽ എന്നിവ ഉപയോഗിച്ച് ഒരു കോട്ട പോലെ തന്നെയാണു ഫോർട്ട് നോക്സ് പണിഞ്ഞിരിക്കുന്നത്. ഇതിനെ സുരക്ഷിതമാക്കാനായി വലിയ സുരക്ഷാസേനയും സന്നാഹങ്ങളും ഇവിടെ നിലയുറപ്പിച്ചിട്ടുമുണ്ട്.
ഇത്രയും ദുരൂഹതയും രഹസ്യാത്മകതയുമൊക്കെ നിറഞ്ഞ സ്ഥലമായതിനാൽ സിനിമകളിലും നോവലുകളിലുമൊക്കെ ഈ കെട്ടിടം ഇടം നേടിയിട്ടുണ്ട്. 1964ൽ പുറത്തിറങ്ങിയ ജയിംസ്ബോണ്ട് ചിത്രം ഗോൾഡ്ഫിംഗർ, 1981ൽ പുറത്തിറങ്ങിയ സ്ട്രൈപ്സ് തുടങ്ങിയ സിനിമകളിൽ ഫോർട്ട് നോക്സ് ഫീച്ചർ ചെയ്യപ്പെട്ടിട്ടുണ്ട്.