💀അജ്ഞാത ലോകം 💀
January 11

എവറസ്റ്റിൽ ഒരു ത്രില്ലർ.

നിഗൂഢ സാഹചര്യത്തിൽ എവറസ്റ്റിൽ 1924-ൽ കാണാതായ ബ്രിട്ടീഷ്‌ സാഹസികൻ ജോർജ്‌ മലോറിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ നീണ്ട 75 വർഷങ്ങൾക്ക്‌ ശേഷം കണ്ടെത്തിയത്‌ പർവതാരോഹകർക്ക്‌ അക്ഷരാർഥത്തിൽ സംഭ്രമജനകമായ അനുഭവമായിരുന്നു. 1993-ൽ കൊടുമുടി കീഴടക്കിയ ബ്രിട്ടീഷ്‌ പർവതാരോഹകൻ ഗ്രഹാം ഹോയ്‌ലാണ്ട്‌ ഉദ്വേഗജനകമായ ഈ സംഭവം തന്റെ ഗ്രന്ഥത്തിൽ വിവരിക്കുന്നു​

എവറസ്റ്റ്‌ കൊടുമുടിക്ക്‌ താഴെ പിറന്നത്‌ ഒരു അപസർപ്പക കഥയുടെ പ്രതീതി ഉണർത്തുന്ന സംഭവമാണ്‌. ഒരു ത്രില്ലറിന്റെ പരിവേഷം. ഈ കഥയുടെ ഒരു ഭാഗംകൂടി ഇനി ചുരുളഴിയണം. അതിനാൽ എവറസ്റ്റ്‌ കയറുന്നവരുടെ മനസ്സിനെ അത്‌ ഇപ്പോഴും അസ്വസ്ഥമാക്കും.

മഞ്ഞിൽ ഒരു മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ്‌ കിട്ടിയത്‌. ശരീരത്തിന്റെ പല ഭാഗങ്ങൾ വേർപെട്ട രൂപം. വെള്ളനിറം. എല്ലുകൾക്ക്‌ ഇരുമ്പിനേക്കാൾ കട്ടിയുണ്ടായിരുന്നു.

1993ൽ എവറസ്റ്റിൽ കാലുകുത്തിയ ബ്രിട്ടീഷ്‌ പർവതാരോഹകൻ ഗ്രഹാം ഹോയ്‌ലാണ്ട്‌ എഴുതിയ വിഖ്യാത ഗ്രന്ഥത്തിലാണ്‌ (Last Hours On Everest) ഉദ്വേഗജനകമായ ഈ കഥ അനാവരണം ചെയ്യുന്നത്‌. എവറസ്റ്റിനെക്കുറിച്ച്‌ ഇതുവരെ എഴുതപ്പെട്ടിട്ടുള്ള 120ഓളം ഗ്രന്ഥങ്ങളിൽ ലോകശ്രദ്ധയാകർഷിച്ചത്‌ ഇതുതന്നെ.

1924ൽ എവറസ്റ്റിലേക്ക്‌ തിരിച്ച ബ്രിട്ടീഷ്‌ പർവതാരോഹണ സംഘത്തിൽ ഉണ്ടായിരുന്ന ജോർജ്‌ മലോറിയുടെ മൃതദേഹമാണ്‌ ഇതെന്ന്‌ ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടുണ്ട്‌. എവറസ്റ്റിൽ എത്തുന്നതിന്‌ മുമ്പ്‌ നിഗൂഢ സാഹചര്യത്തിൽ കാണാതായ ജോർജ്‌ മലോറിക്കും സുഹൃത്ത്‌ ആൻഡ്രൂ ഇർവിനും വേണ്ടി നീണ്ട തിരച്ചിൽ പലപ്പോഴും പർവതാരോഹകർ നടത്തിയിരുന്നു.

