💀അജ്ഞാത ലോകം 💀
November 27

അഗ്നിവ്യാളി

"വെള്ളത്തിൽ നിന്നുയരുന്ന അഗ്നിവ്യാളി"...'ഹുവോലോങ്ചുഷൂയി' എന്ന വാക്കിന്റെ അർഥം ഇതാണ്. ബഹുഘട്ട അഥവാ മൾട്ടി സ്റ്റേജ് റോക്കറ്റുകളുടെ പുരാതന ഉദാഹരണങ്ങളിലൊന്നായ ഇത് 14–ാം നൂറ്റാണ്ടിൽ മിങ് രാജവംശത്തിന്റെ കീഴിൽ ചൈനയിലാണ് വികസിപ്പിച്ചത്.ഏകദേശം 1.5 മീറ്റർ നീളമുള്ള പൊള്ളയായ മുളങ്കുഴൽ ഉപയോഗിച്ചായിരുന്നു നിർമാണം

തടിയിൽ കൊത്തിയെടുത്ത വ്യാളിയുടെ തലയും വാലും ഇതിന് ഘടിപ്പിച്ചിരുന്നു. കരയിലും കടലിലുമുള്ള യുദ്ധങ്ങൾക്കായി രൂപകൽപന ചെയ്ത ഈ ആയുധം മുന്നോട്ട് കുതിപ്പിക്കാനായി വെടിമരുന്ന് നിറച്ച 4 ചെറിയ റോക്കറ്റുകൾ വശങ്ങളിൽ ഉണ്ടായിരുന്നു.2 ഘട്ടങ്ങളുള്ള റോക്കറ്റ് സംവിധാനമാണ് അഗ്നിവ്യാളി. ആദ്യഘട്ടത്തിലെ റോക്കറ്റുകൾ കത്തിത്തീരുമ്പോൾ, വ്യാളിയുടെ ഉള്ളിൽ ഒളിപ്പിച്ചുവെച്ച ചെറിയ റോക്കറ്റുകൾക്ക് തീകൊളുത്തപ്പെടും. ഇവ ശരങ്ങളെ പുറത്തേക്ക് പായിക്കും.

കപ്പലിലോ കരയിലോ സ്ഥാപിച്ച വിക്ഷേപണത്തറയിൽ നിന്നാണ് ഹുവോലോങ്ചുഷൂയി വിക്ഷേപിച്ചിരുന്നത്.ശത്രുസൈന്യത്തിൽ ഭയം വിതച്ച് മാനസികമായി വലിയ ആഘാതം സൃഷ്ടിക്കാൻ ഈ ആയുധത്തിന് കഴിഞ്ഞിരുന്നു.ജിയാവോ യു, ലിയു ബോവൻ എന്നിവർ പതിനാലാം നൂറ്റാണ്ടിൽ രചിച്ച 'ഹുവോലോങ്ജിങ്' എന്ന ചൈനീസ് സൈനിക ഗ്രന്ഥത്തിലാണ് ഹുവോലോങ്ചുഷൂയിയെക്കുറിച്ച് ആദ്യമായി പറയുന്നത്.

റോക്കറ്റ് സാങ്കേതികവിദ്യയിലെ ഒരു സുപ്രധാന മുന്നേറ്റമായിരുന്നു ഇത്. ആധുനിക റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ബഹുഘട്ട പ്രൊപ്പൽഷൻ സംവിധാനങ്ങളുടെ ആദ്യകാല മാതൃകയായി ഇതിനെ കണക്കാക്കാം.

സാംസ്കാരികമായും സൈനിക ചരിത്രപരമായും ഈ ആയുധത്തിന് വലിയ പ്രാധാന്യമുണ്ട്. ചൈനീസ് സിനിമകളിലും സാഹിത്യത്തിലുമൊക്കെ ഇത് പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഡിസ്നിയുടെ 'മുലാൻ' എന്ന സിനിമയിലും ലിയു സിക്സിന്റെ 'ഡെത്ത്'സ് എൻഡ്' എന്ന നോവലിലും ഇതിന്റെ പരാമർശങ്ങൾ കാണാം.

ആദ്യകാല സാങ്കേതികവിദ്യയെന്ന നിലയിൽ അമ്പരപ്പിക്കുന്നതാണെങ്കിലും, ഹുവോലോങ്ചുഷൂയിയുടെ യഥാർഥ ഫലപ്രാപ്തിയെയും പ്രവർത്തനരീതിയെയും കുറിച്ച് ഇന്നത്തെ പ്രതിരോധവിദഗ്ധർക്കിടയിൽ സംശയങ്ങളുണ്ട്. ഇതിന്റെ ദൂരപരിധിയും കൃത്യതയും പരിമിതമായിരുന്നു. അതിനാൽ തന്നെ ശത്രുനിരയിൽ എത്രത്തോളം വിനാശം സൃഷ്ടിക്കാൻ ഇതിനു കഴിഞ്ഞെന്നുള്ളത് സംശയമാണ്.

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram