💀അജ്ഞാത ലോകം 💀
August 5

ഡ്രാക്കുള

ലോകമെമ്പാടുമുള്ള മനുഷ്യരെ മുഴുവൻ ഭയപ്പാടിന്റെ കുന്തമുനയിൽ നിർത്തുകയും വായിച്ചവരും അതിനെക്കുറിച്ച് കേട്ടറിയുക മാത്രം ചെയ്തവരും ഒരുപോലെ പേടിച്ച് വിറക്കുകയും ചെയ്ത നോവലാണ് ഡ്രാക്കുള. മനുഷ്യമനസ്സിലെ ഭയമെന്ന വികാരത്തെ അസാധാരണമായ വശ്യതയും ചാരുതയും നൽകി ആവിഷ്‌കരിക്കുന്നു എന്നതാണ് ഇതിന്റെ പ്രധാന പ്രത്യകതയും വിജയരഹസ്യവും.

ഐറിഷ് എഴുത്തുകാരൻ ബ്രാം സ്റ്റോക്കർ (1827-1912) ആണ് ഇതിന്റെ രചയിതാവ്.

അപസർപ്പക കഥകളുടെ ആചാര്യനായി ഷെർലക് ഹോംസിന്റെ സ്രഷ്ടാവ് സർ ആർതർ കോനൽ ഡോയലും ശാസ്ത്ര നോവലുകളുടെ തലതൊട്ടപ്പനായി എച്ച്. ജി വെൽസും സാഹസിക കഥകളിലൂടെ റുഡ്യാർഡ് കിപ്ലിങും വായനക്കാരെ വശീകരിക്കുന്ന അന്നത്തെകാലത്ത് ബ്രാം സ്റ്റോക്കർ എഴുതിയിരുന്ന ഭാവനാശക്തിയും പ്രണയവും ഉൾകൊള്ളുന്ന ആദ്യകാല കൃതികൾ ആരും ശ്രദ്ധിച്ചിരുന്നില്ല.

വായനക്കാരിലേക്ക് വ്യത്യസ്തമായ അനുഭവം നൽകാനുള്ള അന്വേഷണത്തിനിടയിലാണ് അർമീനിയസ് വാംബെറി എന്ന ബുഡാപെസ്റ്റ്ക്കാരൻ പ്രൊഫസറിൽനിന്ന് ആദ്യമായി ഡ്രാക്കുളയെക്കുറിച്ചറിയുന്നത്.

ഇന്നത്തെ റുമാനിയയിൽ ഉൾപ്പെടുന്ന ട്രാൻസിൻവാനിയയിലെ കാർപാത്യൻ മലനിരകളിലെ വലായിയ പ്രദേശത്തിലെ രാജാവായിരുന്നു വ്ലാദ് തെപിസ് (1421-1476). അയാൾക്ക് ഡ്രാക്കുള എന്ന അപരനാമമുണ്ട്. ചെകുത്താന്റെ പുത്രൻ എന്നാണ് അതിന്റെ അർത്ഥം. ആറുവർഷംമാത്രം ഭരിച്ചിരുന്ന അയാളുടെ ക്രൂരതകൾ ലോകമൊട്ടുക്കും പ്രചരിച്ചിരുന്നു. തെപിസിന്റെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദം കുറ്റവാളികൾ എന്നു തോന്നുന്നവരെ മരപലകയിൽ ആണിയടിച്ചുവയ്ക്കുന്നതായിരുന്നു. രക്തദാഹിയായ പ്രേതങ്ങളും വിചിത്ര സംഭവങ്ങളും ഇയാളിൽ ചേർത്ത് പ്രചരണവും നടന്നു. ഇതൊരു സാങ്കല്പിക സൃഷ്ടിയാണെന്ന അഭിപ്രായവുമുണ്ട്. എന്നാൽ ഈ സംഭവം ബ്രാം സ്റ്റോക്കർക്ക് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് ട്രാൻസിൽവാനിയ അഥവ റുമേനിയ ഒരിക്കലും സന്ദർശിച്ചിട്ടില്ലാത്ത ബ്രാം ആ പ്രദേശം കഥയ്ക്ക് പശ്ചാത്തലമാക്കിയത്. കൂടാതെ, 1887 ൽ ലണ്ടനിൽ ചില അസാധാരണ സംഭവങ്ങൾ നടന്നിരുന്നതായി പറയപ്പെടുന്നു. ക്ലർക്ക് എന്നയാൾ ഒരു പ്രത്യേക രക്തമിശ്രിതം പുറത്തിറക്കിയതായുള്ള പരസ്യം ടൈംസ് പത്രത്തിൽ വന്നിരുന്നു. രക്തം കുടിക്കുന്ന ഒരാളെക്കുറിച്ച് മാധ്യമങ്ങളിലും മറ്റും പ്രചരിച്ചിരുന്നു. ഈ സംഭവങ്ങളെല്ലാം അദ്ദേഹത്തിന് പ്രചോദനമായി. അതോടൊപ്പം, ജെയിംസ് റൈമറും തോമസ് പ്രസ്റ്റും എഴുതിയ 'വാർണി ദ വാംപയർ ഓർ ദ ഫീസ്റ്റ് ഓഫ് ബ്ലഡ്' മേരി ഷെല്ലിയുടെ 'ഫ്രാങ്കൻസ്റ്റിൻ' തുടങ്ങിയ കൃതികളും അദ്ദേഹത്തെ സ്വാധീനിച്ചിരുന്നു. ഇതെല്ലാം കൂട്ടിച്ചേർത്താണ് ഡ്രാക്കുള'യ്ക്ക് രൂപം കൊടുത്തത്. ഇതിനുവേണ്ടി യൂറോപ്പിലെ മിക്ക രാജ്യങ്ങളിലേയും നാടോടിക്കഥകളും അന്ധവിശ്വാസങ്ങളും പ്രേതകഥകളും ചരിത്രവും അദ്ദേഹം വായിക്കുകയും പഠിക്കുകയും ചെയ്തു.

1887-ൽ ആരംഭിച്ച രചന 1897 ലാണ് പൂർത്തിയായത്.

മലയാളത്തിൽ ഡ്രാക്കുളയുടെ ആദ്യ പരിഭാഷ നൽകിയത് 'രക്തരക്ഷസ്സ്' എന്ന പേരിൽ കവിയും അദ്ധ്യാപകനുമായ കെ.വി. രാമകൃഷ്ണനാണ്. 1960-61-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ആ പരിഭാഷയുടെ പിന്നിലെ പ്രധാന പ്രചോദനം എം.ടി. വാസുദേവൻ നായരായിരുന്നു. പിന്നീട് പല കാലങ്ങളിലായി കോട്ടയം പുഷ്പനാഥ്, നീലകണ്ഠൻ പരമാര, എം.പി. സദാശിവൻ, ഏറ്റുമാനൂർ ശിവകുമാർ എന്നിവരും ഡ്രാക്കുളയുടെ മലയാള പരിഭാഷ നിർവഹിച്ചു.

ലണ്ടനിലെ അഭിഭാഷകനായ ജൊനാഥൻ ഹാർക്കർ റുമേനിയയിലെ ട്രാൻസിൽവാനിയയിലുള്ള കാർപാത്യൻ മലയിലെ ഒരു കോട്ടയിൽ എത്തുന്നതോടെയാണ് ഡ്രാക്കുളയുടെ കഥ തുടങ്ങുന്നത്. അത് ഡ്രാക്കുള പ്രഭു അധിവസിക്കുന്ന കോട്ടയായിരുന്നു. പ്രഭുവിന്റെ ലണ്ടനിലെ ഒരു വസ്തു ഇടപാട് ശരിയാക്കാനാണ് ജൊനാഥൻ എത്തുന്നത്. പക്ഷെ, രക്തദാഹിയായ ഡ്രാക്കുള പ്രഭു തന്ത്രപൂർവം അദ്ദേഹത്തെ കോട്ടയിൽ തടവുകാരനാക്കി. ഒരുവിധത്തിൽ അവിടുന്ന് രക്ഷപ്പെട്ട് അദ്ദേഹം ലണ്ടനിൽ തിരിച്ചെത്തി. ഏറെ താമസിയാതെ ഡ്രാക്കുളയും ലണ്ടനിലെത്തുന്നു. ജൊനാഥന്റെ കാമുകി മിനയുടെ കൂട്ടുകാരി ലൂസിയെ രക്തം കുടിച്ച് ഡ്രാക്കുള തന്റെ ഇരയാക്കി. ലൂസി പിന്നീട് കൊല്ലപ്പെട്ടു. ഡോക്ടർ സിവാർഡ്, പ്രൊഫസർ വാൻഹെൽസിങ്, ജൊനാഥൻ എന്നിവരടങ്ങിയ സംഘം ഡ്രാക്കുളയെ നശിപ്പിക്കാനുള്ള ശ്രമങ്ങളാരംഭിച്ചു. ഇതിനിടെ മിനയും ഡ്രാക്കുളയുടെ ഇരയായെങ്കിലും അവൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞു. ലണ്ടനിൽ നിൽക്കക്കള്ളിയില്ലാതായ ഡ്രാക്കുള കാർപാത്യൻ മലനിരയിലെ തന്റെ കോട്ടയിലേക്കു തന്നെ പലായനം ചെയ്തു. പിൻതുടർന്നെത്തിയ വാൻഹെൽസിങും സംഘവും അതിസാഹസികമായി ആ നരാധമനെ നശിപ്പിക്കുന്നിടത്ത് ഡ്രാക്കുളയുടെ കഥ അവസാനിക്കുന്നു.

Credit:Robert Stansilaus

✍️TGBlogR

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram