നടക്കാനറിയാത്ത ജെർബോവകൾ
വളരെ കഷ്ടപ്പെട്ട് നടക്കുന്ന കുഞ്ഞൻ ജീവികളാണ് ജെർബോവകൾ(Jerboa). കഷ്ടപ്പാടിന് കാരണം മറ്റൊന്നുമല്ല: അവയ്ക്ക് നടക്കാനറിയില്ല! പിൻകാലുകളിലൂന്നി മുകളിലേക്കും വശങ്ങളിലേക്കും ചാടിച്ചാടി വളഞ്ഞുപുളഞ്ഞാണ് ഇവയുടെ സഞ്ചാരം. കണ്ടാൽ കാലിനടിയിൽ സ്പ്രിങ് കെട്ടിവച്ചത് പോലെ തോന്നും.
Euchoreutes naso എന്ന ശാസ്ത്ര നാമമുള്ള ജെർബോവകൾ എലിവർഗത്തിൽ (Rodents) പെടുന്നു. കാഴ്ചയിൽ ബഹുരസികരാണിവർ. ഉള്ളംകയ്യിലൊതുക്കാവുന്നത്ര വലുപ്പം, മുൻകാലുകളേക്കാൾ നാലിരട്ടിയിലേറെ വലുപ്പമുള്ള പിൻകാലുകൾ, അസാധാരണ വലുപ്പമുള്ള വാലും ചെവിയും. ഈ വലുപ്പമുള്ള സാധാരണ ജീവികൾക്ക് വേണ്ടതിനേക്കാൾ ഊർജം വേണം ജേർബോവകൾക്ക് ചാടിച്ചാടി നടക്കാൻ. വടക്കേ ആഫ്രിക്കയിലെയും ഏഷ്യയിലെയും മരുപ്രദേശങ്ങളിലാണ് ജെർബോവകളെ കണ്ടുവരുന്നത്.
ആകെ 33 ഇനം ജെർബോവകൾ ലോകത്തിലുണ്ടെന്ന് കരുതുന്നു. ഇവയിൽ Long-Eared-Jeboa യ്ക്കാണ് ഏറ്റവും വിചിത്രമായ ആകൃതി. ശരീരത്തിന്റെ ആകെ നീളത്തിന്റെ മൂന്നിൽ രണ്ട് വലുപ്പമുള്ള ചെവിയാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. ചെറുജീവികളിൽ ഇത്രവലിയ ചെവിയുള്ളവ വേറെ കാണില്ല. മംഗോളിയയുടെ തെക്കൻ ഭാഗങ്ങൾ, ചൈനയുടെ വടക്കുപടിഞ്ഞാറൻ പ്രദേശം എന്നിവിടങ്ങളിളൊക്കെ Long-Eared-Jerboa കളെ കൂടുതലായി കാണാം.
ഒരിക്കലും വെള്ളം കുടിക്കാത്ത ജീവികളാണ് ജെർബോവകൾ. ശരീരത്തിന് വേണ്ട ജലാംശം ഇവയ്ക്ക് ഭക്ഷണത്തിൽ നിന്ന് കിട്ടും. ചെറിയ പ്രാണികളും ചെടികളുമൊക്കെയാണ് ജെർബോവകളുടെ ആഹാരം. ജെർബോവകളെക്കുറിച്ച് വളരെ കുറച്ചേ മനുഷ്യന് അറിവുള്ളു. ഇവയെ സംരക്ഷിക്കാനുള്ള ശ്രമങ്ങൾ ഇന്ന് നടക്കുന്നുണ്ട്.