💀അജ്ഞാത ലോകം 💀
February 25

ലോകത്തിലെ ഏറ്റവും ശപിക്കപ്പെട്ട വസ്തു

യഹൂദ വിശ്വാസപ്രകാരം, മരിച്ച വ്യക്തിയുടെ അലഞ്ഞുതിരിയുന്നതും പകപോക്കുന്നതുമായ ആത്മാവാണ് 'ഡിബ്ബുക്ക്' (Dybbuk). ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ശരീരത്തിൽ പ്രവേശിക്കാനും അവരെ നിയന്ത്രിക്കാനും ഈ ദുരാത്മാവിന് കഴിയുമെന്ന് വിശ്വസിക്കപ്പെടുന്നു. ലക്ഷ്യം പൂർത്തിയാകുമ്പോഴോ അല്ലെങ്കിൽ പ്രത്യേക പ്രാർത്ഥനകളിലൂടെ ഒഴിവാക്കുമ്പോഴോ മാത്രമേ ഇവ ശരീരത്തിൽ നിന്ന് വിട്ടുപോവുകയുള്ളൂ എന്നാണ് വിശ്വാസം.2003-ൽ കെവിൻ മാനിസ് എന്ന അമേരിക്കൻ ഫർണിച്ചർ വ്യാപാരി 'ഇബേ' എന്ന വെബ്സൈറ്റ് വഴി ഒരു പഴയ പെട്ടി ലേലത്തിന് വെച്ചതോടെയാണ് ഈ കഥ ലോകമറിയുന്നത്. തന്റെ ഇബേ പോസ്റ്റിൽ അദ്ദേഹം വളരെ ഭയപ്പെടുത്തുന്ന ഒരു പശ്ചാത്തല കഥ നൽകിയിരുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ ഹോളോകോസ്റ്റിനെ അതിജീവിച്ച ഹവാലഎന്ന ഒരു പോളിഷ് വനിതയുടേതായിരുന്നു ഈ പെട്ടിയെന്ന് അദ്ദേഹം അവകാശപ്പെട്ടു.സ്പെയിനിൽ നിന്നും വാങ്ങിയ ഈ പെട്ടിക്കുള്ളിൽ ഒരു ഡിബ്ബുക്ക് തളക്കപ്പെട്ടിട്ടുണ്ടെന്നും, അതിനാൽ ഇത് ഒരിക്കലും തുറക്കരുതെന്നും ആ സ്ത്രീയുടെ ചെറുമകൾ തനിക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി അദ്ദേഹം പറഞ്ഞു.ഈ പെട്ടി വാങ്ങിയവർക്കും സൂക്ഷിച്ചവർക്കും നിരവധി ദുരനുഭവങ്ങൾ ഉണ്ടായതായി ഇന്റർനെറ്റിൽ കഥകൾ പ്രചരിച്ചു. പെട്ടി സൂക്ഷിച്ചവർക്കും അവരുടെ സുഹൃത്തുക്കൾക്കും നിരന്തരം ഒരേപോലുള്ള ഭയാനകമായ സ്വപ്നങ്ങൾ (ഒരു ദുർമന്ത്രവാദിനിയുടെ രൂപം) കണ്ടതായി അവകാശപ്പെട്ടു.

പെട്ടിക്കുള്ളിൽ നിന്ന് പൂച്ചയുടെ മൂത്രത്തിന്റെയോ അല്ലെങ്കിൽ മുല്ലപ്പൂവിന്റെയോ ഗന്ധം വരുന്നതായി പലരും പറഞ്ഞു.

പെട്ടി സ്വന്തമാക്കിയവർക്ക് മുടികൊഴിച്ചിൽ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, സാമ്പത്തിക നഷ്ടങ്ങൾ തുടങ്ങിയവ സംഭവിച്ചു. പെട്ടി സമ്മാനമായി നൽകിയപ്പോൾ കെവിൻ മാനിസിന്റെ അമ്മയ്ക്ക് ഹൃദയാഘാതം ഉണ്ടായതായും പറയപ്പെടുന്നു.ഈ ഇന്റർനെറ്റ് കഥ വളരെ വേഗം വൈറലായി. 2012-ൽ പുറത്തിറങ്ങിയ 'ദി പൊസെഷൻ' (The Possession) എന്ന ഹോളിവുഡ് ഹൊറർ ചിത്രവും മലയാളത്തിൽ നിന്ന് എസ്രാ എന്ന സിനിമയും ഡിബ്ബുക്ക് ബോക്സിനെ ആസ്പദമാക്കിയുള്ളതാണ്. പിന്നീട് പ്രശസ്ത പാരനോർമൽ അന്വേഷകനായ സാക്ക് ബാഗൻസ് ഈ പെട്ടി വാങ്ങുകയും അമേരിക്കയിലെ നെവാഡയിലുള്ള തന്റെ 'ഹോണ്ടഡ് മ്യൂസിയത്തിൽ' ഇത് പ്രദർശനത്തിന് വയ്ക്കുകയും ചെയ്തു.ഇത്രയൊക്കെ ഭയപ്പെടുത്തുന്ന കഥകൾ ഇതിന് പിന്നിലുണ്ടെങ്കിലും, ഇതിന്റെ യാഥാർത്ഥ്യം മറ്റൊന്നാണ്. വർഷങ്ങൾക്ക് ശേഷം, കെവിൻ മാനിസ് തന്നെ ഇതൊരു കെട്ടുകഥയാണെന്ന് വെളിപ്പെടുത്തി. താൻ വാങ്ങിയ ഒരു സാധാരണ പഴയ പെട്ടിക്ക് കൂടുതൽ മൂല്യം ലഭിക്കാനും ആളുകളുടെ ശ്രദ്ധ ആകർഷിക്കാനുമായി തന്റെ ഭാവനയിൽ സൃഷ്ടിച്ച ഒരു കഥ മാത്രമായിരുന്നു അത്. ഹോളോകോസ്റ്റ് പശ്ചാത്തലവും ദുർമന്ത്രവാദവുമെല്ലാം അദ്ദേഹത്തിന്റെ സൃഷ്ടിയായിരുന്നു. ചുരുക്കത്തിൽ, ഇന്റർനെറ്റ് കാലഘട്ടത്തിൽ ഉണ്ടായ ഏറ്റവും വലിയ 'അർബൻ ലെജൻഡുകളിൽ' ഒന്നാണിത്. യാതൊരുവിധ അമാനുഷിക ശക്തികളും ആ പെട്ടിയിൽ ഇല്ല എന്നത് വ്യക്തമാണ്.
ഭയപ്പെടുത്തുന്ന കഥകൾ കേൾക്കാൻ മനുഷ്യർക്കുള്ള താല്പര്യവും, അത് എങ്ങനെ ഇന്റർനെറ്റിലൂടെ വലിയൊരു കെട്ടുകഥയായി മാറുന്നു എന്നതിനും ഏറ്റവും മികച്ച ഉദാഹരണമാണ് ഡിബ്ബുക്ക് ബോക്സ്.

Credit: ശ്രീജിത്ത് ശ്രീ

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram