July 14, 2020

പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബം

ഭൂമിയിലെ ഏറ്റവും കുറവ് ജനസംഖ്യയുള്ള പ്രദേശങ്ങളിലൊന്നാണ് സൈബീരിയ. അവിടത്തെ കഠിനമായ കാലാവസ്ഥയാണ് ഇതിന് കാരണം. അതികഠിനമായ തണുപ്പുള്ള ആ പ്രദേശത്തെ ശരാശരി താപനില −25° സെൽഷ്യസ് വരെയാണ്. എന്നിരുന്നാലും, അവിടെ താമസിക്കുന്നവരുണ്ട്. അത്തരമൊരു റഷ്യൻ കുടുംബം ലോകമെമ്പാടും പ്രസിദ്ധമായിത്തീർന്നു. ഇരുപതാം നൂറ്റാണ്ട് മുഴുവൻ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ അബാകാൻ ജില്ലയിലെ സൈബീരിയൻ കാടുകളിൽ അവർ താമസിച്ചുപോന്നു.

അവരുടെ ഈ ഒറ്റപ്പെട്ട ജീവിതം ആരംഭിച്ചത് 1936 -ലാണ്. അക്കാലത്ത് കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിൻ കീഴിലായിരുന്നു റഷ്യ. മതവിശ്വാസികളെ അവർ ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തിരുന്നു. മൗലികവാദികളായ റഷ്യൻ ഓർത്തഡോക്സ് വിഭാഗത്തിൽ പെട്ടവരായിരുന്നു ലീക്കോവ്സ് കുടുംബം. കാർപ് ലീക്കോവിന്റെ സഹോദരനെ അവരുടെ ഗ്രാമത്തിന് പുറത്തുവച്ച് ഒരു കമ്മ്യൂണിസ്റ്റ് പട്രോൾ വെടിവച്ചുകൊന്നു. സഹോദരൻ കൊല്ലപ്പെട്ടതിനുശേഷം, കാർപ് ലീക്കോവ്, ഭാര്യ അകുലിനയെയും, അവരുടെ രണ്ട് മക്കളായ ഒമ്പത് വയസ്സുള്ള സവിനെയും, രണ്ട് വയസ്സുള്ള മകൾ നതാലിയെയും കൊണ്ട് കാടുകയറി. പിന്നീടൊരിക്കലും പക്ഷേ തിരിച്ചു വന്നില്ല.

അവർ, അവസാനം കാണാത്ത യാത്രയിലായിരുന്നു. കാടിന്‍റെ കൂടുതൽ കൂടുതൽ ഉള്ളിലേയ്ക്ക് നടന്നു. അവരുടെ ചില സാധനങ്ങളും, വിത്തുകളും അവർ കൂടെ കൊണ്ടുപോയി. വസ്ത്രങ്ങൾ നിർമ്മിക്കാൻ അവർ ഒരു ചർക്കയും എടുത്തിരുന്നു. നൂറുകണക്കിന് മൈലുകൾ അവർ അതും വലിച്ചിഴച്ച് നടന്നു. ഉരുളക്കിഴങ്ങും, കാട്ടുകൂണും കഴിച്ച് അവർ വിശപ്പടക്കി. ടൈഗയിൽ താമസിക്കുമ്പോൾ കാർപ്പിനും അകുലിനയ്ക്കും രണ്ട് കുട്ടികൾ കൂടി ജനിച്ചു. 1940 -ൽ മകൻ ദിമിത്രി, 1943 -ൽ മകൾ അഗഫിയ എന്നിവരാണവർ. എഴുപതുകളുടെ അവസാനം വരെ, കുട്ടികളാരും അവരുടെ കുടുംബത്തിന് പുറത്ത് ഒരു മനുഷ്യനെ പോലും കണ്ടിരുന്നില്ല. അവരുടെ മാതാപിതാക്കൾ പറഞ്ഞ കഥകളിലൂടെയാണ് ദിമിത്രിക്കും അഗാഫിയയ്ക്കും പുറംലോകത്തെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നത്.

അവരുടെ കൈയിൽ ആകെയുണ്ടായിരുന്ന പുസ്‍തകങ്ങൾ പ്രാർത്ഥനാ പുസ്‍തകങ്ങളും ബൈബിളും മാത്രമായിരുന്നു. കുട്ടികളുടെ അമ്മയായ അകുലിന സുവിശേഷങ്ങൾ വായിക്കാനും എഴുതാനും മക്കളെ പഠിപ്പിച്ചു. ഒരു ചെടിയുടെ നീരിൽ മുക്കിയ മൂർച്ചയുള്ള ബിർച്ച് വടികളായിരുന്നു അവരുടെ പേനയും മഷിയുമെല്ലാം. അവരുടെ വസ്ത്രങ്ങൾ പലതവണ തുന്നിച്ചേര്‍ത്ത് ഒടുവിൽ പിന്നിപ്പോയി. അങ്ങനെ കുടുംബം അവർ വളർത്തിയിരുന്ന ചണയിൽ നിന്ന് തുണിയുണ്ടാക്കി. കുടുംബം രണ്ട് കെറ്റിലുകൾ അവരോടൊപ്പം കൊണ്ടുപോയിരുന്നു. പക്ഷേ, ഒടുവിൽ അവ തുരുമ്പുകൊണ്ട് നശിച്ചു.

1950 -കളുടെ അവസാനം വരെ അവർ പട്ടിണിയിലായിരുന്നു. എന്നാൽ, ഒടുവിൽ മറ്റ് മാർഗ്ഗങ്ങളില്ലാതെ മാംസത്തിനും ചർമ്മത്തിനും വേണ്ടി മൃഗങ്ങളെ വേട്ടയാടാൻ തുടങ്ങി. തോക്കോ, വില്ലോ ഇല്ലാത്ത അവർ കെണി കുഴിച്ച് ഇരകളെ വീഴ്ത്തി. കാലക്രമേണ ദിമിത്രി അതിശയകരമായ ശരീരികക്ഷമത കൈവരിച്ചു. ശൈത്യകാലത്ത് നഗ്നപാദനായി വേട്ടയാടാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. തണുത്തുറഞ്ഞ താപനിലയിൽ തുറന്ന സ്ഥലത്ത് അദ്ദേഹം ഉറങ്ങി. പിന്നീട് 1961 ജൂണിൽ മഞ്ഞുവീഴ്‍ച വന്നു. പൂന്തോട്ടത്തിൽ വളർന്ന ഭക്ഷണങ്ങളെല്ലാം നശിച്ചു. ആ സമയത്ത് സ്വന്തം ഷൂസും, ബിർച്ച് മരത്തിന്‍റെ പുറംതൊലിയും കഴിച്ചാണ് ആ കുടുംബം അതിജീവിച്ചത്. ആ വർഷം തന്നെ തന്‍റെ ഭക്ഷണം പോലും മക്കൾക്ക് വേണ്ടി വേണ്ടെന്നുവച്ച അകുലിന പട്ടിണി മൂലം മരിച്ചു.

1978 -ൽ നാല് സോവിയറ്റ് ജിയോളജിസ്റ്റുകൾ ഇരുമ്പ് ഖനി തേടി അബാക്കൻ ജില്ലാപ്രദേശത്ത് വന്നപ്പോഴാണ് ഇവരെ കണ്ടെത്തിയത്. രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ചോ മനുഷ്യർ ചന്ദ്രനിൽ വന്നിറങ്ങിയതിനെക്കുറിച്ചോ ഈ കുടുംബത്തിന് യാതൊരു അറിവുമുണ്ടായിരുന്നില്ല. ശാസ്ത്രജ്ഞരുടെ സന്ദർശനത്തിന് തൊട്ടുപിന്നാലെ, 1981 അവസാനത്തോടെ, നാല് കുട്ടികളിൽ മൂന്നുപേരും ചുരുങ്ങിയ സമയത്തിനുള്ളിൽ മരിച്ചു. സമയത്തിന് ആഹാരമില്ലാതെ നതാലിയയും സാവിനും വൃക്ക തകരാറുമൂലം മരിച്ചുവെന്ന് ഡോക്ടർമാർ വിശ്വസിച്ചു. അഗാഫിയയും കാർപ്പും മാത്രമാണ് അതിജീവിച്ചത്.

പിന്നീട് കുടുംബസുഹൃത്തുക്കളായിത്തീർന്ന ശാസ്ത്രജ്ഞർ 150 മൈൽ അകലെയുള്ള ഒരു ഗ്രാമത്തിൽ ബന്ധുക്കളോടൊപ്പം പോകാൻ കാർപ്പിനെയും അഗാഫിയയെയും നിർബന്ധിച്ചെങ്കിലും, അവർ വിസമ്മതിച്ചു. 1988 ഫെബ്രുവരിയിൽ കാർപ് മരിച്ചു, മകൾ അഗാഫിയ സൈബീരിയൻ പർവതങ്ങൾക്കിടയിൽ ഒറ്റയ്ക്ക് താമസിക്കുന്നു. അഗാഫിയയ്ക്ക് ഇപ്പോൾ 77 വയസ്സ്. ഒരു ഡസൻ പൂച്ചകളോടും നായയോടും ഒപ്പം താമസിക്കുന്ന അവർ മറ്റെവിടെയും പോകാൻ ആഗ്രഹിക്കുന്നില്ല.

Source:AsianetNews

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻☣️ ടെലിബ്ലോഗർ☣️ In Telegram