സ്വയം പ്രകാശിക്കുന്ന ഫ്ലാഷ്ലൈറ്റ് മീനുകൾ🐠🐠
മിന്നാമിനുങ്ങിനെ പോലെ സ്വയം പ്രകാശിക്കുന്ന നിരവധി ജീവികളുണ്ടെന്ന് നിങ്ങൾക്കറിയാമോ..? ബയോലൂമിനസെൻസ് (Bioluminescence) എന്നാണ് ജീവികളുടെ ഇൗ സ്വയം പ്രകാശിക്കൽ പരിപാടിക്ക് പറയുന്ന പേര്. ചിലർ കൂട്ടുകാരെ ആകർഷിക്കാനാണ് പ്രകാശം പരത്തുന്നതെങ്കിൽ മറ്റുചിലർ ഇരപിടിക്കാനാണ് ഇൗ വിദ്യയെ കൂട്ടുപിടിക്കുന്നത്. പ്രകാശം കാട്ടി ആൺ മിന്നാമിനുങ്ങുകളെ ആകർഷിച്ച് അകത്താക്കുന്ന പ്രാണികൾ ഇക്കൂട്ടർക്ക് ഉദാഹരണമാണ്.
പ്രകാശിക്കുന്ന ജീവികളുടെ കൂട്ടത്തിലെ പ്രശസ്തരാണ് ഫ്ലാഷ്ലൈറ്റ് ഫിഷ് എന്ന മീൻ. Anomalops Katoptron എന്ന ശാസ്ത്ര നാമമുള്ള ഒരിനം ഫ്ലാഷ്ലൈറ്റ് മീൻ പസഫിക് സമുദ്രത്തിലുണ്ട്. കണ്ണിനു താഴെയുള്ള പ്രത്യേക അവയവത്തിൽ നിന്നാണ് ഇവ പ്രകാശം പുറപ്പെടുവിക്കുന്നത്. ഇൗ അവയവത്തിലുള്ള ചില ബാക്ടീരിയകളാണ് വെട്ടത്തിന് പിന്നിൽ. ഇഷ്ടാനുസരണം വെട്ടം മൂടിവയ്ക്കാനും തുറന്നു വയ്ക്കാനും സഹായിക്കുന്ന ത്വക്ക് കൊണ്ടുള്ള ഒരു സ്വിച്ച് ഇവയ്ക്കുണ്ട്. ഒപ്പം, സ്വന്തം വെട്ടം കണ്ണിലടിച്ച് കുഴപ്പമാകാതിരിക്കാൻ സഹായിക്കുന്ന കറുത്ത വരകളുള്ള മറയുമുണ്ട്.
ഈ മീനുകൾക്ക് എന്തിനാണ് പ്രകാശം എന്നന്വേഷിച്ച ഗവേഷകർ രണ്ട് കാരണങ്ങൾ കണ്ടെത്തി. ഇരുട്ടത്ത് പോലും ഇരകളെ എളുപ്പത്തിൽ കണ്ടെത്താം എന്നതാണ് അതിൽ ഒന്നാമത്തേത്. ശത്രുക്കളുടെ കണ്ണിൽ വെട്ടമടിച്ച് രക്ഷപ്പെടുകയാണ് രണ്ടാമത്തേത്. ഇതൊന്നുമല്ലാതെ വേറൊരു പ്രധാന കാര്യത്തിന് ഇവർ പ്രകാശം ഉപയോഗിക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. മീനുകൾ കൂട്ടം കൂടി ഒരേ ദിശയിൽ സഞ്ചരിക്കുന്നത് കണ്ടിട്ടില്ലേ..?
സ്കൂളിങ് (Schooling) എന്നാണ് ഇതിനു പറയുന്നത്. ശത്രുക്കളിൽ നിന്ന് രക്ഷ നേടാനും കൂടുതൽ ഭക്ഷണം കണ്ടെത്താനും കൂട്ടം ചേർന്നുള്ള ഇൗ യാത്ര മീനുകളെ സഹായിക്കും. എന്നാൽ, ആവശ്യത്തിന് വെളിച്ചമുള്ളപ്പോൾ മാത്രമേ ഇത് നടക്കൂ. അവിടെയാണ് ഫ്ലാഷ് ലൈറ്റ് മീനുകളുടെ ടോർച്ചിന്റെ ഉപയോഗം.
രാത്രി സമയത്ത് പോലും ആഴക്കടലിൽ സ്വന്തം പ്രകാശം ഉപയോഗിച്ച് ഇവർക്ക് കൂട്ടമായി സഞ്ചരിക്കാം. വെളിച്ചം കാട്ടി ശത്രുക്കളെ വിരട്ടാം.
ഫ്ലാഷ്ലൈറ്റ് മീനുകളുടെ ഈ വിദ്യ അനുകരിച്ച് റോബോട്ടുകളെ നിർമിച്ചാൽ സമുദ്ര മലിനീകരണത്തെക്കുറിച്ചും കടൽജീവികളേക്കുറിച്ചുമെല്ലാം കൂടുതൽ പഠനങ്ങൾ നടത്താനാകും എന്നാണ് ഗവേഷകർ പറയുന്നത്.
Credit: Sujith Sukumaran