ലോകത്തിലെ ഏറ്റവും സമ്പന്നനായ നായ
ഒരു സാധാരണക്കാരന് മനുഷ്യായുസ്സിൽ നേടാനാവാത്തത്ര സമ്പാദ്യമുള്ള നായ. ഒന്നും രണ്ടുമല്ല 3300 കോടിക്കു മുകളിൽ ആസ്തിയുമായാണ് ജർമ്മൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട ഗുന്തർ ആറാമൻ എന്ന നായയുടെ രാജകീയ ജീവിതം. ലോകത്തിലെ പല ശതകോടീശ്വരന്മാരോടും കിടപിടിച്ചു നിൽക്കത്തക്ക ആഡംബര ജീവിതമാണ് ഇറ്റലിക്കാരനായ ഗുന്തർ ആറാമൻ നയിക്കുന്നത്.
പല സങ്കല്പ കഥകളെയും തോൽപ്പിക്കുന്ന തരത്തിലാണ് ഗുന്തർ ആറാമന്റെ ജീവിതകഥ. ഒരു ഇറ്റാലിയൻ പ്രഭുവിന്റെ പത്നിയായിരുന്ന കാർലോട്ട ലീബെൻസ്റ്റീൻ 1992 ൽ തന്റെ മകന്റെ മരണത്തെ തുടർന്ന് സ്വത്തിന് മറ്റ് അവകാശികളാരുമില്ലാത്തതിനാൽ 80 മില്യൻ ഡോളറിന്റെ ആസ്തി വളർത്തുനായ ഗുന്തർ മൂന്നാമന്റെ പേരിൽ എഴുതിവച്ചു. പ്രഭു കുടുംബത്തിന്റെ സുഹൃത്തും സംരംഭകനുമായിരുന്ന മൗറീസിയോ മിയാനായിരുന്നു സ്വത്ത് നോക്കി നടത്താനുള്ള ഉത്തരവാദിത്വം. അദ്ദേഹമാവട്ടെ ഗുന്തറിന്റെ പേരിൽ ട്രസ്റ്റ് രൂപീകരിക്കുകയും അനന്തരാവകാശം 400 മില്യൻ ഡോളറായി (3358 കോടി രൂപ) വർദ്ധിപ്പിക്കുകയും ചെയ്തു.
ഗുന്തർ മൂന്നാമൻ്റെ പിൻതലമുറക്കാരനായ ഗുന്തർ ആറാമൻ അങ്ങനെ ഏറ്റവും ഒടുവിൽ ഈ സ്വത്തിന്റെ മുഴുവൻ ഉടമയായി. ട്രസ്റ്റിലെ അംഗങ്ങളാണ് നിലവിൽ സ്വത്തു നോക്കി നടത്തുന്നത്. തന്റെ സമ്പത്തിനെക്കുറിച്ചോ രാജകീയ പദവിയെ കുറിച്ചോ അറിയില്ലെങ്കിലും മറ്റൊരു നായയ്ക്കും ലഭിക്കാത്തത്ര ആഡംബര സൗകര്യങ്ങൾ ആസ്വദിച്ചാണ് ഗുന്തർ ആറാമന്റെ ജീവിതം. സമാനതകളില്ലാത്ത ഗുന്തറിന്റെ ജീവിതരീതിയെക്കുറിച്ച് ഗുന്തേർസ് മില്യൺസ് എന്ന പേരിൽ നെറ്റ്‌ഫ്ലിക്സ് ഒരു ഡോക്യുസീരീസും പുറത്തിറക്കിയിട്ടുണ്ട്.
27 ജോലിക്കാർ അടങ്ങുന്ന സംഘമാണ് ഗുന്തർ ആറാമനെ പരിചരിക്കുന്നത്. ഗോൾഡ് ഫ്ലേക്ക് പൊതിഞ്ഞ സ്റ്റീക്കുകളടക്കം ഗുന്തറിൻ്റെ ഇഷ്ടവിഭവങ്ങൾ ഉണ്ടാക്കാനായി പ്രൈവറ്റ് ഷെഫും റെഡി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഈ നായയുടെ പേരിൽ സ്വത്ത് വകകളുണ്ട്. 29 മില്യൺ ഡോളർ വിലമതിപ്പുള്ള മിയാമി ബംഗ്ലാവടക്കം ആഡംബര വസതികളും ഇക്കൂട്ടത്തിൽ പെടുന്നു. ഇതിനെല്ലാം പുറമേ ഒരു പ്രൈവറ്റ് ജെറ്റും ആഡംബര യാട്ടും എല്ലാം ഗുന്തർ ആറാമന് സ്വന്തമായുണ്ട്.
ദ മഗ്നിഫിഷ്യന്റ് ഫൈവ് എന്ന പേരിൽ ഒരു പോപ് മ്യൂസിക് ഗ്രൂപ്പും സ്പോർട്സ് ടീമുകളുമൊക്കെ ആസ്തി ഉപയോഗിച്ച് ഗുന്തർ വാങ്ങി. ലോകത്തിന്റെ പലഭാഗങ്ങളിലേയ്ക്കും ഗുന്തർ ആറാമൻ സഞ്ചരിക്കാറുണ്ട്. പ്രത്യേക ഡ്രൈവറുള്ള കൺവേർട്ടബിൾ ബിഎംഡബ്ലിയു കാറിലാണ് ഗുന്തറിന്റെ യാത്ര. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഗുന്തറിന്റെ ആസ്തി സംബന്ധിച്ച് ചില തർക്കങ്ങളും നിലനിൽക്കുന്നുണ്ട്. ഒരു പ്രശസ്ത ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ അവകാശിയായ മൗറീസിയോ മിയാൻ നികുതി വെട്ടിക്കാനാണ് ഇത്തരമൊരു ട്രസ്റ്റിന് രൂപം നൽകിയത് എന്നാണ് ആരോപണം. 1999 ൽ ഗിന്നസ് റെക്കോർഡിന് ശ്രമിച്ചെങ്കിലും ആസ്തി സംബന്ധിച്ച കൃത്യമായ തെളിവുകൾ ഇല്ല എന്ന് ചൂണ്ടിക്കാട്ടി അധികൃതർ അപേക്ഷ നിരസിച്ചിരുന്നു. പിന്നാമ്പുറ കഥകൾ എന്തുതന്നെയായാലും ലോകത്തിലെ 99 ശതമാനം മനുഷ്യർക്കും സങ്കൽപ്പിക്കാനാവാത്ത ആഡംബരങ്ങൾ ആസ്വദിച്ച് കഴിയുകയാണ് ഗുന്തർ ആറാമൻ.