പാട്ടുപാടുന്ന പാറക്കൂട്ടങ്ങൾ
സുന്ദരമായ ശബ്ദംകൊണ്ട് നമ്മെ ഏറെ രസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന കലയാണ് സംഗീതം.
ചുറ്റുമൊന്ന് കാതോർത്താൽതന്നെ പല ശബ്ദങ്ങളും നമുക്കു കേൾക്കാം.
കളകളമൊഴുകുന്ന അരുവി, പക്ഷിയുടെ പാട്ട്, മഴപ്പെയ്ത്ത്, കാറ്റിന്റെ മർമരം...
അങ്ങനെ പ്രകൃതിതന്നെ ഒരുക്കിയ ശബ്ദവൈവിധ്യങ്ങൾ നിരവധിയാണ്.
ഇതുപോലൊരു സംഗീതകൗതുകം അമേരിക്കയിലെ പെൻസൽവേനിയയിൽ പ്രകൃതി ഒരുക്കിവെച്ചിട്ടുണ്ട്.
സംഗീതം പൊഴിക്കുന്ന ഒരു കൂട്ടം പാറക്കല്ലുകളാണ് അവിടെ നിങ്ങൾക്കായി കാത്തുനിൽക്കുന്നത്.
പെൻസൽവേനിയയിലെ ഡെലവേർ നദിക്കു സമീപത്തായി സ്ഥിതി ചെയ്യുന്ന 'അപ്പർ ബ്ലാക്ക് എഡ്ഡി' എന്ന ഗ്രാമത്തിൽ 128 ഏക്കറിലായി പരന്നുകിടക്കുന്ന 'റിങ്ങിങ് റോക്ക്‌സ്' പാർക്കിലാണ് ഈ പാറക്കൂട്ടങ്ങൾ.
ഏകദേശം പത്തടി ഘനമുള്ള പാറക്കൂട്ടങ്ങൾ കണ്ടാൽ ആകാശത്തുനിന്നും ചിന്നിച്ചിതറി വീണുകിടക്കുന്നതായാണ് നമുക്കു തോന്നുക.
ഒരു ചുറ്റികയെടുത്ത് ആ പാറക്കൂട്ടങ്ങളിൽ ഒന്ന് തട്ടിനോക്കൂ. മൃദു സ്വരത്തിൽ അവ സംഗീതം പൊഴിക്കുന്നത് കേൾക്കാം. വിവിധയിടങ്ങളിലുള്ള കലാകാരന്മാർ ഈ പാറക്കൂട്ടങ്ങളിൽ സംഗീത വിസ്‌മയം തീർക്കുന്നത് പതിവാണ്.
എന്നാൽ, ഈ പാറകൾ ഇവിടെനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോയാൽ അവയിൽനിന്ന് സംഗീതം കേൾക്കില്ലത്രെ.
ഇവിടം സന്ദർശിക്കുന്ന നിരവധി ചങ്ങാതിമാർ തിരിച്ചുപോവാൻ നേരം പാറകളുടെ കഷണങ്ങൾ തങ്ങളുടെ പോക്കറ്റിൽ ഭദ്രമായി എടുത്തുവെച്ചിരുന്നു.
എന്നാൽ, ആ കൊണ്ടുപോയവയൊന്നും സംഗീതം പൊഴിച്ചില്ല.
ശാസ്ത്രത്തിന് ഉത്തരം കിട്ടാത്ത ചോദ്യമായി നിൽക്കുന്ന ഈ പാറക്കൂട്ടങ്ങൾ നിറയെ അഗ്നിപർവത സ്ഫോടനം വഴി രൂപപ്പെടുന്ന ഡയബെസ് എന്ന ഇനം പാറകളാണ്.
മറ്റു പാറക്കൂട്ടങ്ങളിൽനിന്നു വ്യത്യസ്തമായി ഇവിടെയുള്ളവയിൽ സസ്യജാലങ്ങൾ വളരുകയോ ഇവ പൂപ്പൽപിടിക്കുകയോ ചെയ്യാറുമില്ല.
ഉഷ്‌ണകാലാവസ്ഥയായതിനാൽ പക്ഷി മൃഗാദികളുടെ സാന്നിധ്യവും ഇവിടെ കുറവാണ്.
Credit: Prävėėn Präkäsh