ലോകത്തിൽ ഏറ്റവും ശുദ്ധവായു ലഭിക്കുന്ന സ്ഥലം
ശുദ്ധമായ വായു... പുകയോ മാലിന്യങ്ങളോ നഗരത്തിരക്കുകളോ ഒന്നുമില്ലാത്ത ഇടങ്ങളിലെത്തുമ്പോള്‍ ശുദ്ധമായ വായുവിനേയും വെളളത്തേയും കുറിച്ച് പറയുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍, പൂര്‍ണമായും ശുദ്ധമായ വായു എന്നൊന്നുണ്ടോ? അത് ലഭിക്കുന്ന സ്ഥലമേതാണ്? 'ലോകത്തിന്റെ അറ്റത്ത്' എന്നാണ് അതിനുള്ള ഉത്തരം. അതെ, 'ലോകത്തിന്റെ അറ്റം' എന്ന് വിശേഷിപ്പിക്കുന്ന ഗ്രിം മുനമ്പിലാണ് ഏറ്റവും ശുദ്ധമായ വായു ലഭിക്കുന്നത്. ഒട്ടും മാലിന്യമേശാത്ത വായുവാണ് ഇവിടെയുള്ളത് എന്നാണ് ഗവേഷകലോകത്തിന്‍റെ കണ്ടെത്തല്‍. ഓസ്‌ട്രേലിയയില്‍ ടാസ്മാനിയയ്ക്കടുത്താണ് ഈ ഗ്രിം മുനമ്പ്. കാലാവസ്ഥാവ്യതിയാനവും അന്തരീക്ഷമലിനീകരണവും ഭൂമിയെ ശ്വാസം മുട്ടിക്കുമ്പോള്‍ ഗ്രിം മുനമ്പിലെ വായു ലോകത്തിന് ആശ്വാസം പകരുന്നു. ഗ്രിം മുനമ്പിലെ വായു എങ്ങനെ ഇത്രത്തോളം ശുദ്ധതയുള്ളതായി ?
ടാസ്മാനിയയുടെ വടക്കുപടിഞ്ഞാറ് അറ്റത്തോടു ചേര്‍ന്നാണ് ഗ്രിം മുനമ്പുള്ളത്. വിദൂര ദേശമായതിനാല്‍ മനുഷ്യസ്പര്‍ശം നന്നേകുറവാണ് ഇവിടെ. മനുഷ്യസാന്നിധ്യം കുറവായതിനാല്‍ വ്യവസായങ്ങളോ നിര്‍മാണങ്ങളോ മലിനീകരണമോ തുടങ്ങി പ്രകൃതിക്ക് അസ്വാഭാവികമായ ഒന്നും ഇവിടെയില്ല. ഈ ഒറ്റപ്പെടല്‍ തന്നെയാണ് ഗ്രിം മുനമ്പിനെ അത്രത്തോളം ശുദ്ധമാക്കുന്നതും. 45 കിലോ മീറ്റർ ദൂരത്തുള്ള സ്മിത്ട്ടണ്‍ ആണ് ഗ്രിം മുനമ്പിന് ഏറ്റവും അടുത്തുള്ള പട്ടണം. ഏറ്റവും അടുത്ത വലിയ നഗരമായ ടാസ്മാനിയ ആവട്ടെ 365 കിലോ മീറ്റർ ദൂരത്തും. ഗ്രിം മുതല്‍ സ്മിത്ട്ടണ്‍ വരെയുള്ള ദൂരപരിധിക്കുള്ളില്‍ പോലുംനിര്‍മാണങ്ങളോ വ്യവസായങ്ങളോ ഇല്ല. ആള്‍ത്താമസമുണ്ടെങ്കിലും പ്രകൃതിയോടിണങ്ങി, മണ്ണിനേയോ ജലത്തേയോ വായുവിനേയോ മുറിപ്പെടുത്താതെയാണ് ഇവരുടെ ജീവിതശൈലി.അതുകൊണ്ട് മനുഷ്യനാല്‍ സൃഷ്ടിക്കപ്പെടുന്ന ഒരു മലിനീകരണവും ഇല്ലെന്നതാണ് ഗ്രിം മുനമ്പിലെ ശുദ്ധവായുവിന്റെ പ്രധാനകാരണങ്ങളിലൊന്ന്.
മലിനീകരണമില്ലായ്മ മാത്രമല്ല, മഞ്ഞുനിറഞ്ഞ അന്റാര്‍ട്ടിക്ക് സമുദ്രത്തിന് മുകളില്‍നിന്ന് വീശിയെത്തുന്ന ശക്തമായ പടിഞ്ഞാറന്‍ കാറ്റും ഇവിടത്തെ വായുവിന്റെ ശുദ്ധിക്ക് പ്രധാന കാരണമാണെന്നാണ് കോമണ്‍വെല്‍ത്ത് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കുന്നത്. അന്റാര്‍ട്ടിക് സമുദ്രത്തിന് മുകളിലൂടെ ആയിരക്കണക്കിന് കിലോ മീറ്റര്‍ സഞ്ചരിച്ചാണ് പടിഞ്ഞാറന്‍ കാറ്റ് മുനമ്പിലേക്കെത്തുന്നത്. മണിക്കൂറില്‍ കുറഞ്ഞത് 180 കിലോ മീറ്റര്‍ വേഗത്തിലാണ് ഗ്രിം മുനമ്പില്‍ കാറ്റു വീശുന്നത്. ഈ മേഖലയിലെ വായുവിന്റെ 30 ശതമാനവും പ്രാദേശിക അന്തരീക്ഷ സ്വാധീനമില്ലാത്ത ശുദ്ധവായു (ബേസ്‌ലൈന്‍ എയര്‍) ആണെന്നാണ് ഓര്‍ഗനൈസേഷന്റെ പക്കലുള്ള കണക്കുകള്‍ പറയുന്നത്. ഈ 30 ശതമാനം വായു പടിഞ്ഞാറന്‍ കാറ്റാണെന്നും അവര്‍ വ്യക്തമാക്കുന്നു.
കാലാവസ്ഥാവ്യതിയാനം അളക്കാന്‍ ഗ്രിം സ്റ്റേഷന്‍
ഗ്രിം മുനമ്പില്‍ സ്ഥിതി ചെയ്യുന്ന കേപ്പ് ഗ്രിം ബേസ് ലൈന്‍ അറ്റ്‌മോസ്ഫറിക് പൊലൂഷന്‍ സ്റ്റേഷന്‍ ആണ് ഇവിടത്തെ വായു ഗുണനിലവാരം സംബന്ധിച്ച പഠനങ്ങള്‍ നടത്തുന്നത്. കാലാവസ്ഥ വ്യതിയാനും അളക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്ന ലോകത്തെ 25 വലിയ അറ്റ്‌മോസ്ഫറിക് സ്റ്റേഷനുകളിലൊന്നാണ് ഗ്രിം മുനമ്പിലെ ചെങ്കുത്തായ കുന്നുകള്‍ക്ക് മേലെ സ്ഥിതി ചെയ്യുന്ന ഈ സ്റ്റേഷന്‍. വേള്‍ഡ് മിറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍, ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് മിറ്റീരിയോളജി എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഗ്രിം സ്‌റ്റേഷന്‍ 1976-ലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. വായു ഗുണനിലവാരം അളക്കുന്നതിന് മാത്രമല്ല, ലോകത്തെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് നടക്കുന്ന ഗവേഷണങ്ങളുടേയും പ്രധാന പങ്കാളിയാണ് ഇവര്‍. വര്‍ഷത്തില്‍ ആറ് തവണയാണ് ഈ സ്‌റ്റേഷനില്‍നിന്ന് അളവുകള്‍ പരിശോധിക്കുന്നത്. മെല്‍ബണില്‍നിന്നും സിഡ്‌നിയില്‍നിന്നുമെല്ലാമുള്ള പൊടിക്കറ്റ് വിശിയടിക്കുന്നത് ഗ്രിം മുനമ്പിലെ വായുമലിനീകരണത്തിന്റെ തോത് വര്‍ധിപ്പിക്കുന്നുണ്ട്. പ്രവര്‍ത്തനം തുടങ്ങിയ കാലത്ത് ഗ്രിം മുനമ്പിലെ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് 333 ആയിരുന്നെങ്കില്‍ ഇന്ന് അത് 405 ആയി വര്‍ധിച്ചിട്ടുണ്ട്.
ഗ്രിം സ്റ്റേഷനിലെ നിരീക്ഷണസംവിധാനങ്ങള്‍
കാലാവസ്ഥാ വ്യതിയാനത്തിലേക്കും ഓസോണ്‍ പാളിയുടെ ശോഷണത്തിലേക്കും നയിക്കുന്ന കാരണങ്ങള്‍ ഇവിടെ നിരീക്ഷിക്കുന്നു. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് (CO2), ക്ലോറോഫ്‌ളൂറോ കാര്‍ബണുകള്‍ (CFCs) ,ഓസോണ്‍ (O3), സൂക്ഷ്മകണികകള്‍ എന്നിവയ്‌ക്കൊപ്പം ഉഷ്ണത്തിന്റെ തോത്, മഴ, കാറ്റ്, ഈര്‍പ്പം, മഞ്ഞ്, സൂര്യനില്‍നിന്നുള്ള വികിരണങ്ങളുടെ സ്വാധീനം തുടങ്ങിയ പല വിവരങ്ങളും ഇവിടെ പഠനവിധേയമാക്കുകയും രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട്. ആഗോള അന്തരീക്ഷത്തിന്റെ ഘടന എങ്ങനെ മാറിയെന്നും അത് എങ്ങനെ വര്‍ധിച്ചു കൊണ്ടിരിക്കുന്നുവെന്നും അറിയുന്നതിന് നിര്‍ണായകമാണ് സ്‌റ്റേഷനില്‍ രേഖപ്പെടുത്തുന്ന ഈ അളവുകള്‍. ഗ്രിം മുനമ്പ് അടക്കമുള്ള ലോകത്തിലെ ഏതാനും സ്ഥലങ്ങളില്‍നിന്ന് രേഖപ്പെടുത്തുന്ന ഈ അളവുകളുടെ ഏറ്റക്കുറച്ചിലുകളുടെ അടിസ്ഥാനത്തിലാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ തോത് നിര്‍ണയിക്കുന്നത്.
കേപ് ഗ്രിമ്മിലെ സ്റ്റേഷനില്‍ ശേഖരിച്ചുവെച്ചിരിക്കുന്ന വായു സാംപിളുകള്‍. 1970 മുതലുളള സാംപിളുകള്‍ ഇവിടെയുണ്ട്
വ്യവസായ ശാലകളില്‍നിന്നുള്ള പുകയോ പ്രാദേശിക മലിനീകരണമോ ഒന്നും തൊട്ടുതീണ്ടാത്ത ഗ്രിം മുനമ്പിലെ വായുവിനെ സ്റ്റേഷന്‍ വിശദമായ പഠനത്തിന് വിധേയമാക്കുന്നുണ്ട്. അത്തരത്തില്‍ നടത്തിയ പഠനത്തിലാണ് ലോകത്ത് ഏറ്റവും ശുദ്ധമായ വായുവുള്ള ചുരുക്കം സ്ഥലങ്ങളിലൊന്ന് ഗ്രിം മുനമ്പാണെന്ന് കണ്ടെത്തിയിരിക്കുന്നതെന്ന് റിസര്‍ച്ച് ഓര്‍ഗനൈസേഷനിലെ മുതിര്‍ന്ന ഗവേഷക ഡോ. ആന്‍ സ്റ്റുവേര്‍ട്ട് വ്യക്തമാക്കി. ഹവായിലെ മൗന ലോവ, മക്വാറി ദ്വീപ്, അന്റാര്‍ട്ടിക്കയിലെ കേസി സ്റ്റേഷന്‍, എന്‍വൈ-ആലെസുന്‍ഡിലെ സ്വാല്‍ബാഡ് ടൗണ്‍ എന്നിവയാണ് ഗ്രിം മുനമ്പിന് പുറമേ വായു ഗുണനിലവാരമുള്ള മറ്റിടങ്ങള്‍ എന്നും ആന്‍ സ്റ്റുവേര്‍ട്ട് വ്യക്തമാക്കുന്നു. 1970 മുതലുളള വായു സാംപിളുകള്‍ ഗ്രിം സ്റ്റേഷനില്‍ ശേഖരിച്ചുവെച്ചിട്ടുണ്ട്.
ശുദ്ധവായുവിന്റെ ടാസ്മാനിയന്‍ ബ്രാന്‍ഡ്
ഓസ്ട്രേലിയന്‍ മെയിന്‍ ലാന്റില്‍ നിന്ന് 240 കിലോ മീറ്റര്‍ തെക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ് സംസ്ഥാനമാണ് ടാസ്മാനിയ. ഗ്രിം മുനമ്പില്‍നിന്ന് ഏതാണ്ട് 320 കിലോ മീറ്റർ ദൂരമുണ്ട് ടാസ്മാനിയയിലേക്ക്. ഓസ്ട്രേലിയയില്‍ തന്നെ നല്ല വായുഗുണനിലവാരമുള്ള മേഖലയാണ് ടാസ്മാനിയ. വര്‍ഷം മുഴുവനും ലോകത്തിലെ ഏറ്റവും ശുദ്ധമായ വായുവിന്റെ ഗുണനിലവാരം അനുഭവിക്കുന്ന പ്രദേശമായതിനാല്‍ത്തന്നെ ലോകത്തില്‍ തന്നെ ശുദ്ധമായ വായു ലഭിക്കുന്ന സ്ഥലമെന്ന ഖ്യാതി പണ്ടേ ടാസ്മാനിയയ്ക്കുണ്ട്. IQAir-ന്റെ 2019-ലെ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ട് അനുസരിച്ച്, വായുവിലൂടെയുള്ള PM2.5 മലിനീകരണം ഏറ്റവും കുറവുള്ള 24 ഓസ്ട്രേലിയന്‍ സ്ഥലങ്ങളില്‍ 23 എണ്ണവും ടാസ്മാനിയയിലാണ്. കൂടാതെ ആഗോള തലത്തില്‍, PM2.5 ലെവലില്‍ ലോകത്തിലെ ഏറ്റവും ശുദ്ധമായ വായുവിന്റെ ഗുണനിലവാരവും ടാസ്മാനിയയിലുണ്ട്. അതുകൊണ്ടുതന്നെ ടാസ്മാനിയയില്‍ നിന്നുള്ള കുപ്പിയിലടച്ച യുദ്ധവായുവിന് മാര്‍ക്കറ്റിലും ഡിമാന്‍ഡ് ഏറെയുണ്ടായിരുന്നു. 'എയര്‍ ബബിള്‍' എന്ന കമ്പനി ടാസ്മാനിയന്‍ കമ്പനി ശുദ്ധവായു വില്‍പന നടത്തിയാണ് മാര്‍ക്കറ്റ് പിടിച്ചത്. വായുനിലവാരം സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നതോടെ ടാസ്മാനിയയില്‍നിന്നുള്ള വായുവിന് ഡിമാന്‍ഡ് കൂടിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിക്കപ്പെടുന്ന വായു പല പേരുകളില്‍ കാനുകളിലും ബാഗുകളിലുമായി വിപണിയിലെത്തി. ശുദ്ധവായു മാര്‍ക്കറ്റില്‍ ടാസ്മാനിയ എന്നൊരു അനൗദ്യോഗിക ബ്രാന്‍ഡ് തന്നെ വളര്‍ന്നു. ടാസ്മാനിയയില്‍നിന്ന് കിലോ മീറ്ററുകള്‍ മാറി ഗ്രിം മുനമ്പിലെ വായു മികച്ചതാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. അതിനാല്‍ കേപ് ഗ്രിം കേന്ദ്രീകരിച്ച് വായുവില്‍പനക്കാരും പെരുകി. ഇവിടെനിന്നുള്ള വായു ആഗോള മാര്‍ക്കറ്റുകള്‍ തേടി പോകാനും തുടങ്ങി.
ടാസ്മാനിയയില്‍ നിന്നുള്ള എയര്‍ ബബിള്‍ ഫ്രഷ് എയര്‍ | Photo: airbubble.com.au
വായു മാത്രമല്ല, കേപ് ഗ്രിമ്മില്‍നിന്നുള്ള വെള്ളത്തിനും മാര്‍ക്കറ്റില്‍ ഡിമാന്‍ഡിന് കുറവൊന്നുമില്ല. ലോകത്തെ ഏറ്റവും ശുദ്ധമായ അന്തരീക്ഷത്തില്‍നിന്നുള്ള മഴവെള്ളം ശേഖരിച്ച് വില്‍പന നടത്തുന്ന ഒരുപാട് പേര്‍ ഈ മേഖലയിലുണ്ട്. പ്രത്യേകം തയ്യാറാക്കിയ സംഭരണികളിലേക്ക് മഴവെള്ളം ശേഖരിച്ച് കുപ്പിയിലാക്കിയാണ് 'മഴകര്‍ഷകര്‍' വില്‍പന നടത്തുന്നത്. കേപ് ഗ്രിം വാട്ടര്‍ കമ്പനി, ഫൈന്‍ ബോട്ടില്‍ വാട്ടര്‍, കേപ് ഗ്രിം സ്പാര്‍ക്ലിങ് വാട്ടര്‍ തുടങ്ങിയവ കേപ് ഗ്രിമ്മില്‍നിന്നുള്ള നിരവധി കുപ്പിവെള്ള കമ്പനികളില്‍ ചിലതു മാത്രം.
കേപ് ഗ്രിമ്മില്‍നിന്നുള്ള കുപ്പിവെള്ളം
ശുദ്ധവായു കുപ്പിയിലാക്കാനും മത്സരം
2018-ല്‍ ന്യൂസിലാന്‍ഡിലെ കിവിയാന എന്ന ഇ.കൊമേഴ്‌സ് വൈബ്‌സൈറ്റില്‍ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടു. അനുദിനം മലിനപ്പെട്ടു കൊണ്ടിരിക്കുന്ന ലോകത്ത് ശ്വസിക്കാന്‍ ശുദ്ധവായു കുറഞ്ഞുപോകുമോ എന്ന ലോകത്തിന്റെ സകല ആശങ്കകളേയും ഭീതിയിലേക്ക് മാറ്റാന്‍ പോകുന്ന ആ പരസ്യം ഇങ്ങനെ ആയിരുന്നു. 'ന്യൂസിലാന്‍ഡില്‍ നിന്നുള്ള ശുദ്ധവായു വില്‍പനയ്ക്ക്, മൂന്ന് ബോട്ടിലിന് 1400. 130-140 ദീര്‍ഘശ്വാസമെടുക്കാനുള്ള അളവ്' !! ന്യൂസിലന്‍ഡിലെ തെക്കന്‍ ആല്‍പ്സ് പര്‍വതനിരകളില്‍ നിന്നുള്ള മഞ്ഞുപാളികള്‍ക്കും മുകളില്‍നിന്നാണ് ഈ ശുദ്ധമായ വായു ശേഖരിച്ചതെന്നായിരുന്നു കമ്പനിയുടെ മാര്‍ക്കറ്റിങ് യു.എസ്.പി. തെക്കന്‍ ആല്‍പ്സ് പര്‍വതനിരകള്‍ തികച്ചും മനുഷ്യസാന്നിധ്യമോ മലിനീകരണോ ഇല്ലാത്ത മേഖലയാണ്. തിരക്കേറിയ ജനവാസമോ വ്യവസായങ്ങളോ ഇല്ലാത്ത ഭൂപ്രദേശത്തിലൂടെ, പ്രത്യേകിച്ച് ദക്ഷിണ പസഫിക് സമുദ്രത്തിന് മുകളിലൂടെ കടന്നുവരുന്ന വായുവാണ് ഇവിടെയുള്ളത്. ഈ വായുവാണ് ശേഖരിച്ച് വില്‍പനയ്ക്കായി എത്തിച്ചിരിക്കുന്നത് എന്നായിരുന്നു 'ഉത്പന്നത്തെ' കുറിച്ചുള്ള കമ്പനിയുടെ വിശദീകരണം. എന്തായാലും കുപ്പിയിലാക്കിയ വായുവിന് ആവശ്യക്കാരും ഏറെയുണ്ടായിരുന്നു.
