💀അജ്ഞാത ലോകം 💀
July 14

ആമസോണിലെ ഭീകരന്മാർ

മത്സ്യങ്ങളെ വെള്ളത്തിൽ നിന്നും പിടിച്ച് കരയിൽ ഇട്ടാൽ എന്ത് സംഭവിക്കും? ചുരുങ്ങിയ സമയം കൊണ്ട് തന്നെ അവയുടെ ജീവൻ നഷ്ടമാകും. എന്നാൽ വെള്ളത്തിൽ നിന്നും പുറത്തെടുത്താൽ 24 മണിക്കൂറിലധികം അന്തരീക്ഷവായു മാത്രം ശ്വസിച്ചു ജീവൻ നിലനിർത്താൻ കഴിയുന്ന ഒരു മത്സ്യമുണ്ട്. തെക്കേ അമേരിക്കയിലെ ആമസോൺ നദീതടങ്ങളിൽ ജീവിക്കുന്ന ആരപൈമ എന്ന ഭീമൻ മത്സ്യ വർഗത്തിനാണ് ഈ കഴിവുള്ളത്. ശുദ്ധജലത്തിൽ ജീവിക്കുന്ന മത്സ്യങ്ങളിൽ ഏറ്റവും വലുപ്പമുള്ളവയാണ് ആരപൈമ മത്സ്യങ്ങൾ. അതുകൊണ്ടുതന്നെ ചെകുത്താൻ മത്സ്യം എന്നാണ് ഇവ അറിയപ്പെടുന്നത്. ജലത്തിൽ നിന്ന് ഓക്സിജൻ വേർതിരിച്ചെടുത്താണ് സാധാരണ മത്സ്യങ്ങൾ ജീവിക്കുന്നത്. എന്നാൽ ആരപൈമകളുടെ ചെകിളകൾക്ക് താരതമ്യേന വലുപ്പം കുറവാണ്. അതിനാൽ ജലത്തിൽ നിന്നും വായു വേർതിരിച്ച് ശ്വസിക്കുവാൻ അവയ്ക്ക് സാധിക്കില്ല. ഓരോ 10 മിനിറ്റിലും ജലോപരിതലത്തിലെത്തി അന്തരീക്ഷവായു സ്വീകരിച്ചാണ് അവ കഴിയുന്നത്.

എന്നാൽ ഇതുകൊണ്ടൊന്നും തീരുന്നതല്ല ഇവയുടെ പ്രത്യേകതകൾ. ഭൂമിയിൽ ഇന്ന് ജീവിക്കുന്നതിൽ ഏറ്റവുമധികം അധികം പഴക്കം ചെന്ന വർഗങ്ങളിൽ ഒന്നാണ് ആരപൈമ മത്സ്യം. 23 ദശലക്ഷം വർഷങ്ങളായി ഇവ ഭൂമിയിൽ ഉണ്ടെന്നാണ് കണക്ക്. ദിനോസറുകളുടെ യുഗത്തിൽ അവ ഉണ്ടായിരുന്നില്ലെങ്കിൽ കൂടി കാലപ്പഴക്കത്തിന്റെ അടിസ്ഥാനത്തിൽ ദിനോസർ മത്സ്യങ്ങൾ എന്നും അവ അറിയപ്പെടുന്നു. ശുദ്ധജല മത്സ്യങ്ങൾക്ക് താരതമ്യേന വലുപ്പം കുറവാണ്. എന്നാൽ ആരപൈമകൾക്ക് ശരാശരി 10 അടി നീളവും 100 കിലോയോളം വരെ തൂക്കവും ഉണ്ടാവാറുണ്ട്.

15 അടി നീളവും 199 കിലോ തൂക്കമുള്ള ആരപൈമ മത്സ്യമാണ് ഈ വർഗത്തിൽ കണ്ടെത്തിയിട്ടുള്ളവയിൽ വച്ച് ഏറ്റവും വലുത്. ചെറുമത്സ്യങ്ങളാണ് ഇവയുടെ പ്രധാന ഭക്ഷണം എങ്കിലും ജലത്തിന് സമീപം എത്തുന്ന ചെറിയ ജീവികളേയും പക്ഷികളെയും പ്രാണികളെയും പഴങ്ങളുമെല്ലാം ഇവ ഭക്ഷിക്കാറുണ്ട്. ശരാശരി 20 വർഷം വരെയാണ് ആരപൈമകളുടെ ആയുർദൈർഘ്യം.

