ശാസ്ത്രലോകത്തെ ഞെട്ടിച്ച ദുരൂഹ സ്ഫോടനം
മനുഷ്യചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ശക്തമായതും ദുരൂഹവുമായ സ്ഫോടനങ്ങളിലൊന്നാണ് തുംഗുസ്ക സംഭവം (Tunguska Event). 1908 ജൂൺ 30-ന് റഷ്യയിലെ സൈബീരിയയിലുള്ള തുംഗുസ്ക നദിക്ക് സമീപം നടന്ന ഈ സംഭവം ഒരു നഗരത്തെ മുഴുവൻ തകർത്തെറിയാൻ ശേഷിയുള്ള സ്ഫോടനമായിരുന്നിട്ടും, എന്താണ് അവിടെ സംഭവിച്ചതെന്ന് കൃത്യമായി മനസ്സിലാക്കാൻ വർഷങ്ങൾ വേണ്ടി വന്നു.1908 ജൂൺ 30 അന്ന് രാവിലെ ഏകദേശം 7:17-ന് സൈബീരിയയിലെ വനമേഖലയിൽ വമ്പിച്ച ഒരു സ്ഫോടനം നടന്നു. ആകാശത്ത് സൂര്യനെ വെല്ലുന്ന പ്രകാശത്തോടെ ഒരു തീഗോളം പ്രത്യക്ഷപ്പെടുകയും അത് പൊട്ടിത്തെറിക്കുകയും ചെയ്തു.ഹിരോഷിമയിൽ വർഷിച്ച അണുബോംബിനേക്കാൾ 1000 മടങ്ങ് ശക്തിയായിരുന്നു ഇതിനുണ്ടായിരുന്നത് (ഏകദേശം 12 മെഗാടൺ TNT).
സ്ഫോടനത്തിന്റെ ഫലമായി ഏകദേശം 2,150 ചതുരശ്ര കിലോമീറ്റർ വനപ്രദേശം നശിച്ചു. ഏതാണ്ട് 8 കോടി മരങ്ങളാണ് നിമിഷനേരം കൊണ്ട് കടപുഴകി വീണത്.സ്ഫോടനത്തിന്റെ ശബ്ദം 1000 കിലോമീറ്റർ അകലെ വരെ കേൾക്കാമായിരുന്നു ഭൂചലനമാപിനികളിൽപോലും ഈ പ്രകമ്പനം രേഖപ്പെടുത്തി.ഇത്രയും വലിയ ദുരന്തമായിരുന്നിട്ടും ജനവാസം കുറഞ്ഞ മേഖലയായിരുന്നതിനാൽ മനുഷ്യർക്ക് നേരിട്ട് ജീവഹാനി സംഭവിച്ചതായി ഔദ്യോഗിക രേഖകളില്ല. എന്നാൽ നിരവധി മൃഗങ്ങൾ ചത്തൊടുങ്ങുകയും ആദിവാസി വിഭാഗങ്ങളുടെ കൂടാരങ്ങൾ തകരുകയും ചെയ്തു.
സംഭവം നടന്ന് 19 വർഷങ്ങൾക്ക് ശേഷമാണ് ശാസ്ത്രീയമായ ഒരു അന്വേഷണം അവിടെ നടന്നത്. 1927-ൽ റഷ്യൻ മിനറോളജിസ്റ്റായ 'ലിയോണിഡ് കുലിക്' ആണ് ആദ്യമായി ആ പ്രദേശം സന്ദർശിച്ചത്. ഒരു ഉൽക്ക പതിച്ചാണ് സ്ഫോടനം നടന്നതെങ്കിൽ അവിടെ വലിയൊരു ഗർത്തം ഉണ്ടാകുമെന്ന് അദ്ദേഹം കരുതി.എന്നാൽ അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ അത്ഭുതപ്പെടുത്തി.സ്ഫോടന സ്ഥലത്ത് ഉൽക്ക വീണതിന്റെ ഗർത്തമോ ഉൽക്കയുടെ അവശിഷ്ടങ്ങളോ കണ്ടെത്താനായില്ല.സ്ഫോടനത്തിന്റെ കേന്ദ്രബിന്ദുവിന് താഴെയുള്ള മരങ്ങൾ മുകളിലെ ശാഖകൾ നഷ്ടപ്പെട്ട് കുത്തനെ നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ ഇതിനു ചുറ്റുമുള്ള കിലോമീറ്ററുകളോളം മരങ്ങൾ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് എന്ന രീതിയിൽ വീണു കിടക്കുകയായിരുന്നു. ഒരു ചിത്രശലഭത്തിന്റെ ആകൃതിയിലാണ് ഈ നാശനഷ്ടം കാണപ്പെട്ടത്.
ശാസ്ത്രജ്ഞരുടെ നിഗമനമനുസരിച്ച് ഇതൊരു 'Airburst' ആയിരുന്നു. അതായത്, ബഹിരാകാശത്ത് നിന്ന് വന്ന ഒരു വലിയ പാറയോ അല്ലെങ്കിൽ മഞ്ഞുകട്ടയോ ഭൂമിയിൽ ഇടിക്കുന്നതിന് മുൻപ് അന്തരീക്ഷത്തിൽ വെച്ച് തന്നെ അന്തരീക്ഷവുമായുള്ള ഘർഷണം മൂലം അതിശക്തമായ ചൂട് ഉണ്ടാവുകയും, മർദ്ദം താങ്ങാനാവാതെ ഭൂമിയിൽ നിന്ന് ഏകദേശം5 മുതൽ 10 കിലോമീറ്റർ ഉയരത്തിൽ വച്ച് പൊട്ടിത്തെറിക്കുകയും ചെയ്തു .ഭൂമിയിൽ ഇടിക്കാതിരുന്നതുകൊണ്ടാണ് ഗർത്തങ്ങൾ രൂപപ്പെടാതിരുന്നത്. എന്നാൽ സ്ഫോടനത്തിൽ നിന്നുള്ള വായു തരംഗങ്ങൾ താഴേക്ക് പതിച്ചത് കൊണ്ടാണ് മരങ്ങൾ തകർന്നത്.
ഇതൊരു ഉൽക്കാസ്ഫോടനമാണെന്ന് ഭൂരിഭാഗം ശാസ്ത്രജ്ഞരും വിശ്വസിക്കുന്നുണ്ടെങ്കിലും, മറ്റ് പല സിദ്ധാന്തങ്ങളും ഇതേക്കുറിച്ച് പ്രചരിച്ചിരുന്നു:
🪬പാറകൾ നിറഞ്ഞ ഛിന്നഗ്രഹം അന്തരീക്ഷത്തിൽ പൊട്ടിത്തെറിച്ചു എന്ന വാദമാണ് ഏറ്റവും ശക്തം. 2013-ൽ റഷ്യയിലെ ചെല്യാബിൻസ്കിൽ നടന്ന ഉൽക്കാസ്ഫോടനം ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
🪬മഞ്ഞും പൊടിയും നിറഞ്ഞ ഒരു വാൽനക്ഷത്രമാണ് വന്നതെങ്കിൽ അത് അന്തരീക്ഷത്തിൽ വെച്ച് പൂർണ്ണമായും ബാഷ്പീകരിച്ചു പോയിട്ടുണ്ടാകാം. അതുകൊണ്ടാണ് അവശിഷ്ടങ്ങൾ ലഭിക്കാത്തത് എന്ന് ചിലർ വിശ്വസിക്കുന്നു.
🪬സ്വാഭാവിക വാതകങ്ങളുടെ സ്ഫോടനം, ആന്റിമാറ്റർ (Antimatter), അല്ലെങ്കിൽ അന്യഗ്രഹ ജീവികളുടെ പേടകം തകർന്നതാണ് എന്നൊക്കെയുള്ള കഥകളും പ്രചാരത്തിലുണ്ട്. എന്നാൽ ഇവയ്ക്കൊന്നും ശാസ്ത്രീയ അടിത്തറയില്ല.
ഈ സ്ഫോടനം ഒരു വലിയ നഗരത്തിന് മുകളിലായിരുന്നെങ്കിൽ (ഉദാഹരണത്തിന് ലണ്ടൻ അല്ലെങ്കിൽ ന്യൂയോർക്ക്), ലക്ഷക്കണക്കിന് ആളുകൾ മരിക്കുമായിരുന്നു.ഭൂമിക്ക് ഭീഷണിയായേക്കാവുന്ന ഛിന്നഗ്രഹങ്ങളെ നിരീക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഈ സംഭവം ഓർമ്മിപ്പിക്കുന്നു. ഇതിന്റെ ഓർമ്മയ്ക്കായി ജൂൺ 30 "അന്താരാഷ്ട്ര ആസ്റ്ററോയിഡ് ദിനം" ആയി ആചരിക്കുന്നു.
Credit: ശ്രീജിത്ത് ശ്രീ