ലോകത്തെ ആദ്യ മൃഗത്തിന്റെ ഫോസിലുകൾ
ലോകത്തിലെ ആദ്യം മൃഗം ഏതായിരുന്നു? പരിണാമത്തെ കുറിച്ച് മനസ്സിലാക്കാൻ തുടങ്ങിയത് മുതൽ ഭൂമിയിലെ ആദ്യ മൃഗം ഏതായിരുന്നുവെന്ന കാര്യത്തിൽ വർഷങ്ങളായി ശാത്രജ്ഞർക്കിടയിൽ തർക്കം തുടർന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഒരു പുതിയ പഠനമനുസരിച്ച് ഭൂമിയിൽ ആദ്യമായി ഉണ്ടായ മൃഗം കടൽ സ്പോഞ്ചുകളുടെ പുരാതന പൂർവികർ ആയിരിക്കാമെന്നാണ് പറയുന്നത്. മസാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.
പോറിഫെറ ഫൈലത്തിൽ പെട്ട ജീവികളാണ് കടൽ സ്പോഞ്ചുകൾ. പ്രധാനമായും സമുദ്രത്തിലാണ് ജീവിക്കുന്നതെങ്കിലും ശുദ്ധജലത്തിലും കാണാറുണ്ട്. കടലിൽ ആഴമുള്ളിടത്തും ആഴം കുറഞ്ഞിടത്തും കാണാറുണ്ട്. ചലനശേഷിയില്ലാത്ത ഇവക്ക് വായും ആന്തരാവയവങ്ങളും ഇല്ല. ഭക്ഷണവും പ്രാണവായുവും സ്വീകരിക്കുനതും വിസർജനം നടത്തുന്നതും ജലനാളികൾ വഴിയാണ്.
541 ദശലക്ഷം വർഷം പഴക്കമുള്ള പാറകളിൽ അടിഞ്ഞുകൂടിയ രാസഫോസിലുകൾ തിരിച്ചറിഞ്ഞാണ് ഗവേഷകർ ലോകത്തിലെ ആദ്യ മൃഗത്തെ കുറിച്ചുള്ള പുതിയ കണ്ടെത്തൽ നടത്തിയത്. സ്റ്റിറെയ്‌നുകൾ (steranes) എന്നറിയപ്പെടുന്ന പ്രത്യേക രാസസംയുക്തങ്ങളാണ് കണ്ടെത്തിയത്. സ്റ്റിറോളുകളിൽ നിന്നാണ് ഇത് ഉണ്ടാകുന്നത്. ഉദാഹരണത്തിന് കൊളസ്ട്രോൾ പോലുള്ളവ. സ്റ്റിറോളുകൾ എല്ലാ സങ്കീർണ്ണ ജീവികൾക്കും കോശഭിത്തികൾ നിർമ്മിക്കാനും നിലനിർത്താനും ആവശ്യമാണ്. ഇവിടെ കണ്ടെത്തിയ സ്റ്റിറെയ്‌നുകളിൽ 30, 31 കാർബൺ അറ്റോമുകൾ ഉണ്ടായിരുന്നു. ഇന്നത്തെ ലോകത്ത് ഇത്തരത്തിലുള്ള നീളമുള്ള സ്റ്റിറോളുകൾ നിർമ്മിക്കുന്ന ജീവികൾ വളരെ കുറവാണ്. അവയിൽ ഒന്ന് മൃദുവായ ശരീരമുള്ള കടൽജലത്തിൽ ജീവിക്കുന്ന ഫിൽറ്റർ-ഫീഡിങ് സ്പോഞ്ച് അഥവാ ഡീമോസ്പോഞ്ച് ആണ്. ഭൂമിയിൽ പരിണമിച്ച ആദ്യകാല ബഹുകോശ ജീവികളിൽ ഡീമോസ്പോഞ്ചിന്റെ പൂർവികർ ഉണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.
കണ്ടെത്തിയ ഫോസിലുകൾ ഒരുകാലത്ത് ജീവജാലങ്ങളിൽ നിന്ന് ചൂട്, മർദം എന്നിവയിലൂടെ ഭൂമിയുടെ പുറംതോടിൽ വർഷങ്ങളോളം എങ്ങനെയോ കുടുങ്ങിപ്പോയ തന്മാത്രകൾ മാത്രമാണിത്. അതുകൊണ്ടു തന്നെ മൃഗത്തിന്റെ അവ്യക്തമായ ചിത്രം മാത്രമേ ഇത് നൽകുന്നുള്ളൂ. കാരണം അവയ്ക്ക് ഫോസിലൈസ് ചെയ്യാനുള്ള അസ്ഥികൾ പോലെ കാഠിന്യമുള്ള ഒന്നും ഇല്ല.
2009-ലാണ് ഇതേ ഗവേഷക സംഘം സ്പോഞ്ചുകളുമായി ബന്ധമുള്ള 30-കാർബൺ സ്റ്റിറെയ്‌നുകൾ ഒമാനിലെ പാറകളിൽ കണ്ടെത്തിയത്. പക്ഷേ അന്ന് അത് ആരും അംഗീകരിച്ചില്ലെന്ന് പഠന സംഘത്തിലെ ഗവേഷകയായ ലുബ്ന ഷവർ പറഞ്ഞു. ഒമാൻ, പശ്ചിമ ഇന്ത്യ, സൈബീരിയ എന്നിവിടങ്ങളിൽ നിന്നുള്ള പാറസാമ്പിളുകൾ ശേഖരിച്ചാണ് പഠനം നടത്തിയത്.
കണ്ടെത്തിയ രാസ ഫോസിലുകൾ പുരാതന സമുദ്ര സ്പോഞ്ചുകളിൽ നിന്നുള്ളതാണെന്ന് ഉറപ്പായതോടെ ഇനി ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ പാറകളിലും പഠനം നടത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ. ലോകത്തിലെ ആദ്യ മൃഗങ്ങൾ ഭൂമിയുടെ സമുദ്രങ്ങളിൽ എപ്പോൾ പ്രത്യക്ഷപ്പെട്ടുവെന്ന് കൂടുതൽ കൃത്യമായി കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അവർ. പ്രൊസീഡിങ്സ് ഓഫ് ദി നാഷണൽ അക്കാദമി ഓഫ് സയൻസസ് (PNAS) എന്ന ശാസ്ത്രജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.