💀അജ്ഞാത ലോകം 💀
October 5, 2023

തലയില്ലാതെ നമുക്ക് എത്രസമയം ജീവിക്കാൻ കഴിയും ?

ക്രൂരമായ രീതിയില്‍ വധ ശിക്ഷ നടപ്പിലാക്കിയിരുന്ന ഉപകരണമായിരുന്നു ഗില്ലറ്റിന്‍. ഫ്രാന്‍സില്‍ ഗില്ലറ്റിന്‍ ഉപയോഗിച്ച് നടത്തിയ ശിരച്ഛേദങ്ങള്‍ക്കു ശേഷവും പലപ്പോഴും ഉടല്‍വേര്‍പെട്ട തലകളില്‍ ജീവന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവ നായകരില്‍ ഒരാളായിരുന്ന ഷോണ്‍ പോള്‍ മരറ്റിനെ വധിച്ച ഷാര്‍ലറ്റ് കോര്‍ഡിയുടെ വധശിക്ഷ ഗില്ലറ്റിനിലാണ് നടപ്പാക്കിയത്. വധശിക്ഷക്കു ശേഷം ആരാച്ചാര്‍ ഷാര്‍ലറ്റ് കോര്‍ഡിയുടെ തലയെടുത്ത് കവിളില്‍ ഇരുവശത്തും അടിച്ച് അപമാനിച്ചത്രെ. ഈ സമയം ഷാര്‍ലറ്റ് കോര്‍ഡിയുടെ മുഖം ദേഷ്യത്താല്‍ ചുവന്നുവെന്ന് പറയപ്പെടുന്നു.

നമ്മുടെ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഓക്‌സിജന്‍ അത്യാവശ്യമാണ്. മനുഷ്യ ശരീരത്തില്‍ ഉള്ളതിന്റെ 20 ശതമാനം ഓക്‌സിജനാണ് തലയില്‍ ഉണ്ടാവുക. കഴുത്തിലെ ഞരമ്പുകളുമായുള്ള ബന്ധം വേര്‍പെട്ടു കഴിഞ്ഞാല്‍ തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ വിതരണവും അവസാനിക്കും. പിന്നീട് ബാക്കിയുള്ള രക്തത്തിലെ ഓക്‌സിജന്‍ മാത്രമായിരിക്കും പ്രവര്‍ത്തനങ്ങള്‍ക്ക് തലയുടെ ആശ്രയം. മുപ്പതു സെക്കന്‍ഡ് മുതല്‍ അഞ്ചു മിനുറ്റ് വരെ ഉടല്‍ വേര്‍പെട്ട തലയില്‍ ബോധം ഉണ്ടാകാമെന്നാണ് കണക്കാക്കപ്പെടുന്നത്. അതായത് ശരീരത്തില്‍ നിന്നും വേര്‍പെട്ട് ഉടല്‍ പോവുന്നതും ചുറ്റും നടക്കുന്നതുമെല്ലാം ഈ സമയം വധശിക്ഷക്ക് വിധേയരാവുന്നവര്‍ക്ക് അറിയാനാവും.

ഹൃദയത്തിന്റെ പ്രവര്‍ത്തനം നിന്നിട്ടും ചുറ്റും നടക്കുന്നത് മനുഷ്യന് അറിയാനാവുമെന്ന് നേരത്തെ തന്നെ വിവിധ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഹൃദയാഘാതം അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലൂടെ കടന്നു പോയ മനുഷ്യര്‍ പിന്നീട് തങ്ങള്‍ക്കുണ്ടായ അനുഭവം പങ്കുവെച്ചിട്ടുമുണ്ട്. ഹൃദയത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച ശേഷം അര മണിക്കൂര്‍ വരെ മസ്തിഷ്‌കം പ്രവര്‍ത്തിക്കുമെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്.