ന്യൂസിലാന്‍ഡ്, ടാസ്മാനിയ എന്നിവിടങ്ങളില്‍നിന്നുള്ള ശുദ്ധവായു വില്‍പന കുപ്പികള്‍
ശുദ്ധവായു മാര്‍ക്കറ്റിലെ ആദ്യത്തെ കച്ചവടക്കാരനല്ലായിരുന്നു കിവിയാന. ഇവര്‍ക്ക് മുന്‍പുതന്നെ കുപ്പിയിലടച്ച വായു വിപണിയിലെത്തിയിരുന്നു. ചൈനയിലെ വായുമലിനീകരണം അനിയന്ത്രിതമായി വര്‍ധിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനിടെ കാനഡയില്‍നിന്നുള്ള കമ്പനിയാണ് ശുദ്ധവായു വിപണിയിലെത്തിച്ചത്. ചൈനയില്‍ വായുവും അന്തരീക്ഷവും മാലിനമാവുന്നതിനനുസരിച്ച് കുപ്പിയിലടച്ച ശുദ്ധവായുവിന്റെ ഡിമാന്‍ഡും കൂടി. ശുദ്ധവായു വില്‍പനക്കാരും കൂടി. കട്ടിപ്പുകയില്‍നിന്നും മലിനീകരണത്തില്‍നിന്നും രക്ഷ തേടാന്‍ മാസ്‌കും തൊപ്പിയുമെല്ലാം ധരിക്കുന്നതിനൊപ്പം ഒരു ബോട്ടില്‍ ശുദ്ധവായുവും കൈയില്‍ കരുതുന്നത് ചൈനയില്‍ പലപ്പോഴും അപൂര്‍വമല്ലാത്ത കാഴ്ചയായി.
ഫ്രഷ് എയര്‍ വില്‍പനക്കാരേറെയുണ്ടെങ്കിലും ലോകത്ത് ആദ്യമായി ശുദ്ധവായു കുപ്പിയിലാക്കി വിപണയിലിറക്കിയത് കാനഡയിൽനിന്നുള്ള മോസസ് ലാം, ട്രോയ് പക്വെറ്റ് എന്നീ സംരഭകരാണെന്നാണ് അവകാശവാദം. ബിസ്സിനസ്സില്‍ മാറ്റം വേണമെന്ന ആലോചനയാണ് കുപ്പിവായുവിലേക്കെത്തിയത്. കുടിവെള്ളം കുപ്പിയിലാക്കി വില്‍ക്കേണ്ടി വരുമെന്ന് എപ്പോഴെങ്കിലും ലോകം ആലോചിച്ചിട്ടുണ്ടാവുമോ? ആലോചന തീരുന്നതിന് മുന്‍പ് അത് വിപണിയിലെത്തിയില്ലേ, അതുപോലെ ശുദ്ധവായുവും വില്‍പനയ്ക്ക് വെച്ചാലോ എന്ന ആലോചനയുടെ ഫലമായിരുന്നു തങ്ങളുടെ സംരഭമെന്ന് ലാമും പക്വെറ്റും പിന്നീട് ഒരു ടി.വി അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ ഏതാനും സിപ് ലോക്ക് ബാഗുകളുമേന്തി കാനഡയിലെ ബാന്‍ഫ് നാഷണല്‍ പാര്‍ക്കിലെത്തിയ ഇരുവരും വായു ശേഖരിക്കുകയും ഇ-ബേയില്‍ വില്‍പനയ്ക്ക് വയ്ക്കുകയും ചെയ്തു. പരീക്ഷണമെന്നോണം സിപ്‌ലോക്കുകളിലാണ് അവര്‍ അന്ന് വായുനിറച്ചിരുന്നത്. ഇരുവരേയും ഞെട്ടിച്ചുകൊണ്ട് 130 ഡോളറിന് അത് വിറ്റുപോയി. എന്നാല്‍, കേവലമൊരു ബാഗ് വായുവിന് ഇത്രയുമധികം തുക ഒരാള്‍ ചെലവഴിക്കണോയെന്നത് അവരില്‍ ഇത് ശരിയായ ബിസിനസ് ആണോ എന്ന ചിന്തകളുയര്‍ത്തിയെങ്കിലും ശുദ്ധവായു എന്നത് വലിയൊരു ബിസിനസ് സാധ്യതയാണെന്ന് ഇരുവരും തിരിച്ചറിഞ്ഞു.
ലൂയിസ് ലേക്ക് | Photo: vitalityair.com
ആദ്യ പരീക്ഷണം വിജയിച്ചതോടെ പുതിയ ബിസിനസ് ആശയവുമായി ബന്ധപ്പെട്ട് വലിയ പഠനമാണ് ഇരുവരും നടത്തിയത്. വായു ഗുണനിലവാരമുള്ള മേഖലകള്‍ കണ്ടെത്തി മാര്‍ക്കറ്റിങ് സാധ്യത പഠിക്കുകയും ഉത്പന്നത്തിന് പ്രചാരണം കൊടുക്കുകയും ചെയ്തു. വായു ശേഖരിക്കാന്‍ അലുമിനിയം കാനുകള്‍ പ്രത്യേകം തയ്യാറാക്കിയെടുക്കുകയും വായു വലിച്ചെടുക്കാന്‍ ഇന്‍ഹലേന്‍ നോസിലുകള്‍ നിര്‍മിക്കുകയും ചെയ്തു. സ്വന്തമായി വികസിപ്പിച്ച ഈ നോസിലുകള്‍ക്ക് പേറ്റന്റും വാങ്ങിയെടുത്തു. തുടര്‍ന്ന് 2015 അവസാനത്തോടെ 'വൈറ്റലിറ്റി എയര്‍' എന്ന പേരില്‍ പുതിയ ഒരു കമ്പനിക്ക് അവര്‍ തുടക്കം കുറിച്ചു. 'ശ്വാസത്തിന്റെ ഊര്‍ജം വര്‍ധിപ്പിക്കാം' എന്നായിരുന്നു അവരുടെ സെല്ലിങ് പോയിന്റ്. ചുരുങ്ങിയ കാലം കൊണ്ട് വൈറ്റലിറ്റി എയര്‍ മാര്‍ക്കറ്റില്‍ പച്ചപിടിച്ചു. വായുമലിനീകരണത്തെ പ്രതിരോധിക്കാന്‍ മാത്രമല്ല, ആശുപത്രികള്‍, കായികതാരങ്ങള്‍, സ്‌കൂബ ഡൈവേര്‍സ്, ജിം വര്‍ക്ക് ഔട്ട് ചെയ്യുന്നവര്‍, ഹൈക്കിങ് നടത്തുന്നവര്‍ തുടങ്ങി നിരവധി പേര്‍ കുപ്പിയിലാക്കിയ വായു വാങ്ങാന്‍ ആരംഭിച്ചു. ആര്‍ക്കു വേണമെങ്കിലും ഈ വായു വാങ്ങി ശ്വസിക്കാം. വൈറ്റലിറ്റി എയറിനെ പരിചയപ്പെടുത്തുന്ന പരസ്യങ്ങള്‍ക്ക് വലിയ പ്രചാരവും അന്ന് ആഗോളതലത്തില്‍ ലഭിച്ചിരുന്നു. യു.എസ്.എ., ചൈന, വിയറ്റ്‌നാം, ബ്രിട്ടന്‍, ഇന്ത്യ എന്നീ രാജ്യങ്ങളാണ് വൈറ്റലിറ്റി എയറിന്റെ പ്രധാന മാര്‍ക്കറ്റുകള്‍. ശുദ്ധവായുവും ഓക്‌സിജനും ഇവര്‍ വിപണിയിലിറക്കിയിട്ടുണ്ട്. കാനഡയിലെ ബാന്‍ഫിലെ റോക്കി മൗണ്ടെയിന്‍സ്, മഞ്ഞുമലകളാല്‍ ചുറ്റപ്പെട്ട ലൂയിസ് തടാകം എന്നിവിടങ്ങളില്‍ നിന്നാണ് വൈറ്റലിറ്റി എയര്‍ ശുദ്ധവായു ശേഖരിക്കുന്നത്.
ടാസ്മാനിയ വായുമലിനീകരണത്തെ ചെറുക്കുന്നതെങ്ങനെ?
ശുദ്ധവായുവിന് പേരു കേട്ടയിടമാണ് ടാസ്മാനിയയെങ്കിലും ഓസ്ട്രേലിയയുടെ മറ്റ് ഭാഗങ്ങളെപ്പോലെ ടാസ്മാനിയയിലെ വായുവും താല്‍ക്കാലികായെങ്കിലും മലിനപ്പെടാറുണ്ട്. കാട്ടുതീയില്‍ നിന്നുള്ള പുക, പൊടിക്കാറ്റ് തുടങ്ങിയ പ്രകൃതിയിലെ മാറ്റങ്ങളാണ് ഇവിടെ ഹ്രസ്വകാല മലിനീകരണത്തിലേക്ക് നയിക്കുന്നത്. ടാസ്മാനിയയിലെ പ്രധാന മലിനീകരണമാണ് കണികാ ദ്രവ്യം. 10 മൈക്രോണ്‍ വ്യാസമോ അതില്‍ കുറവോ ഉള്ള ചെറിയ വായുകണങ്ങളെയാണ് കണികാ ദ്രവ്യം എന്ന് പറയുന്നത്. ഈ കണങ്ങള്‍ മനുഷ്യന്റെ ആരോഗ്യത്തിന് അപകടകരമാണ്. അതിസൂക്ഷ്മമായ ഈ കണികകള്‍ക്ക് മനുഷ്യന്റെ ശരീരത്തിന്റെ ഏറ്റവും ആഴത്തിലേക്ക് പോലും സഞ്ചരിക്കാന്‍ സാധിക്കും. കണികാ മലിനീകരണം മൂലമുള്ള പ്രത്യാഘാതങ്ങളെ പൂര്‍ണതോതില്‍ നിരീക്ഷിക്കാന്‍ കഴിയില്ലെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മറ്റ് മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ടാസ്മാനിയയില്‍ ആംബിയന്റ് വായു മലിനീകരണം താരതമ്യേന കുറവാണെങ്കിലും കുറഞ്ഞ അളവിലുള്ള വായു മലിനീകരണം പോലും ആരോഗ്യപരമായ പ്രത്യാഘാതങ്ങളിലേക്ക് നയിച്ചേക്കാമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്. വായു മലിനീകരണവുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് ആസ്ത്മ പോലുള്ള ശ്വാസകോശ അവസ്ഥകളെ സങ്കീര്‍ണമാക്കും. ക്രോണിക് ഒബ്സ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് (സിഒപിഡി), ശ്വാസകോശ അര്‍ബുദം,ഹൃദയ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ എന്നിവയാണ് വായുമലിനീകരണം വര്‍ധിച്ചാലുണ്ടാവുന്ന അനന്തരഫലങ്ങള്‍.
വായു മലിനീകരണത്തെ പ്രതിരോധിക്കാന്‍ ടാസ്മാനിയ നിരവധി നടപടികള്‍ സ്വീകരിക്കുന്നുണ്ട്. വായു ഗുണനിലവാരത്തിലുള്ള ഏറ്റക്കുറച്ചിലുകള്‍ നിരീക്ഷിച്ച് സമയാസമയം ജനങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ നല്‍കുകയും മലിനീകരണത്തിലേക്ക് നയിക്കുന്ന പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുകയാണ് അതില്‍ പ്രധാനം. ഇത് സംബന്ധിച്ച് നിയമങ്ങളും ടാസ്മാനിയയില്‍ നടപ്പിലാക്കിയിട്ടുണ്ട്.
ശുദ്ധവായുവും വെള്ളവും മാത്രമല്ല, ടാസ്മാനിയയില്‍നിന്നുള്ള ബീഫും ഭക്ഷണപ്രേമികള്‍ക്കിടയില്‍ പേരുകേട്ട വിഭവമാണ്. രുചിയിലും ആരോഗ്യഗുണങ്ങളിലും മുന്‍പന്തിയില്‍ നില്‍ക്കുന്നുവെന്നതാണ് ടാസ്മാനിയയിലെ ബീഫിനെ വേറിട്ടതാക്കുന്നത്. മലിനീകരണവും നന്നേ കുറഞ്ഞ വായുവും വെള്ളവും ഭക്ഷണവുമുള്ള ടാസ്മാനിയ, കേപ് ഗ്രിം തുടങ്ങിയ സ്ഥലങ്ങളില്‍ മികച്ച മേച്ചില്‍പ്പുറങ്ങളാണുള്ളത്. ഇവിടെ മേഞ്ഞു നടന്ന് വളരുന്ന ബീഫ് തീന്‍മേശയിലെത്തുമ്പോള്‍ രുചികരമാവുന്നതും സ്വാഭാവികം. ഇവിടെനിന്നുള്ള മാംസത്തിന് ആവശ്യക്കാരുമേറെയാണ്. ഇവിടെയുള്ള കന്നുകാലികള്‍ ഹോര്‍മോണുകളോ രാസവസ്തുക്കളോ ഇല്ലാത്ത ജൈവ തീറ്റ കഴിച്ച് ആരോഗ്യമുള്ളവരായി വളരുന്നു. അതുകൊണ്ടുതന്നെ കച്ചവടം ലക്ഷ്യമിട്ട് കന്നുകാലികളെ വളര്‍ത്തുന്ന നൂറുകണക്കിന് കര്‍ഷകരാണ് ഈ മേഖലയിലുള്ളത്. പ്രകൃതി സൃഷ്ടിക്കുന്ന ശുദ്ധമായ രുചി എന്നാണ് ബീഫ് ഉത്പാദകരും വില്‍പനക്കാരും തങ്ങളുടെ ബീഫിനെ കുറിച്ച് പറയുന്നത്. ബീഫ് വിഭവങ്ങളുടെ വില്‍പനയ്ക്കും പ്രചാരണത്തിനുമായി സോഷ്യല്‍ മീഡിയയിലടക്കം ഗ്രൂപ്പുകളും സജീവമാണ്. ലോകത്തെ മികച്ച റെസ്‌റ്റോറന്റുകളിലെ മെനുവില്‍ മുന്തിയ വിഭവമായി കേപ്പ് ഗ്രിമ്മിലേയും ടാസ്മാനിയയിലേയും ബീഫ് ഇടംപിടിക്കാറുണ്ട്.
കേപ് ഗ്രിമ്മിലെ മേച്ചില്‍പ്പുറങ്ങളില്‍ മേഞ്ഞുനടക്കുന്ന കന്നുകാലിക്കൂട്ടം
വായുമലിനീകരണം കുറഞ്ഞ സ്ഥലങ്ങള്‍ ഇതാ..
ലോകമെമ്പാടുമുള്ള മരണങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നായി പറയുന്നത് വായുമലിനീകരണം മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളാണെന്നാണ് കണക്കുകള്‍. അതിനാല്‍ തന്നെ മലിനീകരണം പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ തന്നെ നടക്കുകയും ചെയ്യുന്നുണ്ട്. ലോകത്ത് വായുമലിനീകരണം കുറഞ്ഞ മറ്റ് രാജ്യങ്ങള്‍ ഏതൊക്കെയാണ്?
ലോകത്തിലെ 88 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 533 പ്രധാന നഗരങ്ങളില്‍ 'സ്മാര്‍ട്ട് എയര്‍' എജന്‍സി നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയ, മലിനീകരണം കുറഞ്ഞ പത്ത് പ്രദേശങ്ങള്‍ രാജ്യങ്ങള്‍ ഇവയൊക്കെയാണ്: സൂറിച്ച്- സ്വിറ്റ്‌സര്‍ലന്റ്, പെർത്ത്- ഓസ്‌ട്രേലിയ, റിച്ചാര്‍ഡ് ബേ-ദക്ഷിണാഫ്രിക്ക, ഹൊബാര്‍ട്ട്-ഓസ്‌ട്രേലിയ, റേക്ക്ജാവിക്- ഐസ് ലാന്‍ഡ്, ക്രൈവി റി-യുക്രൈന്‍, ലോന്‍സെസ്റ്റണ്‍-ഓസ്‌ട്രേലിയ, വോല്ലോഗോങ്-ഓസ്‌ട്രേലിയ, സിഡ്‌നി-ഓസ്‌ട്രേലിയ, ഹോനോലുലു- അമേരിക്ക.
രാജസ്ഥാനിലെ അജ്മീറില്‍നിന്നുള്ള കാഴ്ച | Photo: AFP
വേള്‍ഡ് എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് റിപ്പോര്‍ട്ടിന്റെ 2022-ലെ കണക്കുകള്‍ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ള പത്ത് രാജ്യങ്ങളില്‍ എട്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. മധ്യ ആഫ്രിക്കയിലെ ചാഡ്, ഇറാഖ്, പാകിസ്താന്‍, ബഹ്‌റൈന്‍, ബംഗ്ലാദേശ്, ബുർക്കിന ഫാസോ, കുവൈറ്റ്, ഈജിപ്ത്, തജിക്കിസ്താന്‍ എന്നിവയാണ് വായു മലിനീകരണം കൂടിയ മറ്റ് ഒമ്പത് രാജ്യങ്ങള്‍. വാര്‍ഷിക ശരാശരി PM2.5 (µg/m³) അടിസ്ഥാനമാക്കിയാണ് ഈ റാങ്കിങ് രേഖപ്പെടുത്തിയിരിക്കുന്നത്. 131 രാജ്യങ്ങളിലോ പ്രദേശങ്ങളിലോ ഉള്ള 7,323 നഗരങ്ങളില്‍നിന്നുള്ള 2018-2022 വര്‍ഷത്തെ വിവരങ്ങള്‍ അവലോകനം ചെയ്താണ് വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ട് 2022 തയ്യാറാക്കിയത്. 30,000-ലധികം റെഗുലേറ്ററി എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് സ്റ്റേഷനുകളില്‍നിന്ന് ശേഖരിച്ച വിവരങ്ങളാണ് റാങ്കിങ്ങിനായി ഉപയോഗിച്ചിരിക്കുന്നത്.
Credit: അശ്വതി അനില്‍