ജപ്പാനിലെ പ്രകാശ സ്തംഭങ്ങള്‍💫
ഒന്നല്ല, ഒന്‍പത് പ്രകാശത്തൂണുകള്‍.. പാതിരാത്രിയില്‍ ആകാശത്ത് നിന്നും പറന്നിറങ്ങി വരുന്നത് കണ്ടാല്‍ ഞെട്ടാത്തവര്‍ ആരാണ്? ജപ്പാനിലുള്ളവരും ഞെട്ടി. മേയ് 11നായിരുന്നു ജപ്പാന്‍റെ ആകാശത്ത് അതീവ രഹസ്യം നിറഞ്ഞ പ്രകാശത്തൂണുകള്‍ വിരുന്നെത്തിയത്. കടലിലേക്ക് നെടുനീളത്തില്‍ പ്രകാശത്തൂണുകള്‍ ഇറങ്ങുന്നത് കണ്ടതും അന്യഗ്രഹജീവികളുടെ പേടകം തന്നെയെന്ന് ആളുകള്‍ ഉറപ്പിച്ചു. സമൂഹമാധ്യമങ്ങളില്‍ ചിത്രങ്ങള്‍ അതിവേഗം പ്രചരിച്ചു.
ജപ്പാനിലെ തീരദേശ ഗ്രാമമായ ദയ്സനില്‍ നിന്നുമുള്ള ചിത്രങ്ങള്‍ മാസിമോ എന്ന എക്സ് (ട്വിറ്റര്‍) ഹാന്‍ഡിലിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ 10 വര്‍ഷമായി താന്‍ ഈ ഗ്രാമത്തില്‍ താമസിക്കുന്നുവെന്നും ഇതിനിടയില്‍ മൂന്ന് പ്രാവശ്യം ഈ പ്രതിഭാസം കണ്ടിട്ടുണ്ടെന്നും മാസിമോ കുറിച്ചു. 12 ദശലക്ഷം ആളുകളാണ് എക്സില്‍ മാത്രം ഈ ചിത്രങ്ങള്‍ കണ്ടത്. ചിത്രം കണ്ടവരെല്ലാം അവരവരുടെ ആകാശങ്ങളിലേക്ക് കൂടി കണ്ണുപായിച്ചു. ജപ്പാനില്‍ അഭൗമികമായ എന്തോ നടക്കുന്നുണ്ടെന്ന് ഉറപ്പിച്ചു. വിചിത്രമായ കഥകളും പ്രചരിച്ചു. ആകാശത്ത് നിന്നും മാലാഖമാരിറങ്ങി വരുന്നതാണെന്നും അതല്ല, ഭൂമി കീഴടക്കാനെത്തിയ ഏതോ ശക്തികളാണെന്നും പലരും കുറിച്ചു.
ആകാശത്ത് നിന്നും കടലിലേക്ക് ഇറങ്ങുന്നതായി തോന്നിയ ഈ പ്രകാശത്തൂണുകള്‍ക്ക് അന്യഗ്രഹജീവികളുമായി ബന്ധമൊന്നുമില്ലെന്നതാണ് വാസ്തവം. രാത്രിയിലെ താപനില താഴ്ന്ന് വരുമ്പോള്‍ അന്തരീക്ഷത്തിലെ ജലബാഷ്പം ഐസ് കണികകളുടെ രേഖകളായി രൂപപ്പെടുന്നുണ്ട്. ഇത് പക്ഷേ മഴയായി മാറുകയുമില്ല. വളരെ അപൂര്‍വമായി മാത്രം രൂപപ്പെടുന്ന ഐസ് കണികകള്‍ ലംബമായി അന്തരീക്ഷത്തില്‍ നില്‍ക്കുകയും മല്‍സ്യബന്ധന കപ്പലുകളില്‍ നിന്നുള്ള പ്രകാശം ഇതില്‍ തട്ടുന്നതോടെ അതിനെ പ്രതിഫലിപ്പിക്കുകയും ചെയ്യും. തീരത്ത് പ്രകാശത്തൂണുകള്‍ കണക്കെയാവും ഇവ ദൃശ്യമാകുക. വര്‍ഷത്തിലൊരിക്കലെങ്കിലും ഈ പ്രതിഭാസമുണ്ടാകാറുണ്ടെന്ന് ജപ്പാലിനെ ലൈറ്റ് ഹൗസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ജപ്പാന്‍കാര്‍ ഇതിനെ 'ഇസാരിബി കൊച്' എന്നാണ് വിളിക്കാറുള്ളത്. അത്യപൂര്‍വമായി മാത്രം സംഭവിക്കുന്ന 'ഇസാബിരി കൊചി'ന് അതിനിഗൂഢമായ സ്വഭാവമുണ്ടെന്ന് ജപ്പാനിലെ മുത്തശ്ശിക്കഥകള്‍ പറയുന്നു.
എന്നാല്‍ ആശങ്കപ്പെടുന്നത് പോലെ ഇവ അന്യഗ്രഹ പേടകങ്ങളല്ലെന്നും, ആരെയും തട്ടിയെടുത്ത് പറക്കില്ലെന്നും ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു. ജപ്പാനിലെ തീരദേശ ഗ്രാമങ്ങളില്‍ ഈ പ്രതിഭാസം അപൂര്‍വമായി കാണാറുണ്ടെന്നും ശാസ്ത്രജ്ഞര്‍ കൂട്ടിച്ചേര്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം കാനഡയിലെ ആല്‍ബര്‍ട്ടയിലെ വിവിധ ഭാഗങ്ങളിലും പ്രകാശത്തൂണുകള്‍ പ്രത്യക്ഷമായിരുന്നു. മേഘത്തിലെ ഐസ് കണങ്ങള്‍ കണ്ണാടിയെന്നോണം വെളിച്ചത്തെ പ്രതിഫലിപ്പിക്കുന്നതാണിതെന്നും അതിനിഗൂഢതകളൊന്നും ഇതിലില്ലെന്നും നാഷ്ണല്‍ സെന്‍റര്‍ ഫോര്‍ അറ്റ്മോസ്ഫിയറിക് റീസര്‍ച്ചിലെ ശാസ്ത്രജ്ഞനായ മിഷേല്‍ കൗലിന്‍ച് പറയുന്നു.