💀അജ്ഞാത ലോകം 💀
January 2

സഞ്ചാരി തിമിംഗിലം; പിന്നിട്ടത് 13,000 കിലോമീറ്റര്‍

ഭൂമിയില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ദേശാടനം നടത്തുന്ന സമുദ്ര സസ്തനികളാണ് തിമിംഗിലങ്ങള്‍. മാസങ്ങളോളം, കിലോമീറ്റര്‍ കണക്കിന് ദൂരം ഇവയ്ക്ക് സഞ്ചരിക്കാന്‍ സാധിക്കും. ഭക്ഷണം തേടിയോ ഇണയെ തേടിയോ ആകാം ഇത്തരം യാത്രകള്‍. കാലാവസ്ഥാ മാറ്റങ്ങളും തിമിംഗിലങ്ങളുടെ യാത്രയെ സ്വാധീനിക്കാറുണ്ട്. നീലത്തിമിംഗിലം, സ്‌പേം വെയില്‍, ഗ്രേ വെയില്‍ എന്നിവയെല്ലാം ദേശാടനം നടത്തുന്ന തിമിംഗില സ്പീഷിസുകളില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ഹംപ്ബാക്ക് തിമിംഗിലം. സമുദ്ര സസ്തനികളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ ദേശാടനം നടത്തി പുതിയ റെക്കോഡിട്ടവരാണവർ.

തിമിംഗിലങ്ങളില്‍ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ദേശാടനം നടത്തുന്ന വിഭാഗക്കാരാണ് ഹംപ്ബാക്ക് തിമിംഗിലങ്ങള്‍. ഹംപ്ബാക്ക് തിമിംഗിലങ്ങളില്‍ ചിലത് 8,000 കിലോമീറ്റര്‍ (5,000 മൈല്‍) സഞ്ചരിച്ചതായി രേഖകളുണ്ടെന്ന് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫറിക് അഡ്മിനിസ്‌ട്രേഷന്‍ (എന്‍ഒഎഎ) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഏറ്റവും ദൈര്‍ഘ്യമേറിയ ദേശാടനം നടത്തി പുതിയ റെക്കോഡിട്ട ഹംപ്ബാക്ക് തിമിംഗിലം സഞ്ചരിച്ചത് 13,046 കിലോമീറ്റര്‍ (8,106 മൈല്‍) ദൂരമാണ്. തെക്കേ അമേരിക്കയില്‍ നിന്ന് ആഫ്രിക്കന്‍ തീരത്തേക്കായിരുന്നു ഹംപ്ബാക്ക് തിമിംഗിലത്തിന്റെ സഞ്ചാരം. ഒറ്റയ്‌ക്കൊരു ഹംപ്ബാക്ക് തിമിംഗിലം ഇത്രയേറെ ദൂരം പിന്നിടുന്നതും ഇതാദ്യമാണ്. സഞ്ചരിച്ച ദൂരം കൊണ്ട് മാത്രമല്ല, സഞ്ചാരപാതയിലുമുണ്ട് വ്യത്യസ്തത. പസഫിക് സമുദ്രത്തില്‍ നിന്ന് ആരംഭിച്ച ആ യാത്ര അവസാനിപ്പിച്ചത് ഇന്ത്യന്‍ മഹാസമുദ്രത്തിലാണ്. ആദ്യമായാണ് ഒരു ഹംപ്ബാക്ക് തിമിംഗിലം പസഫിക് സമുദ്രത്തില്‍ നിന്ന് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് യാത്ര ചെയ്യുന്നത്.

2013-ല്‍ കൊളംബിയന്‍ തീരത്താണ് ഈ സഞ്ചാരി തിമിംഗിലത്തെ ആദ്യമായി കണ്ടെത്തുന്നത്. ഏതാനും ഗവേഷകര്‍ സഞ്ചരിച്ച കപ്പലില്‍ നിന്നാണ് ഈ തിമിംഗിലത്തിന്റെ ചിത്രം പകര്‍ത്തുന്നത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ നടത്തിയ പരിശോധനയിലും ഈ തീരപ്രദേശത്തിന് സമീപത്തായി തിമിംഗിലത്തെ കണ്ടെത്തി. 2017-വരെയും പ്രദേശത്ത് തന്നെ നിലയുറപ്പിക്കുകയായിരുന്നു ഈ തിമിംഗിലം. എന്നാല്‍ 2022-ല്‍ ആഫ്രിക്കയുടെ കിഴക്കന്‍ തീരത്തെ സാന്‍സിബാറിലാണ് ഇതിനെ വീണ്ടും കണ്ടത്. തുടര്‍പരിശോധനയില്‍ തിമിംഗിലം 13,046 കിലോമീറ്റര്‍ സഞ്ചരിച്ചതായി കണ്ടെത്തുകയായിരുന്നു. തിമിംഗിലം സഞ്ചരിക്കാന്‍ സാധ്യതയുള്ള പാതയുടെ ഏറ്റവും കുറവ് ദൂരം കണക്കാക്കിയാണ് 13,046 കിലോമീറ്റര്‍ എന്ന നിഗമനത്തിലേക്ക് ഗവേഷകരെത്തിയത്. സാധാരണയായി ദേശാടനത്തിന്റെ ഭാഗമായി ഹംപ്ബാക്ക് തിമിംഗിലങ്ങള്‍ ഒരുവശത്തേക്ക് 8,000 കിലോമീറ്റര്‍ (4,971 മൈല്‍) സഞ്ചരിക്കാറുണ്ട്. എന്നാല്‍ ആഫ്രിക്കന്‍ തീരത്തെത്തിയ തിമിംഗിലം ഇതിലേറെ ദൂരം സഞ്ചരിച്ചുകഴിഞ്ഞു.

ഹംപ്ബാക്ക് തിമിംഗിലത്തിന്റെ ദേശാടനം ശ്രദ്ധേയമാകുന്നത് മറ്റ് ചില കാരണങ്ങള്‍ കൊണ്ട് കൂടിയാണ്. സാധാരണയായി ഹംപ്ബാക്ക് തിമിംഗിലങ്ങള്‍ എല്ലാക്കൊല്ലവും അവയുടെ ബ്രീഡിങ് മേഖലകളിലേക്ക് മടങ്ങിപ്പോകാറുണ്ട്. എന്നാല്‍ ഈ ഹംപ്ബാക്ക് തിമിംഗിലം രണ്ട് വ്യത്യസ്ത സമുദ്രങ്ങളിലെ വ്യത്യസ്ത ബ്രീഡിങ് മേഖലകള്‍ പിന്നിട്ടാണ് യാത്ര ചെയ്തത്. മറൈന്‍ ബയോളജിസ്റ്റായ ടെഡ് ചീസ്മാന്‍ സഹസ്ഥാപകനായ 'ഹാപ്പി വെയില്‍ ഡോട്ട്‌കോം' ഈ ഹംപ്ബാക്ക് തിമിംഗിലത്തിന്റെ സമുദ്രങ്ങള്‍ താണ്ടിയുള്ള സഞ്ചാരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. സഞ്ചാരി തിമിംഗിലത്തെ പറ്റിയുള്ള പഠന റിപ്പോര്‍ട്ടിന്റെ സഹരചയിതാവ് കൂടിയാണ് ടെഡ് ചീസ്മാന്‍. നിരവധി ഹംപ്ബാക്ക് തിമിംഗിലങ്ങളില്‍ നിന്ന് സഞ്ചാരി ഹംപ്ബാക്ക് തിമിംഗിലത്തെ ഗവേഷകര്‍ തിരിച്ചറിഞ്ഞത് വാലിന്റെ സവിശേഷതകള്‍ കൊണ്ടാണ്.

