💀അജ്ഞാത ലോകം 💀
November 6, 2023

യെല്ലോസ്റ്റോണ്‍

1872 മാര്‍ച്ച് മാസത്തില്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് യുളീസസ് എസ്. ഗ്രാന്‍ഡ് ഒപ്പിട്ട് ദേശീയോദ്യാനമായി അംഗീകരിക്കപ്പെട്ട യെല്ലോസ്റ്റോണ്‍ ഏറ്റവും കുറഞ്ഞ മനുഷ്യസ്പര്‍ശമേല്‍ക്കുന്ന ഭൂമിയെന്നാണ് പറയപ്പെടുന്നത്. 8983 ചതുരശ്ര കിലോമീറ്ററാണ് ആകെ ദൂരം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് യെല്ലോസ്റ്റോണ്‍ തടാകം. സമുദ്രനിരപ്പില്‍ നിന്ന് 7732 അടി ഉയരത്തിലാണിവ. ഉഷ്ണജല തടാകങ്ങള്‍, അഗ്‌നിപര്‍വതത്തിന്റെ പുകദ്വാരങ്ങള്‍, ചൂടുനീറുറവകള്‍ എന്നിവയാലെല്ലാം ചുറ്റപ്പെട്ട ഈ തടാകം വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണ്.

അഗ്നിപര്‍വതങ്ങളും പൊട്ടിത്തെറിക്കുന്ന ആസിഡ് നീരുറവകളും സൂക്ഷ്മജീവികളുടെ അധിവാസ കേന്ദ്രങ്ങളും നിറഞ്ഞതിനാല്‍ യെല്ലോസ്റ്റോണ്‍ ദേശീയോദ്യാനത്തെ മരണത്തിന്റെ താഴ്​വരയെന്നും പറയാറുണ്ട്. തിളച്ചുപൊങ്ങുന്ന ഭൂമി, ചുട്ടുപൊള്ളുന്ന നീരുറവകളുടെ കേന്ദ്രം, ആസിഡ് പുറന്തള്ളുന്ന ജലസ്രോതസ്സുകള്‍, ഓരോ 45 മിനിറ്റിലും പൊട്ടിത്തെറിക്കുന്ന ഉഷ്ണജല പ്രവാഹങ്ങള്‍, സൂക്ഷ്മജീവികളുടെ അധിവാസം കൊണ്ട് പല നിറങ്ങളിലായിപ്പോവുന്ന വെള്ളം. ഒപ്പം അമേരിക്കന്‍ കാട്ടുപോത്തെന്ന വിളിപ്പേരുള്ള ബൈസണുകളുടെയും ചെന്നായകളുടെയും പ്രകൃതിയുടെ എന്‍ജിനീയര്‍ എന്നറിയപ്പെടുന്ന ബീവറുകളുടേയും സംരക്ഷണകേന്ദ്രം. ഇങ്ങനെ പോവുന്നു യെല്ലോസ്റ്റോണിന്റെ വിശേഷങ്ങള്‍. ഇതില്‍ ഏറ്റവും വിസ്മയിപ്പിക്കുന്ന കഥകളാണ് ബീവറുകള്‍ക്കും ഇവിടേയുള്ള ചെന്നായകള്‍ക്കും പറയാനുള്ളത്.

യെല്ലോസ്റ്റോണിലെ അമേരിക്കന്‍ ചെന്നായകളുടെ തിരിച്ചുവരവിന് വംശനാശത്തിന്റേയും ഒടുവിലുള്ള വിപ്ലവകരമായ തിരിച്ചുവരവിന്റേയും കഥപറയാനുണ്ട്. 1872 ല്‍ ദേശീയോദ്യാനം ആരംഭിച്ചപ്പോള്‍ ഇവിടെയുണ്ടായിരുന്ന ചെന്നായകളടക്കമുള്ള വന്യജീവികള്‍ക്ക് സര്‍ക്കാര്‍ നിയപരമായ ഒരു സംരക്ഷണവും നല്‍കിയിരുന്നില്ല. പകരം അപകടകാരികളായ മൃഗങ്ങളെ വേട്ടയാടാനുള്ള അനുമതി നല്‍കുകയായിരുന്നു. വേട്ടയാടലുകള്‍ക്ക് അനിയന്ത്രിതമായ അനുമതി ലഭിച്ചതോട 1926-ഓടെ ഇവിടേയുണ്ടായിരുന്ന ചാര നിറത്തിലുള്ള ചെന്നായകള്‍ക്ക് വംശനാശം സംഭവിക്കുകയും ചെയ്തു. ചെന്നായ്ക്കള്‍ ഇല്ലാതായതോടെ അത് പാരിസ്ഥിതിക സന്തുലനത്തെ അപ്പാടെ മാറ്റിമറിച്ചു. ചെന്നായ്ക്കള്‍ ഇല്ലാതായതോടെ സസ്യഭുക്കുകളായ മലമാൻ അടക്കമുള്ളവയുടെ എണ്ണം പാര്‍ക്കില്‍ അനിയന്ത്രിതമായി വര്‍ധിച്ചു. ഇവ ജീവനും സ്വത്തിനും ഭീഷണിയായതോടെ മനുഷ്യന് നിയന്ത്രിക്കാവുന്നതിലും അപ്പുറമായി കാര്യങ്ങള്‍.

