പാർഥെനോജെനിസിസ്
സ്ത്രീകൾ പ്രസവിക്കുന്നത് പ്രകൃതിയിലെ അദ്ഭുതങ്ങളിൽ ഒന്നായാണ് എല്ലാ ശാസ്ത്രമേഖലകളും ഗവേഷകരും കാണുന്നത്. പ്രത്യുൽപ്പാദനത്തിൽ പുരുഷന്റെ പങ്ക് ചോദ്യം ചെയ്യപ്പെടുന്ന പുതിയ പരീക്ഷണ വിജയത്തിന്റെ ആവേശത്തിലാണ് ബർമിങ്ഹാമിലെ ഒരു കൂട്ടം ശാസ്ത്രജ്ഞർ. സ്ത്രീകൾ പ്രസവിക്കാൻ ഇനി പുരുഷൻ വേണമെന്നില്ലെന്നതാണ് പരീക്ഷണത്തിന്റെ ഹൈലേറ്റ്. ഒരു പെൺപല്ലിയിൽ നടത്തിയ പരീക്ഷണം വിജയകരമായി. താമസിക്കാതെ ഇത് മനുഷ്യരിലും സാധ്യമായേക്കുമെന്നു ഗവേഷകർ കരുതുന്നു. പാർഥെനോജെനിസിസ് (parthenogenesis) എന്നറിയപ്പെടുന്ന പ്രക്രിയയാണ് ഇതിന് പിന്നിൽ.
ലൈംഗികബന്ധമില്ലാതെ തന്നെ ആരോഗ്യമുള്ള കുഞ്ഞുങ്ങളെ സൃഷ്ടിക്കാൻ കഴിയുന്ന ഒരുതരം പ്രത്യുൽപാദന പ്രക്രിയയാണ് പാർഥെനോജെനിസിസ്. ചില സസ്യങ്ങളിലും ആൽഗകളിലും തേനീച്ചകൾ പോലുള്ള നട്ടെല്ലില്ലാത്ത ജീവികളിലും ഇത് സ്വാഭാവികമായി നടക്കാറുണ്ട്. കൂടാതെ, സ്രാവുകൾ, പാമ്പുകൾ, മുതലകൾ, ഞണ്ട്, ചെമ്മീൻ തുടങ്ങിയ കവചജീവികൾ (crustaceans), തേളുകൾ, ചിലതരം കടന്നലുകൾ എന്നിവയിലും ഈ പ്രക്രിയ കാണാറുണ്ട്.
നട്ടെല്ലുള്ള ജീവികളിലും ഇത് സാധ്യമാണെന്ന് ബ്രിട്ടനിലെ ബർമിങ്ഹാമിലുള്ള ഒരു മൃഗശാലയിൽ നടന്ന പരീക്ഷണം തെളിയിച്ചു. അമ്മയുടെ ജനിതക ഘടനയിൽ മാറ്റങ്ങൾ വരുത്തിയാണ് കുഞ്ഞുങ്ങളെ ജനിപ്പിച്ചത്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭാവിയിൽ മനുഷ്യരിലും ഇത് സാധ്യമായേക്കുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു
ബർമിങ്ഹാമിൽ നടത്തിയ പരീക്ഷണത്തിൽ, ആൺപല്ലിയുമായി യാതൊരു സമ്പർക്കവുമില്ലാതെ ഒരു പെൺപല്ലി എട്ട് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഇന്നുവരെ മനുഷ്യരിൽ പാർഥെനോജെനിസിസ് സംഭവിച്ചിട്ടില്ലെന്ന് ശാസ്ത്രലോകം പറയുന്നു. എന്നാൽ, സസ്തനികളിൽ ഇത് സാധ്യമാണെന്ന് അടുത്തിടെ നടന്ന ചില പരീക്ഷണങ്ങൾ തെളിയിച്ചു. ഭാവിയിൽ ഇത് മനുഷ്യരിലും നടപ്പാക്കാൻ കഴിഞ്ഞേക്കും. എങ്കിലും, പുരുഷന്മാർ അപ്രസക്തമാകുന്ന ഒരു ലോകം പിറക്കുമോ എന്ന ചോദ്യത്തിന് ശാസ്ത്രലോകത്തിന് പറയാനുള്ളത് ഇതാണ്:
മിക്ക മൃഗങ്ങളിലും ലൈംഗിക പ്രത്യുൽപ്പാദനമാണ് നടക്കുന്നത്. അതായത്, സ്ത്രീകളുടെ അണ്ഡവും പുരുഷബീജവും തമ്മിൽ ചേർന്നുള്ള പ്രക്രിയ. ഇതിൽ നിന്ന് വ്യത്യസ്തമാണ് പാർഥെനോജെനിസിസ്. ഇതിന് ഒരു ജീവി മാത്രം മതിയാകും. ഒരാളുടെ ജീനുകൾ കുഞ്ഞിലേക്ക് പകരുന്ന പ്രക്രിയയാണിത്. പാർഥെനോജെനിസിസ് സംഭവിച്ച സസ്യ-ജീവി വർഗങ്ങളിൽ എന്തുകൊണ്ടാണ് ഇത് നടന്നുകൊണ്ടിരുന്നത് എന്നതിനെക്കുറിച്ച് പൂർണമായ വ്യക്തതയില്ല.
