എന്താണ് കിലോയ്ക്ക് ₹29 ലക്ഷം മുതൽ ₹31 ലക്ഷം വരെ വിലയുള്ള കാവിയാർ?
അൽമാസ് കാവിയാർ എന്ന 'വെള്ള സ്വർണം'
ലോകത്തിലെ ഏറ്റവും ആഡംബരപൂർണ്ണവും വിലകൂടിയതുമായ വിഭവങ്ങളിൽ ഒന്നാണ് 'കാവിയാർ'. ഇതിൽ തന്നെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന 'അൽമാസ് കാവിയാർ' (Almas Caviar) ആണ് ലോകത്തിലെ ഏറ്റവും വിലകൂടിയ ഭക്ഷ്യവസ്തുവായി ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചിരിക്കുന്നത്.ഇറാനിലെ കാസ്പിയൻ കടലിൽ കാണപ്പെടുന്ന അതീവ അപൂർവ്വമായ സ്റ്റർജൻ എന്ന ഇനം മത്സ്യങ്ങളുടെ സംസ്കരിച്ച മുട്ടകളെയാണ് കാവിയാർ എന്ന് വിളിക്കുന്നത്. ഇവ പ്രധാനമായും കാസ്പിയൻ കടലിലും കരിങ്കടലിലുമാണ് കാണപ്പെടുന്നത്.
ഇറാനിയൻ ഭാഷയിൽ 'അൽമാസ്' എന്ന വാക്കിന്റെ അർത്ഥം വജ്രം എന്നാണ്. ഇതിന്റെ അപൂർവ്വതയും ഉയർന്ന വിലയും കാരണമാണ് ഈ പേര് ലഭിച്ചത്. 60 മുതൽ 100 വർഷം വരെ പ്രായമുള്ള മത്സ്യങ്ങളിൽ നിന്നാണ് ഈ മുട്ടകൾ ശേഖരിക്കുന്നത്. മത്സ്യത്തിന് പ്രായം കൂടുന്തോറും മുട്ടകളുടെ ഗുണമേന്മയും രുചിയും വർദ്ധിക്കുന്നു.സാധാരണ കാവിയാറുകൾ കറുപ്പ് അല്ലെങ്കിൽ ചാര നിറത്തിലാണ് കാണപ്പെടാറുള്ളത്. എന്നാൽ അൽമാസ് കാവിയാർ തിളങ്ങുന്ന സ്വർണ്ണനിറം കലർന്ന വെളുത്ത നിറത്തിലാണ്. ഇതിന് അണ്ടിപ്പരിപ്പിന്റെയും ക്രീമിന്റെയും സമ്മിശ്രമായ ഒരു പ്രത്യേക രുചിയാണുള്ളത്. ഇതിന്റെ പാക്കിംഗ് പോലും വളരെ ആഡംബരപൂർണ്ണമാണ്. സാധാരണയായി 24 കാരറ്റ് സ്വർണ്ണ ടിന്നുകളിലാണ് അൽമാസ് കാവിയാർ വിൽക്കപ്പെടുന്നത്.കാവിയാർ കഴിക്കുമ്പോൾ ലോഹ സ്പൂണുകൾ ഉപയോഗിക്കാറില്ല. ലോഹം മുട്ടയുമായി സമ്പർക്കത്തിൽ വരുമ്പോൾ അതിന്റെ യഥാർത്ഥ രുചിക്ക് മാറ്റം വരാൻ സാധ്യതയുള്ളതിനാൽ 'മദർ ഓഫ് പേൾ'കൊണ്ട് നിർമ്മിച്ച സ്പൂണുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്.
💲 അൽബിനോ ഇനത്തിലുള്ള സ്റ്റർജൻ മത്സ്യങ്ങൾ വളരെ കുറവാണ്. കൂടാതെ ഇവ മുട്ടയിടാൻ പാകമാകാൻ പതിറ്റാണ്ടുകൾ കാത്തിരിക്കണം.
💲കാസ്പിയൻ കടലിന്റെ മലിനീകരണം തീരെയില്ലാത്ത തെക്കൻ ഭാഗങ്ങളിൽ നിന്നാണ് ഇവ പ്രധാനമായും ലഭിക്കുന്നത്.
💲ഈ മത്സ്യങ്ങളെ പിടിക്കുന്നതും അതിൽ നിന്ന് മുട്ടകൾ വേർതിരിച്ചെടുക്കുന്നതും അതീവ സങ്കീർണ്ണമായ പ്രക്രിയയാണ്.
Credit: ശ്രീജിത്ത് ശ്രീ