September 20, 2020

കൊടുങ്കാടിനു നടുവിലൊരു ഭീമൻ മനുഷ്യത്തല

ഗ്വാട്ടിമാലയിലെ കൊടുങ്കാട്ടിലൂടെ സഞ്ചരിക്കുകയായിരുന്ന പര്യവേക്ഷകരായിരുന്നു ആദ്യമായി ആ ശിൽപാദ്ഭുതം കണ്ടെത്തിയത്. കാട്ടിലെ മരച്ചാർത്തുകൾക്കിടയിൽ തലയെടുപ്പോടെ ഒരു കൽപ്രതിമ. അതിനു കഴുത്തും തലയും മാത്രമേയുണ്ടായിരുന്നുള്ളൂ. നീണ്ട മൂക്കായിരുന്നു പ്രത്യേകത. മാത്രവുമല്ല ആകാശത്തേക്കു ദൃഷ്ടി പായിച്ചായിരുന്നു നിൽപ്. കാട്ടിൽ ഇത്തരമൊരു പ്രതിമ കണ്ടെത്തിയ വാർത്ത പിന്നീട് പലരും അറിഞ്ഞു. എന്നാൽ പതിയെപ്പതിയെ അത് കാലത്തിന്റെ കല്ലറയിൽ മറഞ്ഞു. ഗ്വാട്ടിമാലയിലാകട്ടെ സർക്കാരിനെതിരെ സായുധ വിപ്ലവം നടത്തുകയായിരുന്നു. കാട്ടിൽ മറഞ്ഞിരുന്നായിരുന്നു അവരുടെ ആക്രമണങ്ങളെല്ലാം.

1987ൽ ഡോ.ഓസ്കർ റഫാൽ പാഡില്ല ലാറ എന്ന അഭിഭാഷകന് ഗ്വാട്ടിമാലയിലെ ഈ തലയുടെ ചിത്രം ലഭിച്ചു. പുരാവസ്തുക്കളിൽ താൽപര്യമുള്ള അദ്ദേഹം ചിത്രത്തെപ്പറ്റി അന്വേഷിച്ചു. തല കണ്ടെത്തിയ സ്ഥലം സ്വന്തമാക്കിയ ഒരു വ്യക്തി പകർത്തിയ ചിത്രമാണെന്നായിരുന്നു മറുപടി ലഭിച്ചത്. ഗ്വാട്ടിമാലയിലെ ഏതോ ഒരു കാട്ടിൽ കണ്ടെത്തിയ ശിൽപം എന്ന മട്ടിൽ അദ്ദേഹം ഒരു മാസികയിൽ ആ ചിത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതു കണ്ടിട്ടാണ് ലോകപ്രശസ്ത പര്യവേക്ഷകൻ ഡേവിഡ് ഹാച്ചർ ചിൽഡ്രസ് കൂടുതൽ അന്വേഷണത്തിനൊരുങ്ങുന്നത്. ഡോ. ഓസ്കറിനെ അദ്ദേഹം കണ്ടെത്തി, ഗ്വാട്ടിമായിൽ ശിൽപം കണ്ടെത്തിയ സ്ഥലത്തിന്റെ ഉടമകളെയും തിരിച്ചറിഞ്ഞു.

ലാ ഡമോക്രാഷ്യ എന്ന ടൗണിൽനിന്ന് ഏകദേശം 10 കിലോമീറ്റർ മാറിയുള്ള ഒരു ചെറുഗ്രാമമായി ആ പ്രദേശം അതിനോടകം മാറിയിരുന്നു. ഗ്വാട്ടിമാലയുടെ തെക്കുള്ള ആ പ്രദേശത്ത് എത്തിയ അവരെ കാത്തിരുന്നത് ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു. അത്യപൂർവമെന്നു വിശേഷിപ്പിക്കാവുന്ന ആ ശിൽപം മുഖം പോലും തിരിച്ചറിയാനാകാത്ത വിധം നശിപ്പിക്കപ്പെട്ടിരിക്കുന്നു. സർക്കാരിനെതിരെ പ്രവർത്തിച്ച വിപ്ലവകാരികൾ പറ്റിച്ച പണിയാണ്. കാട്ടിൽ തോക്കിന്റെ ഉന്നം പരിശോധിക്കാൻ അവർ ഉപയോഗിച്ചത് ശിൽപത്തെയായിരുന്നു. അങ്ങനെ അതിന്റെ കണ്ണുകളും പ്രശസ്തമായ നീളൻ മൂക്കും വ്യത്യസ്തമായ ചുണ്ടുകളുമെല്ലാം നഷ്ടമായി. വെറുമൊരു കരിങ്കൽ ശില മാത്രമായി അത്. 4–6 മീറ്റർ ഉയരമുള്ള ഈ തലയുടെ ചരിത്രം അതോടെ എല്ലാവരും മറന്നു. അതൊരു സങ്കടമായി അവശേഷിച്ചു.

പിന്നീട് 2012ലാണ് മായൻ വംശത്തെപ്പറ്റിയുള്ള ഒരു ഡോക്യുമെന്ററിയുടെ വരവോടെ ഗ്വാട്ടിമാലയിലെ തല വീണ്ടും വാർത്തകളിൽ നിറയുന്നത്. മായന്മാരേക്കാൾ മികച്ച രീതിയിലായിരുന്നു ഗ്വാട്ടിമാലയിലെ കാട്ടിൽ കണ്ടെത്തിയ ശിൽപത്തിലെ കൊത്തുപണികൾ. അങ്ങനെയെങ്കിൽ അത് ഏതു വിഭാഗക്കാരാണ് നിർമിച്ചത്? സ്പെയിന്റെ അധിപത്യം ഗ്വാട്ടിമാലയിൽ വരുന്നതിനു മുൻപുള്ള ഏതോ ഗോത്രവിഭാഗമായിരിക്കണം അതിനു പിന്നിൽ. പക്ഷേ അക്കാലത്ത് ഗ്വാട്ടിമാലയിൽ അറിയപ്പെട്ടിരുന്ന ഒരേയോരു ഗോത്രവിഭാഗം ഓൽമെക്ക് ആയിരുന്നു. അവർ സമാനമായ ഒട്ടേറെ ശില്‍പങ്ങൾ പലയിടത്തും നിർമിച്ചിരുന്നു. അവയ്ക്കൊന്നും പക്ഷേ കാട്ടിൽ കണ്ടെത്തിയ ശിൽപവുമായി യാതൊരു സാമ്യവുമുണ്ടായിരുന്നില്ല.

മായന്മാർക്ക് അന്യഗ്രഹ ജീവികളുമായി ബന്ധമുണ്ടായിരുന്നെന്നാണ് ഗൂഢാലോചനാ സിദ്ധാന്തക്കാരുടെ വാദം. ആകാശത്തേക്ക് ദൃഷ്ടിയുറപ്പിച്ചു നിൽക്കുന്ന ശിൽപം തയാറാക്കിയതും അത്തരമൊരു ഗോത്രവിഭാഗമാണെന്നു പലരും വിശ്വസിച്ചു. ചിലരാകട്ടെ ആ ശിൽപം ഒരു കെട്ടുകഥയാണെന്നു വരെ പറഞ്ഞു. നിലവിൽ ലോകത്തുള്ള ഒരേയൊരു ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രവുമായി യാതൊരു ബന്ധവുമില്ല ഗ്വാട്ടിമാലയിലെ പ്രസ്തുത ശിൽപത്തിന്. അതിനാൽത്തന്നെ പറഞ്ഞു വിശ്വസിപ്പിക്കാൻ ഗവേഷകരുടെ കയ്യിൽ തെളിവുകളുമില്ല. പുരാവസ്തു ഗവേഷക ചരിത്രകാരന്മാര്‍ മറക്കാൻ ആഗ്രഹിക്കുന്ന അധ്യായം കൂടിയാണിത്. അത്രയേറെ വിലയേറിയ വിവരമാണ് ഗ്വാട്ടിമാലയിലെ വിപ്ലവം കാരണം നഷ്ടമായത്. ആരാണീ ശിൽപം നിൽമിച്ചത്? ആ ഗോത്ര വിഭാഗം എവിടേക്കു പോയി? എന്തിനാണിതു നിർമിച്ചത്? ഇന്നും ഉത്തരം കിട്ടിയിട്ടില്ല ഈ ചോദ്യങ്ങൾക്ക്.

Credit:Manorama

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram