💀അജ്ഞാത ലോകം 💀
November 21, 2024

നീല ലാവ തുപ്പുന്ന അഗ്നിപർവതം

ചുവപ്പും മഞ്ഞയും ഇടകലര്‍ന്ന നിറത്തില്‍ തിളച്ചുമറിഞ്ഞ് ഉരുകിയൊലിച്ച ലാവയും ഉയര്‍ന്നുപൊങ്ങുന്ന പുകച്ചുരുളുകളുമാണ് 'അഗ്‌നിപര്‍വതം' (Volcano) എന്ന പദം ഓര്‍മിപ്പിക്കുന്നത്. ആയിരത്തോളമോ അതിലധികമോ ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവിലുരുകിയൊഴുകുന്ന പാറകള്‍ അത്ഭുതത്തേക്കാളേറെ ഭീതിയാണുളവാക്കുന്നത്. എന്നാല്‍, വ്യത്യസ്തവും അത്യാകര്‍ഷകവുമായ ഒരു അഗ്‌നിപര്‍വതം ഭൂമിയിലുണ്ട്. ലാവയില്‍നിന്ന് നീലജ്വാലകളുയരുന്ന അഗ്‌നിപര്‍വതസമുച്ചയമാണ് ഇന്‍ഡോനീഷ്യയിലെ കാവാ ഇജെന്‍ (Kawah Ijen). ആകാശത്തിന്റേയും ആഴക്കടലിന്റേയും നീലിമയേക്കാള്‍ അഴകാര്‍ന്ന നിറമാണ് രാവിരുട്ടില്‍ ഇജെനിലെ ജ്വാലകള്‍ക്ക്. ഇന്‍ഡോനീഷ്യയിലെത്തുന്ന വിനോദസഞ്ചാരികളില്‍ സാഹസികയാത്രയില്‍ തത്പരരായവരുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് ഇജെന്‍. നീലജ്വാലകള്‍ മാത്രമല്ല അഗ്‌നിപര്‍വതസമുച്ചയത്തിന് സമീപമുള്ള ഹരിതനീല നിറമാര്‍ന്ന ഗര്‍ത്തതടാകവും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. പക്ഷേ ഇജെനിലെ ആകര്‍ഷകമായ ജ്വാലകളും ജലവും ഒട്ടും ആരോഗ്യകരമായ സംഗതികളല്ലെന്നതാണ് വാസ്തവം.

ജാവയിലാണ് ഇജെന്‍ അഗ്‌നിപര്‍വതസമുച്ചയം സ്ഥിതി ചെയ്യുന്നത്. 20 കിലോമീറ്റര്‍ (12 മൈല്‍) വിസ്തൃതിയുണ്ടിതിന്. ഈ സമുച്ചയത്തിന്റെ ഏറ്റവും ഉയര്‍ന്ന മുനമ്പാണ് ഗുനുങ് മെരാപി (Gunung Merapi). 'അഗ്‌നിപര്‍വതം' എന്നാണ് ഇതിനര്‍ഥം. ഇജെന്‍ പര്‍വതപ്രദേശം (Mount Ijen area), പുലാവു മേരാ ബീച്ച് Pulau Merah Beach), അലാസ് പൂര്‍വോ ദേശീയോദ്യാനം (Alas Purwo National Park) എന്നീ മേഖലകളിലായി ഇജെന്‍ ജിയോപാര്‍ക്ക് (Ijen Geopark) വ്യാപിച്ചിരിക്കുന്നു. 2023 ല്‍ ഇത് യുനെസ്‌കോ ഗ്ലോബല്‍ ജിയോപാര്‍ക്ക് പട്ടികയുടെ ഭാഗമായി. ഗുനുങ് മെരാപിയുടെ പടിഞ്ഞാറുവശത്തായാണ് ഇജെന്‍ അഗ്‌നിപര്‍വതം. ഈ അഗ്‌നിപര്‍വതത്തിന്റെ ഭാഗമാണ് അമ്ലഗര്‍ത്തതടാകം (acidic crater lake). ഈ തടാകത്തിന് ഏകദേശം ഒരു കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ അമ്ല ഗര്‍ത്തതടാകമാണിത്.

ഗന്ധകത്തിന്റെ (സള്‍ഫര്‍-Sulfur) സാന്നിധ്യമാണ് ഇജെനിലെ നീല ലാവയ്ക്ക് കാരണം. സള്‍ഫറിന്റെ വന്‍ശേഖരമാണ് പ്രദേശത്തുള്ളത്. അഗ്നിപര്‍വത വിസ്‌ഫോടനം മൂലമുണ്ടായ ഭൂവല്‍ക്ക വിടവിലൂടെയാണ് (crater) ലാവ പുറത്തേയ്ക്ക് വമിക്കുന്നത്. ഉരുകിയൊലിക്കുന്ന ലാവയില്‍ നിന്നുണ്ടാകുന്ന പുകയ്ക്കും നീലനിറമാണ്. സള്‍ഫ്യൂറിക് വാതകം കത്തുന്നതാണ് നീല ജ്വാലകള്‍ ഉണ്ടാക്കുന്നത്. 600 ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവിലാണ് ലാവാ ഉരുക്കം. സള്‍ഫ്യൂറിക് വാതകത്തിന്റെ ഒരു ഭാഗം ഘനീഭവിച്ച് വീണ്ടും ദ്രവാവസ്ഥയിലെത്തുന്നത് ലാവാജ്വലനം തുടരുന്നതിന് കാരണമാകുന്നു. താഴ്ന്ന പ്രതലത്തിലേക്ക് നീങ്ങുന്നതിനിടെ ജ്വലനം നടക്കുന്നതും മനോഹരമായ കാഴ്ചയൊരുക്കുന്നു. ലാവ താഴേക്ക് ഒഴുകുന്ന പോലെയാണ് ഇത് അനുഭവമൊരുക്കുന്നത്. വായുവുമായുള്ള സമ്പര്‍ക്കം മൂലമുണ്ടാകുന്ന ജ്വാലകള്‍ 16 അടിവരെ (അഞ്ച് മീറ്റര്‍) ഉയരാറുണ്ട്. ഭൂമിയിലെ ഏറ്റവും വലിയ നീല ലാവാജ്വലനപ്രദേശമാണ് ഇജെന്‍. എത്യോപ്യയിലെ ഡാലോല്‍ അഗ്നിപര്‍വതമാണ് നീലജ്വാലകളുള്ള മറ്റൊരു പ്രദേശം.

Credit: സ്വീറ്റി കാവ്

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍

🅙🅞🅘🅝👉🏻🌀 🆃🅶ബ്ലോഗർ🌀In Telegram

🅙🅞🅘🅝👉🏻🌍അജ്ഞാതലോകം🌍 in WhatsApp