ഈ കഴിവുള്ള ജീവികളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഘടകങ്ങൾ എന്തെങ്കിലും ഉണ്ടോ എന്ന കാര്യവും വ്യക്തമല്ല. എന്നാൽ, പെൺജീവികളെ വളരെക്കാലം ഒറ്റപ്പെടുത്തുകയോ, ഒരു ഇണയെ കണ്ടെത്താനുള്ള പ്രതീക്ഷ ഇല്ലാതാകുകയോ ചെയ്യുന്ന സാഹചര്യങ്ങളിലാണ് പാർഥെനോജെനിസിസ് പൊതുവെ സംഭവിക്കുന്നതെന്ന് ചില ഗവേഷകർ കരുതുന്നു.
ഈ വാദം ശരിയാണെങ്കിൽ, ഒറ്റപ്പെട്ട് കഴിയുന്ന സ്ത്രീകളിൽ ലൈംഗികബന്ധമില്ലാത്ത ഗർഭധാരണം നടക്കേണ്ടിയിരുന്നു എന്ന് ഇതിനെ എതിർക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. ഏതാനും വർഷം മുമ്പ് വരെ സസ്തനികളിൽ പാർഥെനോജെനിസിസ് സാധ്യമല്ല എന്നായിരുന്നു ശാസ്ത്രജ്ഞരുടെ അനുമാനം. എന്നാൽ, അടുത്തിടെ നടന്ന പരീക്ഷണങ്ങൾ ഈ ധാരണ തെറ്റാണെന്ന് തെളിയിച്ചു.
2022-ൽ ചൈനീസ് ഗവേഷകർ എലികളിൽ CRISPR എന്ന ജീൻ എഡിറ്റിങ് ഉപകരണം ഉപയോഗിച്ച് പാർഥെനോജെനിസിസ് നടത്തിയെന്ന് അവകാശപ്പെട്ടിരുന്നു. ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. ചൈനീസ് ഗവേഷകർ ബുദ്ധിപൂർവം നടത്തിയ ജീൻ മാനിപ്പുലേഷൻ വഴി പിറന്ന ഒരു എലി പ്രായപൂർത്തിയാകുകയും അതിന് സ്വന്തമായി കുഞ്ഞുങ്ങൾ ഉണ്ടാകുകയും ചെയ്തിരുന്നു.
പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ടെൽഫോർഡിലുള്ള എക്സോട്ടിക് സൂവിലെ ജീവനക്കാർ അവിടെ വളർത്തിയിരുന്ന ഉടുമ്പ് (iguana) മുട്ടകളിട്ടപ്പോൾ അദ്ഭുതപ്പെട്ടുപോയി. കഴിഞ്ഞ വർഷം ഇംഗ്ലണ്ടിലെ പോർട്സ്മത്തിൽ ഒറ്റയ്ക്ക് വളർത്തിയിരുന്ന, റൊണാൾഡോ എന്ന് പേരിട്ട ഒരു പാമ്പ് കുഞ്ഞിന് ജന്മം നൽകി. ഈ പാമ്പ് ആൺ പാമ്പാണെന്ന് കരുതിയായിരുന്നു പരിചരിച്ചത്. ഇതിനെല്ലാം ശേഷമാണ് ബർമിങ്ഹാമിലെ മൃഗശാലയിൽ ആൺ പല്ലിയുടെ സമ്പർക്കമില്ലാതെ എട്ട് കുഞ്ഞുങ്ങളെ വിരിയിച്ചത്. ഈ കുഞ്ഞുങ്ങൾ അവയുടെ അമ്മയുടെ ജനിതകപരമായി കൃത്യമായ ക്ലോണുകളാണ്.
പാർഥെനോജെനിസിസ് വഴി ഉണ്ടാകുന്ന കുഞ്ഞുങ്ങൾ അമ്മയുടെ കൃത്യമായ ക്ലോൺ ആയിരിക്കില്ല. എങ്കിലും, കുട്ടികൾക്ക് അമ്മയുമായി ജനിതകപരമായ സാമ്യം ഉണ്ടായിരിക്കും. ഈ പ്രക്രിയയിലൂടെ ഉണ്ടാകുന്നത് എപ്പോഴും പെൺകുട്ടികളായിരിക്കും. ഇത് വളരെ വിരളമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ്. ഇത് അതിജീവനത്തിനായി പ്രകൃതി സ്വീകരിച്ചിരിക്കുന്ന ഒരു മാർഗമായിരിക്കാം എന്നാണ് അനുമാനം. ഇണയെ ലഭിക്കാതെ വരുമ്പോൾ വംശം നശിച്ചുപോകാതെ ഒരു തലമുറയെക്കൂടി നിലനിർത്തുക എന്ന ലക്ഷ്യമായിരിക്കാം ഇതിന് പിന്നിലെന്ന് കരുതുന്നവരുണ്ട്.
നോട്ടിങ്ഹാം ട്രെന്റ് യൂണിവേഴ്സിറ്റിയിലെ സുവോളജി ലക്ചററായ ഡോ. ലൂയി ജെന്റിൽ പറയുന്നത്, സാങ്കേതികമായി പാർഥെനോജെനിസിസ് മനുഷ്യരിലും നടത്താമെന്നാണ്. എന്നാൽ, അതിന് സമാനമായ ജനിതക മാറ്റം (മ്യൂട്ടേഷൻ) വരുത്തി ഒരുമിച്ച് വളർത്തേണ്ടിവരുമെന്ന് അദ്ദേഹം പറയുന്നു. ലാബുകളിൽ പാർഥെനോജെനിക് ഭ്രൂണങ്ങൾ സസ്തനികളിൽ സൃഷ്ടിച്ചിട്ടുണ്ട്. എങ്കിലും, അവയ്ക്ക് ജനിതക മാറ്റം വരുത്തേണ്ടിയിരുന്നു.
പാർഥെനോജെനിസിസ് മനുഷ്യരിൽ വിജയിപ്പിക്കുക അത്ര എളുപ്പമല്ല. സാങ്കേതികമായി ഇത് സാധ്യമാണെങ്കിലും, ബ്രസീലിലെ യൂണിവേഴ്സിറ്റി ഓഫ് സാവോ പോളോയിലെ ജനറ്റിക്സ് പ്രൊഫസറായ ടിയാഗോ കാംപോസ് പെരേര പറയുന്നത്, മനുഷ്യരുടെ ജനിതക ഘടനയിൽ പലതരം ജൈവശാസ്ത്രപരമായ തടസ്സങ്ങൾ ഉള്ളതുകൊണ്ട് പാർഥെനോജെനിസിസ് എളുപ്പമല്ലെന്നാണ്. അതേസമയം, ഈ ഘടനയ്ക്ക് സ്വാഭാവികമായി മ്യൂട്ടേഷൻ സംഭവിക്കാമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ മനുഷ്യന്റെ പ്രത്യുൽപ്പാദന കോശങ്ങൾക്ക് ഭ്രൂണമായി മാറാൻ പുരുഷബീജങ്ങളിൽ നിന്ന് ചില വിവരങ്ങൾ ലഭിക്കേണ്ടതുണ്ട്. ഇതിനെയാണ് എപ്പിജെനെറ്റിക് മോഡിഫിക്കേഷൻ എന്ന് വിളിക്കുന്നത്. ജീൻ എഡിറ്റിംഗ് വഴി ഇതിനൊക്കെ മാറ്റം വരുത്താനാകും. എന്നാൽ, മനുഷ്യരിൽ അങ്ങനെ ചെയ്യുന്നത് ഒട്ടനവധി ധാർമ്മികമായ ചോദ്യങ്ങൾ ഉയർത്തുന്നു.
ക്രിസ്പർ ഉപയോഗിച്ചുള്ള ജീൻ എഡിറ്റിങ് വഴി മാറ്റങ്ങൾ വരുത്താമെങ്കിലും, മിക്ക രാജ്യങ്ങളിലും ഇത് നിയമവിരുദ്ധവും അധാർമ്മികവുമാണെന്ന് പ്രഫസർ. പെരേര പറയുന്നു. ഏതാനും വർഷം മുമ്പ് വരെ സസ്തനികളിൽ പാർഥെനോജെനിസിസ് സാധ്യമല്ലെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, 2022-ൽ ക്രിസ്പർ ആ ധാരണ തിരുത്തി. എങ്കിലും, ഈ പരീക്ഷണം ഇതുവരെ എലികളിൽ മാത്രമേ വിജയിച്ചിട്ടുള്ളൂ എന്ന് യൂണിവേഴ്സിറ്റി ഓഫ് സതാംപ്ടണിലെ പ്രഫ. ഹെർമൻ വിജനെൻ പറയുന്നു. ധാർമിക പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാൽ ഇത്തരം പരീക്ഷണങ്ങളിൽ ഏർപ്പെടാൻ ആരും മുതിർന്നേക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൂടാതെ, പാർഥെനോജെനിസിസ് വഴി ഉണ്ടാകുന്ന കുഞ്ഞുങ്ങൾക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ജനിതക വൈവിധ്യക്കുറവ് കുട്ടികൾക്കും വംശങ്ങൾക്കും കാലക്രമേണ പ്രശ്നങ്ങൾ സൃഷ്ടിക്കാം. ഇതെല്ലാം പരിഗണിക്കുമ്പോഴും, കന്യകാ പ്രസവം മനുഷ്യരിൽ അസാധ്യമാണ് എന്ന ധാരണയോട് വിയോജിക്കുന്നവരാണ് മിക്ക ഗവേഷകരും.