1920 മുതൽക്കുതന്നെ എവറസ്റ്റ്‌ കയറാൻ ബ്രിട്ടീഷ്‌ ഗവൺമെന്റ്‌ പർവതാരോഹകരെ പ്രോത്സാഹിപ്പിച്ചു. അതിനുവേണ്ടി പ്രത്യേക കമ്മിറ്റി രൂപവത്‌കരിച്ചു. ഉത്തരധ്രുവവും ദക്ഷിണധ്രുവവും മറ്റ്‌ പല വിദേശ സാഹസികർ െെകയടക്കിയപ്പോൾ അത്‌ ബ്രിട്ടീഷ്‌ ഗവൺമെന്റിനെ അലോസരപ്പെടുത്തി. എവറസ്റ്റിനെ ആകാശത്തെ തൊട്ടുനിൽക്കുന്ന ധ്രുവം എന്ന്‌ വിശേഷിപ്പിച്ചുകൊണ്ട്‌ പരിശ്രമങ്ങൾ തുടർന്നു. അന്നുമുതൽ എവറസ്റ്റ്‌ ബ്രിട്ടീഷുകാരെ ഭ്രമിപ്പിക്കുകയും അലോസരപ്പെടുത്തുകയും ചെയ്തു.

1953ൽ ടെൻസിങ്ങും (നേപ്പാൾ), എഡ്‌മണ്ട്‌ ഹിലാരിയും (ന്യൂസിലൻഡ്‌) എവറസ്റ്റ്‌ കൊടുമുടി ചരിത്രത്തിൽ ആദ്യമായി കീഴടക്കിയപ്പോൾ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തിലെ സാഹസികർ നൈരാശ്യം ഉള്ളിലൊതുക്കിക്കഴിഞ്ഞു.

1975 സെപറ്റംബർ 24നാണ്‌ ആദ്യ ബ്രിട്ടീഷ്‌ സംഘം എവറസ്റ്റ്‌ കീഴടക്കിയത്‌. 1921 മുതൽക്കുള്ള ബ്രിട്ടീഷ്‌ ദൗത്യങ്ങൾ പരാജയപ്പെട്ടിരുന്നുവെങ്കിലും 1975ൽ ക്രിസ്‌ ബൗട്ടന്റെ സംഘം വിജയശ്രീലാളിതരായി തിരിച്ചെത്തിയപ്പോൾ രാജ്യോചിത സ്വീകരണം ലഭിച്ചു. ചടങ്ങിൽ രാജ്ഞിയുടെ സാന്നിധ്യം മാറ്റുകൂട്ടി. 1924ൽ ജോർജ്‌ മലോറിയെയും ആൻഡ്രൂ ഇർവിനെയും കാണാതായത്‌ ബ്രിട്ടീഷുകാരെ വേദനിപ്പിച്ചു. കാരണം പർവതാരോഹണത്തിന്‌ ബ്രിട്ടീഷ്‌ ടീമിന്‌ എന്നും പ്രചോദനമായിരുന്നത്‌ ജോർജ്‌ മലോറിയായിരുന്നു.

ഗ്രഹാം ഹോയ്‌ലാണ്ട്‌ പ്രശസ്തനായ സമുദ്ര സാഹസികൻ കൂടിയായിരുന്നു. പായക്കപ്പലിൽ ഏഴ്‌ സമുദ്രങ്ങളിലും സഞ്ചരിക്കണമെന്നുള്ളതാണ്‌ അദ്ദേഹത്തിന്റെ ജീവിതദൗത്യം. രണ്ടുമൂന്ന്‌ വർഷങ്ങൾക്കുള്ളിൽ അത്‌ പൂർത്തിയാക്കാൻ കഴിയുമെന്ന്‌ അദ്ദേഹം മാതൃഭൂമി നഗരത്തിന്‌ അയച്ച സന്ദേശത്തിൽ പറഞ്ഞു. ലാസ്റ്റ്‌ അവേഴ്‌സ്‌ ഓൺ എവറസ്റ്റ്‌ എഴുതാനുള്ള സാഹചര്യം അദ്ദേഹം വിശദീകരിച്ചു.

ഗ്രഹാം ഹോയ്‌ലാണ്ടിന്റെ അമ്മാവനായിരുന്നു ഹൊവാർഡ്‌ സോമർവെൽ. അദ്ദേഹവും പർവതാരോഹകനായിരുന്നു. ഗ്രഹാമിന്‌ .12 വയസ്സ്‌ ഉണ്ടായിരുന്നപ്പോഴാണ്‌ ഒരു സംഭവം അദ്ദേഹം വിവരിച്ചത്‌.

ഹൊവാർഡ്‌ സോമർ വെല്ലും സംഘവും എവറസ്റ്റ്‌ ദൗത്യം പരാജയപ്പെട്ടതിനെ തുടർന്ന്‌ മലയിറങ്ങി വരുമ്പോഴാണ്‌ ജോർജ്‌ മലോറിയെയും സംഘത്തെയും താഴെ കണ്ടത്‌. അവർ മല കയറാൻ തയ്യാറെടുക്കുകയായിരുന്നു. തന്റെ െെകയിലുണ്ടായിരുന്ന കൊഡാക്‌ ക്യാമറ മലോറിക്ക്‌ ഹൊവാർഡ്‌ സോമർവെൽ നൽകി. നല്ല ചിത്രങ്ങൾ തിരിച്ചുവരുമ്പോൾ കൊണ്ടുവരണം എന്ന ആശംസയോടെയായിരുന്നു. പക്ഷേ, മലോറിയും ആൻഡ്രൂ ഇർവിനും തിരിച്ചുവന്നില്ല. അവർക്ക്‌ എവറസ്റ്റ്‌ കീഴടക്കാനും കഴിഞ്ഞില്ല.

ഈ സംഭവം ഗ്രഹാം ഹോയ്‌ലാണ്ടിനെ ആഴത്തിൽ സ്വാധീനിച്ചു. എവറസ്റ്റ്‌ കയറുമ്പോൾ രണ്ടു പേരുടെയും മൃതദേഹങ്ങൾക്കു വേണ്ടി തിരിച്ചിൽ നടത്താനും അദ്ദേഹം തീരുമാനിച്ചു. പക്ഷേ, 1993-ൽ ഗ്രഹാം ഹോയ്‌ലാണ്ട്‌ ആദ്യം കൊടുമുടിയിൽ എത്തി, തിരിച്ചുവരുമ്പോൾ ഇതിനു കഴിഞ്ഞില്ല.

1999-ൽ ഗ്രഹാം ഹോയ്‌ലിങ്‌ വീണ്ടും എവറസ്റ്റ്‌ യാത്രയ്ക്കൊരുങ്ങിയപ്പോൾ ഈ ഉൽക്കടമായ വികാരമാണ്‌ അതിന്‌ ബലം നൽകിയത്‌. ബി.ബി.സി. യുമായി ബന്ധപ്പെട്ട്‌ നിരവധി ഡോക്യുമെന്ററികൾ നിർമിച്ചിരുന്നതിനാൽ അദ്ദേഹത്തിന്റെ ഈ ദൗത്യത്തിന്‌ ബി.ബി.സി. യും മറ്റു സന്നദ്ധ സംഘടനകളും പിന്തുണ നൽകി. അങ്ങനെ വീണ്ടും എവറസ്റ്റ്‌ യാത്രയ്ക്ക്‌ തയ്യാറെടുത്തു. അനാരോഗ്യം മൂലം പകുതി കയറിയപ്പോൾ ഗ്രഹാം േഹായ്‌ലിങ്ങിന്‌ തിരിച്ചിറങ്ങേണ്ടി വന്നു. തന്റെ അസാന്നിധ്യത്തിൽ, ആരെയും വിസ്മയിപ്പിച്ച സംഭവം എവറസ്റ്റിൽ നടന്നത്‌ അദ്ദേഹത്തെ സന്തോഷിപ്പിക്കുകയും ചെയ്തു. ഒരു ശിലപോലെ മഞ്ഞിൽ കിടന്നിരുന്ന ഒരു മൃതദേഹം അമേരിക്കൻ സംഘം കണ്ടെത്തി. അത്‌ ജോർജ്‌ മലോറിയുടേതായിരുന്നുവെന്ന്‌ ശാസ്ത്രീയമായി സ്ഥിരീകരിക്കാനും പിന്നീട്‌ കഴിഞ്ഞു.ക്യാമറയെക്കുറിച്ച്‌ സൂചനയൊന്നും കിട്ടിയില്ല.

ആൻഡ്രൂ ഇർവിന്റെ മൃതദേഹവും എത്ര തിരച്ചിൽ പിന്നീട്‌ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. ആൻഡ്രൂ ഇർവിന്റെ മൃതദേഹത്തിനു വേണ്ടി ഇനിയും തിരച്ചിൽ നടത്താനുള്ള പുറപ്പാടിലാണ്‌ ഗ്രഹാം ഹോയ്‌ലാണ്ട്‌. അതിന്‌ ശാസ്ത്രീയ അന്വേഷണം നടത്തുമെന്ന്‌ അദ്ദേഹം മാതൃഭൂമി യോടു പറഞ്ഞു.എന്റെ അമ്മാവൻ ജോർജ്‌ മലോറിക്ക്‌ നൽകിയിരുന്ന കൊഡാക്‌ ക്യാമറ എവിടെയുണ്ടാകുമെന്ന്‌ എനിക്ക്‌ അറിയാം. തിരച്ചിൽ നിഷ്‌ഫലമാകില്ല. അങ്ങനെ എവറസ്റ്റിനു സമീപം കാണാതായി, നീണ്ട 75 വർഷങ്ങൾക്കു ശേഷമാണ്‌ ജോർജ്‌ മലോറിയുടെ മൃതദേഹം കണ്ടെത്താൻ കഴിഞ്ഞത്‌.

അമേരിക്കൻ പർവതാരോഹകനും സാഹസികനുമായ കോൺറാഡ്‌ ആങ്കറാണ്‌ ജോർജ്‌ മലോറിയുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ ആദ്യം കണ്ടെത്തിയത്‌. അമേരിക്കയിലെ മൊണ്ടാനയിൽ താമസിക്കുന്ന അദ്ദേഹത്തിന്‌ ഇപ്പോൾ 53 വയസ്സുണ്ട്‌. അന്റാർട്ടിക്ക ജേതാവ്‌ കൂടിയാണ്‌ അദ്ദേഹം.കണ്ടെത്തൽ എന്നെ കോരിത്തരിപ്പിച്ചു -ഗ്രഹാം ഹോയ്‌ലാണ്ട്‌ പറഞ്ഞു.വേർപെട്ട ഒരു വെള്ളി മാർബിൾ പ്രതിമ പോലെയാണ്‌ അത്‌.....

ഒരു ഗ്രീക്ക്‌ പ്രതിമപോലെ എന്നാണ്‌ മറ്റൊരു എവറസ്റ്റ്‌ ജേതാവ്‌ ഡേവിഡ്‌ ഹാൻ പ്രതികരിച്ചത്‌.

ജോർജ്‌ മലോറിയുടെ മൃതദേഹംതന്നെയാണെന്ന്‌ എങ്ങനെ സ്ഥിരീകരിച്ചു?

ഈ ചോദ്യത്തിന്‌ ഗ്രഹാം ഹോയ്‌ലാണ്ട്‌ ഉത്തരം നൽകുന്നത്‌ ഇങ്ങനെയാണ്‌.

മൃതദേഹത്തിൽ മലോറി എന്നൊരു ലേബൽ കാണാൻ കഴിഞ്ഞതായി ശാസ്ത്രീയ അന്വേഷണത്തിലൂടെ തെളിഞ്ഞു. ഫോട്ടോകൾ അമേരിക്കയിൽ വിദഗ്ദ്ധ പരിശോധനയ്ക്ക്‌ വിധേയമാക്കിയിരുന്നു.

നിരവധി വസ്തുക്കളുടെ അവശിഷ്ടങ്ങൾ മൃതദേഹത്തിൽ നിന്ന്‌ വളരെ അദ്ധ്വാനിച്ച്‌ മുറിച്ചുനീക്കാൻ കഴിഞ്ഞു. ഏറ്റവും പ്രധാനപ്പെട്ടത്‌ പർവതാരോഹകർ ധരിക്കുന്ന കറുത്ത കണ്ണടയായിരുന്നു. ചില എഴുത്തുകളും ഒരു പേനാക്കത്തിയും കത്രികയും. അതിൽ ഏറ്റവും വിലപ്പെട്ടത്‌ ഒരു തൂവാലയായിരുന്നു. അതിൽ ജി.എൽ.എം. എന്ന്‌ തുന്നിപ്പിടിപ്പിച്ചിരുന്നു. (ജോർജ്‌ ഹെർബർട്ട്‌ ലേ മലോറി).

അവയെല്ലാം പൊടിഞ്ഞിരുന്നു. അവ നീക്കിയശേഷം സംഘാംഗങ്ങൾ കൂടിനിന്ന്‌ അന്ത്യകൂദാശ അർപ്പിച്ചു.

മൃതദേഹം കണ്ടുകിട്ടുമെന്നുള്ള ദീർഘദർശനം ഗ്രഹാം ഹോയ്‌ലാണ്ടിന്‌ ഉണ്ടായിരുന്നു. തന്റെകൂടെ ഉണ്ടായിരുന്ന ചില സംഘാംഗങ്ങൾ എവറസ്റ്റിൽ തന്നെ കഴിഞ്ഞിരുന്നു. താൻ അനാരോഗ്യം മൂലം താഴെയിറങ്ങുമ്പോൾ മാൽമസ്‌ബറി ബിഷപ്പ്‌ എഴുതി ത്തന്ന അന്ത്യകൂദാശയുടെ വരികൾ സുഹൃത്തുക്കൾക്ക്‌ കൈമാറിയിരുന്നു. അതാണ്‌ കൊടുമുടിയുടെ താഴെ നിന്ന്‌ തണുത്തകാറ്റ്‌ ആഞ്ഞുവീശിയപ്പോഴും ഉറക്കെ, ഭക്തിനിർഭരമായി ഉരുവിട്ടത്‌. ആ മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ മഞ്ഞിൽത്തന്നെ കുഴിച്ചിട്ടു. ഇരതേടുന്ന, അത്യുന്നതങ്ങളിൽ പറക്കുന്ന കഴുകൻ പോലുള്ള പക്ഷികളിൽ നിന്ന്‌ മൃതദേഹം പൂർണമായും മറച്ചിരുന്നു.

കൊടുമുടിയുടെ ഏതാണ്ട്‌ ആയിരത്തോളം അടി താഴെയായിരുന്നു മൃതദേഹം കണ്ടെത്തിയത്‌. 1983ൽ മറ്റൊരു സംഘം എവറസ്റ്റ്‌ ഇറങ്ങുന്നതിനിടയിലാണ്‌ ഇരുമ്പുപോലെ ഉറച്ചുപോകുന്ന മഞ്ഞ്‌ വെട്ടിമുറിക്കുന്ന ഒരു മഴു കണ്ടെത്തിയിരുന്നത്‌. അത്‌ ആൻഡ്രൂ ഇർവിന്റെതായിരുന്നുവെന്ന്‌ ഇതിനകം സ്ഥിരീകരിച്ചുകഴിഞ്ഞിരുന്നു. പക്ഷേ, ഇർവിന്റെ മൃതദേഹത്തിന്റെ ഒരു സൂചനപോലും ലഭിച്ചില്ല.

ആ കൊഡാക്‌ ക്യാമറ ഇന്നും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ഒരുപക്ഷേ, തന്റെ ചിത്രം എടുക്കാൻ ക്യാമറ ആൻഡ്രൂ ഇർവിനെ ഗ്രഹാം ഹോയ്‌ലാണ്ട്‌ ഏല്പിച്ചിരുന്നോ? അങ്ങനെയും ചിന്തിക്കുന്നവരുണ്ട്‌.1924ൽ മലോറിയും ആൻഡ്രൂ ഇർവിനും കൊടുമുടിയിൽ കാലുകൾ കുത്തിയിരുന്നുവെന്ന്‌ ഇപ്പോഴും ബ്രിട്ടീഷ്‌ ഗവണ്മെന്റ്‌ അവകാശപ്പെടുന്നുണ്ട്‌. പക്ഷേ, അതിന്‌ സ്ഥിരീകരണം നൽകാൻ എവറസ്റ്റ്‌ വിദഗ്ദ്ധരും തയ്യാറായിട്ടില്ല. ടെൻസിങ്ങും ഹിലാരിയുമാണ്‌ ആദ്യ ജേതാക്കളെന്ന്‌ അന്തർദേശീയ അംഗീകാരം 1953ൽത്തന്നെ ലഭിച്ചിരുന്നു.

ഉത്തരങ്ങളേക്കാൾ ചോദ്യങ്ങൾ നിരവധി ഞാൻ ഇന്നും അഭിമുഖീകരിക്കുന്നു - ഗ്രഹാം ഹോയ്‌ലാണ്ട്‌ തന്റെ ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്‌.മൃതദേഹത്തിന്റെ ചിത്രങ്ങൾ ചൂടപ്പം പോലെ ലോകമെങ്ങും വിറ്റഴിഞ്ഞു. ഒരു ചിത്രം ജോർജ്‌ മലോറിയുടെ മകൻ ജോണും പത്രത്തിൽ കണ്ട്‌ പൊട്ടിക്കരഞ്ഞു. അദ്ദേഹം ദക്ഷിണാഫ്രിക്കൻ പര്യടനത്തിലായിരുന്നു.

1999ന്‌ ശേഷം ആൻഡ്രൂ ഇർവിന്‌ വേണ്ടി മറ്റൊരു തിരച്ചിൽ ഗ്രഹാം ഹോയ്‌ലാണ്ട്‌ നടത്തിയിരുന്നു പക്ഷേ, അത്‌ നിഷ്‌ഫലമായിരുന്നു.

രണ്ടായിരത്തിനും രണ്ടായിരത്തിപ്പതിനൊന്നിനും ഇടയിൽ ആ കൊഡാക്‌ ക്യാമറയ്ക്കു വേണ്ടിയും തിരച്ചിൽ ഉണ്ടായിരുന്നു.കൊടുമുടികളുടെ ചക്രവർത്തിയായ റെയ്‌നോൾമെസ്‌നർ അഭിമാനത്തോടെ പറയുന്നു: എനിക്ക്‌ എവറസ്റ്റ്‌ കയറാൻ പ്രചോദനമായത്‌ ജോർജ്‌ മലോറിയായിരുന്നു.ബ്രിട്ടണിൽ പേരുകേട്ട സാഹസികനായിരുന്നു മലോറി. അത്‌ മെസ്‌നറുടെ അമ്മയ്ക്ക്‌ അറിയാമായിരുന്നു. മലോറിയെക്കുറിച്ചുള്ള വീരകഥകൾ പലപ്പോഴും മെസ്‌നർക്ക്‌ അമ്മ പറഞ്ഞുകൊടുക്കുമായിരുന്നു.

ഇന്നും ആ സ്വാധീനം നിലനിൽക്കുന്നു. മലോറി തന്റെ ആത്മാവിന്റെ ഭാഗമായിക്കഴിഞ്ഞു - മെസ്‌നർ പലപ്പോഴും പറയാറുണ്ട്‌. മലോറിയെക്കുറിച്ച്‌ ഒരു പുസ്തകം മെസ്‌നറും എഴുതിയിട്ടുണ്ട്‌. ആൽപ്‌സ്‌ പർവതനിരകൾ പലപ്പോഴായി പിന്നിട്ട്‌ ജോർജ്‌ മലോറി ചരിത്രം സൃഷ്ടിക്കുകയും ചെയ്തിരുന്നു.

Credit: Manu Nethajipuram

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram