ഭൂമിയുടെ ചരിത്രത്തിലെ ഏറ്റവും നിഗൂഢവും ഭീമാകാരവുമായ ആദ്യത്തെ ജീവി
ഏകദേശം 420 ദശലക്ഷം മുതൽ 370 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് (സിലൂറിയൻ മുതൽ ഡെവോണിയൻ കാലഘട്ടം വരെ) ഭൂമിയിൽ ജീവിച്ചിരുന്ന കൂറ്റൻ ജീവിവർഗ്ഗമാണ് പ്രോട്ടോടാക്സൈറ്റസ്. ഇന്നത്തെക്കാലത്ത് കാണുന്ന മരങ്ങളോ മറ്റ് സസ്യങ്ങളോ അക്കാലത്ത് ഉണ്ടായിരുന്നില്ല. ആ സമയത്ത് കരയിൽ ജീവിച്ചിരുന്നവയിൽ വെച്ച് ഏറ്റവും വലിയ ജീവി ഈ പ്രോട്ടോടാക്സൈറ്റസ് ആയിരുന്നു.ഇതൊരു സസ്യമാണോ അതോ കൂൺ ആണോ എന്ന കാര്യത്തിൽ ശാസ്ത്രജ്ഞർക്കിടയിൽ ദീർഘകാലമായി തർക്കങ്ങൾ നിലനിന്നിരുന്നു.2001-ൽ ശാസ്ത്രജ്ഞർ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് ഇത് ഒരു കൂറ്റൻ കൂൺ വർഗ്ഗമാണെന്നാണ്. അവ മണ്ണിനടിയിലെ പോഷകങ്ങളെ ആശ്രയിച്ച് ജീവിച്ചിരുന്നു.ചിലർ ഇതിനെ വലിയ ആൽഗകളോ അല്ലെങ്കിൽ ലൈക്കനുകളോ ആയി കരുതിയിരുന്നു.ഈ ജീവികൾ ഒരുപക്ഷേ ജീവന്റെ ഒരു പുതിയ വർഗ്ഗത്തിൽ പെട്ടതാണെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു.
പ്രോട്ടോടാക്സൈറ്റസിന് സസ്യങ്ങളുടേതിന് സമാനമായ വേരുകളോ ഇലകളോ ഇല്ലായിരുന്നു. പകരം, തൂണുകൾ പോലെ ഉയർന്നു നിൽക്കുന്ന ഘടനയായിരുന്നു ഇവയുടേത്.ഇവയ്ക്ക് 8 മീറ്റർ (ഏകദേശം 26 അടി) വരെ ഉയരമുണ്ടായിരുന്നു.ഇവയുടെ തടിപോലെയുള്ള ഭാഗത്തിന് 1 മീറ്റർ (3 അടി) വരെ വീതിയുണ്ടായിരുന്നു.ഉൾഭാഗം ചെറിയ കുഴലുകൾ കൊണ്ട് നിർമ്മിതമായതാണ്.
ഭൂമിയുടെ പരിസ്ഥിതിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരുന്ന സമയത്തു സസ്യങ്ങൾ വളരെ ചെറുതായിരുന്നു (ഉദാഹരണത്തിന് 6 സെന്റീമീറ്റർ മാത്രം ഉയരമുള്ള Cooksonia) ആ കാലഘട്ടത്തിൽ ആണ് പ്രോട്ടോടാക്സൈറ്റസ് ഭീമാകാരമായി വളർന്നത്.ഇവയ്ക്ക് ചുറ്റും ചെറിയ ചെടികളും പ്രാണികളും ജീവിച്ചിരുന്നു.ഇവ മണ്ണിനടിയിലെ ഓർഗാനിക് വസ്തുക്കളെ വിഘടിപ്പിച്ചാണ് പോഷകങ്ങൾ സ്വീകരിച്ചിരുന്നത്.
ഡെവോണിയൻ കാലഘട്ടത്തിന്റെ അവസാനത്തോടെ പ്രോട്ടോടാക്സൈറ്റസുകൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമായി. ഇതിന് പ്രധാന കാരണം അക്കാലത്ത് വലിയ മരങ്ങളും സസ്യങ്ങളും വികസിച്ചു വരികയും, പ്രോട്ടോടാക്സൈറ്റസിന് അതിജീവിക്കാൻ കഴിയാതെ വരികയും ചെയ്തതാണ്.പ്രോട്ടോടാക്സൈറ്റസ് കേവലം ഒരു കൂൺ മാത്രമായിരുന്നില്ല, മറിച്ച് ഭൂമിയുടെ ആദ്യകാല പരിസ്ഥിതിയെ നിർണ്ണയിച്ച ഭീമാകാരമായ ഒരു ജൈവഘടനയായിരുന്നു.
Credit: ശ്രീജിത്ത് ശ്രീ