💀അജ്ഞാത ലോകം 💀
October 19, 2023

സീലാന്‍ഡിയ എട്ടാമത്തെ ഭൂഖണ്ഡം

ഭൂമിയില്‍ എട്ടാമതൊരു ഭൂഖണ്ഡം കൂടിയുണ്ടെന്ന കണ്ടെത്തല്‍ സ്ഥിരീകരിച്ച് ഭൗമശാസ്ത്രജ്ഞര്‍. ഭൗമശാസ്ത്രജ്ഞരും ഭൂചലനഗവേഷകരുമടങ്ങുന്ന ഒരു സംഘം സീലാന്‍ഡിയ അഥവാ തെ-റിയു-അ-മാവി (Zealandia or Te Riu-a-Maui) യുടെ പരിഷ്‌കരിച്ച ഭൂപടം തയ്യാറാക്കിയതായി Phys.org യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പസഫിക് സമുദ്രത്തിന്റെ അടിത്തട്ടില്‍നിന്ന് ശേഖരിച്ച പാറക്കഷണങ്ങളുടേയും മണ്ണിന്റേയും പരിശോധനയിലൂടെയാണ് സീലാന്‍ഡിയയുടെ ഏകദേശ ആകൃതിയും പ്രകൃതിയും ഗവേഷകര്‍ അനുമാനിച്ചിരിക്കുന്നത്. ഗവേഷണത്തിന്റെ വിശദവിവരം ടെക്ടോണിക്‌സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

1672-ലാണ് എട്ടാമതൊരു ഭൂഖണ്ഡത്തെ കുറിച്ച് ഡച്ച് നാവികനായ ആബേല്‍ ടാസ്മാന്‍ സൂചിപ്പിച്ചത്. പസഫിക് അഥവാ ശാന്തസമുദ്രത്തിന്റെ അടിത്തട്ടില്‍ ഒരു ഭൂഖണ്ഡം സ്ഥിതിചെയ്യുന്നുണ്ടെന്ന സംശയം ടാസ്മാന്‍ പങ്കുവെച്ചു. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയ്ക്ക് വേണ്ടിയുള്ള ടാസ്മാന്റെ യാത്രകള്‍ പുതിയ സമുദ്രമാര്‍ഗങ്ങളുടേയും പുതിയ കരകളുടേയും കണ്ടുപിടിത്തത്തിന് വഴിയൊരുക്കി. സീലാന്‍ഡിയയെ കുറിച്ച് ടാസ്മാന്‍ രേഖപ്പെടുത്തിയ സൂചനകള്‍ 1895-ല്‍ സ്‌കോട്ടിഷ് പ്രകൃതി ശാസ്ത്രജ്ഞനായ സര്‍ ജയിംസ് ഹെക്ടര്‍ ശേഖരിച്ചു. സമുദ്രാന്തര്‍ഭാഗത്തുള്ള സീലാന്‍ഡിയയുടെ ജലോപരിതലത്തിലുള്ള അവശേഷിപ്പാണ് ടാസ്മാന്‍ എത്തിച്ചേര്‍ന്ന ന്യൂസിലാന്‍ഡ് എന്ന് ഹെക്ടര്‍ അനുമാനിച്ചു. പിന്നീട് 1960 വരെ സീലാന്‍ഡിയയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നില്ല. സമുദ്രത്തിന്റെ ഉള്‍ഭാഗത്ത് വിസ്തൃതിയേറിയ ഭൗമഭാഗമുണ്ടെന്ന് ഭൗമശാസ്ത്രജ്ഞര്‍ വിശ്വസിച്ചു, ദൈര്‍ഘ്യമേറിയ ഇടവേളകളിലൂടെ ഗവേഷണങ്ങള്‍ തുടര്‍ന്നു. തെളിവ് ലഭിക്കുന്ന പക്ഷം എട്ടാമത്തെ ഭൂഖണ്ഡമെന്നത് യാഥാര്‍ഥ്യമാണെന്ന് ലോകത്തോട് പറയാമെന്ന് ഗവേഷകര്‍ കണക്കുകൂട്ടി.

1995-ല്‍ അമേരിക്കല്‍ ജിയോഫിസിസ്റ്റായ ബ്രൂസ് ലൂയെന്‍ഡിക്കാണ് ഈ പ്രദേശത്തെ ഭൂഖണ്ഡമായി കണക്കാക്കാമെന്ന് പറയുകയും സീലാന്‍ഡിയ എന്ന പേര് നല്‍കുകയും ചെയ്തു. ഒടുവില്‍ ഉപഗ്രഹങ്ങളുടെ സഹായത്തോടെ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സീലാന്‍ഡിയയുടെ വ്യക്തമായ രൂപരേഖ ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയിട്ടുണ്ട്. ഏകദേശം ഓസ്‌ട്രേലിയയുടെ വലിപ്പമുണ്ട് സീലാന്‍ഡിയയ്ക്ക്. ബിബിസി യുടെ റിപ്പോര്‍ട്ടനുസരിച്ച് 1.89 ദശലക്ഷം ചതുരശ്ര മൈല്‍ (4.9 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍) വിസ്തൃതിയുണ്ട് ഈ ഭൂഖണ്ഡത്തിന്-മഡഗാസ്‌കറിന്റെ ആറിരട്ടി വലിപ്പം

ഏറ്റവും ചെറുതും ലോലമായതും പ്രായം കുറഞ്ഞതുമായ എട്ടാമത്തെ ഭൂഖണ്ഡമെന്ന് ഗവേഷകസംഘം പറയുന്നു. ഇതിന്റെ 94 ശതമാനവും ജലത്തിനടിയിലാണ്. ന്യൂസിലാന്‍ഡിന് സമാനമായി ദ്വീപുകളുടെ സമൂഹം സീലാന്‍ഡിയയിലുണ്ട്. സീലാന്‍ഡിയയെ കുറിച്ചുള്ള പഠനം എല്ലായ്‌പോഴും പ്രയാസമേറിയതാണെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. സീലാന്‍ഡിയയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ് ശാസ്ത്രസംഘം. ഈ ഭാഗത്തുനിന്ന് ശേഖരിച്ച പാറകളുടേയും മറ്റു പദാര്‍ഥങ്ങളുടേയും പഠനത്തില്‍നിന്ന് ഈ പ്രദേശത്തിന്റെ ഭൗമഘടനയ്ക്ക് പശ്ചിമ അന്റാര്‍ട്ടിക്കയുടേതിന് സാദൃശ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് പുതിയ വന്‍കരയെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങളിലേക്ക് വഴിതെളിച്ചേക്കും.

സമുദ്രാന്തര്‍ഭാഗത്ത് 3,500 അടി ആഴത്തിലാണ് സീലാന്‍ഡിയയുടെ സ്ഥാനമെന്നാണ് നിഗമനം. ഇതിനെക്കുറിച്ചുള്ള സ്ഥിരീകരണത്തിന് ഇനിയും കാത്തിരിക്കേണ്ടതുണ്ട്. കൂടാതെ സീലാന്‍ഡിയയെ ഭൂഖണ്ഡം എന്നു വിളിക്കേണ്ടതുണ്ടോ എന്നതിലും സംവാദം നടക്കുന്നുണ്ട്. കൃത്യമായി നിര്‍വചിക്കപ്പെട്ട അതിര്‍ത്തികളുള്ളതും ഒരു ദശലക്ഷം ചതുരശ്ര കിലോ മീറ്റര്‍ വിസ്തീര്‍ണമുള്ളതുമായ ഭൂഭാഗമാണ് ഭൂഖണ്ഡം എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. കൂടാതെ ഉപരിഭാഗം സമുദ്രത്തിന്റെ പുറംപാളിയേക്കാള്‍ കടുപ്പമുള്ളതാവുകയും വേണം. ഭൂഖണ്ഡമെന്ന നിര്‍വചനത്തിന്റെ നിബന്ധനകള്‍ അലങ്കരിക്കുന്നുണ്ടെങ്കിലും സമുദ്രത്തിന്റെ ആഴത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ സീലാന്‍ഡിയയെ വന്‍കരയായി കണക്കാനാകുമോയെന്ന വിപരീതാഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. എന്തായാലും സീലാന്‍ഡിനെക്കുറിച്ചുള്ള രഹസ്യങ്ങള്‍ വൈകാതെ പുറത്തുവരുമെന്ന് തന്നെ പ്രതീക്ഷിക്കാം

Credit: Mthrubhumi

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 in WhatsApp