മനുഷ്യരുടെ വിരലടയാളം പോലെയാണ് തിമിംഗിലത്തിന്റെ വാലിന്റെ അടിഭാഗം. ഓരോന്നും വ്യത്യസ്തമായിരിക്കും. പാറ്റേണിലും നിറത്തിലും മറ്റും വ്യത്യാസങ്ങളുണ്ടാകും. ഇതനുസരിച്ച് ഓരോ തിമിംഗിലത്തെയും തിരിച്ചറിയാന്‍ സാധിക്കും. ഹാപ്പി വെയില്‍ ഡോട്ട്‌കോമില്‍ ലക്ഷക്കണക്കിന് തിമിംഗില വാലുകളുടെ ചിത്രങ്ങളുണ്ട്. ഗവേഷകരും പൊതുജനങ്ങളും ചേര്‍ന്ന് പകര്‍ത്തുന്ന തിമിംഗിലങ്ങളുടെ ചിത്രങ്ങളാണ് ഇതില്‍ അപ്​ലോഡ് ചെയ്യുക. തുടര്‍ന്ന് വാലറ്റത്തിന്റെ സവിശേഷതകള്‍ മനസിലാക്കി നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഓരോ തിമിംഗിലത്തെയും തിരിച്ചറിയാന്‍ സാധിക്കും. 1970-കളിലാണ് വാലിന്റെ സവിശേഷതകള്‍ മനസിലാക്കി തിമിംഗിലത്തെ തിരിച്ചറിയുന്ന സംവിധാനം നിലവില്‍വരുന്നത്. സഞ്ചാരിയായ ഹംപ്ബാക്ക് തിമിംഗിലത്തെയും തിരിച്ചറിഞ്ഞത് ഇങ്ങനെയാണ്. ആദ്യം നിര്‍മിത ബുദ്ധി അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തങ്ങളുടെ സിസ്റ്റത്തിന് തെറ്റ് പറ്റിയതാണെന്നാണ് ചീസ്മാന്‍ കരുതിയിരുന്നത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കണ്ടെത്തല്‍ ശരിയാണെന്ന സ്ഥിരീകരിക്കുകയായിരുന്നു. തിമിംഗിലത്തെ തിരിച്ചറിയാനും റോയല്‍ സൊസൈറ്റി ഓപ്പണ്‍ സയന്‍സില്‍ പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാനും ഗവേഷകരെ സഹായിച്ചത് ഹാപ്പി വെയില്‍ എന്ന സ്ഥാപനമാണ്. തിമിംഗിലങ്ങളുടെ ആയിരക്കണക്കിന് ചിത്രങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതില്‍ പൊതുജനങ്ങളും ഗവേഷകരും പകര്‍ത്തിയ ചിത്രങ്ങളും ഉള്‍പ്പെടുന്നു. കാലാവസ്ഥാ മാറ്റം അടക്കമുളള കാരണങ്ങള്‍ ഹംപ്ബാക്ക് തിമിംഗിലങ്ങള്‍ ഇത്രയേറെ ദൂരം യാത്ര ചെയ്തതിന് പിന്നിലുണ്ടെന്നാണ് വിലയിരുത്തല്‍.

കാലാവസ്ഥാ മാറ്റം ലോകത്ത് എല്ലാ ജീവജാലങ്ങളെയും ബാധിച്ചിട്ടുണ്ട്. പതിവിലും വിപരീതമായ ദൂരം യാത്ര ചെയ്ത സഞ്ചാരി തിമിംഗിലത്തിന്റെ സാഹചര്യത്തിലും കാലാവസ്ഥാ വ്യതിയാനമാണ് ഗവേഷകര്‍ ഉയര്‍ത്തിക്കാട്ടുന്നത്. പല കാരണങ്ങള്‍ കൊണ്ടും ഗവേഷകര്‍ ഇതിനെ ശരിവെയ്ക്കുന്നുമുണ്ട്. തിമിംഗിലങ്ങളില്‍ പലതും ദേശാടനത്തിനായി ദൂരങ്ങള്‍ താണ്ടാറുണ്ടെങ്കിലും മൂന്ന് സമുദ്രങ്ങള്‍ താണ്ടിയായിരുന്നു ആണ്‍ ഹംപ്ബാക്ക് തിമിംഗിലത്തിന്റെ യാത്ര. ഈ സഞ്ചാരി തിമിംഗിലത്തെ 2022-ല്‍ കണ്ടെത്തുമ്പോള്‍ 15 വയസ്സ് പ്രായമെത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആണ്‍ ഹംപ്ബാക്ക് തിമിംഗിലങ്ങള്‍ ആറുവയസ്സ് എത്തുമ്പോഴാണ് പ്രായപൂര്‍ത്തിയായതായി കണക്കാക്കുക. ഇണയെ തേടിയും തിമിംഗിലങ്ങള്‍ യാത്ര ചെയ്യാറുണ്ട്. അതിനാല്‍ തന്നെ ആഫ്രിക്കന്‍ തീരത്തെത്തിയ ഈ തിമിംഗിലം ഇണയെ തേടിയാണോ എത്തിയതെന്ന സംശയവുമുണ്ട്. ഇണയെ തേടിയും ഭക്ഷണം തേടിയും ആണ്‍ ഹംപ്ബാക്ക് തിമിംഗിലങ്ങള്‍ പൊതുവില്‍ യാത്ര ചെയ്യാറുണ്ട്. ക്രില്‍ തിമിംഗിലങ്ങളുടെ ഇഷ്ട ഭക്ഷണങ്ങളിലൊന്നാണ്. എന്നാല്‍ കാലാവസ്ഥാ മാറ്റം മൂലം ക്രില്ലുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. ഇത് തിമിംഗിലങ്ങള്‍ക്ക് ഭക്ഷ്യദൗര്‍ലഭ്യത്തിന് കാരണമാകുന്നു. തുടര്‍ന്ന് അതിജീവനത്തിനായി ഭക്ഷണമുള്ള ഇടങ്ങള്‍ തേടി ഇവ യാത്ര പുറപ്പെടാറുണ്ട്. ഭക്ഷണത്തിനോ ഇണകള്‍ക്കായോ മറ്റ് ആണ്‍തിമിംഗിലങ്ങളുമായി മത്സരത്തിലേര്‍പ്പെടുകയും തുടര്‍ന്ന് ദേശാടനം നടത്തുകയും ചെയ്യാറുണ്ട് തിമിംഗിലങ്ങള്‍. മൂന്ന് സമുദ്രങ്ങളും രണ്ട് ബ്രീഡിങ് കേന്ദ്രങ്ങളും കടന്ന് സഞ്ചാരി തിമിംഗിലം യാത്ര തുടരുന്നതിനാല്‍ ഇവ പുതിയ ബ്രീഡിങ് കേന്ദ്രങ്ങള്‍ തേടിയാണോ യാത്ര തിരിച്ചതെന്നും ഗവേഷകര്‍ സംശയിക്കുന്നുണ്ട്.

സമുദ്രങ്ങള്‍ താണ്ടിയുള്ള ഈ യാത്ര എന്തായാലും ഗവേഷകരെ കൗതുകത്തിലാക്കിയിരിക്കുകയാണ്. ഹംപ്ബാക്ക് തിമിംഗിലങ്ങളുടെ സംരക്ഷണത്തിന്റെ ആവശ്യകതയിലേയ്ക്ക് വെളിച്ചം വീശുന്നതാണ് പുതിയ കണ്ടെത്തല്‍ എന്നും ഗവേഷകര്‍ അവകാശപ്പെടുന്നു. പസഫിക് സമുദ്രത്തിലേതില്‍ നിന്ന് വ്യത്യസ്തമായ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് എത്തുമ്പോഴുണ്ടാകുന്ന മാറ്റങ്ങളെ തിമിംഗിലം എങ്ങനെയാണ് അതിജീവിക്കുകയെന്ന നോക്കിക്കാണുകയാണ് ഗവേഷകര്‍. ഹംപ്ബാക്ക് തിമിംഗിലങ്ങളുടെ പരിണാമപരമായ പ്രത്യേകതയാകാം ഇതിന് സഹായകരമാകുന്നതെന്നാണ് ഗവേഷകരുടെ അനുമാനം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ തിമിംഗിലങ്ങള്‍, പസഫിക്കില്‍നിന്നെത്തിയ ഈ കഥാ നായകനെ എങ്ങനെ ഉള്‍ക്കൊള്ളുമെന്നും കണ്ടറിയണം.

ലോകത്ത് എല്ലാ സമുദ്രങ്ങളിലും ഹംപ്ബാക്ക് തിമിംഗിലങ്ങളുണ്ട്. 12 മുതല്‍ 16 വരെ മീറ്റര്‍ നീളത്തിലാണ് ഹംപ്ബാക്ക് തിമിംഗിലങ്ങള്‍ കാണപ്പെടുക. ശരീരത്തിന് മുകള്‍ ഭാഗം കറുപ്പും താഴ്ന്ന ഭാഗം വെള്ള നിറവുമാണ്. ക്രില്ലുകളും ചെറിയ മീനുകളുമാണ് പ്രധാന ആഹാരം. 20-ാം നൂറ്റാണ്ടിലെ വേട്ടയാടല്‍ മൂലം ഇവയുടെ എണ്ണം ക്രമാതീതമായി കുറഞ്ഞിരുന്നു. വാണിജ്യപരമായ വേട്ടയാടല്‍ നിരോധിച്ച ശേഷം ഇവയുടെ എണ്ണത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി.

Credit: സരിന്‍.എസ്.രാജന്‍

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram