ആറാം തലമുറ യുദ്ധവിമാനവുമായി റഷ്യ
അത്യാധുനിക യുദ്ധവിമാനം വികസിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് റഷ്യന്‍ വ്യോമസേന. ശബദത്തേക്കാള്‍ നാല് മടങ്ങ് വേഗത്തിൽ (മാക്-4) പറക്കുന്ന ആറാം തലമുറ യുദ്ധവിമാന പദ്ധതിയാണ് റഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. മിഗ് വിമാനങ്ങളുടെ നിര്‍മാതാക്കളായ മികോയന്‍ ഡിസൈന്‍ ബ്യൂറോയാണ് മിഗ് -41 എന്ന ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്നത്.
പെര്‍സ്‌പെക്ടീവ് എയര്‍കോംപ്ലക്‌സ് ഫോര്‍ ലോങ് റേഞ്ച് ഇന്റര്‍സെപ്ഷന്‍ (Prospective Air Complex for Long-Range Interception) അഥവാ PAK-DP എന്ന കോഡ് നാമത്തിലാണ് പുതിയ യുദ്ധവിമാനം വികസിപ്പിക്കുന്നത്. ഇന്റര്‍സെപ്റ്റര്‍ വിമാനമായ മിഗ്-31 ഫോക്സ്ഹണ്ടിന്റെ പിന്‍ഗാമിയായി എത്തുന്ന യുദ്ധവിമാനമാകും മിഗ്-41. അതിനൂതന സ്റ്റെല്‍ത്ത്, അതിവേഗതയില്‍ ക്രൂയിസ് ചെയ്യാന്‍ സാധിക്കുന്ന യുദ്ധവിമാനമായാണ് മിഗ്-41 നെ വിഭാവനം ചെയിതിരിക്കുന്നത്.
ഇതിന്റെ പരമാവധി വേഗം ശബ്ദത്തേക്കാള്‍ നാല് മടങ്ങ് അധികമായിരിക്കും അതായത് മണിക്കൂറില്‍ 3,000 മൈലിലധികം വേഗം കൈവരിക്കാന്‍ ഇതിന് സാധിക്കും. എന്നാല്‍, സ്ഥിരമായ വേഗം എന്നത് മാക് 3 ആണ്. മണിക്കൂറില്‍ 2600 മൈല്‍. ഈ വേഗത്തിൽ സ്ഥിരമായ ക്രൂയിസിംഗ് സാധ്യമാകുന്ന തരത്തിലാണ് വിമാനത്തിന്റെ നിലവിലെ രൂപകല്‍പ്പന. യുഎസിന്റെ പക്കലുള്ള എഫ്-35 യുദ്ധവിമാനത്തിന് സമാനമായി ബ്ലെന്‍ഡഡ്-വിംഗ് ബോഡി രൂപകല്‍പ്പനയാണ് മിഗ്-41 അവലംബിക്കുക. ഇതിലൂടെ പരമാവധി റഡാര്‍ ക്രോസ് സെക്ഷന്‍ കുറയ്ക്കാന്‍ സാധിക്കും. ആയുധങ്ങള്‍ സൂക്ഷിക്കാനുള്ള ഇന്റേണല്‍ വെപ്പണ്‍ ബേ, റഡാര്‍ തരംഗങ്ങളെ ആഗിരണം ചെയ്യുന്ന പ്ലാസ്മ അധിഷ്ടിത ആവരണം എന്നിവയുള്ളതിനാല്‍ റഡാറുകള്‍ക്ക് പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കില്ല എന്നാണ് അവകാശവാദം.
നിലവില്‍ റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു-57 നായി വികസിപ്പിച്ച സാറ്റം എ.എല്‍-57 എഫ് എന്ന എന്‍ജിനാകും മിഗ്-41ന് കരുത്ത് പകരുക. അന്തരീക്ഷഘര്‍ഷണത്തെ തുടര്‍ന്ന് ഉണ്ടാകുന്ന താപത്തെ പ്രതിരോധിക്കുന്ന കോമ്പോസിറ്റ് മെറ്റീരിയലുകളാണ് ഇതിന്റെ ചട്ടക്കൂടില്‍ ഉപയോഗിക്കുന്നത്. ഇതിനൊപ്പം റഡാര്‍ ഉള്‍പ്പെടെയുള്ള നിരീക്ഷണങ്ങളെ മറികടക്കുന്ന അഡാപ്റ്റീവ് കാമഫ്‌ലാഷ് കോട്ടിങ്ങും ഇതിനുണ്ടാകും.
ഏതാണ്ട് 50,000 മീറ്റര്‍ വരെ ഉയരത്തില്‍ (ബഹിരാകാശത്തിന് അടുത്ത്) ഹൈപ്പര്‍സോണിക് വേഗതയില്‍ സഞ്ചരിക്കാന്‍ ഇതിന് സാധിക്കുമെന്നാണ് കരുതുന്നത്. എതിരാളിയുടെ സെന്‍സറുകളെ നിശ്ചലമാക്കാന്‍ ( ജാമിങ്) സാധിക്കുന്ന ഡയറക്ട്-എനര്‍ജി ലേസര്‍ പ്രതിരോധ സംവിധാനങ്ങളും അത്യാധുനിക ഇലക്ട്രോണിക് വാര്‍ഫെയര്‍ സ്യൂട്ടുകളും മിഗ്-41ല്‍ ഉണ്ടാകും.
