💀അജ്ഞാത ലോകം 💀
May 11

പാമോയിൽ വാങ്ങിയാൽ ഒറാങ് ഉട്ടാൻ ഫ്രീ 🐵

മൃഗങ്ങൾ രാജ്യാന്തര ബന്ധങ്ങളുടെ ഭാഗമാകുന്നത് പുതിയ കാര്യമൊന്നുമല്ല. പാണ്ടയും ആനകളുമെല്ലാം രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രത്തിന്റെ ഭാഗമായിട്ടുണ്ടെന്നത് ചരിത്രം. ഇപ്പോൾ ഒറാങ് ഉട്ടാന്റെ കൈപിടിച്ച് മൃഗ നയതന്ത്രത്തിന്റെ പാതയിലേക്ക് വരാനൊരുങ്ങുകയാണ് മലേഷ്യ. രാജ്യത്തിന്റെ പ്രധാന വരുമാനമാർഗമായ പാമോയിലിന്റെ പ്രധാന ഉപഭോക്തൃ രാഷ്ട്രങ്ങൾക്ക് ഒറാങ് ഉട്ടാനെ സമ്മാനമായി നൽകാനാണ് മലേഷ്യയുടെ തീരുമാനം. ചൈനയുടെ ‘പാണ്ട നയതന്ത്ര’ത്തിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് മലേഷ്യയുടെ നീക്കം.

മേയ് ഏഴിന് നടന്ന മലേഷ്യൻ പാമോയിൽ ഗ്രീൻ കൺസർവേഷൻ ഫൗണ്ടേഷന്റെ (എംപിഒജിസിഎഫ്) ജൈവവൈവിധ്യ ഫോറത്തിൽ പ്രസംഗിക്കവേയാണ് മലേഷ്യൻ മന്ത്രി ജൊഹാരി അബ്ദുൽ ഘനി ഇക്കാര്യം അറിയിച്ചത്. ‘ ഇതൊരു നയതന്ത്ര നീക്കമാണ്. തങ്ങളുടെ പ്രധാന വ്യാപാര പങ്കാളികൾക്ക്, പ്രത്യേകിച്ച് ഇന്ത്യ, ചൈന, യൂറോപ്യൻ യൂണിയൻ തുടങ്ങിയവർക്ക് ഒറാങ് ഉട്ടാനെ സമ്മാനമായി നൽകും. സുസ്ഥിര വികസനം ലക്ഷ്യമിടുന്നവരും വനം–പരിസ്ഥിതി സംരക്ഷണത്തിൽ പ്രതിജ്ഞാബദ്ധരുമാണ് മലേഷ്യയെന്ന് ലോകത്തെ ബോധ്യപ്പെടുത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. പാമോയിലിന്റെ കാര്യത്തിൽ മലേഷ്യയ്ക്ക് ആത്മരക്ഷാപരമായ നിലപാടെടുക്കാനാവില്ല ’– ഘനി പറഞ്ഞു.

പാമോയിൽ ഉൽപാദനത്തിനായി മലേഷ്യയിൽ വൻതോതിൽ വനനശീകരണം നടക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്നതിനിടെയാണ് ഒറാങ് ഉട്ടാനെ മുൻനിർത്തിയുള്ള പുതിയ നീക്കം. ലോകത്ത് ഇന്തൊനീഷ്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പാമോയിൽ ഉൽപാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് മലേഷ്യ. ലോകത്തിലെ ആകെ പാമോയിൽ ഉൽപാദനത്തിന്റെ 85 % ഈ രണ്ട് രാജ്യങ്ങളിൽ നിന്നാണ്.

യൂറോപ്യൻ യൂണിയന്റെ പുതിയ വനനശീകരണ നിയന്ത്രണ നിയമങ്ങൾ 2024 ഡിസംബർ മുതൽ നടപ്പിലാകാനിരിക്കേയാണ് മലേഷ്യയുടെ അനുനയ നീക്കം. വനനശീകരണത്തിന് കാരണമായ ഉൽപന്നങ്ങളുടെ ഇറക്കുമതി യൂറോപ്യൻ രാജ്യങ്ങളിൽ നിരോധിക്കുന്ന നിയമമാണിത്. സോയ, ബീഫ്, പാമോയിൽ, തടി, കൊക്കോ, കാപ്പി, റബ്ബർ തുടങ്ങിയ ഏഴ് പ്രധാന ഉപഭോഗ വസ്തുക്കൾ 2020 ഡിസംബറിന് ശേഷം വനം നശിപ്പിച്ചുണ്ടാക്കിയ പുതിയ പ്ലാന്റേഷനുകളിൽനിന്നല്ലെന്ന് ഉൽപാദകർ യൂറോപ്യൻ യൂണിയനെ ബോധ്യപ്പെടുത്തണമെന്നാണ് നിയമത്തിലുള്ളത്. അല്ലെന്ന് തെളിഞ്ഞാൽ ആ വസ്തുക്കൾ യൂറോപ്പിൽ ഇറക്കുമതി ചെയ്യാനാവില്ല. ഇയുവിന്റെ ഈ കടുംപിടുത്തത്തെ തണുപ്പിക്കാനാണ് ഒറാങ് ഉട്ടാനെ ഉപയോഗിക്കാൻ മലേഷ്യ തുനിയുന്നത്.

അതേസമയം വ്യാവസായിക താൽപര്യത്തിനായി ഒറാങ് ഉട്ടാനെ ഉപയോഗിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് പരിസ്ഥിതി സ്നേഹികൾ ചൂണ്ടിക്കാട്ടുന്നു. വിദേശത്തേക്ക് അയയ്ക്കുന്നതിനുപകരം സ്വാഭാവിക ആവാസവ്യവസ്ഥയിൽ തുടരാൻ അവയെ അനുവദിക്കുന്നതാണ് നല്ലതെന്ന് പരിസ്ഥിതി സംരക്ഷണ സംഘടനയായ ജസ്റ്റിസ് ഫോർ വൈൽഡ്‌ലൈഫ് മലേഷ്യ പറയുന്നു. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ഏറ്റവും കൂടുതൽ വംശനാശ ഭീഷണി നേരിടുന്ന ജീവജാലങ്ങളുടെ ചുവന്നപട്ടികയിലാണ് ഒറാങ് ഉട്ടാനെ ഉൾപ്പെടുത്തിയിട്ടുള്ളത്. മലേഷ്യയിലെ ബോർണിയ ദ്വീപ്, ഇന്തൊനീഷ്യയിലെ സുമാത്ര എന്നിവിടങ്ങളിലെ മഴക്കാടുകളിലാണ് ഒറാങ് ഉട്ടാനുള്ളത്. 2012ൽ ലോകത്താകെ 1,04,000 ഒറാങ് ഉട്ടാനുകളാണ് ഉണ്ടായിരുന്നതെന്നും വനനശീകരണം ഈ രീതിയിൽ തുടർന്നാൽ 2025 ആകുമ്പോഴേക്കും ഇത് 47,000 മാത്രമാകുമെന്നാണ് കണക്ക്.

Credit: കൃഷ്ണപ്രിയ ടി ജോണി

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 in WhatsApp