💀അജ്ഞാത ലോകം 💀
November 3, 2023

ആമ വിശേഷം🐢

turtle, tortoise, terrapin ഈ മൂന്നു ഇംഗ്ലീഷ് വാക്കുകളും ആമയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കാറുണ്ട്. പല രാജ്യങ്ങളിലും ഈ വാക്കുകളുടെ അര്‍ത്ഥത്തില്‍ ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകും. ടെസ്റ്റുഡീന്‍സ് (Testudines) എന്ന ഓര്‍ഡറില്‍ പെടുന്ന പുറന്തോടുള്ള ഉരഗങ്ങളെ പൊതുവായി ആമകള്‍ എന്നാണ് വിളിക്കുന്നത്. അതില്‍ പെട്ടതാണ് ടോര്‍ട്ടൊയിസുകള്‍. ഈ വാക്ക് കരയാമകളെ സൂചിപ്പിക്കാനാണ് പൊതുവെ ഉപയോഗിക്കുന്നതെങ്കിലും ഇതിലും ചില അപവാദങ്ങള്‍ ഉണ്ട്. അതുപോലെ, ടര്‍ട്ടിലുകള്‍ എന്നത് ജലത്തില്‍ ജീവിക്കാന്‍ പറ്റുംവിധം അനുകൂലനങ്ങളോടെ പരിണമിച്ചുണ്ടായ ആമകളാണ്. ശുദ്ധജലത്തില്‍ മാത്രം ജീവിക്കുന്നവയും കടലില്‍ ജീവിക്കുന്നവയുമായ ടര്‍ട്ടിലുകള്‍ ഉണ്ട്. അവയില്‍തന്നെ ഉറപ്പുള്ള തോടുള്ളവയും മൃദുവായ തോടുള്ളവയും ഉണ്ട്. വളരെ ചെറിയ പ്രത്യേക തരം ടര്‍ട്ടിലുകളെ ടെരാപിന്‍ എന്നും വിളിക്കും.

നിരവധി ശല്കങ്ങള്‍ ചേര്‍ന്നാണ് ആമത്തോട് ഉണ്ടാകുന്നത്. കരയാമകളായ ടോര്‍ടോയിസുകള്‍ക്ക് കരയില്‍ നടക്കുന്നതിനിടയില്‍ ഭാരമുള്ള ജീവികള്‍ ചവിട്ടിയാലും തകരാത്തവിധം ഭാരം അരികുകളിലേക്ക് വിതരണം ചെയ്ത് , പൊട്ടിയമര്‍ന്ന് ചത്തു പോകാതിരിക്കാന്‍ സഹായിക്കുന്ന വിധത്തിലുള്ളതാണ് തോട് . ആര്‍ച്ച് രൂപത്തില്‍ മുകള്‍ ഭാഗം വീര്‍ത്ത് ഡോം ആ കൃതിയിലുള്ള തോട് ആണ് സാധാരണയായി ഉണ്ടാകുക. എന്നാല്‍, ടര്‍ട്ടിലുകള്‍ക്ക് നീന്തലിന് സഹായം ചെയ്യാന്‍ കുറച്ച്കൂടി പരന്ന തോടാണ് ഉണ്ടാകുക. ആമത്തോടിന്റെ കട്ടിയിലും പലയിനങ്ങള്‍ക്കും വ്യത്യാസം ഉണ്ടാകും. എല്ലാം പാറപോലെ ഉറച്ചതല്ല

വെള്ളത്തില്‍ കഴിയുന്നതിനാല്‍ ഇവയ്ക്ക് വെള്ളത്തിനുള്ളില്‍നിന്നും ഓക്‌സിജന്‍ വലിച്ചെടുക്കാന്‍ കഴിയും എന്നാണ് പലരും കരുതുന്നത്. പക്ഷെ, ഇവരും നമ്മളെപ്പോലെ അന്തരീക്ഷ വായു തന്നെയാണ് ശ്വസിക്കുന്നത്. അതിനാല്‍ അധികനേരം എല്ലാ ആമകള്‍ക്കും വെള്ളത്തില്‍ മുങ്ങിക്കഴിയാന്‍ പറ്റില്ല. എങ്കിലും ചിലയിനങ്ങള്‍ക്ക് അവയുടെ മലദ്വാരം ആയ ക്ലോയക്കയിലൂടെയും കുറേശെ ഓക്‌സിജന്‍ കൈമാറ്റം നടത്താന്‍ കഴിയും. അതിനാല്‍ പൃഷ്ഠം കൊണ്ട് ശ്വസിക്കുന്നവര്‍ എന്നും ആമകളെ കളിയായി പറയാറുണ്ട്. വടക്കെ അമേരിക്കയിലുള്ള ചിലയിനം മൃദുകവച ടര്‍ട്ടിലുകള്‍ അവയുടെ തോടിനുള്ളിലൂടെയും ചെറുതായി വായു കൈമാറ്റം ചെയ്യാന്‍ കഴിവുള്ളവരാണ്. അതിനാല്‍ അവര്‍ക്ക് ഏറെ നേരം ജലത്തില്‍ മുങ്ങി നില്‍ക്കാന്‍ കഴിയും. നമ്മള്‍ ശ്വസിക്കുമ്പോള്‍ ശ്വാസകോശത്തെ വീര്‍ക്കാനും ചുരുങ്ങാനും സഹായിക്കുന്നത് ഉരസും ഉദരവും വേര്‍തിരിക്കുന്ന ഡയഫ്രം ആണല്ലോ. വളരെ ഉറപ്പുള്ള, വികസിക്കാന്‍ പറ്റാത്തവിധമുള്ള അസ്ഥിത്തോട് പുറമെയുള്ളതിനാല്‍ ആമയുടെ ശ്വസനത്തിനും വ്യത്യാസം ഉണ്ട്. ഉദരപേശികള്‍ ആണ് ചുരുങ്ങിയും നിവര്‍ന്നും ശ്വസനത്തിന് സഹായിക്കുന്നത്. ശീത രക്ത ജീവികള്‍ ആയ ഇവര്‍ക്ക് ശരീര താപം നിയന്ത്രിക്കാനും ഉപാപചയപ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കാനും ഇടയ്ക്ക് വെയില്‍ കാഞ്ഞ് ചൂടാവണം

പുഴക്കരകളിലും മരക്കമ്പുകളിലും കുളക്കടവുകളിലെ കല്ലിലും ഇവ വന്ന് നില്‍ക്കുന്നത് അതിനാണ്. ധാരാളം പരാദങ്ങള്‍ ഇവയുടെ പുറത്തും അകത്തും ജീവിക്കുന്നുണ്ടാകും. നിരവധി ഫംഗസുകളും ദേഹത്ത് ഉണ്ടാവും. ഇവയുടെ വളര്‍ച്ച കുറക്കാനും അട്ടകളേപ്പോലുള്ളവയെ ഒഴിവാക്കാനും ഈ വെയില്‍ കൊള്ളല്‍ ആവശ്യമാണ്. അതിനാല്‍ തന്നെ വെയില്‍ എത്താത്തതും പടവുകള്‍ ഇല്ലാത്തതുമായ ആഴക്കിണറുകളില്‍ ജീവിക്കുന്ന ആമകളുടെ ജീവിതം അത്ര സുഖകരമല്ല. അവയെ കുളത്തിലേക്ക് മാറ്റുന്നതാണ് നല്ലത്.

ആമകളുടെ കാലുകള്‍ നോക്കുന്നതാണ് ഇവ ഏതു വിഭാഗം ആണെന്ന് തിരിച്ചറിയാന്‍ എറ്റവും എളുപ്പം. കരയാമകളുടെ കാലുകള്‍ ആനകളുടെ കാലുപോലെ ആണുണ്ടാകുക. എന്നാല്‍ ശുദ്ധജലത്തില്‍ കഴിയുന്നവയുടെ കാലുകളില്‍ പലതിന്റെയും വിരലുകള്‍ തമ്മില്‍ പാടകള്‍ കൊണ്ട് ബന്ധിപ്പിച്ച് തുഴയാന്‍ സഹായിക്കും വിധമാണുണ്ടാകുക. എന്നാല്‍ കടലാമകള്‍ക്ക് പൂര്‍ണമായും തുഴകള്‍ പോലെ പരിണമിച്ചവയാണ് കാലുകള്‍. പലപ്പോഴും പെണ്ണാമകള്‍ക്ക് ആണിന്റെ ഇരട്ടി വലിപ്പം വരെ ഉണ്ടാകും. മുട്ടയിടാനുള്ള സൗകര്യത്തിനായും ഇണചേരാനുള്ള സൗകര്യത്തിനും വാലിന്റെ ആകൃതിയിലും താഴ്ത്തിയോ ഉയര്‍ത്തിയോ പിടിക്കുക എന്നതിലും ആണിലും പെണ്ണിലും ചില വ്യത്യാസങ്ങള്‍ കാണും.

ജിറാഫിനും മനുഷ്യര്‍ക്കും കഴുത്തില്‍ ഏഴ് കശേരുക്കള്‍ മാത്രം എന്നതുപോലെ എത്ര നീളമുള്ള കഴുത്തുള്ള ആമയ്ക്കും കഴുത്തില്‍ എട്ട് കശേരുക്കള്‍ മാത്രമാണുള്ളത്. .

ആമകള്‍ സസ്യഭുക്കുകള്‍ ആണ്. എങ്കിലും ചിലയിനങ്ങള്‍ മിശ്ര ഭുക്കുകളാണ്. വിരകളേയും ഷട്പദങ്ങളേയും അഴുകിയ ശവശരീരങ്ങളേയും മറ്റുള്ളവരുടെ വിസര്‍ജ്ജ്യങ്ങളേയും ഒക്കെ ഭക്ഷിക്കും. ടര്‍ട്ടിലുകള്‍ പലതും സസ്യങ്ങള്‍ കൂടാതെ ചെറു ജീവികളെയും ചിലപ്പോള്‍ ഭക്ഷിക്കാറുണ്ട്. ഉപാപചയപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച് കഴിയാനാകുന്നതിനാല്‍ ഭക്ഷണം ഇല്ലാതെയും ഏറെ നാള്‍ ജീവിക്കാനാകും. കടലാമകള്‍ ഉപ്പ് വെള്ളം കുടിച്ചും ലവണാംശമുള്ള സസ്യങ്ങള്‍ തിന്നും ഉള്ളില്‍ അധികരിക്കുന്ന ഉപ്പ് കണ്ണിനോട് ചേര്‍ന്നുള്ള പ്രത്യേകതരം ലവണ ഗ്രന്ഥികള്‍ ഉപയോഗിച്ചാണ് പുറത്ത് കളയുന്നത്

എല്ലാ തരം ആമകളും കരയില്‍ മണ്ണിലോ മണലിലോ കുഴി കുഴിച്ച് അതിലാണ് മുട്ടയിടുക. കടലാമകളില്‍ പെണ്ണ് മാത്രമാണ് അതിനാല്‍ കരയില്‍ കയറുക. കരയാമകള്‍ ഉറച്ച മണ്ണ് കുഴിക്കാനുള്ള സൗകര്യത്തിന് മൂത്രമൊഴിച്ച് നനക്കാറുണ്ട്. പാമ്പുകളുടെ മുട്ട പോലെ മൃദുവല്ല ഇവരുടെ മുട്ടയുടെ തോട് . പക്ഷി മുട്ടകള്‍ പോലെ ഉറപ്പുള്ളതാണ്. പുറം തോടുറപ്പുള്ള ആമകള്‍ ഇടുന്ന മുട്ടകള്‍ അത്പം നീണ്ട് ഉരുണ്ട് ആണ് ഉണ്ടാകുകയെങ്കിലും മൃദുകവചക്കാരുടെ മുട്ടകള്‍ ഗോളാകൃതിയിലാണ് ഉണ്ടാകുക.

പല സ്പീഷിസുകള്‍ക്കും മുട്ട വിരിയാനുള്ള സമയം വ്യത്യസ്തമാണ് . 30 - 40 ദിവസം മുതല്‍ മാസങ്ങള്‍ എടുക്കുന്നവയും ഉണ്ട്. കൂട്ടമായി ഏറെ എണ്ണം മുട്ടകള്‍ ഒന്നിച്ച് ഒരു കുഴിയില്‍ ഇടും. ആര്‍ക്കും തിരിച്ചറിയാനാവാത്ത വിധം മണ്ണിട്ട് മൂടും. കൂടിലെ ചൂടിന് അനുസരിച്ചാണ് കുഞ്ഞുങ്ങള്‍ ആണാണോ പെണ്ണാണോ എന്ന കാര്യം തീരുമാനിക്കുന്നത്

പുതിയ പഠനങ്ങള്‍ കൂട്ടിലെ ചൂട് മാത്രമല്ല ചില ജനിത ഘടകങ്ങളും കുഞ്ഞുങ്ങളുടെ ലിംഗം തീരുമാനിക്കുന്നതില്‍ പ്രസക്തമാണെന്ന് സൂചനകള്‍ നല്‍കുന്നുണ്ട്. എങ്കിലും ഈ കാര്യത്തില്‍ കൂടുതല്‍ ഗവേഷണങ്ങള്‍ നടക്കേണ്ടിയിരിക്കുന്നു. മണ്‍സൂണിന് തൊട്ട് മുമ്പ് പുഴക്കരയില്‍ ഇട്ട് വെച്ച മുട്ടകള്‍ വെള്ളം പൊങ്ങിയാല്‍ പിന്നെ വിരിയാതെ വെള്ളം ഇറങ്ങും വരെ കാത്ത് നില്‍ക്കുന്നതും നിരീക്ഷിച്ചിട്ടുണ്ട്

ഏറ്റവും പെട്ടന്ന് സുരക്ഷിത സ്ഥലത്തേക്ക് മാറാനുള്ള കഴിവുണ്ട് എങ്കിലും നിരവധിയെണ്ണം ഇരപിടിയന്മാരുടെ വായിലാകും. കടലാമകള്‍ മുട്ടയിടാനായി പ്രത്യേക സുരക്ഷിത തീരങ്ങളിലേക്ക് ദീര്‍ഘയാത്രകള്‍ നടത്താറുണ്ട്. നീലേശ്വരത്തെ നെയ്തലും കൊളാവിക്കടപ്പുറത്തെ തീരവും പോലുള്ള ആമ സംരക്ഷണ സംഘങ്ങള്‍ മുട്ടകള്‍ സംരക്ഷിക്കുകയും വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ വെള്ളത്തില്‍ എത്താന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്.

പല വലിപ്പമുള്ള കരയാമകള്‍ ഉണ്ട്. ഗാലപ്പഗോസ് ഭീമന്‍ ആമകള്‍ക്ക് നൂറുകിലോ ഭാരവും നാലടിയോളം നീളവുമുള്ളപ്പോള്‍ ഏഴു സെന്റീമീറ്ററില്‍ താഴെ മാത്രം നീളമുള്ള Chersobius signatus പോലുള്ള speckled Cape tortoise ആമകളും ഉണ്ട്. Aldabra giant tortoise (Aldabrachelys gigantea) വിഭാഗത്തിലെ അദ്വൈത എന്ന ആമ കൊല്‍ക്കത്തയിലെ ആലിപ്പൂര്‍ മൃഗശാലയില്‍ 2006 ല്‍ മരിക്കുമ്പോള്‍ 255 വയസായിരുന്നു എന്നാണ് അവകാശപ്പെടുന്നത്. ഒരുവിധം എല്ലാ കരയാമകളും നീണ്ട ആയുസ് ഉള്ളവരാണ്

ആമകളുടെ തലച്ചോര്‍ വളരെ ചെറുതാണ്. മദ്ധ്യ-ദക്ഷിണ അമേരിക്കയിലെ ചെങ്കാലന്‍ ആമകളില്‍ തലച്ചോറിലെ ഹിപ്പോകാമ്പസ് ഭാഗം ഒട്ടും തന്നെ ഇല്ല. നമ്മള്‍ , മനുഷ്യരുടെ വികാരങ്ങള്‍, ഓര്‍മ്മ, പഠനം തുടങ്ങിയവയെ ഒക്കെ നിലനിര്‍ത്തുന്നത് ഈ ഭാഗമാണ്. എക്‌സിപിരിമെന്റല്‍ ബയോളജിയുടെ സ്ഥാപകനായി വാഴ്തപ്പെടുന്ന ഇറ്റാലിയന്‍ ഫിസിഷ്യനും നാച്വറലിസ്റ്റുമായ ഫ്രാന്‍സിസ്‌കോ റിഡി പതിനേഴാം നൂറ്റാണ്ടില്‍ കരയാമയുടെ തലച്ചോര്‍ നീക്കം ചെയ്തുള്ള പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. ഒരു ആമ തലച്ചോര്‍ ഇല്ലാതെ ആറുമാസം ജീവിക്കുകയും ചെയ്തു. ഒരു ആമയുടെ തല പൂര്‍ണ്ണമായും മുറിച്ച് മാറ്റിയിട്ടും അത് 23 ദിവസം ജീവിച്ചതായി രേഖപ്പെടുത്തീട്ടുണ്ട്. 'കൂര്‍മബുദ്ധി' എന്ന പ്രയോഗത്തില്‍ ആമയുടെ സ്ഥിതബുദ്ധിയാണ് ഉദ്ദേശിക്കുന്നത് എന്ന് വാദിക്കുന്നവരുണ്ട്. വെള്ളത്തിലും കരയിലും ജീവിക്കാനുള്ള അതി ബുദ്ധി എന്ന്. എന്നാല്‍ കൂര്‍മ്മത,കൂര്‍മ്മ അല്ലെങ്കില്‍ കൂര്‍ത്ത , വളരെ സൂക്ഷ്മമായ ബുദ്ധി ഉപയോഗിക്കുന്നതിനെയാണ് ഉദ്ദേശിക്കുന്നതെന്നും അതും കൂര്‍മവും ആയി ഒരു ബന്ധവും ഇല്ലെന്നും ആണ് ഭാഷാപണ്ഡിതര്‍ പറയുന്നത്

കാട്ടാമ( Indotestudo travancorica - Travancore tortoise ),ഇന്ത്യന്‍ നക്ഷത്ര ആമ ( Geochelone elegans - Indian star tortoise ) എന്നിവയാണ് കേരളത്തില്‍ കാണുന്ന ടൊര്‍ട്ടോയിസുകള്‍.
കാരാമ (Melanochelys trijuga -Indian black turtle ) ആണ് നമ്മള്‍ വളരെ സാധാരണമായി കാണുന്ന ടര്‍ട്ടില്‍. വളരെ അപൂര്‍വ്വമായ ആമയാണ് കണ്ണിനു ചുറ്റും ചുവപ്പ് നിറമുള്ള ചൂരലാമ - Vijayachelys silvatica -Cochin forest cane turtle എന്നാണ് അതിന് പേര്. കൂടാതെ വെള്ളാമ (Lissemys punctata -Indian flapshell turtle ) ഭീമനാമ( Pelochelys cantorii - Cantor's giant softshell turtle) ചിത്രയാമ ( Chitra indica -Indian narrow-headed softshell turtle ) ലെയ്ത്തിന്റെ ആമ(Nilssonia leithii - Leith's softshell turtle) എന്നീ ആമകളും കേരളത്തില്‍ ഉണ്ട് . ലോകത്തെ എഴിനം കടലാമകളില്‍ അഞ്ചിനങ്ങള്‍ ഇന്ത്യന്‍ തീരപ്രദേശങ്ങളില്‍ കാണപ്പെടുന്നുണ്ട്. ഏറ്റവും ചെറിയ കടലാമയായ ഒലീവ് റിഡ്ലി കടലാമ (Lepidochelys olivacea - olive ridley sea turtle ) ,പച്ചക്കടലാമ (Chelonia mydas -green sea turtle), ചുണ്ടന്‍ കടലാമ (Eretmochelys imbricata - hawksbill sea turtle ) ,കോലാമ അല്ലെങ്കില്‍ തോല്‍പ്പുറകന്‍ കടലാമ ( Dermochelys coriacea - leatherback sea turtle), ലോഗ്ഗര്‍ഹെഡ് (Loggerhead ) എന്നിവയാണ് നമ്മുടെ കടലില്‍ കാണുന്നവ.

ഔഷധഗുണമുണ്ടെന്ന അന്ധവിശ്വാസം മൂലം ആമകളെ മാംസത്തിനായി ആളുകള്‍ കൊന്നു തിന്നിരുന്നത് ഇവയുടെ നിലനില്‍പ്പിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. കൂടാതെ പെറ്റ് മാര്‍ക്കറ്റിനു വേണ്ടി വലിയതോതില്‍ കള്ളക്കടത്ത് നടത്തുന്നതും വലിയ ഭീഷണി ആണ്.

Credit: വിജയകുമാർ ബ്ലാത്തൂർ

ഓൺലൈൻ ആയി കാശ് ഉണ്ടാക്കാം. Mobile/Pc✅ 100%Genuine

Earn Free Paytm cash with Rakuten Insights✅

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 in WhatsApp