💀അജ്ഞാത ലോകം 💀
April 23

ആന്റികൈതെര മെക്കാനിസം

ലോകത്തിലെ ആദ്യ കംപ്യൂട്ടറെന്നു പലരും കരുതുന്ന 'ആന്റികൈതെര മെക്കാനിസം' യഥാർഥത്തിൽ കംപ്യൂട്ടറല്ലെന്നും മറിച്ച് ഒരു കളിപ്പാട്ടമാണെന്നും സാധ്യതയുയർത്തി പുതിയ പഠനം. അർജന്റീനയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞർ കംപ്യൂട്ടർ സിമുലേഷൻ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് ആന്റികൈതെര മെക്കാനിസം വിചാരിക്കുന്നതുപോലെ സുഗമമായി പ്രവർത്തിക്കുന്ന ഒന്നല്ലെന്നു തെളിഞ്ഞത്. ഈ പഠനം മുൻനിർത്തിയാണ് ഇതൊരു വലിയ സംഭവമൊന്നുമല്ലെന്നും പഴയകാലത്തെ ഏതോ കളിപ്പാട്ടമാണെന്നും ചില വിദഗ്ധർ വാദമുയർത്തിയത്. ആന്റികൈതെര മെക്കാനിസത്തിന്റെ കുഴപ്പങ്ങൾ ചൂണ്ടിക്കാട്ടി നേരത്തെയും ശാസ്ത്രജ്ഞർ പഠനം പുറത്തിറക്കിയിരുന്നു.

വളരെ ആകസ്മികമായാണ് ആന്റികൈതെര സംവിധാനം ലോകത്തിനു മുൻപിൽ വെളിപ്പെട്ടത്. 1901ൽ ഗ്രീക്ക് ദ്വീപായ ആന്റികൈതെരയ്ക്കു സമീപം ഡൈവിങ് നടത്തുകയായിരുന്നു ക്യാപ്റ്റൻ ഡിമിത്രിയോസ് കൊന്റോസിന്റെ കീഴിലുള്ള ഗ്രീക്ക് നാവികസേനാ ഉദ്യോഗസ്ഥർ. ദ്വീപിനു സമീപം പോയിന്റ് ഗ്ലിഫാഡിയ എന്ന ഭാഗത്ത് 45 മീറ്റർ താഴ്ചയിൽ തകർന്നു കിടന്ന ഒരു പ്രാചീന കപ്പലിൽ നിന്നാണ് ഇതു കിട്ടിയത്. ഗ്രീക്ക് ദ്വീപായ റോഡ്‌സിൽ നിന്നു റോമിലേക്കു പോയതായിരുന്നു ഈ കപ്പലെന്നു കരുതപ്പെടുന്നു.

ശാസ്ത്രീയമായ ഡയലുകൾ, സ്‌കെയിലുകൾ, മുപ്പതോളം ഗീയർ വീലുകൾ എന്നിവ ആന്റികൈതെര സംവിധാനത്തിൽ കാണപ്പെട്ടിരുന്നു. ആദിമ കാലഘട്ടത്തിൽ നിന്ന് ഇത്രയും സങ്കീർണമായ ഒരു സാങ്കേതിക സംവിധാനം ഇതിനു മുൻപ് കണ്ടെത്തിയിരുന്നില്ല. വെങ്കലത്തിൽ നിർമിച്ച ഈ സംവിധാനത്തിന് ഒരു ചെറിയ പെട്ടിയുടെ വലുപ്പമായിരുന്നു. ഗ്രീക്ക് അക്ഷരങ്ങൾ ഇതിൽ ആലേഖനം ചെയ്തു പതിപ്പിച്ചിരുന്നു. ജ്യോതിശാസ്ത്രപരമായ ആവശ്യങ്ങൾക്കോ, തീയതി സംബന്ധിച്ചുള്ള കണക്കുകൂട്ടലുകൾക്കോ ആകാം ഈ സംവിധാനം ഉപയോഗിക്കപ്പെട്ടതെന്നു കരുതുന്നു. പ്രധാന ഗീയർ വീൽ ഓരോ തവണ തിരിക്കുന്നതും ഒരു വർഷത്തെ സൂചിപ്പിച്ചു. ഈ സംവിധാനത്തിനു മുൻപിൽ ഒരു ഗീയറുണ്ടായിരുന്നു, ഇതിൽ ഡയലുകളും. സൂര്യന്റെയും ചന്ദ്രന്റെയും സ്ഥാനം അറിയാനും ചാന്ദ്രഘട്ടങ്ങളെക്കുറിച്ച് അറിയാനും ഇതിൽ നിന്നു സാധിക്കുമായിരുന്നെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