തലപോയാലും ജീവന്‍ പോവാത്ത പ്രതിഭാസം മനുഷ്യരേക്കാല്‍ കൂടുതലാണ് മറ്റു പല ജീവികളിലും. ഇതില്‍ ഏറ്റവും പ്രസിദ്ധം അമേരിക്കയിലെ മൈക്ക് എന്ന പൂവന്‍ കോഴിയുടെ ജീവിത കഥയാണ്. കൊളറാഡോയിലെ കര്‍ഷകനായിരുന്ന ലോയിഡ് ഓസ്‌ലന്‍ 1945 സെപ്തംബര്‍ 10ന് തന്റെ നാലര മാസം പ്രായമായ പൂവന്‍കോഴിയെ കശാപ്പു ചെയ്യാന്‍ തീരുമാനിക്കുന്നു. ഓസ്‌ലന്റെ വെട്ടേറ്റ് തലപോയെങ്കിലും മൈക്ക് എന്ന പൂവന്‍കോഴി മരണത്തിനു കീഴടങ്ങാതെ ഓടി നടന്നു. ഒന്നും രണ്ടും ദിവസമല്ല 18 മാസക്കാലം തലപോയിട്ടും മൈക്ക് ജീവിച്ചു.

മൈക്കിന്റെ അസാധാരണ തലയില്ലാ ജീവിതത്തിന് പിന്നിലും കാരണമുണ്ട്. ഓസ്‌ലന്റെ വെട്ടിലും മൈക്കിന്റെ തലയിലെ ജുഗുലാര്‍ ഞരമ്പ് വേര്‍പെട്ടില്ലെന്നതാണ് പ്രധാനം. ഒരു ചെവിയും തലച്ചോറിന്റെ പ്രധാനഭാഗങ്ങളും നഷ്ടമായില്ലെന്നതും മൈക്കിനെ ജീവനോടെ തുടരാന്‍ സഹായിച്ചു. മാത്രമല്ല വേഗത്തില്‍ രക്തം കട്ടപിടിക്കുക കൂടി ചെയ്തതോടെ മൈക്ക് എന്ന തലയില്ലാ കോഴി ലോകത്തിന്റെ തന്നെ അത്ഭുതമായി മാറി. ഉള്ള തലയുടെ ഭാഗങ്ങള്‍ ഉപയോഗിച്ച് കൊത്തി തിന്നാനും കൂവാനുമൊക്കെ മൈക്ക് പിന്നീട് ശ്രമിച്ചിരുന്നു.

തലപോയിട്ടും ജീവന്‍ പോയില്ലെന്നു കണ്ടതോടെ ഓസ്‌ലന്‍ തന്റെ പൂവന്‍കോഴിയെ സംരക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. പിന്നീട് പാലും വെള്ളവുമെല്ലാം ഐഡ്രോപ്പര്‍ വഴി നല്‍കിയും ചെറു ധാന്യങ്ങളും പുഴുക്കളുമൊക്കെ കൊടുത്തുമൊക്കെയാണ് ഒന്നര വര്‍ഷക്കാലം മൈക്കിന്റെ ജീവന്‍ ഈ കര്‍ഷകന്‍ പിടിച്ചു നിര്‍ത്തിയത്.

മൈക്കിനെ പോലെ അത്ര ഭാഗ്യമുള്ളവരല്ല മനുഷ്യര്‍. തല പോയാല്‍ ജീവന്‍ നില നില്‍ക്കാനുള്ള സാധ്യത മനുഷ്യരില്‍ തീരെയില്ല. നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനത്തിന്റെ നിര്‍ണായക കേന്ദ്രങ്ങള്‍ തലയിലാണുള്ളത്. അതുകൊണ്ടുതന്നെ തലപോയിട്ടും ജീവന്‍ ബാക്കിയുണ്ടാവുമോ എന്നു തേടുന്നതിനു പകരം തല പോവാതെ നോക്കുന്നതാണ് മനുഷ്യരില്‍ ജീവനോടെയിരിക്കാന്‍ സഹായിക്കുക.

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 in WhatsApp