ക്വാണ്ടം-എന്‍ക്രിപ്റ്റ് ചെയ്ത ഡാറ്റാ ലിങ്കുകള്‍ വഴി റഷ്യയുടെ എസ് 500 പ്രോമിത്യൂസ് എന്ന വ്യോമപ്രതിരോധ സംവിധാനവുമായി സംയോജിപ്പിക്കും. ഇതിനൊപ്പം എഐ സാങ്കേതികവിദ്യയും ഉപയോഗിക്കും. ഒറ്റത്തവണ ഇന്ധനം നിറച്ചാല്‍ 11,000 കിലോമീറ്റര്‍ ദൂരം പറക്കാന്‍ സാധിക്കും. ലോയല്‍ വിംഗ്മെന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് അവയുടെ മദര്‍ഷിപ്പായി പ്രവര്‍ത്തിക്കാനും മിഗ്-41ന് സാധിക്കുമെന്നാണ് അവകാശവാദം.
ദീര്‍ഘദൂര ആര്‍-37എം ഹൈപ്പര്‍സോണിക് മിസൈലുകള്‍, ഇലക്ട്രോമാഗ്നറ്റിക് റെയില്‍ഗണ്‍ എന്നിവയാകും പ്രധാന ആയുധങ്ങള്‍. എയര്‍-ടു-സ്പേസ് ആയുധങ്ങള്‍ ഉപയോഗിച്ച് താഴ്ന്ന ഭൗമ ഭ്രമണപഥത്തിലെ ഉപഗ്രഹങ്ങളെ തകര്‍ക്കാനും മിഗ്-41 ന് സാധിക്കുമെന്നാണ് അവകാശവാദം. യു.എസ് ബഹിരാകാശ സേനയുടെ എക്‌സ്-37ബി പോലുള്ള നിരീക്ഷണ ഉപഗ്രഹങ്ങള്‍ താഴ്ന്ന ഭ്രമണപഥത്തിലാണ് സഞ്ചരിക്കുന്നത്.
മിഗ് 41-ന്റെ ബാഹ്യരൂപകല്‍പ്പന ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. 2026-27 കാലയളവില്‍ പ്രോട്ടോടൈപ്പ് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, ഇതിനെ യാഥാര്‍ഥ്യമാക്കുന്നതില്‍ റഷ്യ നിരവധി വെല്ലുവിളികളെ മറികടക്കേണ്ടതുണ്ട്. പ്രധാനമായും യുക്രൈനുമായുള്ള യുദ്ധം ഉണ്ടാക്കിയ സാമ്പത്തിക ബാധ്യതകളാണ്. നിര്‍ണായക ഘടകങ്ങള്‍ ലഭിക്കുന്നതിന് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതും വിദഗ്ദ്ധരായ ഉദ്യോഗസ്ഥരെ പലപ്പോഴായി നഷ്ടപ്പെടുന്നതും റഷ്യ നേരിടുന്ന പ്രതിസന്ധികളാണ്.
2025 അവസാനം വരെ ഈ വിമാനത്തെ പറ്റിയുള്ള തെളിവുകള്‍ പുറത്തുവന്നിട്ടില്ല. ഇത്തരമൊരു യുദ്ധവിമാന പദ്ധതിയുണ്ട് എന്നുള്ളതില്‍ കവിഞ്ഞ് വിമാനത്തിന്റെ കൃത്യമായ പ്രോട്ടോടൈപ്പുകളോ ഫ്‌ലൈറ്റ് ടെസ്റ്റിംഗ് തെളിവുകളോ ലഭ്യമല്ലാത്തതിനാല്‍ യുദ്ധവിമാനത്തെപ്പറ്റിയുള്ള അവകാശവാദങ്ങളെ സംശയത്തോടെ കാണുന്നവരുമുണ്ട്. യഥാര്‍ഥ സാഹചര്യത്തില്‍ പൂര്‍ണ്ണമായി തെളിയിക്കപ്പെടാത്ത പള്‍സ്-ഡിറ്റോണേഷന്‍ എഞ്ചിനുകള്‍ പോലുള്ള പരീക്ഷണാത്മക സാങ്കേതികവിദ്യകള്‍ പോലുള്ള അവകാശവാദങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഈ വിമര്‍ശനങ്ങള്‍. ഒരു കണ്‍സപ്റ്റ് മാതൃകയില്‍നിന്ന് പോരാട്ടത്തിന് തയ്യാറായ യുദ്ധവിമാനത്തിലേക്ക് മിഗ്-41 എത്തുമോയെന്ന സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്.