ആമസോൺ നദിയിൽ കാണപ്പെടുന്ന റെഡ് ബെല്ലീഡ് പിരാനകൾ അപകടകാരികളാണ്. മൂർച്ചയേറിയ ഇവയുടെ പല്ലുകളാലുള്ള ആക്രമണത്തിൽ ഏതു മാംസമാണെങ്കിലും കീറിമുറിക്കപ്പെടും. എന്നാൽ അരപൈമ മത്സ്യത്തിന്റെ അടുത്തു മാത്രം ഇതൊന്നും നടക്കില്ല. ആമസോൺ നദീതടത്തിൽ കാണപ്പെടുന്ന ഇവയെ ആക്രമിക്കാനുള്ളത്ര ശക്തി മാത്രം പിരാനയുടെ കൂർത്ത പല്ലുകൾക്കില്ല. മനുഷ്യരുടെ ലോകവുമായി താരതമ്യം ചെയ്യുമ്പോൾ വെള്ളത്തിലെ ‘ബുള്ളറ്റ് പ്രൂഫ് ജായ്ക്കറ്റു’മായി യാത്ര ചെയ്യുന്നവരാണ് അരാപൈമകളെന്നു പറയേണ്ടി വരും. അത്രയേറെ ശക്തമാണ് ഇവയുടെ ശരീരത്തിലെ ശൽക്കങ്ങളാലുള്ള ‘പടച്ചട്ട’. യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ സാൻ ഡീഗോ, യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ ബെർക്ക്‌ലി എന്നിവിടങ്ങളിലെ ഗവേഷകർ മുൻപ് അരാപൈമയുടെ ശൽക്കങ്ങളെപ്പറ്റി പഠിച്ച് അതിന്റെ സവിശേഷതകൾ വിശദീകരിക്കുന്ന പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരുന്നു.

പിറാറ്യുക്യു എന്നും വിളിപ്പേരുള്ള ഈ മീനിന് സവിശേഷതകളേറെയാണ്. പൂർണ വളർച്ചയെത്തിയ ഈ മത്സ്യത്തിന് ഒരു മനുഷ്യനേക്കാളേറെ നീളമുണ്ടാകും. ബ്രസീൽ, ഗയാന, പെറു എന്നിവിടങ്ങളിലെ നദികളിൽ ഇവയെ കാണാനാകും. ഈ നദികളിലെല്ലാം മറ്റുമീനുകൾക്ക് ഏറ്റവും ഭീഷണിയായി പിരാനകളുമുണ്ട്. 100 കിലോയിലേറെ മാംസം ശരീരത്തിലുണ്ടെങ്കിലും അതുനോക്കി വെള്ളമിറക്കാനേ പിരാനകൾക്കു സാധിക്കൂ. അതിനു കാരണവും ഇവയുടെ പ്രകൃതിദത്ത പടച്ചട്ടകയാണ്.

പരിണാമത്തിനിടയിൽത്തന്നെ നേരത്തെയും ഈ മൂർച്ചയേറിയ പല്ലും പടച്ചട്ട പോലുള്ള തുകലും തമ്മിലുള്ള ‘പോരാട്ടം’ നടന്നിട്ടുണ്ട്. മിക്ക മാംസഭോജികൾക്കും കൂർത്ത പല്ലുകളുണ്ടാകുന്നതിനു സമാനമായിത്തന്നെ പല മത്സ്യങ്ങളിലും ദിനോസറുകളിലും സസ്തനികളിലും ശരീരത്തിൽ സ്വാഭാവിക പടച്ചട്ട രൂപപ്പെടുകയാണുണ്ടായത്. ബുള്ളറ്റ് പ്രൂഫ് ജായ്ക്കറ്റിന്റെ എല്ലാ ഗുണങ്ങളും പിറാറ്യുക്യുവിന്റെ ശൽക്കങ്ങൾക്കുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. കൂർത്ത വസ്തുക്കളെപ്പോലും പ്രതിരോധിക്കാനുള്ള ശേഷി, ഏത് ആകൃതിയിലും വഴങ്ങാനുള്ള കഴിവ് എന്നിവയാണ് അതിൽ പ്രധാനം. ഭാരവും കുറവാണ്.

ദശലക്ഷക്കണക്കിനു വർഷമെടുത്താണ് മത്സ്യ ശൽക്കങ്ങൾ രൂപപ്പെടുന്നത്. അതിനാൽത്തന്നെ കാലം പകർന്നു നൽകിയ കരുത്തുമുണ്ടാകും അവയ്ക്ക്. പിരാനകൾ കടിച്ചാൽ ശൽക്കത്തിലെ കൊളാജൻ ഫൈബറുകളുടെ പാളിക്ക് ചെറിയ കേടുപാടുണ്ടാകുമെന്നു മാത്രം. എന്നാൽ മാംസത്തിന് ഒരു പോറലു പോലുമേൽക്കില്ല. ദശലക്ഷക്കണക്കിനു വർഷങ്ങളായി നിലനിന്നുവരുന്ന മത്സ്യ വർഗമാണെങ്കിലും ഇപ്പോൾ ആമസോൺ നദീതടങ്ങളിൽ പലയിടത്തു നിന്നും ഇവ പൂർണമായി അപ്രത്യക്ഷമായിട്ടുണ്ട്. മത്സ്യബന്ധനമാണ് ഇതിനുള്ള പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ ഭരണകൂടങ്ങളുടെയും അതാത് പ്രദേശവാസികളുടെയും നേതൃത്വത്തിൽ ആരപൈമകളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.

Credit: Manorama

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram