സ്റ്റാര്‍ലിങ്ക് , ഇന്ത്യയിലെ പ്രതിമാസ നിരക്ക് എത്രയാകും?
ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കുള്ള പ്രതിമാസ റെസിഡന്‍ഷ്യല്‍ പ്ലാന്‍ നിരക്കുകള്‍ വെളിപ്പെടുത്തി ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് കമ്പനിയായ സ്റ്റാര്‍ലിങ്ക്. എങ്കിലും രാജ്യത്ത് സേവനം ആരംഭിക്കുന്നതിനുള്ള അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് ഇപ്പോഴും കമ്പനി.
വീടുകളിലെ ആവശ്യങ്ങള്‍ക്കുള്ള സ്റ്റാര്‍ലിങ്ക് കണക്ടിവിറ്റിയ്ക്ക് 8600 രൂപയായിരിക്കും പ്രതിമാസ നിരക്ക്. ഇതോടൊപ്പം 34000 രൂപ നല്‍കി ഹാര്‍ഡ് വെയര്‍ കിറ്റും വാങ്ങണം. റെസിഡന്‍ഷ്യല്‍ പാക്കേജ് എടുക്കുന്നവര്‍ക്ക് 30 ദിവസം അണ്‍ലിമിറ്റഡ് ഡാറ്റ ഉപയോഗിക്കാനാവുന്ന ട്രയല്‍ പിരീയഡ് ആനുകൂല്യവും ലഭിക്കും.
സ്റ്റാര്‍ലിങ്ക് വെബ്‌സൈറ്റില്‍ ഇപ്പോള്‍ കാണിച്ചിരിക്കുന്ന ഈ നിരക്കില്‍ ചിലപ്പോള്‍ മാറ്റം വന്നേക്കാമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സര്‍ക്കാരില്‍ നിന്ന് ഇനിയും ലഭിക്കാനുള്ള അനുമതി ലഭിച്ചതിന് ശേഷം അന്തിമ നിരക്ക് വ്യക്തമാവും. മാത്രവുമല്ല സ്റ്റാര്‍ലിങ്ക് ഇന്ത്യയുടെ വെബ്‌സൈറ്റില്‍ വാണിജ്യ ഉപഭോക്താക്കള്‍ക്കുള്ള ബിസിനസ് സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക് എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല.
വര്‍ഷങ്ങളായി ഇന്ത്യയില്‍ സേവനം ആരംഭിക്കാനുള്ള ശ്രമങ്ങളിലാണ് സ്റ്റാര്‍ലിങ്ക്. സര്‍ക്കാരില്‍ നിന്നുള്ള ഒട്ടേറെ നടപടിക്രമങ്ങളിലൂടെ ഇതിനകം കമ്പനി കടന്നുപോയിട്ടുണ്ടെങ്കിലും അന്തിമ അനുമതി ലഭിച്ചിട്ടില്ല. ഇതിനകം വിവിധ വകുപ്പുകളുടെ അനുമതികള്‍ കമ്പനി സമ്പാദിച്ചിട്ടുമുണ്ട്. രാജ്യത്ത് സേവനം ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന ജോലികളും നടക്കുന്നുണ്ട്.
ഭ്രമണപഥത്തില്‍ പ്രവര്‍ത്തനക്ഷമമായ ഏഴായിരത്തോളം ഉപഗ്രഹങ്ങളുള്ള സ്റ്റാര്‍ലിങ്ക് ആണ് ലോകത്ത് ഏറ്റവും വലിയ ഉപഗ്രഹ ശൃംഖല സ്വന്തമായുള്ള സാറ്റ്‌കോം കമ്പനി. രാജ്യത്ത് പരമ്പരാഗത ഇന്റര്‍നെറ്റ് എത്തിക്കാന്‍ പ്രയാസമുള്ള സങ്കീര്‍ണമായ ഭൂപ്രദേശങ്ങളില്‍ അതിവേഗ കണക്ടിവിറ്റി എത്തിക്കാന്‍ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനത്തിലൂടെ സാധിക്കും.
തിരക്കുള്ള നഗര മേഖലയിലും പരമ്പരാഗത ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് സ്വാധീനമുള്ള ഇടങ്ങളിലും സ്റ്റാര്‍ലിങ്ക് ലഭിച്ചേക്കില്ല. പ്രധാനകാരണം, വളരെ മിതമായ പ്രതിമാസ നിരക്കില്‍ പരമ്പരാഗത സേവനങ്ങള്‍ ഇന്ത്യയിലെ മിക്കയിടങ്ങളിലും ലഭ്യമാണ് എന്നതാണ്. മൊബൈല്‍, ഫൈബര്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് 500 രൂപയില്‍ താഴെ മാത്രമേ വിലയുള്ളൂ. അതുകൊണ്ടു തന്നെ വനമേഖല, പര്‍വത മേഖല, മലയോര മേഖല ഉള്‍പ്പടെ കണക്ടിവിറ്റി പ്രശ്‌നങ്ങളുള്ള ഒറ്റപ്പെട്ട ഭൂപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ കണക്ടിവിറ്റി ആവശ്യങ്ങള്‍ക്കായിരിക്കും സ്റ്റാര്‍ലിങ്ക് മുന്‍ഗണന നല്‍കുക.
എല്ലാ കാലാവസ്ഥയിലും സ്റ്റാര്‍ലിങ്ക് തടസമില്ലാത്ത സേവനം നല്‍കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ എളുപ്പം ഘടിപ്പിക്കാനാവുന്നതാണെന്നും ഉപയോഗിച്ച് തുടങ്ങാന്‍ ഉപകരണം പ്ലഗില്‍ കണക്ട് ചെയ്യേണ്ട ആവശ്യമാത്രമേയുള്ളൂ എന്നും കമ്പനി പറയുന്നു.
ജിയോ പ്ലാറ്റ്‌ഫോംസ്, ഭാരതി എയര്‍ടെല്‍ എന്നീ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ രാജ്യത്തെ ഉപഭോക്താക്കള്‍ക്കെത്തിക്കുക.
സ്റ്റാര്‍ലിങ്കിന് മുമ്പ് തന്നെ യൂടെല്‍ സാറ്റിന്റെ വണ്‍വെബ്, റിലയന്‍സ് ജിയോ എന്നീ കമ്പനികള്‍ക്ക് സാറ്റ്‌കോം ലൈസന്‍സ് എന്ന് വിളിക്കപ്പെടുന്ന ഗ്ലോബല്‍ മൊബൈല്‍ പേഴ്‌സണല്‍ കമ്മ്യൂണിക്കേഷന്‍ ബാ സാറ്റലൈറ്റ് ലൈസന്‍സ് ലഭിച്ചിരുന്നു. ടെലികോം വകുപ്പിന്റെ യുണിഫൈഡ് ലൈസന്‍സും സ്റ്റാര്‍ലിങ്കിന് ലഭിച്ചിട്ടുണ്ട്.