💀അജ്ഞാത ലോകം 💀
July 15

അഞ്ച് മിനിറ്റിനുള്ളിൽ മൂത്രം കുടിവെള്ളമാകും

ബഹിരാകാശ സഞ്ചാരികൾക്കും ദൈർഘ്യമേറിയ ചാന്ദ്രദൗത്യത്തിന് പുറപ്പെടുന്നവർക്കും പ്രത്യേക സ്പേസ് സ്യൂട്ട് നിർമിച്ച് ശാസ്ത്രജ്ഞർ. മൂത്രം അഞ്ച് മിനിറ്റിനുള്ളിൽ കുടിവെള്ളമാക്കാൻ സാധിക്കുന്ന അതിനൂതനമായ സ്യൂട്ടാണ് ഒരുക്കിയത്. ന്യൂയോര്‍ക്കിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയിലെ വെയ്ല്‍ കോര്‍ണല്‍ മെഡിസിനിലെ ഒരു ഗവേഷകരാണ് കണ്ടെത്തലിന് പിന്നിൽ. 2026ലെ നാസയുടെ ആര്‍ട്ടെമിസ് ദൗത്യത്തിനായി ഇത്തരം സ്‌പേസ് സ്യൂട്ടുകള്‍ ഉപയോ​ഗിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതോടെ അന്യ​ഗ്രഹ ദൗത്യങ്ങളുടെ പ്രധാന വെല്ലുവിളിയായ കുടിവെള്ളത്തിന് പരിഹാരം കാണാനാകുമെന്നാണ് കരുതുന്നത്. മലിനജലം ശുദ്ധീകരിച്ച് ഉപയോഗിക്കാനുള്ള സാങ്കേതിക വിദ്യ ബഹിരാകാശ നിലയങ്ങളില്‍ ഉപയോഗിക്കുന്നുണ്ട്. ഫ്രോണ്ടിയേഴ്‌സ് ഇന്‍ സ്‌പേസ് ടെക്‌നോളജിയില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സയന്‍സ് ഫിക്ഷന്‍ സിനിമയായ ഡ്യൂണിലെ 'സ്റ്റില്‍ സ്യൂട്ടുകളെ' മാതൃകയാക്കിയാണ് സ്‌പേസ് സ്യൂട്ട് രൂപകല്‍പന ചെയ്തിരിക്കുന്നത്. 2026ലാണ് നാസയുടെ ആര്‍ട്ടെമിസ് 3 ദൗത്യം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്ക് മനുഷ്യരെ അയക്കാനും ദീര്‍ഘകാല ഗവേഷണവുമാണ് ലക്ഷ്യം. 2030ല്‍ ചൊവ്വയിലേക്കും മനുഷ്യരെ അയക്കാന്‍ നാസക്ക് പദ്ധതിയുണ്ട്.

നിലവിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മലിന ജലം ശുദ്ധീകരിക്കുന്ന സാങ്കേതിക വിദ്യയുണ്ട്. വിയര്‍പ്പും മൂത്രവും ഈ രീതിയില്‍ ശുദ്ധീകരിച്ച് ഉപയോ​ഗിക്കുന്നുണ്ട്. എന്നാൽ, നിലയത്തിന് പുറത്തിറങ്ങുമ്പോൾ ഈ സൗകര്യമില്ല. ബഹിരാകാശ സഞ്ചാരികള്‍ ഒരു ലിറ്റര്‍ വെള്ളം മാത്രമാണ് കരുതാനാകുക. അതുകൊണ്ടു തന്നെ ദീർഘമായ ​ഗവേഷണം അസാധ്യമാണ്. പുതിയ സ്യൂട്ടിൽ സിലിക്കണ്‍ നിര്‍മിത കപ്പിൽ മൂത്രം ശേഖരിക്കും. പ്രത്യേകം തയ്യാറാക്കിയ അടിവസ്ത്രത്തിനുള്ളിലായിരിക്കും കപ്പ് ഘടിപ്പിക്കുക. ശേഖരിക്കുന്ന മൂത്രം നേരെ ഒരു ശുദ്ധീകരണ സംവിധാനത്തിലേക്കാണ് പോവുക. അഞ്ച് മിനിറ്റില്‍ 500 മില്ലിലിറ്റര്‍ വെള്ളം ശുദ്ധീകരിച്ചെടുക്കാനാവും. സ്യൂട്ട് മനുഷ്യരില്‍ ഉടൻ പരീക്ഷിക്കുമെന്നും ​ഗവേഷകർ പറയുന്നു.

Credit: Asianet

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 in WhatsApp