അതിസങ്കീർണമായ മെക്കാനിക്കൽ പാടവവും സവിശേഷമായ ഗീയർ നിർമിതികളും ഇതിൽ ഉപയോഗിച്ചിരുന്നത്രേ. ഈ സംവിധാനത്തിന്റെ പിന്നിലും രണ്ട് ഡയലുകളുണ്ടായിരുന്നു. അതിലൊരെണ്ണം കലണ്ടർ സംബന്ധമായ കാര്യങ്ങൾക്കും മറ്റൊന്ന് ഒളിംപിക്‌സ് മത്സരങ്ങൾ എന്നു നടക്കുമെന്ന് അറിയിക്കാനുമായിരുന്നു. സൗരയൂഥത്തെ ചില ഗ്രഹങ്ങളുടെ സ്ഥാനം കൂടി അടയാളപ്പെടുത്തുന്ന ഒരു ഭാഗം സംവിധാനത്തിലുണ്ടായിരുന്നെന്നു പറയപ്പെടുന്നു. എന്നാൽ കാലപ്പഴക്കം മൂലമാകണം, ഇന്നീ ഭാഗം അപ്രത്യക്ഷമാണ്.

കണ്ടെടുക്കപ്പെട്ട ആന്റികൈതേര മെക്കാനിസം അപൂർവങ്ങളിൽ അപൂർവമാണ്. ബിസി കാലഘട്ടത്തിൽ ഉണ്ടായിരുന്ന സവിശേഷമായ മെക്കാനിക്കൽ സംവിധാനങ്ങളുടെ ഇപ്പോഴുമുള്ള ഒരേയൊരു ശേഷിപ്പാണ് ഇതെന്നു ശാസ്ത്രജ്ഞർ പറയുന്നു. ഇവയെക്കുറിച്ച് മാർക്കസ് ടൂലിയസ് സിസേറോ, ആർക്കിമിഡീസ് തുടങ്ങിയ പ്രമുഖർ എഴുതിയിട്ടുണ്ടത്രേ. നിലവിൽ ഈ സംവിധാനം സൂക്ഷിക്കപ്പെടുന്നത് ഗ്രീസിലാണ്. ആതൻസിലെ ദേശീയ ആർക്കയോളജിക്കൽ മ്യൂസിയത്തിൽ. ഗ്രീസ് സാംസ്‌കാരിക മന്ത്രാലയത്തിനു കീഴിലുള്ള ആന്റികൈതേര റിസർച് പ്രോജക്ടാണ് ഇതു സംരക്ഷിക്കുന്നത്. ഈ സംവിധാനത്തെക്കുറിച്ച് പഠിക്കാൻ ആഗ്രഹമുള്ള ശാസ്ത്രജ്ഞർക്ക് അതിനുള്ള അവസരവും ഇവർ ഒരുക്കുന്നുണ്ട്. ആന്റികൈതേര മെക്കാനിസത്തിൽ എഴുതിയിട്ടുള്ള ഗ്രീക്ക് വാചകങ്ങൾ അർഥമാക്കുന്നതെന്തെന്നുള്ളത് ഇന്നുമൊരു ദുരൂഹതയാണ്.

ആദ്യത്തെ കംപ്യൂട്ടർ എന്നു ചിലർ വിശേഷിപ്പിക്കുന്നതല്ലാതെ മറ്റനേകം പരിവേഷങ്ങളും ആന്റിക്കൈതേര സംവിധാനത്തിനു ചാർത്തപ്പെട്ടിട്ടുണ്ട്. ഭൂമിയിലെത്തിയ അന്യഗ്രഹജീവികൾ ഇവിടെ ഉപേക്ഷിച്ച സാങ്കേതിക സംവിധാനമാണിതെന്ന് ചില നിഗൂഢസിദ്ധാന്ത വാദക്കാർ പറഞ്ഞിരുന്നു. കാലങ്ങൾക്കു മുന്നോട്ടും പിന്നോട്ടും സഞ്ചരിക്കാൻ ഉപകരിക്കുന്ന ടൈംമെഷീനാണ് ഇതെന്നും വാദമുയർന്നു.

Credit: Manorama

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram