ജലക്കരടി
കരടിയുടെ രൂപവുമായി സാമ്യമുണ്ടെങ്കിലും ജലക്കരടിയെ കാണണമെങ്കിൽ സൂക്ഷ്മദർശിനിവേണം. 50-200 മൈക്രോമീറ്റർ മാത്രമാണ് അവയുടെ വലുപ്പം. 1771-ൽ ജൊഹാൻ ഓഗസ്റ്റ് എഫ്രയിം ഗോസ് (Johann August Ephraim Goeze) എന്ന ജർമൻ പുരോഹിതൻ വെള്ളത്തിലുള്ള ജീവികളെ സൂക്ഷ്മദർശിനിയിലൂടെ നിരീക്ഷിക്കുമ്പോഴാണ് കരടിയുടെ രൂപമുള്ള ഒരു കൊച്ചുജീവിയെ കാണുന്നത്. അദ്ദേഹമതിനെ ‘കുഞ്ഞൻ ജലക്കരടി’ എന്ന് വിളിച്ചു. പിൽക്കാലത്ത് ടാർഡിഗ്രേഡ് (Tardigrade) എന്ന ശാസ്ത്രീയനാമത്തിലറിയപ്പെട്ട ഈ കൊച്ചുജീവികൾ വെള്ളത്തിൽ മാത്രമല്ല കരയിലും ജീവിക്കുന്നതായി കണ്ടുപിടിക്കപ്പെട്ടു.
എട്ട് കാലുകളുള്ള ഈ കൊച്ചുജീവികളുടെ ഏറ്റവും അടുത്ത ബന്ധുക്കൾ കീടങ്ങളും എട്ടുകാലികളും മറ്റുമുൾപ്പെടുന്ന ആർത്രോപോഡുകളും (Arthropods) നിമവിരകളുമാണ് (Nematodes). അതികഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ജലക്കരടികളുടെ അദ്‌ഭുതകരമായ കഴിവാണ് ഗവേഷകരെ ഈ വിചിത്രജീവിയിലേക്ക് ആകർഷിക്കുന്നത്. കഠിനമായ ചൂടും തണുപ്പും നിർജലീകരണം, അണുവികിരണം തുടങ്ങിയ തീവ്രസാഹചര്യങ്ങളും നിഷ്പ്രയാസം മറികടക്കാൻ കഴിവുള്ള ജീവികളാണ് ജലക്കരടികൾ. ജലസാന്നിധ്യം ഒട്ടുമില്ലാതാകുമ്പോൾ ചുരുണ്ടുകൂടി പന്തിന്റെ ആകൃതിയിലാകുകയും നിഷ്‌ക്രിയമായ സുഷുപ്താവസ്ഥയിലേക്ക് പ്രവേശിക്കുകയും ചെയ്യും. ഈ അവസ്ഥയെ എൻഹൈഡ്രോബയോസിസ് (anhydrobiosis) എന്നാണ് പറയുക. ഈ അവസ്ഥയിൽ അവയ്ക്ക് പതിറ്റാണ്ടുകളോളം തുടരാൻ കഴിയും. ജലത്തിന്റെ ലഭ്യതയോടെ അവ വീണ്ടും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരും.
ജലക്കരടിയുടെ അദ്‌ഭുതകരമായ ഈ അതിജീവനവിദ്യയുടെ രഹസ്യംതേടി ഒട്ടേറെ ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് തോമസ് ബൂത്ത്ബിയുടെ (Thomas Boothby) നേതൃത്വത്തിൽ ഒരുസംഘം അമേരിക്കൻ ശാസ്ത്രജ്ഞർ നടത്തിയ ഗവേഷണം. എൻഹൈഡ്രോബയോസിസ് നടക്കുമ്പോൾ പ്രവർത്തനനിരതമാകുന്ന ഒരുകൂട്ടം ജീനുകളെ അവർ കണ്ടെത്തി. ഈ ജീനുകൾ മറ്റൊരു ജീവിയിലും അതുവരെ കണ്ടെത്താത്ത പ്രത്യേകതരം പ്രോട്ടീനുകളെ ഉത്‌പാദിപ്പിക്കുന്നതായും കണ്ടെത്തി. ഗ്ലാസ് പോലെയുള്ള ഈ പ്രോട്ടീനുകൾ ജലക്കരടിയുടെ കോശങ്ങൾക്കുള്ളിലെ തന്മാത്രകൾക്കുചുറ്റും ഒരു കവചം തീർക്കുകയും അവയെ നശിച്ചുപോകാതെ സംരക്ഷിക്കുകയും ചെയ്യും
ജലസാന്നിധ്യമുണ്ടാകുമ്പോൾ ഈ കവചം അലിഞ്ഞുപോവുകയും ജലക്കരടി സാധാരണജീവിതത്തിലേക്ക് തിരിച്ചുവരുകയും ചെയ്യും. കരോലിന ഷാവെസിന്റെ നേതൃത്വത്തിലുള്ള മറ്റൊരു അമേരിക്കൻ ഗവേഷകസംഘത്തിന്റെ പഠനം എക്‌സ്‌റേയുടെ ദോഷഫലങ്ങളെ ജലക്കരടികൾ എങ്ങനെ പ്രതിരോധിക്കുന്നു എന്നതിനെക്കുറിച്ചായിരുന്നു. അവ ഉത്‌പാദിപ്പിക്കുന്ന ഒരു പ്രത്യേകതരം പ്രോട്ടീൻ അവയുടെ ക്രോമസോമുകളെ എക്‌സ്‌റേയിൽനിന്ന് സംരക്ഷിക്കുന്നതായി അവർ കണ്ടെത്തി. ചുരുളഴിയാത്ത രഹസ്യങ്ങൾ ഇനിയും ഒട്ടേറെ ബാക്കിയുണ്ട്.