മാർമോസ ചാച്ചപ്പോയ!
അമേരിക്കൻ വൻകരകളിൽ കാണപ്പെടുന്ന ഒപോസം എന്ന സഞ്ചിമൃഗത്തിന്റെ പുതിയ സ്പീഷീസിനെ പെറുവിലെ നിബിഡവനത്തിൽ കണ്ടെത്തി. വെറും 10 സെന്റിമീറ്റർ മാത്രം വലുപ്പവും ചുവപ്പും ബ്രൗണും ചേർന്ന ശരീരനിറവും മുഖത്ത് അനേകം കലകളുമുള്ളതാണ് ഈ മൃഗം. 8740 അടി പൊക്കമുള്ള മേഖലയിലാണ് ഈ ഒപോസത്തെ കണ്ടെത്തിയത്. അപൂർവമായ ചില അണ്ണാൻമാർക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് ഗവേഷകർ ഈ മൃഗത്തെ കണ്ടെത്തിയത്.
ജനിതക പരിശോധനയും മറ്റും നടത്തിയാണ് ഈ ജീവി ഒപോസം വിഭാഗത്തിൽപെട്ടതാണെന്നു ഗവേഷകർ ഉറപ്പിച്ചത്. വടക്കൻ പെറുവിൽ ജീവിച്ചിരുന്ന ചാച്ചപ്പോയ എന്ന ഗോത്ര ജനവിഭാഗത്തോടുള്ള ബഹുമാനാർഥം മാർമോസ ചാച്ചപ്പോയ എന്ന പേര് ഈ ജീവിക്കു ശാസ്ത്രജ്ഞർ നൽകി.
പെറുവിലെ റയോ അബിസിയോ എന്ന വനമേഖലയിലാണ് ഈ കണ്ടെത്തൽ നടന്നത്. ഭൂമിയിലെ തന്നെ ഏറ്റവും അപൂർവമായ മഞ്ഞവാലൻ കമ്പിളിക്കുരങ്ങനെപ്പോലെയുള്ള ജീവിവർഗങ്ങൾ താമസിക്കുന്ന മേഖലയാണ് ഇത്. അമേരിക്കൻ വൻകരകളിൽ കാണപ്പെടുന്ന സഞ്ചിമൃഗങ്ങളാണ് ഒപോസം. 126 സ്പീഷീസുകളിലായാണ് ഒപോസം ജന്തുവർഗമുള്ളത്. തെക്കേ അമേരിക്കയിലാണ് ഇവയുടെ ഉദ്ഭവം. എന്നാൽ പിന്നീട് ഇവ വടക്കേ അമേരിക്കയിലേക്കും കുടിയേറി.
യുഎസിലും കാനഡയിലും വെർജീനിയ ഒപോസം എന്ന ഒരൊറ്റ വിഭാഗം മാത്രമാണ് ഒപോസങ്ങളിൽ നിന്നായി കാണപ്പെടുന്നത്. ഇവയെ പോസം എന്നും അവിടെ വിളിക്കാറുണ്ട്. പൊതുവെ ശാന്തപ്രകൃതരായ ജീവികളാണ് ഒപോസം. എലികളെപ്പോലെയുള്ള രൂപഭാവങ്ങൾ ഇവയ്ക്കുണ്ടെങ്കിലും ഇവ എലികളിൽ നിന്ന് വളരെ വ്യത്യസ്തരാണ്.