മൂന്ന് രാജ്യങ്ങളിലായി പടർന്നു കിടക്കുന്നു ഒരു ഉറുമ്പിൻകൂട്
ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് പ്രകാരം ലോകത്തെ ഏറ്റവും വലിയ ഉറുമ്പുകോളനി അർജന്റീനൻ ഉറുമ്പുകളുടേതാണ്. ദക്ഷിണ യൂറോപ്പിൽ ഇറ്റലി, ഫ്രാൻസ്, സ്പെയിൻ എന്നീ രാജ്യങ്ങളിലായി ആയിരക്കണക്കിന് കിലോമീറ്റർ വ്യാപിച്ചുകിടക്കുന്നു ഈ മഹാകോളനി. 6000 കിലോമീറ്ററിലധികം നീളമുള്ള ഈ ശൃംഖല കോടിക്കണക്കിന് ഉറുമ്പുകളുടെ വാസസ്ഥലമാണ്.
തെക്കേ അമേരിക്കയിൽ ഉത്ഭവിച്ച ഈ ഉറുമ്പുകൾ മനുഷ്യരിലൂടെയാണ് ലോകമെങ്ങും വ്യാപിച്ചത്. 18,19 നൂറ്റാണ്ടുകളിൽ കപ്പലുകളിൽ പറ്റിപ്പിടിച്ച് യാത്ര ചെയ്താണ് ഇവ യൂറോപ്പിലെത്തിയത്. 1847-ൽ പോർച്ചുഗലിനടുത്തുള്ള മഡെയ്‌റ ദ്വീപിൽ ഈ ഉറുമ്പുകളെത്തി. യൂറോപ്പിൽ ആദ്യമായി കണ്ടതായി രേഖപ്പെടുത്തിയത് അപ്പോഴാണ്. അവിടെ നിന്ന് മെഡിറ്ററേനിയൻ മേഖല മൊത്തം ഇവ അതിവേഗം പടർന്നു.
അതിജീവനശേഷിയും അധിനിവേശ സ്വഭാവവുമാണ് അർജന്റീനൻ ഉറുമ്പുകളുടെ പ്രത്യേകത. ഇവ 6 ഭൂഖണ്ഡങ്ങളിൽ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പലപ്പോഴും തദ്ദേശീയ ഉറുമ്പു വർഗങ്ങളെ തുരത്തുകയോ ഇല്ലാതാക്കുകയോ ആണ് ഇവയുടെ രീതി. ഒരു കോളനിയിൽ ഒന്നിലധികം റാണികൾ ഉള്ളത് ഈ ഉറുമ്പുകളുടെ വിജയത്തിന് ഒരു പ്രധാന കാരണമാണ്. ഇത് അതിവേഗ വംശവർധനയ്ക്കും കോളനിയുടെ വികാസത്തിനും സഹായിക്കുന്നു.
സാധാരണ, ഒരേ വർഗത്തിൽപ്പെട്ടതെങ്കിലും വ്യത്യസ്ത കോളനികളിലെ ഉറുമ്പുകൾ പരസ്പരം ആക്രമിക്കും. എന്നാൽ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അർജന്റീനൻ ഉറുമ്പുകളെ ശാസ്ത്രജ്ഞർ ഒരുമിപ്പിച്ചപ്പോൾ അവ ശത്രുത കാണിച്ചില്ല. പകരം ഒരേ സാമൂഹിക വിഭാഗത്തിൽപ്പെട്ടവരായി പരസ്പരം തിരിച്ചറിഞ്ഞു. ഇത് സൂചിപ്പിക്കുന്നത് ലോകമെമ്പാടും പടർന്ന ഒരൊറ്റ പൂർവിക കോളനിയിൽ നിന്നാവാം ഈ ഉറുമ്പുകളെല്ലാം ഉത്ഭവിച്ചത് എന്നാണ്. ലോകം കണ്ട ഏറ്റവും വലിയ സഹകരണ സ്വഭാവമുള്ള ജീവിസമൂഹമാണിതെന്നും ചില ഗവേഷകർ കരുതുന്നു.
സങ്കീർണ്ണമായ സമൂഹങ്ങൾ പോലെയാണ് ഉറുമ്പ് കോളനികൾ പ്രവർത്തിക്കുന്നത്. ഓരോ കോളനിക്കും അതിന്റേതായ അധികാരശ്രേണിയും ആശയവിനിമയ സംവിധാനവും അതിജീവന തന്ത്രങ്ങളുമുണ്ട്. വനാന്തരങ്ങൾ മുതൽ നഗരങ്ങളിലെ നടപ്പാതകൾ വരെ ഏതു സാഹചര്യത്തിലും ഇവ കാണാം. സാധാരണയായി, മുട്ടയിടുകയെന്നതാണ് കോളനിയിലെ റാണിയുടെ ചുമതല. റാണിയെ കേന്ദ്രീകരിച്ചാണ് കോളനി പ്രവർത്തിക്കുന്നത്. റാണിയുടെ പെൺമക്കളായ വേലക്കാരി ഉറുമ്പുകളാണ് ഭക്ഷണം ശേഖരിക്കുക, കുഞ്ഞുങ്ങളെ പരിപാലിക്കുക, കൂട് സംരക്ഷിക്കുക തുടങ്ങിയ ജോലികൾ ചെയ്യുന്നത്.
കോളനികളുടെ വലുപ്പം ഓരോ വർഗമനുസരിച്ച് വ്യത്യാസപ്പെടും. അതിജീവനത്തിനായി ആയിരക്കണക്കിന് ഉറുമ്പുകൾ ഒരൊറ്റ ശരീരം പോലെ പ്രവർത്തിക്കുന്നതിനാൽ ശാസ്ത്രജ്ഞർ ഉറുമ്പുകോളനികളെ 'സൂപ്പർ ഓർഗാനിസം' എന്ന് വിശേഷിപ്പിക്കാറുണ്ട്. ഫിറമോണുകൾ എന്ന രാസസന്ദേശങ്ങൾ ഉപയോഗിച്ചാണ് ഉറുമ്പുകൾ ആശയവിനിമയം നടത്തുന്നത്. സ്പർശനികളിലൂടെ ഇവ രാസസന്ദേശങ്ങൾ തിരിച്ചറിയും. ഭക്ഷ്യ സ്രോതസ്സുകളിലേക്ക് മറ്റുള്ളവരെ നയിക്കാനും അപകട മുന്നറിയിപ്പ് നൽകാനും കൂട് സംരക്ഷിക്കാൻ ആഹ്വാനം ചെയ്യാനും വേലക്കാരി ഉറുമ്പുകൾ ഫിറമോൺ പാതകൾ സൃഷ്ടിക്കും. ശരീരത്തിലെ സൂക്ഷ്മമായ രാസസവിശേഷതകളിലൂടെ കൂട്ടത്തിലുള്ളവരെ തിരിച്ചറിയാനും ഇവയ്ക്ക് കഴിയും.