സസ്യഭുക്കുകളായ ഇവ ക്രമാതീതമായി വര്‍ധിച്ചതോടെ പാര്‍ക്കിലെ പച്ചപ്പ് വളരെ പെട്ടെന്നാണ് ഇല്ലാതായിപ്പോയത്. പാര്‍ക്ക് പച്ചപ്പില്ലാത്ത മരുഭൂമിപോലെയായിപ്പോയി. പാര്‍ക്കില്‍മാത്രം അപൂര്‍വമായി കാണപ്പെട്ടിരുന്ന പല സസ്യങ്ങളും പൂര്‍ണമായും ഇല്ലാതായി. ഇതിനെ ആശ്രയിച്ച് കഴിഞ്ഞിരുന്ന നിരവധി ജീവജാലങ്ങളുടെ നിലനില്‍പ്പും ഭീഷണിയായി. മലമാനുകളെ നിയന്ത്രിക്കാനുള്ള പല പരിപാടികളും സര്‍ക്കാര്‍ മുന്നോട്ടുവെച്ചുവെങ്കിലും അത് പൂര്‍ണ വിജയത്തിലെത്തിയില്ല. മുപ്പത് വര്‍ഷത്തോളമാണ് മലമാന്‍ നിയന്ത്രിത പരിപാടികള്‍ നടന്നത്. പദ്ധതികളൊന്നും വിജയിക്കാതായതോടെ ചെന്നായകളെ തിരിച്ചുകൊണ്ടുവരണമെന്ന അഭിപ്രായമുയര്‍ന്നു. തുടര്‍ന്ന് 1995-ല്‍ ആണ് 14 ചെന്നായകളെ യെലോസ്റ്റോണില്‍ തിരിച്ചെത്തിച്ചത്. രണ്ടു ഘട്ടങ്ങളിലായിട്ടാണ് ഇവിടേക്ക് ചെന്നായകളെയെത്തിച്ചത്. 16 എണ്ണത്തിനെ ഇതിന് ശേഷവും ഇവിടെയെത്തിച്ചു. ചെന്നായകളുടെ തിരിച്ചുവരവ് പക്ഷെ അത്ഭുതകരമായ മാറ്റമാണ് യെല്ലോസ്റ്റോണിലുണ്ടാക്കിയത്

മലമാനുകളുടെ എണ്ണം വലിയ രീതിയില്‍ കുറഞ്ഞു. ചെന്നായകളുടെ ഭീഷണി വര്‍ധിച്ചതോടെ മാന്‍കൂട്ടങ്ങളുടെ സ്വഭാവം തന്നെ മാറി. അതുവരെ ആരേയും പേടിയില്ലാതെ നടന്ന ഇവ ചെന്നായകളുടെ സാന്നിധ്യമുള്ള പ്രദേശങ്ങള്‍ അപ്പാടെ ഒഴിവാക്കി. അതോടെ പുല്‍മേടുകള്‍ നഷ്ടപ്പെട്ട് തരിശാക്കപ്പെട്ട പ്രദേശങ്ങളില്‍ പച്ചപ്പു കണ്ടുതുടങ്ങി. ആറ് വര്‍ഷംകൊണ്ട് പരിസ്ഥിതി ശാസ്ത്രജ്ഞരെ പോലും അത്ഭുതപ്പെടുത്തുന്ന മാറ്റമാണ് പാര്‍ക്കിലുണ്ടായത്. പുതിയ സാഹചര്യങ്ങളോട് പെട്ടെന്ന് പൊരുത്തപ്പെട്ട ചെന്നായ്കള്‍ പെറ്റുപെരുകിയതോടെ ചെന്നായ സംരക്ഷണമെന്ന വിപ്ലവകരമായ മുന്നേറ്റവും യെല്ലോസ്റ്റോണില്‍ കാണാന്‍ കഴിഞ്ഞു. പ്രദേശത്തിന്റെ ജൈവവ്യവസ്ഥയെ ചെന്നായകളുടെ വരവ് വലിയ രീതിയില്‍ മാറ്റിമറിച്ചു. പ്രകൃതിയുടെ ഭക്ഷ്യശ്യംഖലയെ അപ്പാടെ മാറ്റിമറിക്കുന്നതായിരുന്നു ചെന്നായ്കളുടെ വരവ്. കുറ്റിച്ചെടികളായിരുന്ന കുഞ്ഞുമരങ്ങള്‍ തഴച്ച് വളര്‍ന്ന് വന്‍മരങ്ങളായതോടെ പക്ഷികളും ചെറുജീവികളും തിരിച്ചെത്തി. മുയലുകളുടെയും എലികളുടെയും എണ്ണം വര്‍ധിച്ചു. ഇത്തരം ചെറുജീവികള്‍ പെരുകിയതോടെ അവയെ ഭക്ഷണമാക്കുന്ന പരുന്തുകളും കുറുക്കന്‍മാരുമെത്തി.

പ്രകൃതിയിലെ എന്‍ജിനീയര്‍ എന്നറിയപ്പെടുന്ന ബീവറുകള്‍ക്കും യെല്ലോസ്റ്റോണ്‍ സംരക്ഷണത്തിന് വലിയ പങ്കുണ്ട്. ഒഴുകിവരുന്ന മഴവെള്ളത്തെ തടഞ്ഞുനിര്‍ത്തി ഇവരുണ്ടാക്കുന്ന തടാകങ്ങള്‍ ജലശോഷണത്തിനൊപ്പം യെല്ലോസ്റ്റോണിലെ പ്രധാന ജലശുദ്ധീകരണ ജീവികള്‍ കൂടിയാണ്. മരങ്ങളും കുറ്റിച്ചെറികളും കൂര്‍ത്ത പല്ലുകൊണ്ട് മുറിച്ചെടുത്ത് തടാകങ്ങളുണ്ടാക്കി അതിനുള്ളില്‍ മാത്രമാണ് ബീവറുകളുടെ താമസം. ഇവയുടെ താമസ സ്ഥലത്തെ ബീവേഴ്സ് ഡാം എന്നും അറിയപ്പെടുന്നുണ്ട്. ഒഴുകിയെത്തുന്ന ജലത്തിന്റെ കിഡ്​ണിയെന്നും ബീവറുകള്‍ അറിയപ്പെടുന്നു. ജലശുദ്ധീകരണം പ്രധാന ദൗത്യമായി ഏറ്റെടുക്കുന്നവരാണിവര്‍. ആദ്യം പുഴയുടെയോ അരുവിയുടെയോ തീരത്തുളള മരങ്ങള്‍ തേടി കണ്ടുപിടിക്കും. പിന്നെ തന്റെ മൂര്‍ച്ചയേറിയ ഉളിപ്പല്ലുകള്‍ ഉപയോഗിച്ച് മരം കരളാന്‍ തുടങ്ങും.

കൃത്യമായ ആസൂത്രണത്തോടെ മരം പുഴയിലേക്കോ അരുവിയിലേക്കോ തന്നെ വീഴാന്‍ പാകത്തിനാണ് കരളല്‍. വീണ മരം വെള്ളത്തിലൂടെ അണ കെട്ടാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തെത്തിക്കും. ഈ മരത്തെ അരുവിയുടെ കുറുകെ വച്ചാണ് ജലത്തിന്റെ ഒഴുക്കിനെ തടയുന്നത്. ഒഴുക്കിനെ പ്രതിരോധിക്കാന്‍ അകത്തേക്ക് തള്ളിനില്‍ക്കുന്ന രീതിയിലാണ് അണകെട്ടല്‍. ചെറിയ കമ്പുകളും മരച്ചില്ലകളും ചെളിയും എല്ലാം നിര്‍മാണത്തിന് ഉപയോഗിക്കും. 10 മുതല്‍ 100 മീറ്റര്‍ വരെയുളള അണക്കെട്ടുകള്‍ ഇവര്‍ നിര്‍മിക്കാറുണ്ട്. ചെന്നായകള്‍ തിരിച്ചെത്തി യെല്ലോസ്റ്റോണിലെ മരങ്ങള്‍ വര്‍ധിച്ചതോടെയാണ് ഇവയുടെ എണ്ണം ഇവിടെ വലിയ രീതിയില്‍ വര്‍ധിച്ചത്. തടാകങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയതോടെ ഇവിടേക്ക് മീനുകളും താറാവുകളും നീര്‍നായകളുമെത്തി. സ്ഥലത്തെ നദികളുടേയും പുഴകളുടേയും സ്വഭാവം തന്നെ മാറി. ചുരുക്കിപ്പറഞ്ഞാല്‍ 14 ചെന്നായ്കള്‍ ഒരു സ്ഥലത്തെ ഭക്ഷ്യശൃംഖല മുന്നോട്ടു കൊണ്ടുപോവുന്നതിന്റെ ചുക്കാന്‍പിടിക്കുക തന്നെയായിരുന്നു. അങ്ങനെ വനവല്‍ക്കരണത്തിന് വലിയ പങ്കുവഹിക്കുകയും ചെയ്തു

ലോകത്തില്‍ തന്നെ ഏറ്റവും വലിയ ബൈസണ്‍വാലികളിലൊന്നാണ് യെല്ലോസ്റ്റോണ്‍ ബൈസണ്‍ വാലികള്‍. 2022 വരേയുള്ള കണക്കനുസരിച്ച് 6000 കാട്ടികളെയാണ് യെല്ലോസ്റ്റോണില്‍ സംരക്ഷിച്ച് പോരുന്നത്. പട്ടാപ്പകല്‍ പോലും റോഡുകളിലൂടെ ഈ കാട്ടുപോത്തുകളുടെ സഞ്ചാരം പതിവാണിവിടെ. ബൈസണ്‍ ജാം എന്ന പേരില്‍ ട്രാഫിക് തടസ്സങ്ങള്‍ പോലുമുണ്ടാവാറുണ്ട്. ഇവയ്ക്ക് ഒരു പ്രത്യേക സ്ഥലമില്ലെന്ന നിലയ്ക്ക് യെല്ലോസ്റ്റോണിന്റെ പലഭാഗത്തും കാട്ടികളെ വലിയ രീതിയില്‍ കാണാന്‍ കഴിയും. ഇത് പലപ്പോഴും അപകടങ്ങള്‍ക്കും വഴിവെക്കാറുണ്ട്.

1800 കാലഘട്ടങ്ങളില്‍ അമേരിക്കയില്‍ വലിയ രീതിയിലുള്ള വേട്ടയാടലാണ് ബൈസണുകള്‍ക്കെതിരേ നടന്നത്. ഇതോടെ ഇവ തുടച്ചുനീക്കപ്പെടുമെന്ന തിരിച്ചറിവിലാണ് ബൈസണ്‍ സംരക്ഷണമെന്ന പദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിട്ടത്. ഒരുകാലത്ത് ഇവിടെ രണ്ട് ഡസണ്‍ ബൈസണുകള്‍ മാത്രം അവശേഷിക്കപ്പെടുകയും ചെയ്തിരുന്നു. യെല്ലോസ്റ്റോണ്‍ നാഷണല്‍ പാര്‍ക്ക് ഇവയുടെ സംരക്ഷണം ഏറ്റെടുത്തതോടെ വിപ്ലവകരമായ മാറ്റമാണുണ്ടായത്. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ബൈസണ്‍ സംരക്ഷണ കേന്ദ്രങ്ങളിലൊന്നായി യെല്ലോസ്റ്റോണ്‍ മാറുകയും ചെയ്തു.

ബൈസണുകളുടെ വാഹകശേഷി ഉറപ്പാക്കാനായി വര്‍ഷാവര്‍ഷം പ്രത്യേക കണക്കെടുപ്പും നടത്തുന്നുണ്ട്. ഈ കണക്കിന്റെ അടിസ്ഥാനത്തില്‍ ഇവയുടെ എണ്ണം നിയന്ത്രിക്കുകയും ചെയ്യുന്നു. എണ്ണം കൂടുമ്പോള്‍ മനുഷ്യ-മൃഗസംഘര്‍ഷത്തിലേക്ക് വഴിവെക്കുമെന്ന് കണക്കാക്കി കൃത്യമായ മാസ്റ്റര്‍പ്ലാനോട് കൂടിയാണ് ഇവയുടെ സംരക്ഷണം. ഈ സമയങ്ങളില്‍ പാര്‍ക്കിന് പുറത്ത് നിയമങ്ങള്‍ പാലിച്ചുള്ള ബൈസണ്‍വേട്ടയ്ക്കും അനുവാദം നല്‍കും. ചില സമയങ്ങളില്‍ ഇവയുടെ എണ്ണം നിയന്ത്രിക്കാന്‍ സ്ഥലം മാറ്റുകയും ചെയ്യുന്നു.

തണുപ്പു കാലത്താണ് യെല്ലോസ്റ്റോണില്‍ കാട്ടുപോത്തുകളുടെ വേട്ടയ്ക്ക് അനുവാദം. പാര്‍ക്കിന് പുറത്തേക്ക് കടക്കുന്ന ബൈസണുകളെ ലൈസന്‍സുള്ള വേട്ടക്കാര്‍ക്ക് വെടിവെക്കാന്‍ പറ്റും. സ്ഥലം മാറ്റുകയെന്നത് വലിയ ചെലവേറിയ പദ്ധതിയായതിനാല്‍ വേട്ടയാടാന്‍ അനുവദിക്കുകയാണ് ഇവയുടെ എണ്ണം നിയന്ത്രിക്കാനായുള്ള പ്രധാന മാര്‍ഗമായി ഉപയോഗിക്കുന്നത്. രോഗം വന്നവയെ ചികിത്സിക്കാതെ സ്വാഭാവികമായ മരണത്തിന് വിട്ടുകൊടുത്തും എണ്ണം നിയന്ത്രിക്കുന്നുണ്ട്

കാലാവസ്ഥയിലെ തീക്ഷണതകൊണ്ട് വളരെ കുറഞ്ഞ സമയത്ത് മാത്രമാണ ഇവിടം സന്ദര്‍ശിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്. പക്ഷെ മേയ് മുതല്‍ ഒക്ടോബര്‍ വരെയാണ് പ്രധാനമായും സംരക്ഷകരെത്തുക. പക്ഷെ കുറഞ്ഞ കാലയളവിനുള്ളില്‍ കൂടുതല്‍ യാത്രക്കാരെത്തുന്ന ഇടമെന്നും യെല്ലോസ്റ്റോണ്‍ അറിയപ്പെടുന്നു. വെറും വിനോദസഞ്ചാര കേന്ദ്രമെന്നതിനപ്പുറം ഭൂമിയിലെ വിസ്മയങ്ങളെ വിജയകരമായി സംരക്ഷിച്ചുപോരുന്ന ഇടംകൂടിയാണിത്. അമേരിക്കയിലെ വയോമിങ് സ്റ്റേറ്റില്‍ തുടങ്ങി മൊണ്ടാന, ഇഡാഹോ എന്നിവിടങ്ങളില്‍ വ്യാപിച്ച് കിടക്കുന്ന ഈ സംരക്ഷിത ജൈവമണ്ഡലം ഏകദേശം 22,19,791 ഏക്കര്‍ വിസ്തൃതിയിലാണ്

വലിയ അഗ്‌നിപര്‍വതങ്ങളുടെ പ്രഭവകേന്ദ്രമാണ് യെല്ലോസ്റ്റോണെന്നും വര്‍ഷങ്ങള്‍ക്ക് മുമ്പ് അഗ്‌നിപര്‍വത സ്ഫോടനങ്ങള്‍ ഇവിടെ നടന്നിരുന്നുവെന്നുമാണ് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ എപ്പോഴും ശ്വസിച്ചുകൊണ്ടിരിക്കുന്ന ഭൂപ്രതലങ്ങളാല്‍ ചുറ്റപ്പെട്ട്, മനുഷ്യന് ഇന്നും പിടിതരാത്ത അത്ഭുതങ്ങള്‍ നിറഞ്ഞ ഇടമാണ് യെല്ലോസ്റ്റോണ്‍. തിളച്ച് മറിയുന്ന ഉഷ്ണജല സ്രോതസ്സുകള്‍ക്ക് പുറമെ വെള്ളച്ചാട്ടങ്ങള്‍, മഡ്സ്പോട്ടുകള്‍, ചതുപ്പുകള്‍, മലയിടുക്കുകള്‍, നദികള്‍, തടാകങ്ങള്‍, പര്‍വതനിരകള്‍ എന്നിവയെല്ലാം ഇവയെ സമ്പന്നമാക്കുന്നു. ഭൂമിക്കടിയിലെ പാറകള്‍ ഉരുകുന്ന പ്രതിഭാസമായ മാഗ്മ ചേംമ്പറിന്റെ ഫലമായിട്ടാണ് യെല്ലോസ്റ്റോണില്‍ ഇത്രയധികം പൊട്ടിത്തെറികളും ചൂട് നീരുറവകളും പുറത്തേക്ക് വരുന്നതെന്നാണ് പറയപ്പെടുന്നത്. അഗ്നിപര്‍വതങ്ങള്‍, ഭൂമികുലുക്കം എന്നിവയെ കുറിച്ചെല്ലാം പഠിച്ചുകൊണ്ടിരിക്കുന്ന ശാസ്ത്രജ്ഞര്‍ യെല്ലോസ്റ്റോണിനെ ലിവിങ് ലബോറട്ടറിയെന്നുപോലും വിളിക്കുന്നുണ്ട്.

മനുഷ്യവാസം തുടച്ചുനീക്കപ്പെട്ട യെല്ലോസ്റ്റോണില്‍ ലോകത്തെ പകുതിയോളമുള്ള സജീവ ഉഷ്ണജല സ്രോതസ്സുകളെ സംരക്ഷിച്ച് പോരുന്നുണ്ട്. ഏകദേശം 10,000-ല്‍ അധികം ഉഷ്ണ ജലസ്രോതസ്സുകളെ ഇവിടെ സംരക്ഷിക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. കയ്യേറ്റം, ഉടമസ്ഥാവകാശം, വില്‍പ്പന എന്നിവയില്‍നിന്നു നിയന്ത്രിച്ച് മനുഷ്യരുടെ ആസ്വാദനത്തിനും സന്തോഷം കണ്ടെത്താനുമുള്ള ഇടമെന്ന രീതിയിലാണ് ഇന്ന് പാര്‍ക്കിനെ മാറ്റിയതെങ്കിലും ഹൈഡ്രോ തെര്‍മല്‍ സവിശേഷകള്‍ എല്ലായിടത്തും കാണാം. ചെറുചൂടു മുതല്‍ 138 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള താപനിലയുള്ളതാണ് ഓരോ നീരുറവയില്‍നിന്നുമുള്ള ജലം. ഒപ്പം അമ്ലസ്വഭാവമുള്ളതും ധാതുതലവണങ്ങളും വാതകങ്ങളുംചേര്‍ന്ന് പല നിറത്തിലായും ജലം പുറത്തേക്ക് വരുന്നു. ചതുപ്പുകളുടെ കേന്ദ്രമായതിനാല്‍ ഭൂരിഭാഗം കേന്ദ്രങ്ങളിലും നിലത്തിറങ്ങുന്നതിന് പോലും നിരോധനമാണ്. നീരുറവയില്‍നിന്നും ഒഴുകുന്ന വെള്ളത്തിന്റെ പ്രത്യേകതകളാല്‍ അതിമനോഹരമായി മാറിയ ബേസിന്‍ എന്നറിയപ്പെടുന്ന ഭാഗം തന്നെയാണ് പാര്‍ക്കിലെ പ്രധാന ആകര്‍ഷണം. നിലത്തിറങ്ങാന്‍ നിരോധനമുള്ളത് കൊണ്ട് മരപ്പലകകളാല്‍ തീര്‍ത്ത പ്രത്യേകയിടത്ത് നിന്ന് കൊണ്ട് മാത്രമാണ് കാഴ്ചകള്‍ കാണാനുള്ള അവസരം.

ചതുപ്പുകളില്‍ പതിച്ചാല്‍ രക്ഷാപ്രവര്‍ത്തനം പോലും അസാധ്യമായതിനാല്‍ കടുത്ത നിയന്ത്രണമാണ് ഇവിടെയെത്തുന്നവര്‍ക്ക്. അപകടങ്ങളും മരണങ്ങളും സംഭവിച്ചിട്ടുമുണ്ട്. ഓരോ 45 മിനിറ്റിലും പൊട്ടിത്തെറിക്കുന്ന ഉഷ്ണജല സ്രോതസ്സായ ഓള്‍ഡ് ഫെയ്ത്ത് ഫുള്‍, അലറുന്ന പര്‍വതമെന്നറിയപ്പെടന്ന മാമത്ത് ഹോട്ട്‌സ്പ്രിങ്, ഏറ്റവും ശക്തമായ ചൂട് നീരുറവകള്‍ പുറത്തുവിടുന്ന നോറിസ് ഗീസര്‍ ബേസിന്‍, മഴവില്ലിന്റെ മനോഹാരിത തീര്‍ക്കുന്ന ഗ്രാന്‍ഡ് പ്രിസ്മാറ്റിക് സ്പ്രിങ് എന്നിവയെല്ലാം യെല്ലോസ്റ്റോണില്‍ സംരക്ഷിക്കുന്ന ഉഷ്ണജല സ്രോതസ്സുകളില്‍ ചിലത് മാത്രമാണ്.

യെല്ലോസ്റ്റോണ്‍ ദേശീയപാര്‍ക്കിലെ ഏറ്റവും മനോഹരവും പഴകിയതുമായ ഉഷ്ണജല സ്രോതസ്സാണ് ഓള്‍ഡ് ഫെയ്ത്ത്ഫുള്‍ ഗീസര്‍. 1870-ല്‍ ആണ് ഓള്‍ഡ് ഫെയ്ത്ത്ഫുള്‍ ഗീസറിന് ആ പേര് ലഭിച്ചത്. കൃത്യമായ സമയക്രമം പാലിച്ച് ഇവ പൊട്ടിത്തെറിക്കുമെന്നതിനാല്‍ ഏറ്റവും കൃത്യമായി പ്രവചിക്കാവുന്ന ഉഷ്ണജല സ്ഫോടനമെന്നും ഇതിനെ അറിയപ്പെടുന്നുണ്ട്. ഓരോ 45 മിനിറ്റിലും ഇവ പൊട്ടിത്തെറിക്കുകയും 36 മീറ്റര്‍ മുതല്‍ 56 മീറ്റര്‍ വരെ ഇതിലെ തിരമാല ഉയര്‍ന്ന് പൊങ്ങുകയും ചെയ്യുന്നു. ഒരു തവണ പൊട്ടിത്തെറിക്കുമ്പോള്‍ ഒന്നര മിനിറ്റ് മുതല്‍ പത്ത് മിനിറ്റ് വരെയാണ് ജലപ്രവാഹം നീണ്ടുനില്‍ക്കുക. ജിയോതെര്‍മല്‍ എനര്‍ജിയുടെ ഫലമായി ഭൂമിക്കടിയില്‍നിന്ന് ചുട്ടുപഴുത്ത് പുറത്തേക്ക് വരുന്ന ഈ ഉഷ്ണജലപ്രവാഹം വലിയ അപകടമേറിയതുമാണ്. അതുകൊണ്ടുതന്നെ ഗീസറിന് സമീപത്ത് നിര്‍മിച്ചിട്ടുള്ള അര്‍ധവൃത്താകൃതിയിലുള്ള ട്രേയില്‍ നിന്നുകൊണ്ടു മാത്രമേ കാഴ്ച കാണാനുള്ള അനുവാദമുള്ളൂ.

ഇതുപോലെ നിരവധി ഉഷ്ണജല സ്രോതസ്സുകള്‍ പാര്‍ക്കിലുണ്ടെങ്കിലും ഏറ്റവും മനോഹരമായതും ജനപ്രീതിയുള്ളതും ഓള്‍ഡ് ഫെയ്ത്ത്ഫുള്‍ ഗീസറാണ്. ഇത് പൊട്ടിപ്പുറപ്പെടുന്ന സമയത്തിന് അനുസരിച്ചാണ് ഇതിലെ വെള്ളത്തിന്റെ ചൂട്. ഏകദേശം 117 ഡിഗ്രി സെല്‍ഷ്യസ്വരെ ഇതിന്റെ ചൂട് ഉയരാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭൂമിക്കടിയില്‍നിന്ന് വെള്ളവും പുകയും നീരാവിയും മുകളിലേക്ക് കുതിച്ചുയരുകയാണ് ചെയ്യുന്നത്. ഓരോ തവണയും 1400 മുതല്‍ 3200 ലിറ്റര്‍വരെ വെള്ളമാണ് പുറത്തേക്ക് പോവുക. പതഞ്ഞുപൊങ്ങിയൊലിക്കുന്ന വെള്ളത്തിന് സൂക്ഷ്മജീവികളുടെ സാന്നിധ്യമുളളതിനാല്‍ മഞ്ഞയും നീലയും പച്ചയും കലര്‍ന്ന നിറമാണുള്ളത്. സഞ്ചാരികള്‍ ഗീസറിലേക്ക് നാണയങ്ങളും കല്ലും വലിച്ചെറിയാന്‍ തുടങ്ങിയതോടെ ഇതിലെ സൂക്ഷ്മജീവികള്‍ നശിക്കുകയും വെള്ളത്തിന്റെ നിറത്തില്‍ പ്രകടമായ മാറ്റമുണ്ടാവുകയും ചെയ്യുന്നതായും പറയപ്പെടുന്നുണ്ട്.

യെല്ലോ സ്റ്റോണ്‍ ദേശീയ പാര്‍ക്കിലെ മറ്റൊരു പ്രധാന സംരക്ഷണ വൈവിധ്യമാണ് മാമത്ത് ഹോട്ട്സ്പ്രിങ്. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 8012 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ടെറസ് മൗണ്ടന്റെ അടിവാരത്തുള്ള ഈ വിസ്മയത്തെ ട്രാവര്‍ടൈന്‍ ടെറസസ് എന്നും അറിയപ്പെടുന്നുണ്ട്. തട്ടുതട്ടായി കിടക്കുന്ന ഉപ്പുകല്ലുകളുടെ അടുക്കുകളാല്‍ ചുറ്റപ്പെട്ട ഈ നീരുറവയ്ക്ക് അലറുന്ന പര്‍വതമെന്ന വിളിപ്പേരുമുണ്ട്. ഇതില്‍നിന്നു വെള്ളം തിളച്ചുകൊണ്ടിരിക്കുന്നതിന്റെ ശബ്ദം ഏറെ ദൂരം കേള്‍ക്കാനാവുന്നത് കൊണ്ടാണ് ഇതിന് അലറുന്ന പര്‍വതമെന്ന പേര് വന്നതെന്നാണ് പറയപ്പെടുന്നത്. നീരുറവയില്‍നിന്നു പുറത്തുവരുന്ന വെള്ളത്തിന് തിളങ്ങുന്ന വെള്ളനിറവും ഇടയ്ക്കിടെ ബ്രൗണ്‍ നിറവും കാണപ്പെടുന്നതിനാല്‍ വെട്ടിത്തിളക്കുന്ന പാലരുവിപോലെയാണ് ഇതിലെ ജലമൊഴുക്ക്.

ഭൂമിക്കടിയില്‍നിന്നു തിളച്ചുപൊന്തുന്ന നീരുറവ നിക്ഷേപിക്കുന്ന കാല്‍സ്യം കാര്‍ബണേറ്റുകള്‍ ഈ ഭൂപ്രതലത്തിന്റെ നിറത്തേയും രൂപത്തേയും അപ്പാടെ മാറ്റിക്കളഞ്ഞിട്ടുണ്ട്. ഐസ്‌ക്രീം തട്ടുപോലെ കാണപ്പെടുന്ന ഈ ഭൂപ്രദേശം അതിമനോഹരവും അതിലേറെ അപകടം നിറഞ്ഞതുമാണ്. ഏകദേശം 64 മുതല്‍ 165 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഇതിലെ താപനില. ചുട്ടുപൊള്ളുന്ന നീരുറവകളുടെ കേന്ദ്രങ്ങള്‍ക്ക് പുറമെ നന്നേ ചൂട് കുറഞ്ഞതും ആളുകള്‍ക്ക് ഇറങ്ങാന്‍ അനുവാദമുള്ള സ്ഥലവും ഇവിടേയുണ്ട്. അതിലൊന്നാണ് ബോയിലിങ് റിവര്‍. ചൂട് നീരുറവകളില്‍നിന്നു വരുന്ന ഇതിലെ വെള്ളം ധാതുസമ്പുഷ്ടമായതിനാല്‍ പല ത്വക്ക് രോഗങ്ങള്‍ക്കും നല്ലതാണെന്ന വിശ്വാസവുമുണ്ട്. അതുകൊണ്ടുതന്നെ പാര്‍ക്ക് സന്ദര്‍ശിക്കാനെത്തുന്നവരില്‍ പലരും ഇതിലിറങ്ങി കുളിക്കുകയും ചെയ്യും. ഇളംചൂടുള്ള വെള്ളമായതിനാല്‍ കുളിക്കാന്‍ തയ്യാറായി തന്നെയാണ് പലരും ഇവിടെയെത്തുന്നത്.

