രക്തം കുടിച്ച് മനുഷ്യരെ കൊല്ലും, മൂത്രസഞ്ചിയിൽ മുട്ടകളിടും, കാൻഡിരു എന്ന ഭീകരൻ
കാൻഡിരു എന്നത് യഥാർഥത്തിൽ, രക്തം കുടിച്ചുജീവിക്കുന്ന ഒരു ചെറിയ മീനിന്റെ പേരാണ്. ആമസോൺ മേഖലയിലാണ് ഈ മീനുകൾ പൊതുവെ കാണപ്പെടുന്നത്. മനുഷ്യരുടെ ശരീരത്തിലെ സുഷിരങ്ങളിലൂടെ പ്രവേശിച്ചതിനു ശേഷം രക്തം കുടിച്ചു വലുതായി മനുഷ്യരെ കൊല്ലുമെന്ന് ഈ മീനിനെപ്പറ്റി ഒരു തദ്ദേശീയ വിശ്വാസമുണ്ട് (ഇതിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ല). ഏതായാലും ഒളിച്ചു കയറി വിവരം ചോർത്തുന്നത് എന്ന അർഥത്തിലാകാം കാൻഡിരു സോഫ്റ്റ്‌വെയറിനും ഈ പേര് നൽകിയിരിക്കുന്നത്.
ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു മത്സ്യമാണ് കാൻഡിരുവെന്ന് വൈദ്യശാസ്ത്ര വിദഗ്ധർ പറയുന്നു. നീന്തുന്നവരുടെയും മറ്റും ലിംഗസുഷിരത്തിലൂടെ കയറി മൂത്രനാളിയിൽ കയറുമെന്നും തന്റെ ചെകിളയിലെ മുള്ളുകുത്തിയിറക്കി അവിടെ സ്ഥിതി ചെയ്യുമെന്നായിരുന്നു വിശ്വാസം. ഇതു വളരെ വേദനാജനകമാണെന്നും പിന്നീട് ഈ മത്സ്യത്തെ അവിടെ നിന്നു മാറ്റാൻ പാടുപെടുമെന്നും ആമസോൺ മേഖലയിൽ വിശ്വാസമുണ്ടായിരുന്നു. പിന്നീട് കൂടുതൽ ഭയാനകമായ കഥകളിറങ്ങി. മൂത്രസഞ്ചിയിൽ മുട്ടകളിടുമെന്നുവരെ പ്രചരിച്ചു.
എന്നാൽ ഈ കഥകളിലൊന്നും യാഥാർഥ്യമില്ലെന്ന് വിദഗ്ധർ പറയുന്നു. കാൻഡിരു അങ്ങനെ മനുഷ്യരെ ആക്രമിച്ച കേസുകളൊന്നും അധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലത്രേ. ബൊളീവിയ, ബ്രസീൽ, കൊളംബിയ, ഇക്വഡോർ, പെറു തുടങ്ങിയ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലാണ് കാൻഡിരു കാണപ്പെടുന്നത്. വൻഡിലിയ സിറോസ എന്നാണ് ഇതിന്റെ ശാസ്ത്രീയനാമം. പരമാവധി 7 ഇഞ്ച് വരെയൊക്കെയാണ് ഇവ വളരുന്നത്. മറ്റു മത്സ്യങ്ങളുടെ ചെകിളകളിൽ പറ്റിപ്പിടിച്ച് രക്തം കുടിച്ചാണ് കാൻഡിരു ഭക്ഷണം കണ്ടെത്തുന്നത്.