കേരളത്തിന്റെ സ്വന്തം കാണി മരഞണ്ട്
ഞണ്ടുകളെ ശുദ്ധജലാശയങ്ങളിലും (അരുവികൾ, തടാകങ്ങൾ, പുഴകൾ), ചതുപ്പുകളിലും, കടലിലും ഒക്കെയാണ് സാധാരണ കണ്ടുവരുന്നത്. എന്നാൽ മരത്തിൽ മാത്രം ജീവിക്കുന്ന ഒരു ഞണ്ടിനെ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത് പശ്ചിമഘട്ടത്തിൽ അഗസ്ത്യമലയിൽ നിന്നുമാണ്. കേരളത്തിലെ കാടുകളിൽ മാത്രം കാണപ്പെടുന്ന ഒരു തദ്ദേശ ഇനമാണ് കാണി മരഞണ്ട്.
കണ്ടെത്തിയ വഴി
ശുദ്ധജലമത്സ്യങ്ങളിലും ഞണ്ടുകളിലും ഗവേഷണം നടത്തുന്ന സ്മൃതിരാജും ഞാനും അഗസ്ത്യമലയിൽ നടത്തിയ യാത്രകളിലൊന്നിലാണ് ഞങ്ങൾക്ക് വഴികാട്ടികളായിരുന്ന കാണിക്കാർ (കാണി ആദിവാസി സുഹൃത്തുക്കളായ രാജനും മല്ലനും), വെള്ളത്തിൽ മാത്രമല്ല ഒരിനം ഞണ്ട് മരപ്പൊത്തിലും ഉണ്ട് എന്ന് ഞങ്ങളോട് പറയുന്നത്. മരപ്പൊത്തിൽ കഴിയുന്ന ഞണ്ടിനെത്തേടിയായി പിന്നീടുള്ള യാത്രകൾ. ഒരു ദിവസം കോട്ടൂർ വനമേഖലയിൽ ആദിവാസി ഊരുകൾക്കുസമീപം ഒരു മരത്തിലെ വലിയ പൊത്തിലെ വെള്ളത്തിൽ നിന്നാണ് രാജനും മല്ലനും ഒരു ഞണ്ടിനെ പിടിച്ച് ഞങ്ങൾക്ക് കൈമാറുന്നത്.
കണ്ടപ്പോൾ തന്നെ ഒരുകാര്യം വ്യക്തമായി, ഇതുപോലെ ഒന്ന് ആരും കണ്ടെത്തി ശാസ്ത്രീയമായി വിവരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടില്ല. സ്ഥിരീകരിക്കാനായി നിരവധി ചിത്രങ്ങളെടുത്ത് ഞണ്ടുകളുടെ വർഗ്ഗീകരണ ശാസ്ത്രത്തിൽ ആഗോള പ്രശസ്തനായ സിംഗപ്പൂർ സർവകലാശാലയിലെ പ്രൊഫസറും എന്റെ സുഹൃത്തും പ്രസ്തുത വിഷയത്തിൽ എന്റെ ഗുരുവും കൂടിയായ പീറ്റർ ഉങ്ങിന് അയച്ചു. അതിയായ സന്തോഷത്തിലായി പീറ്ററും. അതിനു കാരണവുമുണ്ട്. പൂർണമായും മരത്തിൽ ജീവിക്കുന്ന മരഞണ്ടുകൾ ഇതിനു മുമ്പ് ശ്രീലങ്കയിലും ബോർണിയോയിലും മഡഗാസ്കറിലും നിന്നു മാത്രമേ കണ്ടെത്തിയിട്ടുള്ളൂ, പീറ്റർ അതിൽ പങ്കാളിയും ആയിരുന്നു.
കേരള സർവകലാശാലയുമായി ഗവേഷണത്തിന് ഒരു ധാരണാപത്രത്തിൽ ഒപ്പിട്ട് ഇന്ത്യയിലേക്കുള്ള യാത്ര തുടങ്ങാനുള്ള തയ്യാറെടുപ്പിലുമായിരുന്നു പീറ്റർ അപ്പോൾ. ഇന്ത്യയിലെത്തിയ പീറ്ററും ഞങ്ങളും ചേർന്ന് പുതുതായി കണ്ടെത്തിയ മരഞണ്ടിനെ ശാസ്ത്രീയമായി വർഗീകരിക്കുകയും വിവരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു (ജേർണൽ ഓഫ് ക്രസ്റ്റേഷ്യൻ ബയോളജി; Journal of Crustacean Biology, 37(2), 157–167, 2017. doi:10.1093/jcbiol/rux012). ഇന്ത്യയിൽ നിന്ന് കണ്ടെത്തുന്ന ആദ്യത്തെ മരഞണ്ടും കൂടിയാണ് കാണി മരഞണ്ട്.
മലയാളം പേരിനുപിന്നിൽ
ജീവികളുടെ ശാസ്ത്രീയ നാമകരണത്തിന് രണ്ട് പദങ്ങൾ ഉൾപ്പെടുന്ന പേരു നൽകുന്ന രീതിയാണ് നിലവിലുള്ളത് (binomial nomenclature). ഇതിൽ ആദ്യ വാക്ക് ജനുസ്സിനെയും (genus) രണ്ടാമത്തെ വാക്ക് സ്പീഷീസിനെയും (species) പ്രതിനിധീകരിക്കുന്നു.
പുതിയ മരഞ്ഞണ്ടിന്റെ ജനുസ്സിന് മരഞണ്ടിനെ കണ്ടെത്താൻ സഹായിച്ച കാണിക്കാരുടെ ഓർമ്മക്കായി ‘കാണി’ എന്നും സ്പീഷീസിന് മലയാളം പേരായ ‘മരഞ്ഞണ്ട്’ എന്നുമാണ് നാമകരണം ചെയ്തിരിക്കുന്നത്. അങ്ങനെ ശാസ്ത്രനാമം പൂർണമായും മലയാളത്തിലുള്ള ഏക ജീവിയായി മരഞ്ഞണ്ട്. (ശാസ്ത്രനാമം: Kaani maranjandu Kumar, Raj & Ng, 2017; ഇതിൽ അവസാനം നൽകുന്നത് കണ്ടെത്തി വിവരിച്ച വ്യക്തികളുടെ പേരാണ്).
മരഞണ്ടിനെ കണ്ടെത്താൻ സഹായിച്ച രാജൻ കാണി, മല്ലൻ കാണി എന്നിവരോടൊപ്പം ഡോ. എ. ബിജുകുമാർ
ഘടന, സവിശേഷത
കുറുകെ അണ്ഡാകൃതിയിലുള്ള പുറന്തോടും വളരെ നീണ്ട കാലുകളുമാണ് കാണി മരഞണ്ടിനെ മറ്റു ഞണ്ടുകളിൽനിന്ന് വ്യത്യസ്തമാക്കുന്നത്. നീണ്ട കാലുകളും ആദ്യ കാലിലെ അഗ്രഭാഗം വളഞ്ഞ ഉറച്ചമുള്ളുകളും അനായാസമായി മരം കയറാൻ ഇവയ്ക്ക് സഹായകമാകുന്നു. ശരീരത്തിന് നീലകലർന്ന കറുപ്പുനിറമാണ്. അടിവശത്തും പാർശ്വങ്ങളിലും ഓറഞ്ചുകലർന്ന മഞ്ഞനിറവുമുണ്ട്. മരപ്പൊത്തുകളിലെ വെള്ളത്തിൽ കഴിയുന്ന ഇവ അപൂർവമായേ പുറത്തിറങ്ങൂ, അതും പ്രധാനമായി രാത്രികളിൽ. ഇവ പ്രജനനം നടത്തുന്നതും മരപ്പൊത്തുകളിലാണ്. താന്നി, മരുത്, വയണ, ഏഴിലംപാല തുടങ്ങിയ മരങ്ങളിലെ പൊത്തുകളിലാണ് സാധാരണയായി ഇവയെ കാണുന്നത്.
വലിയ മരപ്പൊത്തിൽ ഒന്നിലധികം ഞണ്ടുകൾ ചിലപ്പോൾ ഒരുമിച്ചു താമസിക്കും. അവ താമസിക്കുന്ന പൊത്തിൽനിന്ന് പുറത്തേക്കുകളയുന്ന പൊടിയും വിസർജ്യവസ്തുക്കളും വെള്ളത്തിൽ നിന്ന് വരുന്ന കുമിളകളും നോക്കിയാണ് മരഞ്ഞണ്ടിന്റെ സാന്നിധ്യം കാണിക്കാർ തിരിച്ചറിയുന്നത്. കാണിക്കാർ ചർമ്മരോഗങ്ങൾ മാറ്റാൻ എണ്ണ കാച്ചാൻ മരഞണ്ടുകളെ ഉപയോഗിക്കാറുണ്ട്. മൂങ്ങ, കീരി തുടങ്ങിയവയാണ് മരഞ്ഞണ്ടിന്റെ പ്രധാന ശത്രുക്കൾ. ഇലകൾ, വിത്തുകൾ, ഒച്ച്, പ്രാണികൾ തുടങ്ങിയവയാണ് മരഞ്ഞണ്ടിന്റെ ആഹാരം.
പാരിസ്ഥിതിക സൂചകങ്ങൾ
നിറയെ വെള്ളമുള്ള മരപ്പൊത്തുകളിൽ മാത്രമാണ് മരഞണ്ടുകൾ താമസിക്കുന്നത്. വേനൽക്കാലത്ത് വെള്ളമില്ലാത്ത പൊത്തുകളിൽ നിന്ന് മരങ്ങളിൽ ഉയരത്തിലുള്ള പൊത്തുകളിലേക്ക് ഇവ കയറിപ്പോകും. അപൂർവ്വമായ മരഞ്ഞണ്ടുകളുടെ സാന്നിധ്യം പശ്ചിമഘട്ടത്തിൽ വനമേഖലയിലും അതിനോട് ചേർന്നുനിൽക്കുന്ന പ്രദേശങ്ങളിലേയും വലിയ മരങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യം വ്യക്തമാക്കുന്നു. മരപ്പൊത്തിലെ വെള്ളത്തിൽ മാത്രം ജീവിക്കാൻ കഴിയുന്ന മരഞ്ഞണ്ടുകളെ കാടിന്റെ ആരോഗ്യത്തിന്റെ പ്രതീകങ്ങളായും കാണാൻ കഴിയും.
Credit: ഡോ. എ. ബിജു കുമാർ