യു.എസിലെ ഏറ്റവും വലുതും ലോകത്തിലെ മൂന്നാമത്തേതുമായ ഗ്രാന്‍ഡ് പ്രിസ്മാറ്റിക് സ്പിങും യെല്ലോസ്റ്റോണ്‍ പാര്‍ക്കിലാണ്. ധാതുനിക്ഷേപവും മൈക്രോബിയല്‍ മാറ്റവും കാരണം മഞ്ഞ, വെള്ള, ഓറഞ്ച്, വൈലറ്റ്, ചുവപ്പ് എന്നീ നിറത്തില്‍ ഇതിലെ ഒഴുക്ക് കാണപ്പെടുന്നു. 1871-ല്‍ ആണ് ഇതിനെ ഭൂമിശാസ്ത്ര വിദഗ്ധര്‍ കണ്ടെത്തുന്നത്. 370 അടി വ്യാസവും 121 അടി ആഴവുമുള്ള ഗ്രാന്‍ഡ് പ്രിസ്മാറ്റിക്കിന് മഴവില്ലിന്റെ മനോഹാരിതയാണ്. മധ്യഭാഗത്ത് കാണപ്പെടുന്ന നീല നിറം ഇതിനെ നയനമനോഹരമായ കാഴ്ചയാക്കുന്നുണ്ട്. 87 മുതല്‍ 93 ഡിഗ്രിവരെ താപശേഷിയുള്ള ഈ ഭാഗത്ത് സൂര്യരശ്മി പതിച്ചാണ് ഇത്ര മനോഹര കാഴ്ച നല്‍കുന്നത്. വ്യത്യസ്ത താപനിലയിലുള്ള വെള്ളമായതിനാല്‍ ഇതില്‍ അധിവസിക്കുന്ന സൂക്ഷ്മജീവികളാണ് പല നിറങ്ങള്‍ നല്‍കുന്നത്. ഒരു മിനിറ്റില്‍ 1900 ലിറ്റര്‍ വെള്ളമാണ് ഇതിലൂടെ പുറത്തേക്കൊഴുകുന്നത്.

ഫൗണ്ടന്‍ പോയിന്റ് എന്ന പേരിട്ടിരിക്കുന്ന മഡ്സ്പോട്ട്, ഇതില്‍നിന്നു പുറത്തേക്ക് വരുന്ന വാതകങ്ങള്‍ക്ക് രൂപമാറ്റം വന്ന് ഉണ്ടാവുന്ന പല നിറത്തിലുള്ള ചെളിക്കുമിളകള്‍-എന്നിവയെല്ലാം യെല്ലോസ്റ്റോണില്‍ വിസ്മയങ്ങളുടെ തീരാക്കാഴ്ചകൾ തന്നെയാണ് യാത്രക്കാര്‍ക്ക് നല്‍കുക. വില്ലോ മരങ്ങളും ഫിര്‍ മരങ്ങളും നിറഞ്ഞ താഴ്വരയില്‍ സാന്‍ഡ് വെര്‍ബേന എന്ന അപൂര്‍വ സസ്യങ്ങളേയും കാണപ്പെടുന്നുണ്ട്. പാര്‍ക്കിന്റെ പകുതിയിലേറെ ഭാഗവും കാടായതിനാല്‍ തിരിച്ചറിയപ്പെടാത്ത നിരവധി സസ്യജാലങ്ങള്‍ ഇനിയുമിവിടെയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വെറും ദേശീയോദ്യാനം എന്നതിലപ്പുറം വംശനാശം സംഭവിച്ചുപോയ ജീവികളെ തിരിച്ചെത്തിച്ച് വനവല്‍ക്കരണത്തിന്റെ ലോകമാതൃക തീര്‍ത്ത കഥയും യെല്ലോസ്റ്റോണിന് കാണിച്ചുകൊടുക്കാനുണ്ട്.

Credit: by കെ.പി നിജീഷ് കുമാര്‍|[email protected],in

ഓൺലൈൻ ആയി കാശ് ഉണ്ടാക്കാം. Mobile/Pc✅ 100%Genuine

Earn Free Paytm cash with Rakuten Insights✅

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 in WhatsApp